Tuesday , February   19, 2019
Tuesday , February   19, 2019

നാളികേരത്തിന് ക്ഷാമം;  വെളിച്ചെണ്ണ വില ഉയർന്നു

കൊച്ചി - നാളികേര ക്ഷാമം വെളിച്ചെണ്ണ വില ഉയർത്തി. നാളികേരത്തിന് ക്ഷാമം നേരിടുമെന്ന് വ്യക്തമായതോടെ കൊപ്രയാട്ട് വ്യവസായികൾ കേരളം, തമിഴ്‌നാട്, കർണാടക ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് ചരക്ക് സംഭരണം ശക്തമാക്കി. ഉൽപാദനം കുറയുമെന്ന വിലയിരുത്തൽ വ്യവസായികളുടെ ഹൃദയമിടിപ്പ് ഇരട്ടിപ്പിച്ചു. മില്ലുകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടാതിരിക്കാൻ കിട്ടുന്ന വിലയ്ക്ക് പരമാവധി തേങ്ങയും കൊപ്രയും സംഭരിക്കുകയാണ് മില്ലുകൾ. മാസമധ്യത്തിൽ 12,180 രൂപയിൽ നീങ്ങിയ കൊപ്രയിപ്പോൾ 12,560 ലേയ്ക്ക് കയറിയെങ്കിലും കാര്യമായി ചരക്ക് ശേഖരിക്കാൻ വ്യവസായികൾ ക്ലേശിക്കുകയാണ്. കൊച്ചിയെ അപേക്ഷിച്ച് മലബാർ മേഖലയിൽ കൊപ്ര വില ഉയർന്ന് നിൽക്കുകയാണ്. തമിഴ്‌നാട്ടിൽ വിളവെടുപ്പിന് തുടക്കം കുറിച്ചെങ്കിലും ഉൽപാദനം കുറയുമെന്നാണ് ആദ്യ സൂചന. കാലാവസ്ഥ മാറ്റം നാളികേര ഉൽപാദനത്തെ ബാധിച്ച സാഹചര്യത്തിൽ വെളിച്ചെണ്ണ, കൊപ്ര വിലകൾ മികവ് നിലനിർത്തുമെന്ന നിഗനത്തിലാണ് വ്യാപാര രംഗം. കൊച്ചിയിൽ എണ്ണ വില 18,800 രൂപയിലാണ് വാരാന്ത്യം വ്യാപാരം നടന്നത്. 
കുരുമുളകിന് അന്വേഷണങ്ങൾ ചുരുങ്ങിയത് ഉൽപന്നത്തിന് വീണ്ടും തിരിച്ചടിയായി. വിദേശ ഓർഡറുകളുടെ അഭാവം മൂലം കയറ്റുമതിക്കാർ മാർക്കറ്റിൽ നിന്ന് പിൻവലിഞ്ഞു. ഇതിനിടയിൽ വില കുറഞ്ഞ വിദേശ മുളക് വരവ് നിയന്ത്രിക്കാൻ നടപടികൾ തുടരുന്നത് വിപണിക്ക് താങ്ങ് പകരുമെന്ന കണക്ക് കൂട്ടലിലാണ് സ്‌റ്റോക്കിസ്റ്റുകൾ. ഹൈറേഞ്ചിലെ സ്‌റ്റോക്കിസ്റ്റുകൾ പോയവാരം കാര്യമായി  ചരക്ക് വിൽപനയ്ക്ക് ഇറക്കിയില്ലെങ്കിലും ആഭ്യന്തര ഡിമാണ്ടിന്റെ അഭാവം മൂലം കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 35,700 രൂപയായി ഇടിഞ്ഞു. വാരാന്ത്യം ഗാർബിൾഡ് കുരുമുളക് 37,700 രൂപയിലാണ്. രാജ്യാന്തര വിപണിയിൽ മുഖ്യ ഉൽപാദക രാജ്യങ്ങൾ നിരക്ക് താഴ്ത്തി മുളക് വിൽപനക്ക് ഇറക്കുന്നതിനാൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നിരക്ക് വീണ്ടും ഇടിക്കാനുള്ള ശ്രമത്തിലാണ്. വിയറ്റ്‌നാമും ഇന്തോനേഷ്യയും മുളക് വിൽപന നടത്താൻ മത്സരിക്കുന്നതിനിടയിൽ ഇനിയും വിളവെടുപ്പിന് തുടക്കം കുറിച്ചിട്ടില്ലാത്ത ബ്രസീൽ ഒക്‌ടോബറിൽ കയറ്റുമതിക്ക് സജ്ജമാക്കുന്ന ചരക്കിനും ക്വട്ടേഷൻ ഇറക്കുന്നുണ്ട്. അന്താരാഷ്ട്ര മാർക്കറ്റിലെ കടുത്ത മത്സരങ്ങൾക്ക് ഇടയിൽ വിദേശ ബയ്യർമാർ ഇന്ത്യൻ മുളകിനെ പൂർണമായി തഴഞ്ഞു.
വിദേശ ചുക്ക് ഇറക്കുമതി വർധിച്ചത് നാടൻ ചുക്കിന്റെ മുന്നേറ്റത്തിന് ഭീഷണിയായി. ചൈനീസ് ചുക്ക് ഉത്തരേന്ത്യയിൽ കനത്തതോതിൽ എത്തിയതിനാൽ വൻകിട സ്‌റ്റോക്കിസ്റ്റുകൾ ദക്ഷിണേന്ത്യൻ മാർക്കറ്റുകളിൽ നിന്നുള്ള ചരക്ക് സംഭരണത്തിൽ നിയന്ത്രണം വരുത്തി.  വിവിധയിനം ചുക്ക് 12,000-14,000 രൂപയിലാണ്. 
കേരളത്തിലെയും തമിഴ്‌നാട്ടിലെയും ലേല കേന്ദ്രങ്ങളിൽ ഏലക്ക വരവ് ചുരുങ്ങി. ആഭ്യന്തര വിദേശ ഇടപാടുകാരെ വില ഉയർത്തി ഏലക്കയുടെ ലഭ്യത ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ്. ഏലക്കയുടെ ലഭ്യത ചുരുങ്ങിയത് വിപണിയുടെ അടിയോഴുക്ക് ശക്തമാക്കി. കിലോ ഗ്രാമിന് 1148 രൂപയിൽ നിന്ന് മികച്ചയിനം ഏലക്ക വില വാരാന്ത്യം 1326 ലേയ്ക്ക് കയറി. 
പുതു വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ പത്ത് ശതമാനം വില തകർച്ച നേരിട്ട രാജ്യാന്തര റബർ വിപണി പിന്നിട്ടവാരം തിരിച്ചു വരവിന് ശ്രമം നടത്തി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ മുന്നേറ്റം ഏഷ്യൻ റബർ മാർക്കറ്റുകൾക്ക് ആവേശം പകർന്നു. എന്നാൽ വിദേശത്ത് നിന്നുള്ള അനുകൂല വാർത്തകൾ ഇന്ത്യൻ മാർക്കറ്റിന് ഉണർവ് പകർന്നില്ല. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ വില 12,000 രൂപയിൽ നിന്ന് 11,800 വരെ ഇടിഞ്ഞ ശേഷം വാരാവസാനം 12,000 ലേയ്ക്ക് കയറി.  
കേരളത്തിൽ സ്വർണ വില ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. ആഭരണ കേന്ദ്രങ്ങളിൽ പവൻ 22,960 രൂപയിൽ നിന്ന് 23,280 വരെ ഉയർന്നു. ശനിയാഴ്ച പവൻ 23,200 ലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1352 ഡോളർ വരെ കയറി. മാർക്കറ്റ് ക്ലോസിങ് വേളയിൽ 1335 ഡോളറിലാണ്.  


 

Latest News