Tuesday , February   19, 2019
Tuesday , February   19, 2019

വിശ്വാസത്തെ  വിൽപന തന്ത്രമാക്കി സ്വർണക്കടകൾ

വിശ്വാസത്തെ കച്ചവട തന്ത്രമാക്കി മാറ്റിയുള്ള പതിവു ശൈലിയിൽ ഇത്തവണയും സംസ്ഥാനത്തിനകത്തും പുറത്തും സ്വർണ കച്ചവടം പൊടിപൊടിച്ചു.  ഇക്കഴിഞ്ഞ ബുധനാഴ്ച അക്ഷയ തൃതീയ ദിനത്തിൽ കേരളത്തിൽ കഴിഞ്ഞ വർഷത്തേക്കാളും കൂടുതൽ സ്വർണാഭരണ കച്ചവടമാണ് നടന്നത്. 15 മുതൽ 25 ശതമാനം വർധന വിൽപനയിൽ ഉണ്ടായതായി ജ്വല്ലറി ഉടമകൾ പറയുന്നു. എന്നാൽ സ്വർണ വിലയിലയിലെ വൻ മാറ്റം ഈ വർഷം കച്ചവടത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് ഉത്തരേന്ത്യൻ വ്യാപാരികളുടെ പക്ഷം. 
അക്ഷയ തൃതീയ ദിവസം നിക്ഷേപങ്ങൾക്ക് ഗുണകരമായ ദിവസമാണെന്നും സ്വർണം വാങ്ങിയാൽ വർഷം മുഴുവൻ ഐശ്വര്യം ലഭിക്കുമെന്നുമാണ് വിശ്വാസം. ഇത് അന്ധവിശ്വാസമാണെന്നും സ്വർണക്കടക്കാർ കച്ചവടം വർധിപ്പിക്കാൻ ഉണ്ടാക്കിയ തന്ത്രമാണെന്നുള്ള  പ്രചാരണം ശക്തമാണെങ്കിലും അതൊന്നും തങ്ങൾക്കു ബാധകമല്ലെന്ന മട്ടിലാണ് ജനം അന്നേ ദിവസം സ്വർണം വാങ്ങാൻ മത്സരിച്ചത്. ഏതാനും വർഷങ്ങൾക്കു മുൻപു വരെ ഇങ്ങനെ ഒരു ദിവസം കടന്നു പോകുന്നത്  അധികമാരും  അറിഞ്ഞിരുന്നില്ല. എന്നാൽ സ്വർണാഭരണ കടകയുടമകൾ ഈ ദിനത്തെ ബിസിനസ് തന്ത്രദിനമാക്കി മാറ്റി പരസ്യങ്ങൾ മെനഞ്ഞതോടെ സ്വർണക്കടകളിലേക്ക് അന്നേ ദിവസം ഒഴുകിയെത്തിയത് ആയിരങ്ങളാണ്. അന്നേ ദിവസം രാവിലെ ആറു മണി മുതൽ രാത്രി വൈകിയും കേരളത്തിലെ സ്വർണക്കടകളിൽ തിരക്കനുഭവപ്പെട്ടുവെന്ന് കടയുടമകൾ പറഞ്ഞു. 
കഴിഞ്ഞ വർഷത്തേക്കാൾ സ്വർണ വിലയിൽ ഗ്രാമിന് 300 രൂപയുടെ വർധന ഈ വർഷം അക്ഷയ തൃതീയ ദിനത്തിലുണ്ടായിരുന്നു. ഒരു ഗ്രാമിന് 2900 രൂപയായിരുന്നു അന്നേ ദിവസത്തെ വില. ഇത് ഉപഭോക്താക്കക്ക് നഷ്ടമുണ്ടാക്കിയെങ്കിലും കച്ചവടത്തെ  അതു കാര്യമായി ബാധിച്ചില്ല. ഇത്തവണ 900 കോടിയോളം രൂപയുടെ സ്വർണം ഉപയോക്താക്കൾ വാങ്ങിയതായാണ് ഓൾ കേരള ഗോൾഡ്  ആന്റ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ വെളിപ്പെടുത്തിയത്. 
വിലക്കൂടുതൽ ചില കടകളിൽ വിൽപനയിൽ നേരിയ കുറവുണ്ടാക്കിയിരുന്നുവെങ്കിലും മറ്റു കടകളിൽ മുൻ വർഷത്തേക്കാളും വിൽപന കൂടുതലായിരുന്നുവെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്തറയും  ട്രഷററും കേരളാ ജ്വല്ലേഴ്‌സ് അസോസിയേഷൻ സംസ്ഥാന കോ–ഓർഡിനേറ്ററുമായ എസ്. അബ്ദുൽ നാസറും വെളിപ്പെടുത്തി. 
വലിയ ജ്വല്ലറി ഗ്രൂപ്പുകളുടെ ഔട്ട്‌ലറ്റുകളിൽ മാത്രമല്ല ചെറുകിട, ഇടത്തരം സ്വർണക്കടകളിലും മുൻ വർഷങ്ങളിലേതിനേക്കാൾ വിൽപന നടന്നു. 
അതേസമയം മുംബൈ വിപണിക്ക് അക്ഷയ തൃതീയ ദിനം ഗുണം ചെയ്തില്ലെന്നാണ് മുംബൈ ജ്വല്ലേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് രാഖേഷ് ഷെട്ടി പറഞ്ഞത്. കഴിഞ്ഞ വർഷം പത്തു ഗ്രാം സ്വർണത്തിന് 28,000 രൂപയായിരുന്നത്  ഈ വർഷം 32000 രൂപയായി വർധിച്ചു. ഇതും ലോകത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളും പ്രത്യേകിച്ച് പശ്ചിമേഷ്യൻ പ്രതിസന്ധിയുമാണ് വിപണിയെ പ്രതികൂലമാക്കാനിടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മൊത്തത്തിൽ അക്ഷയ തൃതീയ ദിനം സ്വർണ മാർക്കറ്റിന് ഗുണകരമായിരുന്നുവെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ (ഇന്ത്യ) മാനേജിംഗ് ഡയറക്ടർ പി.ആർ സോമസുന്ദരം പറഞ്ഞത്. 
ഇത്തവണ ഓൺലൈൻ സ്വർണ വിൽപനയും പൊടിപൊടിച്ചു. ഓൺലൈൻ കച്ചവടക്കാർ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചാണ് ഇടപാടുകാരെ ആകർഷിച്ചത്. ഇഷ്ട ദൈവങ്ങളുടെ ചിത്രങ്ങൾ കൊത്തിയ, ഒരു ഗ്രാം മുതൽ ഒരു പവൻ വരെയുള്ള നാണയങ്ങൾക്കും മോതിരങ്ങൾക്കുമായിരുന്നു ആവശ്യക്കാരേറെ.  ലോക്കറ്റുകൾക്കും ചെറിയ തൂക്കമുള്ള മാലകൾക്കും വജ്രാഭരണങ്ങൾക്കും ആവശ്യക്കാർ ധാരാളമായിരുന്നു. വിശ്വാസ ഭാഗമായി വളരെ ചെറിയ ആഭരണങ്ങൾ വാങ്ങാനെത്തിയവരെപ്പോലെ തന്നെ കല്യാണ ആവശ്യങ്ങൾക്കായുള്ള വലിയ വാങ്ങലുകാരുടെ എണ്ണത്തിലും ഈ ദിവസം വർധനയുണ്ടായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട  ആഭരണങ്ങൾ അന്നേ ദിവസം എടുത്താൽ കൂടുതൽ ഐശ്വര്യം കൈവരുമെന്ന് വിശ്വാസമാണ് കല്യാണ പാർട്ടികളേയും അന്നേ ദിവസം സ്വർണ കടകളിലേക്ക് ആകർഷിച്ചത്. 
 

Latest News