Monday , May   20, 2019
Monday , May   20, 2019

സംഗീത സപര്യക്ക് അർധ വിരാമമിട്ട് മഷൂദ് തങ്ങൾ മടങ്ങുന്നു

മക്കളായ താമിർ, തൻവീർ എന്നിവരുടെ പിന്നണിയിൽ മഷൂദ് തങ്ങൾ പാടുന്നു. സമീപം ഷാജഹാൻ (തബല), കോയ (ഹാർമോണിയം)

ജിദ്ദ- ജിദ്ദയിലെ കലാ, സാംസ്‌കാരിക വേദികളെ രണ്ടു പതിറ്റാണ്ടു കാലത്തോളം ധന്യമാക്കിയ മഷൂദ് തങ്ങൾ പ്രവാസ ജീവിതം അവസാനിപ്പിച്ച് സൗദിയോട് വിട പറയുന്നു. പാരമ്പര്യമായി ലഭിച്ച സംഗീതാഭിരുചിയെ കഠിന പ്രയത്‌നംകൊണ്ട് തേച്ചു മിനുക്കി സംഗീത ലോകത്ത് തനത് വ്യക്തിമുദ്ര പതിപ്പിച്ച് കലാസ്വാദക ഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച മഷൂദ് തങ്ങൾ ഇന്ന് ജിദ്ദയോട് വിട പറയുമ്പോൾ പ്രവാസികൾക്ക് നഷ്ടമാകുന്നത് നല്ലൊരു ഗായകനെയാണ്. മാപ്പിള ഗാനങ്ങളോടൊപ്പം ഗസലും ഖവ്വാലിയുമെല്ലാം അനർഗളമായി ആലപിക്കുന്ന മഷൂദ് തങ്ങൾ ഹിന്ദി സിനിമാഗാനങ്ങളും ഹൃദ്യമായി ആലപിക്കാറുണ്ട്. മുഹമ്മദ് റഫിയെ ഏറെ ഇഷ്ടപ്പെടുന്ന മഷൂദ് തങ്ങൾ അദ്ദേഹത്തിന്റെ ഒട്ടേറെ ഗാനങ്ങൾ സൗദിയിലെയും ദുബായ്, ഖത്തർ എന്നിവിടങ്ങളിലെയും വേദികളിൽ ആലപിച്ചിട്ടുണ്ട്. 
ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപുകാരനായ മഷൂദ് പ്രശസ്ത ഗാന രചയിതാവായ മാതാവ് എസ്.എം. ജമീലാ ബീവിയിൽനിന്നാണ് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത്. ലക്ഷദ്വീപിലെ പ്രഥമ എം.പി നല്ലകോയ തങ്ങളുടെ മകനായ എസ്.വി. കുഞ്ഞിക്കോയ തങ്ങളാണ് പിതാവ്. വർഷങ്ങൾക്കു മുമ്പേ കോഴിക്കോട്ട് സ്ഥിര താമസമാക്കിയ മഷൂദ് വിദ്യാർഥിയായിരിക്കേ തന്നെ സംഗീത ലോകത്തേക്ക് കടന്നു. സ്‌കൂൾ വിദ്യാർഥിയായിരിക്കേ ആകാശവാണിയുടെ ബി ഹൈ ഗ്രേഡ് ആർട്ടിസ്റ്റ് പദവി ലഭിച്ച  മഷൂദിന്റെ ഒട്ടേറെ മുസ്‌ലിം ഭക്തിഗാനങ്ങൾ റേഡിയോയിൽ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ഉമ്മ എഴുതിയ ഗാനങ്ങൾക്ക് സ്വന്തമായി ഈണം നൽകിയായിരുന്നു റേഡിയോയിൽ ആലപിച്ചിരുന്നത്. കൂടാതെ വിളയിൽ ഫസീല, ഐ.പി. സിദ്ദീഖ്, ബാപ്പു വെള്ളിപ്പറമ്പ്, കണ്ണൂർ ഷെരീഫ്, എം.എ. ഗഫൂർ തുടങ്ങിയവരോടൊപ്പം കേരളത്തിലങ്ങോളമിങ്ങോളം ഒട്ടേറെ വേദികളിൽ ഗാനങ്ങളാലപിച്ച് ശ്രദ്ധേയനായി. കെ.വി. അബൂട്ടി, ഒ.എം. കരുവാരക്കുണ്ട്, ഗഫൂർ അൽ ഖയ്യാം തുടങ്ങിയവർ ഈണം പകർന്ന നാൽപത്തഞ്ചോളം കാസറ്റുകളും മഷൂദിന്റേതായി പുറത്തിറങ്ങിയിരുന്നു.  
ഇതോടൊപ്പം ബി.പി.എല്ലിൽ ജോലി ചെയ്തുകൊണ്ടിരിക്കേ 1999 ൽ കെ.ടി. റബീഉല്ലയുടെ സഹായത്തോടെ അദ്ദേഹത്തിന്റെ പോളിക്ലിനിക്കിലേക്ക് ജോലിക്കായാണ് ജിദ്ദയിലെത്തിയത്. എന്നാൽ ഒരു വർഷം അവിടെ ജോലി ചെയ്ത ശേഷം റബീഉല്ലയുടെ അനുമതിയോടെ തന്നെ സോണിയുടെ സോൾ ഏജന്റായ മോഡേൺ  ഇലക്‌ട്രോണിക്‌സിലേക്ക് ജോലി മാറി. ഇവിടെ വെസ്റ്റേൺ റീജിയൻ സെയിൽസ് കോർഡിനേറ്റർ ആയിരിക്കേയാണ് ജോലിയിൽനിന്ന് വിരമിച്ച് നാട്ടിലേക്കു മടങ്ങുന്നത്. 
സംഗീതം ഏറെ ഇഷ്ടപ്പെടുന്ന റബീഉല്ല സംഗീത പരിപാടിയിൽവെച്ച് മഷൂദ് തങ്ങളുമായി പരിചയപ്പെടാനിടയാകുകയും അതു സൗഹൃദമായി വളർന്ന് പ്രവാസത്തിലേക്ക് വഴി തുറക്കുകയുമായിരുന്നു. പ്രവാസ ലോകത്തും സംഗീത പരിപാടികളിൽ വ്യാപൃതനാവാൻ കഴിഞ്ഞത് ഒട്ടേറെ പേരുടെ സഹകരണം കൊണ്ടാണെന്നും അവരോടെല്ലാം ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉസ്മാൻ എടത്തിൽ, ഉസ്മാൻ പാണ്ടിക്കാട് തുടങ്ങിയവരുടെ വരികൾക്ക് ഈണം പകർന്ന് പല വേദികളിലും അവതരിപ്പിക്കാനായതും അതുവഴി പുതിയ ഗാനരചയിതാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കാനായതിലും ഏറെ സന്തുഷ്ടനാണ് മഷൂദ്. 
മലപ്പുറത്ത് ചെമ്മാട്ട് സ്ഥിരതാമസമാക്കാൻ ഉദ്ദേശിക്കുന്ന മഷൂദ് നാട്ടിൽ തുടർന്നും സംഗീത പരിപാടികളുമായി മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. 
മാതാവിൽനിന്നു ലഭിച്ച സംഗീതാഭിരുചി തന്റെ മക്കൾക്കും പകർന്നു കൊടുക്കുന്നതിൽ മഷൂദ് ശ്രദ്ധിച്ചു. മക്കളായ സയ്യിദ് താമിറും സയ്യിദ് തൻവീറും പിതാവിന് പിന്നണിയായി കീ ബോർഡും റിതവുമടക്കമുള്ള വാദ്യോപകരണങ്ങളുമായി വേദികളിൽ വരാറുണ്ട്. മകൾ തമീമാ സുൽത്താനക്കും സംഗീതത്തോട് ഏറെ താൽപര്യമാണ്. കുടുംബത്തിനൊന്നാകെ പിന്തുണയുമായി ഭാര്യ ഫൈറൂസ് മുംതാസും കൂടെയുണ്ട്. 
 

Latest News