Wednesday , March   20, 2019
Wednesday , March   20, 2019

മംഗലാപുരമെന്ന മനോഹര നഗരം 

കേരളത്തിന്റെ വടക്കേ അതിർത്തിയായ കാസർകോട് ജില്ലയോട് തൊട്ടു കിടക്കുന്ന മഹാനഗരമാണ് മംഗലാപുരം. ഉള്ളാൾ പാലം കടന്നാൽ മംഗലാപുരമായി. മലബാറുകാർ ഏറ്റവും കൂടുതൽ ബന്ധപ്പെടുന്ന കോസ്‌മോപൊളിറ്റൻ നഗരമാണിത്. തങ്ങളുടെ നാട് സെക്കന്റ് ബോംബെയായി മാറണമെന്നാണ് ഓരോ മംഗളൂരിയന്റേയും സ്വപ്‌നം. ഇന്ത്യയുടെ പശ്ചിമ തീരത്ത് മുംബൈ കഴിഞ്ഞാൽ പ്രധാന നഗരങ്ങളിലൊന്നാണ് ദക്ഷിണ കാനറ ജില്ലയുടെ തലസ്ഥാനമായ പട്ടണം.
അറബിക്കടലിന്റെ അനന്ത നീലിമയ്ക്കും പശ്ചിമഘട്ടത്തിന്റെ പച്ചപ്പിനുമിടയിലാണ് മംഗലാപുരം എന്ന മനോഹരമായ നഗരം സ്ഥിതിചെയ്യുന്നത്. തുറമുഖ നഗരം കൂടിയായ മംഗലാപുരത്തെ (മംഗളൂരു) കർണാടകത്തിന്റെ പ്രവേശന കവാടം എന്നും വിളിക്കാറുണ്ട്. മംഗളാദേവിയുടെ നാട് എന്ന അർത്ഥത്തിലാണ് മംഗലാപുരത്തിന് ആ പേര് കിട്ടിയത്. പേർഷ്യൻ ഗൾഫുമായി വ്യാപാര ബന്ധം നടത്തിയിരുന്നു പഴയ മംഗലാപുരം ഭരണാധികാരികൾ. പതിനാലാം നൂറ്റാണ്ടു മുതലുള്ള ചരിത്രരേഖകളിൽ മംഗലാപുരത്തെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം.


ഭൂമിശാസ്ത്രപരമായ പ്രത്യേകതയോ തുറമുഖ നഗരമെന്ന സൗകര്യമോ കാരണമാകാം, നിരവധി വിദേശികളും തദ്ദേശീയരായ ഭരണാധികാരികളും മംഗലാപുരത്തിന്റെ ഭരണത്തിന് വേണ്ടി യുദ്ധം നടത്തിയിട്ടുണ്ട്. പോർച്ചുഗീസുകാർ, ബ്രട്ടീഷുകാർ എന്നിവരാണ് അതിൽ പ്രധാനികളായ വൈദേശികർ. ഹൈദർ അലിയും മകൻ ടിപ്പു സുൽത്താനും മംഗലാപുരത്തിന് വേണ്ടി യുദ്ധത്തിലേർപ്പെട്ടിരുന്നു. വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങളുടെയും ജീവിത രീതികളുടെയും സംഗമ സ്ഥലമാണ് മംഗലാപുരം. മാറി മാറി ഭരിച്ചിരുന്ന പല രാജവംശങ്ങളും വൈദേശികരും തങ്ങളുടെ ഒപ്പ് ഇവിടെ പതിപ്പിച്ചാണ് കടന്നുപോയത്.  ഇന്ത്യയിൽ നിന്നും കാപ്പി, കശുവണ്ടി മുതലായവ കയറ്റിയയക്കുന്ന പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നാണ് മംഗലാപുരം.


132.5 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന മംഗലാപുരം ദക്ഷിണ കന്നഡ ജില്ലയുടെ ആസ്ഥാനം കൂടിയാണ്. നേത്രാവതി, ഗുരുപുര എന്നിവയാണ് മംഗലാപുരത്തെ പ്രധാന നദികൾ. അറബിക്കടലിന്റെ തീരത്തെ മനോഹരമായ മംഗലാപുരം ബീച്ചിനെ വെല്ലുന്ന സായന്തനക്കാഴ്ചകൾ അധികമില്ല. ആറ് ലക്ഷത്തോളമാണ് നഗരത്തിലെ ജനസംഖ്യ. മംഗലാപുരത്തിന്റെ തനതു ശൈലിയിൽ ഓട് വെച്ച വീടുകളും കെട്ടിടങ്ങളുമാണ് ഇവിടെ അധികവും കാണാനാകുക. വളരെ വ്യത്യസ്തമാണ് മംഗലാപുരത്തിന്റെ സാസ്‌കാരിക തലം. വിവിധ തരം ഭാഷകൾ, നാനാജാതി മതങ്ങളിൽപെട്ട ആളുകൾ എന്നിവയാണ് മംഗലാപുരത്തിന്റെ പ്രത്യേകതകളിൽ ചിലത്. കന്നഡ, കൊങ്ങിണി, തുളു, ബാരി എന്നിങ്ങനെ നാലു ഭാഷകൾ ഇവിടെ സ്വന്തമായുണ്ട്. യക്ഷഗാനം,പുലിക്കളി തുടങ്ങിയവയാണ് ഇവിടത്തെ പ്രധാനപ്പെട്ട സാസ്‌കാരികോത്സവങ്ങൾ. എന്നിരുന്നാലും ലോകത്തിന്റെ നാനാഭാഗത്തുനിന്നും സഞ്ചാരികൾ എത്തിച്ചേരുന്ന ദസറ തന്നെയാണ് മംഗലാപുരത്തിന്റെ ദേശീയോത്സവം എന്നതിൽ തർക്കമില്ല. 
പ്രകൃതി ദൃശ്യങ്ങളുടെ വൈവിധ്യത്തിനൊപ്പം കോട്ടകളും ക്ഷേത്രങ്ങളും നിറം പകരുന്നതാണ് മംഗലാപുരത്തെ കാഴ്ചകൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിന് സഞ്ചാരികൾ വന്നുപോകുന്ന മംഗളാദേവി ക്ഷേത്രമാണ് ഇവയിൽ പ്രധാനപ്പെട്ടത്. 
മഞ്ജുനാഥ ക്ഷേത്രം, സെന്റ് അലോഷ്യസ് ചർച്ച്, ജുമാ മസ്ജിദ്, റസാരിയോ കത്തീഡ്രൽ തുടങ്ങിയവയാണ് മംഗലാപുരത്തെ മറ്റ് പ്രധാനപ്പെട്ട ആരാധനാലയങ്ങൾ. തന്നീർബവിയിലെയും സോമേശ്വരത്തെയും ബീച്ചുകൾ സൂര്യാസ്തമയത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ സമ്മാനിക്കുന്നു. നഗര കേന്ദ്രത്തിൽ നിന്ന് പത്ത് കിലോ മീറ്റർ അകലെയുള്ള പിലികുല തടാകം വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. 

Latest News