Monday , March   25, 2019
Monday , March   25, 2019

മക്ക മസ്ജിദ് സ്‌ഫോടനം പ്രതികളെ വെറുതെ വിട്ട്  ജഡ്ജി രാജിവെച്ചു

ഹൈദരാബാദ് - കുപ്രസിദ്ധമായ മക്ക മസ്ജിദ് സ്‌ഫോടനക്കേസിൽ പ്രതികളായ ഹിന്ദുത്വ സന്ന്യാസി അസീമാനന്ദയേയും നാല് കൂട്ടാളികളേയും വെറുതെ വിട്ടുകൊണ്ടുള്ള വിധി പറഞ്ഞ എൻ.ഐ.എ കോടതി ജഡ്ജി കെ. രവീന്ദർ റെഡ്ഡി മണിക്കൂറുകൾക്കകം രാജിവെച്ചു. 
വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. എന്നാൽ പെട്ടെന്നുണ്ടായ രാജി ദേശീയതലത്തിൽ പുതിയ ചർച്ചക്ക് വഴിമരുന്നിട്ടു.
രാജി സങ്കീർണവും അസ്വസ്ഥജനകവുമാണെന്ന് മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാവ് അസസുദ്ദീൻ ഉവൈസി പറഞ്ഞു. ജഡ്ജിയുടെ തീരുമാനം തന്നെ അതിശയിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ വെറുതെ വിട്ട കോടതി വിധി ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള വാക്‌പോരിനും തുടക്കം കുറിച്ചു. മക്ക മസ്ജിദ് സംഭവത്തിന്റെ പേരിൽ കാവി ഭീകരതയെന്ന പ്രയോഗം നടത്തിയ കോൺഗ്രസ് മാപ്പു പറയണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. വിധിന്യായത്തിൽ അതൃപ്തി പ്രകടിപ്പിച്ച കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, നീതി നടപ്പായില്ലെന്ന് പ്രതികരിച്ചു. മോഡി സർക്കാർ അധികാരത്തിലേറിയ ശേഷം ഭരണഘടനാ സ്ഥാപനങ്ങൾ ശരിയായല്ല പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മക്ക മസ്ജിദ് സ്‌ഫോടനക്കേസ് വിധിയിൽ സംതൃപ്തനല്ലെന്ന് മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലും പറഞ്ഞു. സ്‌ഫോടനം നടക്കുന്ന സമയത്ത് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു പാട്ടീൽ.
2007 മെയ് 18 നാണ് ഹൈദരാബാദിലെ മക്ക മസ്ജിദിൽ വൻ സ്‌ഫോടനമുണ്ടായത്. 10 പ്രതികളിൽ സ്വാമി അസീമാനന്ദ അടക്കം അഞ്ചു പേരാണ് വിചാരണ നേരിട്ടത്. ഒൻപതു പേർ കൊല്ലപ്പെട്ട സ്‌ഫോടനത്തിൽ 50 ൽ അധികം പേർക്കു പരിക്കേറ്റിരുന്നു. 11 വർഷത്തിലേറെ നീണ്ട കുറ്റവിചാരണയുടെ അവസാന വിധിക്ക് ഏതാനും മിനിറ്റുകളേ വേണ്ടിവന്നുള്ളൂ. കോടതിമുറിയിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനം നൽകിയില്ല. പ്രതികളുടെ കുറ്റം തെളിയിക്കാൻ എൻ.ഐ.എക്കു സാധിച്ചില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.  കേസ് അന്വേഷിക്കുന്ന എൻ.ഐ.എ ഓഫീസർ ഇൻ ചാർജായ പ്രതിഭാ അംബേദ്കറെ രണ്ടാഴ്ച മുൻപ് അപ്രതീക്ഷിതമായി നീക്കിയിരുന്നു. 
പോലീസ് അന്വേഷണത്തിനെതിരെ പരാതി ഉയർന്നപ്പോൾ കേസ് ആദ്യം സി.ബി.ഐക്കും പിന്നീട് എൻ.ഐ.എക്കും വിടുകയായിരുന്നു.  ബോബി എന്ന ദേവേന്ദ്ര ഗുപ്ത, അജയ് തിവാരി എന്ന ലോകേഷ് ശർമ, നബാകുമാർ ശർമ എന്ന സ്വാമി അസീമാനന്ദ, ഭാരത് ബായ് എന്ന ഭാരത് മോഹാൽ രാധേശ്വർ, രജീന്ദർ ചൗധരി എന്നിവരായിരുന്നു കേസിലെ പ്രതികൾ. കേസിൽ 226 സാക്ഷികളെ ഹാജരാക്കിയിരുന്നുവെങ്കിലും ലെഫ്. കേണൽ ശ്രീകാന്ത് പുരോഹിത് ഉൾപ്പെടെ 64 പേർ മൊഴി മാറ്റി. മുഖ്യ പ്രതി അസീമാനന്ദയ്ക്ക് 2017 മാർച്ചിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. 
2007 ൽ നടന്ന അജ്മീർ ദർഗ സ്‌ഫോടനക്കേസിൽ പ്രതിയായ അസീമാനന്ദയെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. അക്കൊല്ലം നടന്ന സംഝോത ട്രെയിൻ സ്‌ഫോടനക്കേസിലും ഇയാൾ പ്രതിയാണ്. ഇതിന്റെ വിചാരണ നടന്നുവരികയാണ്.
ചാർമിനാറിനു സമീപമുള്ള ചരിത്രപ്രസിദ്ധമായ മക്ക മസ്ജിദിൽ വെള്ളിയാഴ്ച പ്രാർഥനക്കിടെ നടന്ന ആർ.ഡി.എക്‌സ് സ്‌ഫോടനത്തിൽ ഒൻപതു പേരും പിന്നീടു ക്ഷുഭിതരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് നടത്തിയ വെടിവെപ്പിൽ മൂന്നു പേരും മരിച്ചിരുന്നു. ടിഫിൻ ബോക്‌സിൽ ഒളിപ്പിച്ച ബോംബ് സെൽഫോൺ ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു. മസ്ജിദ് വളപ്പിൽ പോലീസ് നടത്തിയ തിരച്ചിലിൽ മൂന്നു ബോംബുകൾ കണ്ടെടുത്ത് നിർവീര്യമാക്കിയത് ദുരന്തത്തിന്റെ ആഘാതം കുറച്ചു.