Monday , March   25, 2019
Monday , March   25, 2019

ഇന്ത്യ ഇനി സൂപ്പർ പവർ -ഐ.ഒ.എ

കോമൺവെൽത്ത് ഗെയിംസിന്റെ ബോക്‌സിംഗിൽ ഇന്ത്യയുടെ വികാസ് കൃഷന്റെ ഇടി നേരിടുന്ന കാമറൂണിന്റെ വിൽഫ്രയ്ഡ് സേയി എൻസെൻഗു. ബോക്‌സിംഗിൽ  ഇതാദ്യമായി ഇന്ത്യ മൂന്ന് സ്വർണം നേടിയിരുന്നു. 

ന്യൂദൽഹി - ഇരുപത്തൊന്നാമത് കോമൺവെൽത്ത് ഗെയിംസിലെ മിന്നുന്ന പ്രകടനത്തിലൂടെ ഇന്ത്യ സ്‌പോർട്‌സ് സൂപ്പർ പവറാകാനുള്ള പാതയിലാണെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ മേധാവി നരീന്ദർ ബത്ര. 
ചരിത്രത്തിലാദ്യമായി ഒമ്പത് കായിക ഇനങ്ങളിൽ ഇന്ത്യ സ്വർണം നേടി. 30 സ്വർണമുൾപ്പെടെ 66 മെഡലുകളുമായി ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നിലെത്തുകയും ചെയ്തു. 2014 ലെ ഗ്ലാസ്‌ഗൊ ഗെയിംസിൽ 15 സ്വർണമുൾപ്പെടെ 64 മെഡലാണ് ഇന്ത്യ കരസ്ഥമാക്കിയത്. 
അത്‌ലറ്റുകളുടെ കഠിനാധ്വാനമാണ് രാജ്യത്തിന് പ്രശസ്തി കൊണ്ടുവന്നതെന്നും ഓരോ കായിക താരത്തെയും പ്രശംസിക്കുന്നതായും ബത്ര അറിയിച്ചു. 
കോമൺവെൽത്ത് ഗെയിംസിൽ മുമ്പ് രണ്ടു തവണയേ ഇന്ത്യ ഇതിനെക്കാൾ കൂടുതൽ മെഡൽ നേടിയിട്ടുള്ളൂ. എന്നാൽ രണ്ടു തവണയും സ്വർണ നേട്ടങ്ങളെല്ലാം കുറഞ്ഞ കായിക ഇനങ്ങളിൽ നിന്നായിരുന്നു. ഇത്തവണ നിരവധി ഇനങ്ങളിലായി ഇന്ത്യൻ അത്‌ലറ്റുകൾ 11 കോമൺവെൽത്ത് ഗെയിംസ് റെക്കോർഡുകൾ തകർത്തു. ഈ വർഷത്തെ ഏഷ്യൻ ഗെയിംസിലും 2020 ലെ ഒളിംപിക്‌സിലും നേട്ടം ആവർത്തിക്കാൻ അത്‌ലറ്റുകൾക്ക് സാധിക്കട്ടെയെന്ന് ബത്ര ആശംസിച്ചു. 
ഇന്ത്യ അപ്രതീക്ഷിതമായി കരുത്തു കാട്ടിയ ഇനമായിരുന്നു ബോക്‌സിംഗ്. ആതിഥേയരായ ഓസ്‌ട്രേലിയയെ മറികടന്ന് ബോക്‌സിംഗിൽ ഇന്ത്യ രണ്ടാമതെത്തി. എം.സി മേരികോമും വികാസ് കൃഷ്ണനും ഗൗരവ് സോളങ്കിയും സ്വർണം നേടി. അമച്വർ ബോക്‌സിംഗിൽ പണമൊഴുക്കിയ ഇംഗ്ലണ്ടാണ് ആറു സ്വർണവുമായി ഒന്നാം സ്ഥാനത്ത്. 
ഒരു താരത്തിന് വൈറ്റമിൻ ഇഞ്ചക്ഷൻ കുത്തിവെച്ചതിന് താക്കീത് ലഭിച്ചാണ് ഇന്ത്യ ബോക്‌സിംഗിൽ വലതു കാലെടുത്തു വെച്ചത്. ഏതാനും മാസങ്ങൾ മുമ്പ് വരെ രാജ്യാന്തര ബോക്‌സിംഗ് അസോസിയേഷന്റെ വിലക്ക് അനുഭവിക്കുകയുമായിരുന്നു ഇന്ത്യ. കഴിഞ്ഞ വർഷം നിലവിൽ വന്ന ബോക്‌സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇപ്പോൾ രാജ്യത്തെ മത്സരങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. 
2014 ലെ ഗ്ലാസ്‌ഗൊ ഗെയിംസിന്റെ ബോക്‌സിംഗിൽ ഒരു സ്വർണം പോലും നേടാൻ ഇന്ത്യക്കു സാധിച്ചിരുന്നില്ല. കളിക്കാരെ വിദേശത്ത് മത്സരത്തിനയച്ചതും ഇന്ത്യയിൽ രാജ്യാന്തര മത്സരങ്ങൾ സംഘടിപ്പിച്ചുമാണ് മാറ്റത്തിന് വഴിയൊരുക്കിയതെന്ന് ഫെഡറേഷൻ പ്രസിഡന്റ് അജയ് സിംഗ് പറഞ്ഞു. പരിശീലനം ശാസ്ത്രീയമാക്കി, സാന്റിയാഗൊ നിയേവയെ ഹൈ പെർഫോമൻസ് ഡയരക്ടറായി നിയമിച്ചു. കോമൺവെൽത്ത് ഗെയിംസിലെ പ്രകടനം മികച്ചതാണെങ്കിലും അതിന് ഒളിംപിക്‌സിന്റെ നിലവാരമൊന്നുമില്ലെന്നും അതിനാൽ ഒരുപാട് മുന്നേറാനുണ്ടെന്നും നിയേവ ഓർമിപ്പിച്ചു. രണ്ടു വർഷത്തിനകം വലിയ നേട്ടങ്ങളുണ്ടാവുമെന്ന് അദ്ദേഹം ഉറപ്പു നൽകി.