Tuesday , April   24, 2018
Tuesday , April   24, 2018

ഔദ്യോഗിക പരിവേഷങ്ങളില്ലാതെ ഒരു അത്താഴ വിരുന്ന്

അറബ് ഭരണാധികാരികൾ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനൊപ്പം അത്താഴ വിരുന്നിൽ. 

ദഹ്‌റാൻ - അറബ് ഉച്ചകോടിയിൽ പങ്കെടുത്ത രാഷ്ട്ര നേതാക്കൾക്ക് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഞായറാഴ്ച രാത്രി സംഘടിപ്പിച്ച അത്താഴ വിരുന്ന് വേറിട്ട കാഴ്ചയായി. 
സാധാരണ ഔദ്യോഗിക വേഷവിധാനങ്ങൾ ധരിച്ചും പരിവാരങ്ങളുടെ അകമ്പടിയോടെയുമാണ് രാഷ്ട്ര നേതാക്കൾ ഔദ്യോഗിക വിരുന്നുകളിൽ പങ്കെടുക്കാറ്. 
ഇതിന് വിഭിന്നമായി സാധാരണ വേഷം ധരിച്ചാണ് രാഷ്ട്ര നേതാക്കൾ ദഹ്‌റാനിൽ അത്താഴ വിരുന്നിൽ പങ്കെടുത്തത്. 
ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽഖലീഫ രാജാവ്, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസി, ജോർദാൻ ഭരണാധികാരി അബ്ദുല്ല ബിൻ അൽഹുസൈൻ രാജാവ്, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാൻ എന്നിവർ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനൊപ്പം ഒരു മേശക്കു ചുറ്റും ഇരുന്ന് അത്താഴ വിരുന്നിൽ പങ്കെടുക്കുന്നതിന്റെ ഫോട്ടോയാണ് പുറത്തുവന്നത്. 
റോയൽ കോർട്ട് ഉപദേഷ്ടാവും സെന്റർ ഫോർ സ്റ്റഡീസ് ആന്റ് ഇൻഫർമേഷൻ അഫയേഴ്‌സ് സൂപ്പർവൈസർ ജനറലുമായ സൗദ് അൽഖഹ്താനിയാണ് ട്വിറ്റർ അക്കൗണ്ടിലൂടെ ഫോട്ടോ പുറത്തുവിട്ടത്. വൈകാതെ ഇത് സോഷ്യൽ മീഡിയയിൽ വൈറലായി. സൗദ് അൽഖഹ്താനിയും സൗദി ജനറൽ സ്‌പോർട്‌സ് അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖും അടക്കം നിരവധി പ്രമുഖർ അത്താഴ വിരുന്നിൽ പങ്കെടുത്തു. 
 

Latest News