Wednesday , August   22, 2018
Wednesday , August   22, 2018

പ്രണയം സത്യമാണ്;  അന്ന വീണ്ടും സമീറിനടുത്തേക്ക്

ഈരാറ്റുപേട്ട - സ്ഥിരമായി ജോലി ചെയ്തിരുന്ന കെ.എസ്.ആർ.ടി.സി ബസ് മറ്റൊരു ഡിപ്പോക്ക് കൈമാറിയതിനെക്കുറിച്ചുള്ള തന്റെ ഹൃദയ വേദന ഫേസ്ബുക്ക് പോസ്റ്റാക്കിയ സമീറിന് തന്റെ പ്രിയപ്പെട്ട 'അന്ന'യെ തിരിച്ചു കിട്ടുന്നു. 

കോട്ടയം-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തിയിരുന്ന RSC 140 ബസ്സാണ് കഴിഞ്ഞ ദിവസം ചീഫ് ഓഫീസിൽനിന്നുള്ള നിർദേശത്തെ തുടർന്ന് ആലുവ ഡിപ്പോക്കും തുടർന്ന് കണ്ണൂരിലേക്കും കൈമാറ്റം ചെയ്യപ്പെട്ടത്. 

 


 

ബസിനെ പ്രണയിച്ച കണ്ടക്ടറുടെ നൊമ്പരക്കുറിപ്പ് വൈറലായി


 

ബസ് നഷ്ടപ്പെടുമ്പോൾ തന്റെ ബസ്സിനോടുള്ള ഇഷ്ടത്തെ അന്നക്ക് ദസ്തയേവ്‌സ്‌കിയോടുള്ള പ്രണയത്തോട് ഉപമിച്ചായിരുന്നു സമീറിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരം ലഭിച്ചിരുന്നു. പിന്നീട് ബസിലെ സ്ഥിരം യാത്രക്കാരായ ചിലർ ആലുവ ഡിപ്പോയിൽ ഫോണിൽ ബന്ധപ്പെട്ട് ബസ് തിരിച്ചു തരാൻ കഴിയുമോ എന്ന അന്വേഷണം നടത്തുന്ന ഓഡിയോയും പ്രചരിച്ചിരുന്നു. 

ഇന്ന് രാവിലെയാണ് സമീറിനേയും ബസിലെ യാത്രക്കാരേയും സന്തോഷിപ്പിക്കുന്ന വാർത്ത തിരുവനന്തപുരം ചീഫ് ഓഫീസിൽനിന്ന് സ്റ്റേഷൻ മാസ്റ്റർക്ക് ലഭിക്കുന്നത്. ഉടൻ തന്നെ അദ്ദേഹം വിവരം ഡ്യൂട്ടിയിലായിരുന്ന സമീറിനെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ബസ് തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് സമീർ. ബസ് തിരിച്ചു കിട്ടാൻ ശ്രമിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്ത എല്ലാവർക്കും സമീറിന്റെ വക ഒരുപാട് നന്ദി.

'അന്ന തിരിച്ചു വരുന്നു' എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ സമീർ തന്റെ സന്തോഷം പങ്കുവെച്ചു. ഈരാറ്റുപേട്ട സ്വദേശിയും കെ.എസ്.ആർ.ടി.സിയിൽ ഇൻസ്‌പെക്ടറായിരുന്ന പരേതനായ അബ്ദുൽഖാദറിന്റെ മകനാണ് സമീർ.  ഷമീനയാണ് ഭാര്യ. ഹംന മെഹ്ഫിൽ, ഹമീം ഖുതുബ് എന്നിവരാണ് മക്കൾ. 

 


 
 

Latest News