Wednesday , July   18, 2018
Wednesday , July   18, 2018

വിമാനം റാഞ്ചാന്‍ ഒരു പേന മതി; ചൈനയില്‍ വിമാനം വഴിതിരിച്ചുവിട്ടു 

ബെയ്ജിംഗ്- പേന ആയുധമാക്കി എയര്‍ഹോസ്റ്റസിനെ ബന്ദിയാക്കിയ യാത്രക്കാരന്‍ ചൈന എയര്‍ വിമാനത്തെ വഴിതിരിച്ചുവിട്ടു. ഞായറാഴ്ച രാവിലെ ചങ്ഷാ എയര്‍പോര്‍ട്ടില്‍നിന്ന് ബെയ്ജിംഗ് എയര്‍പോര്‍ട്ടിലേക്ക് പറന്ന വിമാനത്തിലാണ് സംഭവം. നേരത്തെ മനോരോഗത്തിനു ചികിത്സ തേടിയ യാത്രക്കാരനാണ് എയര്‍ഹോസ്റ്റസിനെ ബന്ദിയാക്കി വിമാനത്തിന് സുരക്ഷാ ഭീഷണി ഉയര്‍ത്തിയതന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

രാവിലെ പത്ത് മണിയോടെയാണ് സെന്‍ട്രല്‍ ചൈനാ പട്ടണമായ ഷെങ്ഷുവിലെ എയര്‍പോര്‍ട്ടില്‍ വിമാനം അപ്രതീക്ഷിത ലാന്‍ഡിംഗ് നടത്തിയത്. വിമാനത്തിന്റെ പിറകുവശത്തെ വാതില്‍ വഴി യാത്രക്കാരെ 10.50 ഓടെ പുറത്തിറക്കി. സുരക്ഷാ കാരണങ്ങളാലാണ് ഇങ്ങനെ ചെയ്തതെന്ന് എയര്‍ലൈന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഒരു മണിയോടെയാണ് എയര്‍ഹോസ്റ്റസിനെ ബന്ദിയാക്കിയ യാത്രക്കാരനെ കീഴടക്കി പുറത്തെത്തിച്ചതെന്ന് സൗത്ത ചൈന മോണിംഗ് പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു. 

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍പോര്‍ട്ട് സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ ബെയ്ജിംഗിലെത്തിച്ചത്. ബിസിനസ് ക്ലാസിലായിരുന്നു സംഭവമെന്ന് യാത്രക്കാരിലൊരാള്‍ പറഞ്ഞു. വിമാനം ലാന്‍ഡ് ചെയ്തപ്പോഴേക്കും ചുറ്റും പോലീസ് വാഹനങ്ങളും ആംബുലന്‍സുകളും നിരന്നിരുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 41 വയസ്സുകാരനായ യാത്രക്കാരനാണ് കുഴപ്പമുണ്ടാക്കിയതെന്നും ഇയാള്‍ നേരത്തെ മനോരോഗത്തിന് ചികിത്സ തേടിയിരുന്നുവെന്ന് സ്ഥിരീകരിച്ചതായും പോലീസ് പറഞ്ഞു. 

Latest News