Wednesday , April   25, 2018
Wednesday , April   25, 2018

ഫലസ്തീൻ പ്രശ്‌നത്തിൽ  വിട്ടുവീഴ്ചയില്ല -അറബ് ലീഗ് ഉച്ചകോടി

ദഹ്‌റാനിൽ സമാപിച്ച 29 ാമത് അറബ് ഉച്ചകോടി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്യുന്നു. 
  • ഏകദിന അറബ് ലീഗ് ഉച്ചകോടിക്ക് ദഹ്‌റാനിൽ സമാപനം 
  • അറബ് രാഷ്ട്രങ്ങളുടെ സുരക്ഷാ വെല്ലുവിളികളെ നേരിടും
  •  കുഴപ്പങ്ങൾക്ക് പിന്നിൽ ഇറാനെന്ന് സൽമാൻ രാജാവ്

ദഹ്‌റാൻ - അറബ് ലോകം നേരിടുന്ന സുരക്ഷാ വെല്ലുവിളികളിൽ ആശങ്ക പ്രകടിപ്പിച്ചും ഫലസ്തീൻ പ്രശ്‌നത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് പ്രഖ്യാപിച്ചും 29 ാമത് അറബ് ലീഗ് ഉച്ചകോടിക്ക് കിഴക്കൻ സൗദിയിലെ ദഹ്‌റാനിൽ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷനൽ കൾച്ചറൽ സെന്ററിൽ പ്രൗഢ സമാപനം. 

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു. 
അറബ് ലീഗ് അധ്യക്ഷ സ്ഥാനം ജോർദാൻ ഭരണാധികാരി അബ്ദുല്ല രണ്ടാമൻ രാജാവിൽനിന്ന് അദ്ദേഹം ഏറ്റുവാങ്ങി. ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച്, അറബ് ലീഗ് സമ്മേളനത്തിന് ജറൂസലം ഉച്ചകോടി എന്ന് നാമകരണം ചെയ്യാൻ സൽമാൻ രാജാവ് നിർദേശിച്ചു. 
ജറൂസലമിലേക്ക് നയതന്ത്ര കാര്യാലയം മാറ്റാനുള്ള അമേരിക്കയുടെ തീരുമാനത്തിൽ ഉച്ചകോടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജറൂസലം ആസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ എന്ന ആശയത്തിൽനിന്ന് ഒരു കാരണവശാലും പിറകോട്ടില്ലെന്ന് സൽമാൻ രാജാവ് ഊന്നിപ്പറഞ്ഞു.  
ഫലസ്തീൻ അറബ് ലോകത്തിന്റെ പൊതുവികാരമാണ്. ഇസ്രായിൽ അതിക്രമണത്തിൽ പൊറുതി മുട്ടുന്ന ഫലസ്തീൻ ജനതക്കിടയിൽ ജീവകാരുണ്യ, സന്നദ്ധ പ്രവർത്തനം നടത്തുന്ന ഐക്യരാഷ്ട്ര സഭാ ഏജൻസി (യു.എൻ.ആർ.ഡബ്ല്യൂ.എ) ക്ക് 50 ദശലക്ഷം ഡോളർ, ഫലസ്തീനിലെ ഇസ്‌ലാമിക പ്രബോധന ദൗത്യത്തിന് 150 ദശലക്ഷം ഡോളർ എന്നിങ്ങനെ രാജാവ് സഹായം പ്രഖ്യാപിച്ചു. 
ഗൾഫ് മേഖലയിലെ കുഴപ്പങ്ങൾക്ക് പിന്നിൽ ഇറാനാണ്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്നും രാജാവ് ഉണർത്തി. ലിബിയയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും ആ രാജ്യത്തെ അഖണ്ഡതക്കുമായി നിലകൊള്ളും. അറബ് സംസ്‌കാരത്തിന് വേണ്ടി നിലകൊള്ളാൻ തയാറായ അറബ് ലീഗ് നിലപാടിനെ അദ്ദേഹം സ്വാഗതം ചെയ്തു. അറബ് ജനതയുടെ സുരക്ഷിതത്വത്തിന് നേർക്കുള്ള ഏതു വെല്ലുവിളി നേരിടാനും സൗദി അറേബ്യ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ഫലസ്തീൻ ജനതയോടൊപ്പം നിലയുറപ്പിക്കൽ തങ്ങളുടെ ബാധ്യതയാണെന്ന് യോഗത്തിൽ സംസാരിച്ച ജോർദാൻ ഭരണാധികാരി അബ്ദുല്ല രണ്ടാമൻ രാജാവ് വ്യക്തമാക്കി. ഫലസ്തീൻ പൗരന്മാർക്ക് അവകാശപ്പെട്ട രാജ്യം യാഥാർഥ്യമാകുക തന്നെ വേണം. 


ഐ.എസ് ഭീകരരിൽനിന്നും ക്രൂരനായ ഏകാധിപതി ബശാർ അൽഅസദിന്റെ സൈന്യത്തിൽനിന്നും ഒരുപോലെ അതിക്രമം നേരിടുന്ന സിറിയൻ ജനതയുടെ അവകാശത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച ഇറാഖ് ഗവൺമെന്റിനെ അഭിനന്ദിക്കാനും അബ്ദുല്ല രാജാവ് മറന്നില്ല. 
ഉച്ചകോടി സമാപിച്ച ശേഷം നടത്തിയ പത്രസമ്മേളനത്തിൽ സിറിയയിലെ രാസായുധ ആക്രമണത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് സൗദി വിദേശ മന്ത്രി ആദിൽ അൽ ജുബൈർ ആവശ്യപ്പെട്ടു. 
അറബ് ഉച്ചകോടിയിൽ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആണ് സൗദി പ്രതിനിധി സംഘത്തെ നയിച്ചത്.


 

Latest News