Wednesday , April   25, 2018
Wednesday , April   25, 2018

രോഹിംഗ്യ പുനരധിവാസം തുടങ്ങിയെന്ന് മ്യാന്മർ തട്ടിപ്പെന്ന് മനുഷ്യാവകാശ സംഘടനകൾ

യാങ്കോൺ- ബംഗ്ലാദേശിൽ കഴിയുന്ന രോഹിംഗ്യൻ അഭയാർഥികളുടെ പുനരധിവാസത്തിന് തുടക്കമിട്ടതായും ഇതിന്റെ ഭാഗമായി ഒരു അഞ്ചംഗ കുടുംബത്തെ തിരികെ കൊണ്ടുവന്നതായും മ്യാന്മർ ഭരണകൂടത്തിന്റെ അവകാശവാദം. എന്നാൽ ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും, അഭയാർഥികളെ തിരിച്ചുകൊണ്ടുവരുന്നതിനുമുമ്പ് അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള ഒരു നടപടിയും മ്യാന്മർ ഭരണകൂടം കൈക്കൊണ്ടിട്ടില്ലെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു.
മ്യാന്മർ ഭരണകൂടം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പുനരധിവാസത്തിന് തുടക്കമിട്ടുവെന്ന് അവകാശപ്പെടുന്നത്. ഒരു പുരുഷനും, രണ്ട് സ്ത്രീകളും ഓരോ ആൺകുട്ടിയും പെൺകുട്ടിയുമടങ്ങുന്ന കുടുംബം മ്യാന്മർ ഭരണകൂടം നൽകുന്ന ഐ.ഡി കാർഡുകൾ സ്വീകരിക്കുന്നതിന്റെയും, വൈദ്യപരിശോധനക്ക് വിധേയമാകുന്നതിന്റെയും ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. ഇവർ രഖിനെ സംസ്ഥാനത്തെ തൗങ്‌പ്യോലെത്‌വെയി പട്ടണത്തിലെ പുനരധിവാസ ക്യാമ്പിൽ ഇന്നലെ രാവിലെ എത്തിയതായും പറയുന്നു. തൽക്കാലത്തേക്ക് ഇവർ മൗങ്‌ഡോ പട്ടണത്തിൽ ബന്ധുക്കൾക്കൊപ്പം കഴിയുമെന്നും പോസ്റ്റിലുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകാൻ മ്യാന്മർ ഉദ്യോഗസ്ഥർ തയാറായിട്ടില്ല.
തിരികെ പോയ കുടുംബത്തെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്ന് ബംഗ്ലാദേശ് സർക്കാർ പറയുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നോമാൻസ് ലാന്റിലെ താൽക്കാലിക ക്യാമ്പിൽ കഴിഞ്ഞിരുന്നവരാകാം പോയതെന്നാണ് ബംഗ്ലാദേശ് അഭയാർഥി കമ്മീഷണർ മുഹമ്മദ് അബ്ദുൽ കലാം പറഞ്ഞു.
മ്യാന്മാർ സൈന്യത്തിന്റെയും, ബുദ്ധ ഭീകരരുടെയും ആക്രമണങ്ങളെത്തുടർന്ന് ഏഴ് ലക്ഷത്തോളം രോഹിംഗ്യൻ മുസ്‌ലിംകളാണ് കഴിഞ്ഞ വർഷം ഓഗസ്റ്റിലും തുടർന്നുള്ള മാസങ്ങളിലും രഖിനെ സംസ്ഥാനത്തുനിന്നും ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ഇത് വംശീയ ഉന്മൂലനമാണെന്ന് യു.എൻ ആരോപിച്ചെങ്കിലും വകവെക്കാത്ത നിലപാടായിരുന്നു മ്യാന്മറിന്റേത്. പലായനം ചെയ്തവരിൽ ഭൂരിഭാഗവും ബംഗ്ലാദേശിലെ കോക്‌സ് ബസാറിനുസമീപമുള്ള അഭയാർഥി ക്യാമ്പുകളിലാണ് കഴിയുന്നത്. ഇക്കഴിഞ്ഞ ജനുവരി മുതൽ ഇവരെ മ്യാന്മറിൽ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും നടപടികൾ മന്ദഗതിയിലായിരുന്നു. അഭയാർഥികൾക്ക് പൗരത്വത്തിനുപകരം നാഷണൽ വെരിഫിക്കേഷൻ കാർഡെന്ന ഐ.ഡി മാത്രം നൽകാനുള്ള മ്യാന്മർ സർക്കാരിന്റെ തീരുമാനം അഭയാർഥികളുടെ നേതാക്കൾ തള്ളി.

Latest News