Monday , January   21, 2019
Monday , January   21, 2019

ഗൾഫിലെ മലയാളി എത്ര പൊറോട്ട  കഴിക്കും? 

ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം മുന്നേറ്റം നടത്തി ഇന്ത്യക്ക് മാതൃക സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം. കേരളത്തിലേക്ക് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പ്രവാസികളുടെ പണം പ്രവഹിക്കുന്നു. ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് കരുത്തേകുന്ന വിദേശ പണത്തിന്റെ ആനുകൂല്യം ഏറ്റവും ലഭിക്കേണ്ട സംസ്ഥാനമാണ് കേരളം. എന്നാൽ ഇത് പ്രയോജനപ്പെടുത്തി കാര്യമായ വികസന പ്രവർത്തനമൊന്നും നാട്ടിൽ നടന്നിട്ടില്ലെന്നതാണ് വാസ്തവം. മാത്രവുമല്ല, ഇടയ്ക്കിടെയുണ്ടാവുന്ന സാമ്പത്തിക ഞെരുക്ക പ്രസ്താവനകൾ കേരളത്തിന് നാണക്കേടുണ്ടാക്കുന്നതുമാണ്. ഏതാനും ആഴ്ചകൾക്കപ്പുറം ഇത് പോലൊരു ഡയലോഗ് സാമ്പത്തിക വിദഗ്ധനായ മന്ത്രിയിൽ നിന്ന് കേട്ടു. പെൻഷനും ശമ്പളവും നൽകാനാവാതെ ട്രഷറി പൂട്ടേണ്ടുന്ന അവസ്ഥയിലാണ് കാര്യങ്ങളെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. കെ.എസ്.ആർ.ടി.സി എത്ര ഓടിയാലും കടവും ബാധ്യതയും കൂടി വരുന്നുവെന്നതല്ലാതെ വേറെ പ്രയോജനമൊന്നുമില്ല. നാട് ആര് ഭരിച്ചാലും ഇല്ലാപ്പാട്ട് നിൽക്കില്ലെന്ന് കരുതിയിരുക്കുമ്പോഴാണ് സഫാരി ടി.വിയിൽ സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള അഭിമുഖം ടെലികാസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിജി ഉലകം ചുറ്റും വാലിബനായതോടെ മൂപ്പരുടെ ചാൻസ് കുറഞ്ഞതുകൊണ്ട് പുതിയ പരീക്ഷണം വല്ലതുമായിരിക്കുമെന്ന മുൻവിധിയോടെയാണ് അഭിമുഖം കാണാനിരുന്നത്. ഏതായാലും സമയം നഷ്ടമായില്ല. അദ്ദേഹം അമേരിക്കയിലെ ലാസ് വെഗാസ് നഗരം സന്ദർശിച്ച അനുഭവമാണ് വിവരിക്കുന്നത്. അമേരിക്കയിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് ഏറ്റവും ചുരുങ്ങിയ നിരക്കിൽ നക്ഷത്ര ഹോട്ടലിൽ താമസിക്കാൻ സൗകര്യമുണ്ടവിടെ. അതല്ല കാര്യം. സന്തോഷ് ഉണരുമ്പോൾ എല്ലാ ദിവസവും മുറിയുടെ വാതിൽക്കൽ രണ്ട് കുപ്പി വെള്ളമുണ്ടാവും. കുടിച്ചു തീർക്കുമ്പോൾ അടുത്ത ദിവസം വീണ്ടും വെള്ളക്കുപ്പികൾ പ്രത്യക്ഷപ്പെടുന്നു. 
കുപ്പി കാര്യമായെടുത്ത് പരിശോധിച്ച് നോക്കിയപ്പോൾ അതിന്റെ റാപ്പറിൽ ഫിജി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അതായത് ഇത് ഫിജി ദ്വീപിലെ ഉൽപന്നമാണ്. ആയിരക്കണക്കിന് മൈലുകൾ അകലെ നിന്നാണ് വെള്ളം ലാസ് വെഗാസ് മരുഭൂമിയിലെ താമസ കേന്ദ്രത്തിൽ കുപ്പിയിലാക്കി എത്തിച്ചേരുന്നത്. ഗൾഫ് രാജ്യങ്ങളും കേരളവുമായുള്ള അകലമുണ്ട് ഇരു പ്രദേശങ്ങൾക്കുമിടയിൽ. അങ്ങനെയെങ്കിൽ എന്തുകൊണ്ട് കേരളത്തിലെ വെള്ളം കുപ്പിയിലാക്കി ഗൾഫ് നഗരങ്ങളിലെത്തിച്ചു കൂടാ? ജൂൺ മുതൽ മൂന്ന് മാസം തുടർച്ചയായി കേരളത്തിൽ മഴ ലഭിക്കുമ്പോൾ ഗൾഫ് നാടുകളിൽ സൂര്യൻ കത്തിക്കാളുകയായിരിക്കും. ഓരോ വീട്ടിന്റേയും ടെറസിൽ വന്നു വീഴുന്ന മഴത്തുള്ളികൾ ആയിരത്തിലേറെ കുപ്പികൾക്ക് പര്യാപ്തമായിരിക്കും. കുടുംബശ്രീ മാതൃകയിൽ ബോട്ട്‌ലിംഗ് പ്ലാന്റുകളുണ്ടാക്കി ഇവ ഒരു കേന്ദ്രത്തിൽ സമാഹരിക്കാം. വെള്ളത്തിന് പെട്രോളിനേക്കാൾ വിലയുള്ള ഗൾഫ് നാടുകളിൽ കേരളത്തിന്റെ കുടിവെള്ളം മാർക്കറ്റ് ചെയ്യാം. 
വിദേശികളാരും ഇത് കുടിച്ചില്ലെങ്കിൽ ഗൃഹാതുര സ്മൃതികളുമായി കഴിയുന്ന പ്രവാസി മലയാളികൾ വാങ്ങി കുടിച്ചോളും. സ്വന്തം നാട്ടിൽ നിന്നുള്ള ജലമെന്നറിയുമ്പോൾ ഗൾഫിലെ മലയാളികൾക്കെല്ലാം ആവേശമാവും. ജി.സി.സി രാജ്യങ്ങൾക്ക് പുറമെ ഉത്തരേന്ത്യയിലേക്കും കേരളത്തിന്റെ വെള്ളം കയറ്റി അയക്കാവുന്നതാണ്. ഇതെല്ലാം എങ്ങനെ പ്രായോഗികമാക്കാമെന്നതിനെ കുറിച്ച് അധികമൊന്നും ആലോചിക്കേണ്ടതില്ല.
സ്വകാര്യ-പൊതുമേഖലാ സംയുക്ത സംരംഭമായി വിജയക്കൊടി നാട്ടിയ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അനുഭവം നമ്മുടെ മുമ്പിലുണ്ട്. കൊച്ചി എയർപോർട്ട് മോഡലിൽ ഒരു സ്ഥാപനമുണ്ടാക്കി നമ്മുടെ വിഭവം ആഗോള വിപണിയിലെത്തിക്കുന്നതോടെ കേരളം സ്വിറ്റ്‌സർലന്റ് പോലെ സമ്പന്നമാവുമെന്നതിൽ സംശയമില്ല ലോക സഞ്ചാരിക്ക്. ഇത്രയ്ക്ക് ഐഡിയകളുള്ള വിദഗ്ധർ ഉപദേശി പട്ടികയിൽ വരുന്നില്ലല്ലോയെന്നതാണ് മലയാളികളുടെ ദുഃഖം. 
*** *** ***
ഒരാൾക്ക് എന്തെങ്കിലും ആപത്ത് വരുമ്പോഴാണ് സുഹൃത്തുക്കളാര്, ശത്രുക്കളാര് എന്നൊക്കെ തിരിച്ചറിയാനാവുക. വെടി വെച്ചാൽ മാൻ ചാവുമോ എന്നറിയാൻ പരീക്ഷണം നടത്തിയതിന്റെ പേരിലാണ് ചുരുങ്ങിയ സമയത്തേക്ക് സല്ലുവിന് ജോധ്പുർ ജയിലിൽ കഴിയേണ്ടി വന്നത്. രണ്ട് വനിതാ താരങ്ങളുടെ പ്രതികരണങ്ങളിലെ വൈരുദ്ധ്യം നോക്കാം. മലയാളി താരം ശ്വേതാ മേനോൻ ഈ സംഭവത്തിൽ തീർത്തും ദുഃഖിതയാണ്. എന്നെ മദ്രാസി അമ്മ എന്നാണ് സൽമാൻ വിളിച്ചിരുന്നത്. 'ബോയ് ഫ്രണ്ട്‌സിനോടുള്ള ശ്വേതയുടെ കെയറിങ് കണ്ടാൽ അമ്മ എന്നു വിളിക്കാൻ തോന്നും' -സൽമാൻ പറയും. എന്നാൽ ഈ സ്വഭാവം അദ്ദേഹത്തിന്റെ പ്രണയ ജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ടാക്കി. ഓരോരോ കാലത്ത് ഓരോരോ പ്രണയങ്ങൾ സൽമാനുണ്ടായിട്ടുണ്ട്. പക്ഷേ ഒന്നും വിവാഹത്തിലെത്തിയില്ല. അതിന്റെ കാരണമായി എനിക്കു തോന്നിയിട്ടുള്ളത്, സൽമാൻ ആരെയെങ്കിലും പ്രേമിച്ചാൽ നാലഞ്ചു മാസം അവർ കാമുകിയായിരിക്കും, പിന്നെ കാമുകിയിൽ അമ്മയെ തിരയാൻ തുടങ്ങും. ഞാനിതു പറഞ്ഞ് പലവട്ടം കളിയാക്കിയിട്ടുണ്ട്. എന്നിട്ടും സൽമാന് മനസ്സിലായില്ല. ഓരോ പ്രണയത്തകർച്ചയും സൽമാന് വലിയ ആഘാതമായിരുന്നു, അദ്ദേഹമത് പുറത്ത് കാണിച്ചിരുന്നില്ല.  സംഗീത ബിജിലാനി അസ്ഹറുദ്ദീനെ കല്യാണം കഴിക്കാൻ തീരുമാനിച്ചതറിഞ്ഞ് കരഞ്ഞ സൽമാനെ ഞാനിന്നും മറന്നിട്ടില്ല. സംഗീതയാണ് സൽമാനെ അൽപമെങ്കിലും മനസ്സിലാക്കിയ കാമുകി എന്ന് ഞങ്ങളെല്ലാം കരുതിയിരിക്കുമ്പോഴായിരുന്നു ആ ബന്ധം തകരുന്നതും സംഗീത അസ്ഹറിനെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും. 'നോട്ടി ബോയ്' എന്നാണ് സൽമാനെ എല്ലാവരും വിളിക്കാറ്. അതു ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. പക്ഷേ, കുസൃതിക്കപ്പുറം നല്ലൊരു മനുഷ്യ സ്‌നേഹി കൂടിയാണ് അദ്ദേഹം -മുംബൈ ജീവിത കാലമോർത്ത് താരം പറഞ്ഞു. സൽമാൻ വളരെ പെട്ടെന്നു തന്നെ എന്റെ നല്ല സുഹൃത്തുക്കളിലൊരാളായി. ഹോട്ട് ഗൈ. നല്ലൊരു ഫ്‌ളേർട്ട്. കറുപ്പിനെ കറുപ്പായും വെളുപ്പിനെ വെളുപ്പായും മാത്രം കാണുന്നയാൾ. പക്ഷേ, ഒരു കുഴപ്പമുണ്ട്, മൂക്കത്താണ് ശുണ്ഠി. 'ദോസ്‌തോം കാ ദോസ്ത്, ദുശ്മനോം കാ ദുശ്മൻ' അതാണ് സൽമാൻ. ഒരു പക്ഷേ, ഹിന്ദി സിനിമാലോകത്ത് ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വം. 
സ്‌നേഹിക്കുന്നവർക്ക് കരൾ പറിച്ചു കൊടുക്കാൻ മടി കാണിക്കാറില്ല സൽമാൻ. എന്നിട്ടും ഷോർട്ട് ടെംപേർഡ് ആണെന്ന ഒറ്റക്കാരണത്താൽ പലർക്കും അദ്ദേഹം സ്‌നേഹമില്ലാത്തവനും കഠിന ഹൃദയനുമൊക്കെയായി -മലയാളി താരത്തിന്റെ അനുഭാവ പ്രകടനം തുടർന്നു.  എന്നാൽ താരം ജയിലിൽ പോയതിൽ സന്തോഷിച്ചവരുമുണ്ട്. ബോളിവുഡ് താരവും മോഡലുമായ സോഫിയ ഹായാതാണ് സന്തോഷം പ്രകടിപ്പിച്ചത്. 
സൽമാൻ ജയിലിൽ പോയതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും സോഫിയ ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കി. ഭൂമിയിൽ ജീവജാലങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്, കർമ്മഫലം എപ്പോഴായാലും അനുഭവിക്കേണ്ടി വരുമെന്നും താരം പറഞ്ഞു. ഇന്ത്യയിൽ വളരെയധികം കുട്ടികൾ സൽമാനെ മാതൃകയാക്കി ജീവിക്കുന്നുണ്ട്. അവരെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. സൽമാൻ കുറ്റക്കാരനെന്ന് കണ്ടെത്തിയ നീതിപീഠത്തോട് അതിയായ ബഹുമാനമുണ്ടെന്നും സോഫിയ പറഞ്ഞു. സെലിബ്രിറ്റി ഇമേജ് കൊണ്ട് മൃഗങ്ങളെ കൊല്ലുന്നത് ന്യായീകരിക്കാൻ കഴിയുമോ. മദ്യപിച്ച് വാഹനം ഓടിക്കുകയും ഒരാളുടെ ജീവനെടുത്തതും ന്യായീകരിക്കാൻ സാധിക്കുമോ? ഈ വിധിയിലൂടെ നിയമ വ്യവസ്ഥയ്ക്ക് അതീതമായി ആരുമില്ലെന്ന് ഇന്ത്യ ലോകത്തിനു മുന്നിൽ തെളിയിച്ചു. ജാമ്യം കൊടുത്ത വിധിയിൽ തനിക്ക് കടുത്ത അതൃപ്തിയുണ്ടെന്നും സോഫിയ പറഞ്ഞു. നീതിയേക്കാൾ മുകളിലാണ് അഴിമതിയെന്ന് ഇത് നമുക്ക് കാണിച്ചു തരുന്നു.  മൃഗങ്ങളെ വേട്ടയാടുന്നതും സ്ത്രീകളെ പീഡിപ്പിക്കുന്നതും തെറ്റല്ലായെന്ന് ഇത് വളർന്നു വരുന്ന തലമുറയെ പഠിപ്പിക്കുന്നുവെന്നും താരം സങ്കടപ്പെട്ടു. 
*** *** ***
തെന്നിന്ത്യൻ താരം ആര്യയുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്ന റിയാലിറ്റി ഷോ 'എങ്ക വീട്ടു മാപ്പിളൈ' അവസാന ഘട്ടത്തിലെത്തി. മത്സരത്തിൽ വിജയ സാധ്യത ഏറെ കൽപിക്കപ്പെട്ടിരുന്ന കുംഭകോണം സ്വദേശിനി അബർനദി പരിപാടിയിൽ നിന്ന് പുറത്തായി. മൂന്ന് പേരാണ് അവസാന ഘട്ടത്തിൽ മത്സരിക്കുന്നത്. സൂസന്ന, അഗത, മലയാളിയായ സീതാലക്ഷ്മി എന്നിവരിലൊരാളാകും ആര്യയുടെ ജീവിത പങ്കാളി. മത്സരാർഥികളിൽ ഏറ്റവും പിന്തുണ അബർനദിക്കായിരുന്നു. അബർനദിയുടെ കുംഭകോണത്തെ വീട്ടിൽ ആര്യ സന്ദർശനം നടത്തുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടിലെങ്ങും അബർനദിക്ക് വലിയ ആരാധകരുണ്ട്. അതേസമയം, പരിപാടിക്കെതിരെ വിമർശനവും ശക്തമാണ്. റിയാലിറ്റി ഷോ പ്രേക്ഷകരുടെ കണ്ണിൽ പൊടിയിടാനുള്ള ചാനലിന്റെ നീക്കമാണെന്നാരോപിച്ച് ഒരു സംഘം നേരത്തെ രംഗത്തു വന്നിരുന്നു. പരിപാടിയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമോ എന്നറിയില്ലെന്ന മത്സരാർഥിയായിരുന്ന താരത്തിന്റെ വെളിപ്പെടുത്തലും വിവാദമായിരുന്നു. കളേഴ്‌സ് ചാനലാണ് ഷോ സംപ്രേഷണം ചെയ്യുന്നത്.
*** *** ***
കോമൺവെൽത്ത് ഗെയിംസിന്റെ തത്സമയ റിപ്പോർട്ടിംഗ്  നടത്തിയ ബിബിസി റിപ്പോർട്ടർ  റിപ്പോർട്ടിങിനിടെ കാൽ വഴുതി നീന്തൽകുളത്തിലേക്ക് വീണ വീഡിയോയാണ് വൈറലായി മാറിയത്. ബിബിസി പ്രതിനിധി മൈക്ക് ബുല്ലെക്കിനാണ് റിപ്പോർട്ടിങിനിടയിൽ അക്കിടി പറ്റിയത്. ബിബിസി ബ്രേക്ക് ഫാസ്റ്റിനിടയിൽ തത്സമയ റിപ്പോർട്ടിംഗ് നടത്തുന്നതിനിടയിലായിരുന്നു രസകരമായ ഈ  സംഭവം. നീന്തൽ മത്സര ജേതാക്കളായ ടീം അംഗങ്ങളുമായി അഭിമുഖം നടത്തുന്നതിനിടയിൽ മൈക്ക് കാൽ വഴുതി നീന്തൽകുളത്തിലേക്ക് വീഴുകയായിരുന്നു. ടീമംഗങ്ങൾ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ജാള്യം മറയ്ക്കാൻ ഒന്നും സംഭവിക്കാത്ത രീതിയിൽ റിപ്പോർട്ടർ തുടർന്നും തത്സമയം തുടരുകയായിരുന്നു. മൈക്ക് വെള്ളത്തിൽ വീണതോടെ ഇവരുമായുള്ള ആശയവിനിമയവും തടസ്സപ്പെട്ടു. തുടർന്ന് അവതാരക വിഷയത്തിൽ നിന്ന് മാറി മറ്റു വാർത്തയിലേക്ക് പോകുകയായിരുന്നു.
*** *** ***
മാതൃഭൂമി ന്യൂസിലെ ചോദ്യം ഉത്തരത്തിൽ ബഹുമുഖ പ്രതിഭയായ ശ്രീകുമാരൻ തമ്പിയായിരുന്നു അതിഥി. അദ്ദേഹത്തിന് നാൽപത് വർഷത്തോളം അംഗീകാരമൊന്നും ലഭിക്കാതെ പോയതിനെ കുറിച്ച് ഉത്തരം നൽകുന്നു. താരാധിപത്യം തന്റെ വളർച്ചയ്ക്ക് തടസ്സം സൃഷ്ടിച്ച കാര്യം മെഗാ-സൂപ്പർ സ്റ്റാറുകളുടെ പേരെടുത്ത് പറഞ്ഞ് വെളിപ്പെടുത്തിയിട്ടുണ്ട്. ഭരണ സ്വാധീനമുപയോഗിച്ച് പിആർഡി വഴി വരെ തമ്പിക്കെതിരെ നടത്തിയ നീക്കങ്ങൾ എത്രമാത്രം തരം താണ കളികൾ വെള്ളിത്തിരയ്ക്ക് പിന്നിലുണ്ടെന്ന് തുറന്നു കാട്ടുന്നു. വടക്കൻ പാട്ട് സിനിമകളിലെ ഗാനങ്ങളുൾപ്പെടുത്തിയുള്ള ശാരദക്കുട്ടിയുടെ   രണ്ടാം എപ്പിസോഡും ഗംഭീരമായി. പഴയ കാലത്ത് വടകര, തലശ്ശേരി എന്നീ കേന്ദ്രങ്ങളിൽ ഓണം-വിഷു സീസണിൽ ജൂബിലി ആഘോഷിക്കാറുള്ള ഉദയാ ചിത്രങ്ങളുടെ ഓർമപ്പെടുത്തലായി ഈ പ്രോഗ്രാം. 

Latest News