Sunday , January   20, 2019
Sunday , January   20, 2019

ഓർമകളുടെ പെരുമഴ

ലേഖിക പിതാവ് പെരുമ്പടവം ശ്രീധരനോടൊപ്പം.

ആദ്യ ഗൾഫ് യാത്രയുടെ തലേ ദിവസം 'ഒരു സങ്കീർത്തനം പോലെ'യുടെ കോപ്പി എന്റെ കൈയിൽ തന്നിട്ട് പറഞ്ഞത് 'മോൾക്ക് ചാച്ചനെ കാണണമെന്ന് തോന്നുമ്പോൾ ഇതിലെ ഒരു ഭാഗം വായിച്ചാൽ മതി' എന്നാണ്. ഇപ്പോഴും ഞാൻ അത് തുടരുന്നു. എന്റെ മകൾക്ക് പേരിടാൻ 'ഒരു സങ്കീർത്തനം പോലെ'യിലെ 'സങ്കീർത്തന'യാണ് ഞാൻ തെരഞ്ഞെടുത്തത്.


അച്ഛനെ ഞങ്ങൾ 'ചാച്ചൻ' എന്നാണ് വിളിക്കുന്നത്. പെരുമ്പടവം ഗ്രാമത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് ജീവിതം പറിച്ചുനട്ടപ്പോൾ കൂടെ പോന്നതാണ് ഈ 'ചാച്ചൻ' വിളി. നാട്ടുകാരും എന്റെ കൂട്ടുകാരും അങ്ങനെ തന്നെ വിളിക്കുന്നു. അതു കേൾക്കുമ്പോൾ സന്തോഷമേ ഉള്ളൂ. ഒരുപാട് ഓർമകൾ വന്നു മറിയുമ്പോൾ ഏത് എടുത്തെഴുതണം എന്നത് ബുദ്ധിമുട്ട് ഉണ്ടായിരുന്നു.
കഴിഞ്ഞ ഫെബ്രവരിയിലാണ് ചാച്ചക്ക് എൺപത് വയസ്സ് തികഞ്ഞത്. ലോകമൊട്ടാകെയുള്ള സുഹൃത്തുക്കളും ആരാധകരും പിറന്നാൾ ആശംസകൾ അറിയിച്ചു. അന്ന് അതിരാവിലെ ആശംസകൾ നേരാൻ വിളിച്ചപ്പോൾ 'നേരത്തേ എണീറ്റോ'
എന്നായിരുന്നു ചാച്ചന്റെ ചോദ്യം.
ചാച്ചനുമായി വളരെ അടുപ്പം പുലർത്തുന്ന ആളാണ് ഞാൻ. അദ്ദേഹം എപ്പോഴെങ്കിലും ദേഷ്യപ്പെടുന്നത് ഞങ്ങൾ പുറത്തു താമസിച്ചു വരുമ്പോൾ മാത്രമാണ്. പ്രവാസ ജീവിതത്തിനിടയിൽ നാട്ടിലെത്തുമ്പോൾ ചാച്ചനോടൊപ്പമുള്ള യാത്രകൾ കഴിയുന്നതും ഞാൻ മുടക്കാറില്ല. യാത്രമാധ്യേ റോഡുകൾ മുറിച്ച് കടക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ ഇപ്പോഴും എന്നെ കൈപിടിച്ച് നടത്താറുണ്ട്. അത് തരുന്ന സുരക്ഷിതത്വം വളരെ വലുതാണ്. 2000 ൽ എന്റെ വിവാഹ ശേഷം ഭർത്താവ് ജോലി ചെയ്യുന്ന ബഹ്‌റൈനിലേക്ക് പോകാൻ തുടങ്ങുമ്പോൾ ചാച്ചനെ അധികം പിരിഞ്ഞുനിന്നിട്ടില്ലാത്ത ഞാൻ ആകെ വിഷമിച്ചിരുന്നു. ആദ്യ വിമാന യാത്രക്ക് പുറപ്പെടുന്നതിന് മുൻപ് ഒരു തുന്നിക്കെട്ടിയ പുസ്തകവുമായി ചാച്ചൻ എന്റെ മുന്നിലെത്തി. തിരുവനന്തപുരം വിമാനത്താവളം മുതൽ ബഹ്‌റൈനിൽ ഇറങ്ങി ഭർത്താവിനെ കാണുന്നത് വരെ എന്തെല്ലാം നടപടിക്രമങ്ങളിലൂടെയാണ് കടന്നു പോകേണ്ടത് എന്നതായിരുന്നു ആ പുസ്തകത്തിലെ ഉള്ളടക്കം. ആ പുസ്തകം ഇന്നും ഞാൻ സൂക്ഷിച്ചുവെച്ചിരിക്കുന്നു.
ബഹ്‌റൈനിൽ ഞാൻ താമസിക്കുന്ന വീട്ടിലുള്ള ചെറിയ ലൈബ്രറിയിൽ ചാച്ചന്റെ പുസ്തകങ്ങളെല്ലാം സൂക്ഷിച്ചുവെച്ചിരിക്കുന്നു. പലപ്പോഴും ചാച്ചൻ ബഹ്‌റൈനിൽ വന്നപ്പോൾ എഴുതിയ കുറിപ്പുകളും ലേഖനങ്ങളും ആ ശേഖരത്തിൽ പെടും. ആദ്യ ഗൾഫ് യാത്രയുടെ തലേ ദിവസം 'ഒരു സങ്കീർത്തനം പോലെ'യുടെ കോപ്പി എന്റെ കൈയിൽ തന്നിട്ട് പറഞ്ഞത് 'മോൾക്ക് ചാച്ചനെ കാണണമെന്ന് തോന്നുമ്പോൾ ഇതിലെ ഒരു ഭാഗം വായിച്ചാൽ മതി' എന്നാണ്. ഇപ്പോഴും ഞാൻ അത് തുടരുന്നു. എന്റെ മകൾക്ക് പേരിടാൻ 'ഒരു സങ്കീർത്തനം പോലെ'യിലെ 'സങ്കീർത്തന'യാണ് ഞാൻ തെരഞ്ഞെടുത്തത്.

രശ്മി പെരുമ്പടവം

ജീവിതത്തിലെ പല പ്രതിസന്ധികളിലും ചാച്ചൻ എന്നോടൊപ്പം നിന്നു ധൈര്യം പകർന്നു തന്നിട്ടുണ്ട്. ചാച്ചന്റെ ജീവിത ശൈലിയും ചിന്താരീതികളും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അമ്മയും അങ്ങനെ തന്നെ ആയിരുന്നു. ജാതിമത ചിന്തകൾ ഇല്ലാതെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമില്ലാതെ മനുഷ്യ സ്ത്രീയായി ജീവിക്കുക എന്ന ആശയം എന്നിലുണ്ടായതും അങ്ങനെയാണ്. ജീവിത പങ്കാളിയായി ചാച്ചൻ തെരഞ്ഞെടുത്ത് തന്നതും അങ്ങനെയൊരാളെയാണ്.
പലരും എന്നോട് ചോദിച്ചിട്ടുണ്ട് ചാച്ചൻ എഴുതുന്ന കാര്യങ്ങൾ വീട്ടിൽ ചർച്ച ചെയ്യാറുണ്ടോ എന്ന്. ഞങ്ങളോടെന്നല്ല മറ്റാരോടും അത് ചർച്ച ചെയ്യാറില്ല. ചിലപ്പോൾ പകർത്തിയെഴുതിക്കൊടുക്കാറുണ്ട് അതിന് പ്രതിഫലവും തരുമായിരുന്നു. ആദ്യമായി സ്വർണ പാദസരം വാങ്ങിത്തന്നത് അങ്ങനെ ഒന്നിനായിരുന്നു.
ആൾക്കൂട്ടങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കുന്ന പ്രകൃതമാണ് ചാച്ചന്റേത്. സ്ഥാനമാനങ്ങളും പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. ഒരു അപ്രതീക്ഷിത ഫോൺ സന്ദേശത്തിലൂടെ വയലാർ അവാർഡ് കിട്ടിയതറിഞ്ഞപ്പോൾ 'മക്കളെ നമുക്കാ വയലാർ അവാർഡ്' എന്ന് ഇടറിയ ശബ്ദത്തിൽ പറഞ്ഞത് ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നു.
അധികാര സ്ഥാനങ്ങൾ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലത്ത ചാച്ചനെ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പദവിയിലേക്ക് കേരള സർക്കാർ ക്ഷണിച്ചപ്പോൾ അതിനോട് വിമുഖത കാണിച്ചുനിന്ന അവസരത്തിൽ ഞങ്ങൾ മക്കളുടെ നിർബന്ധം കൂടി വേണ്ടിവന്നു അദ്ദേഹത്തിന്റെ നിലപാട് മാറ്റിയെടുക്കാൻ.അമ്മയുടെ മരണം ഞങ്ങളെ എല്ലാവരെയും തളർത്തിക്കളഞ്ഞു. 'നാലു വയസ്സു മുതൽ ഞാൻ സ്‌നേഹിച്ച ആളാണ് ചാച്ചൻ' എന്ന് അമ്മ അഭിമാനത്തോടെ എപ്പോഴും പറഞ്ഞിരുന്നു. അമ്മയുടെ സങ്കീർണമായിക്കൊണ്ടിരുന്നു രോഗാവസ്ഥയിലും അവസാന നാളുകളിലും എല്ലാ ജോലികളും മാറ്റിവെച്ച് ചാച്ചൻ അമ്മയുടെ കൂടെ ഇരുന്നു. കൺ ചിമ്മാതെ ഞങ്ങൾ ഓരോരുത്തരും കാവൽ നിന്നിട്ടും ഒരു നിമിഷത്തെ തിരിമറിയിൽ ഒരു അനക്കം പോലുമുണ്ടാക്കാതെ അമ്മ ഞങ്ങളെ വിട്ടുപോയി.പ്രവാസ ലോകത്ത് ഗൃഹാതുരത്വങ്ങൾ ഓർത്തുകഴിയുമ്പോൾ ചാച്ചൻ പറഞ്ഞ ഒരു വാചകത്തിലാണ് ഞാൻ പിടിച്ചുനിൽക്കാറുള്ളത്. 'ചാച്ചയ്ക്ക് അവിടെയെത്താൻ നാലര മണിക്കൂർ മതി'..പലപ്പോഴും ഈ മരുഭൂമിയിൽ ആശ്വാസത്തിന്റെ കുളിർവാക്കുകളായിഈ വാക്കുകൾ മനസ്സിൽ നിറയുന്നു.