Monday , January   21, 2019
Monday , January   21, 2019

നൗഷാദ് റീലോഡഡ്...

നൗഷാദ് ഭാര്യ സുഹൈല. മക്കൾ: അസ്‌ന, നാസിഫ് എന്നിവരോടൊപ്പം

ഇതൊരു ഓർമക്കുറിപ്പല്ല. ഇന്ത്യക്കു പുറത്തു നിന്നു പ്രസിദ്ധീകരിക്കുന്ന പ്രഥമ സമ്പൂർണ മലയാള പത്രമായ മലയാളം ന്യൂസ് ഇരുപതാം പിറന്നാളിലേക്കു കടക്കുമ്പോൾ പത്രം കാണിച്ച അർപ്പണ ബോധത്തിന്റെയും ധീരതയുടെയും വഴിയിൽ ഒരു യുവാവിനെ ദുരന്തത്തിൽ നിന്നും ജീവിതത്തിലേക്കു കൊണ്ടുവന്ന ചരിത്രം രേഖപ്പെടുത്തലാണ്.
2003 ഏപ്രിൽ ഒന്നിന് മുപ്പത്തൊന്നാം വയസ്സിൽ മുപ്പത് റിയാലിനു വേണ്ടിയുള്ള അപ്രതീക്ഷിത അടിപിടിയിലെത്തിയതിന്റെ തിക്തഫലം. വാഹനത്തിന്റെ ബാറ്ററി ചാർജറായ ജംബറിന്റെ പേരിലുള്ള തർക്കത്തിൽ സ്വദേശി പൗരനായ നായിഫ് ഉതൈബിയുടെ കാഴ്ച നഷ്ടപ്പെട്ട സംഭവം. കണ്ണിനു പകരം കണ്ണെന്ന പ്രതിക്രിയാവിധി കേട്ടു തളർന്ന കൊല്ലം അഞ്ചൽ തടിക്കാട് വള്ളാംകുഴി പുത്തൻവീട്ടിൽ നൗഷാദ്. ഈ വിധി സംബന്ധിച്ച വാർത്ത
'കരുണയുടെ കണ്ണു തുറക്കാൻ പ്രാർത്ഥനയോടെ നൗഷാദ്' എന്ന തലക്കെട്ടിൽ 2005 ഡിസംബർ മൂന്നിനു പുറം ലോകത്തെത്തിച്ചു മലയാളം ന്യൂസ് ദമാം ലേഖകൻ പി.എ.എം.ഹാരിസ്. അതിനു പിന്നാലെയുണ്ടായ മീഡിയാ വിപ്ലവത്തിൽ 
രാജ്യാന്തര തലങ്ങളിൽ അത് സൃഷ്ടിച്ച അലയൊലികൾ. ശേഷം നൗഷാദെന്ന പ്രതിയെ കുടുംബ ജീവിതത്തിലേക്കു പൂർണനായി തിരിച്ചു നടത്തുമ്പോൾ എട്ടുകാലി മമ്മൂഞ്ഞുമാരുടെ ലോകത്തിൽ പ്രവാസികളുടെ പ്രിയ പത്രവും ലേഖകനും യഥാവിധി അംഗീകരിക്കപ്പെട്ടുവോ അവഗണിക്കപ്പെട്ടുവോയെന്ന സംശയം ഉള്ളിൽ പേറിക്കൊണ്ടു തന്നെ നൗഷാദിനെ തേടി  ഈ വേളയിൽ വീണ്ടും ഒരു യാത്ര നടത്തുകയാണ്.തടവിലുള്ള നൗഷാദിനു മലയാളം ന്യൂസ് ലഭിക്കുന്നുണ്ടെന്നും കുടുംബത്തെ കാണാനായി പത്രത്തിനു വേണ്ടി നൗഷാദിന്റെ കുടുംബത്തിന്റെ ഒരു ഫോട്ടോയെടുക്കണമെന്നും അന്നു നാട്ടിലായിരുന്ന ഈ ലേഖകനോട് ദമാം ലേഖകൻ ഹാരിസ് അഭ്യർത്ഥിച്ചിരുന്നു. നൗഷാദിന്റെ നാട്ടിലേക്കുള്ള ആദ്യ യാത്രയായിരുന്നു അത്. മലയാളം ന്യൂസ് വാർത്ത പുറത്തു വിട്ട് ഒരു ദിവസം കഴിഞ്ഞ് ഡിസംബർ അഞ്ചിന്,


ശക്തമായ മഴയുള്ള രാവിൽ മറ്റു അച്ചടി ദൃശ്യ മാധ്യമങ്ങളുടെ തള്ളിക്കയറ്റം പെയ്‌തൊഴിഞ്ഞ വേളയിൽ ചിമ്മിനി വിളക്കിന്റെ മുന്നിൽ വേദനിക്കുന്ന മുഖങ്ങൾ ഫ്രെയിമിൽ ഒപ്പിയെടുക്കാൻ ക്യാമറയുടെ ഫഌഷ് മാത്രമായിരുന്നു ഒരു തിരിച്ചറിവ് നൽകിയത്. അന്ന് പകർത്തിയ നൗഷാദിന്റെ മാതാപിതാക്കളും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബ ചിത്രമാണ് പിന്നീട് മറ്റ് അറബ് മാധ്യമങ്ങളും പുനഃപ്രസിദ്ധീകരിച്ചത്. നൗഷാദ് കസ്റ്റഡിയിലായി രണ്ടാഴ്ചക്കു ശേഷം പിറന്ന മകൾ അസ്‌നയെ എടുത്ത് വൈദ്യുതിയില്ലാത്ത കുടിലിലിരുന്നു സംഭവം വിവരിക്കുമ്പോൾ തന്റെ പ്രിയതമനുണ്ടായ ദുരിതത്തിൽ മനസ്സാന്നിദ്ധ്യം വിടാതെ പിടിച്ചു നിന്ന ഭാര്യ സുഹൈലയുടെ അചഞ്ചലമായ മനഃസാന്നിധ്യം ഇന്നും എടുത്തുപറയേണ്ടതാണ്.


തന്റെ വാർത്തകൾ പ്രസിദ്ധീകരിച്ച മലയാളം ന്യൂസ് പത്രങ്ങളുമായി നൗഷാദും ലേഖകനും

നൗഷാദിനു ശിക്ഷയിൽ നിന്നും മാപ്പ് കിട്ടി ജയിൽ മോചിതനായി 2006 ഏപ്രിൽ ആറിനു നാട്ടിലെത്തി. മൂന്നു വർഷവും നാലു ദിവസവും ജയിലിൽ കിടന്നതിനു ശേഷം. ജേതാവിനെപ്പോലെ വീരോചിതമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ, തല മൂടിയ വാഗ്ദാന പെരുമഴക്കാലത്തിനു ശേഷം നൗഷാദിനെ നേരിൽ കാണാനെത്തിയെങ്കിലും നൗഷാദ് രാജ്യം വിട്ടിരുന്നു. 'മേസൻ ഹെൽപറാ'യി
ആറേഴു മാസം ജോലി ചെയ്ത ശേഷം ദുബായിലേക്കു അടുത്ത പ്രവാസം നടത്തിയിരുന്നു നൗഷാദ്. സൗദിയിലേക്കു തന്നെ തിരിച്ചയക്കുമെന്നു പറഞ്ഞവരേയും നാട്ടിൽ തുടരാനാണെങ്കിൽ അതിനുള്ള സൗകര്യം ചെയ്യുമെന്നേറ്റവരെയൊന്നും പിന്നീട് ആരും കണ്ടില്ല. നാട്ടിലെത്തിയ നൗഷാദിനെക്കുറിച്ച് സൗദി പ്രവാസ ലോകത്ത് പല ആരോപണങ്ങൾ ഉയർന്നു നിൽക്കുമ്പോഴും തന്നെയും കുടുംബത്തെയും സഹായിച്ച അകലങ്ങളിലുളള സഹപ്രവർത്തകരേയും സുഹൃത്തുക്കളേയും ഒക്കെ സുഹൈല ഓരോ വരിയിലും ഓർത്തിരുന്നുവെന്നതായിരുന്നു രണ്ടാം വട്ട യാത്രയിലെ ബോധ്യവും അനുഭവവും.


ഇപ്പോൾ നൗഷാദിനെ തേടി മറ്റൊരു യാത്ര കൂടി നടത്തുമ്പോൾ കാലം ഏറെ മാറിയിരിക്കുന്നു; വളർന്നിരിക്കുന്നു. മലയാളം ന്യൂസ് വാർത്ത പുറത്തു വിട്ടിട്ട് തന്നെ പതിമൂന്നു വർഷത്തോളം ആകുന്നു. അന്നു രണ്ടര വയസ്സുണ്ടായിരുന്ന നൗഷാദിന്റെ മകൾ അസ്‌ന പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കുന്നു. അഞ്ചു വയസ്സുണ്ടായിരുന്ന മകൻ അൽ  നാസിഫ് പ്ലസ് വണ്ണിലും. ഉമ്മ നബീസ ബീവി മരിച്ചിട്ട് ഏഴാം വർഷത്തിലേക്കും കടന്നിരിക്കുന്നു. സംഭവത്തിനു ശേഷം തടിക്കാട്ട് തന്നെ മൂന്നാമത്തെ വീട്ടിലാണ് നൗഷാദിന്റെ താമസം. പ്രായം 46. സൗദിയിലെ ഒൻപതു വർഷത്തെ ജീവിതത്തിനു ശേഷം ദുബായിലെ അഞ്ചു വർഷത്തെപ്രവാസത്തിനു ശേഷവും എല്ലാ യാത്രകളും അവസാനിപ്പിച്ച് അഞ്ച് വർഷമായി നൗഷാദ് നാട്ടിൽ തന്നെയുണ്ട്. അഞ്ചൽ തടിക്കാട് വായനശാല ജംഗ്ഷനിൽ ഓട്ടോറിക്ഷാ െ്രെഡവറായി.
സൗദിയിൽ നിന്നും നാട്ടിലെത്തിയതിനു ശേഷം ഇടക്ക് തന്നോട് എല്ലാവർക്കും വിരോധമായിയെന്നു നൗഷാദ് തന്നെ പറയുന്നു. ഞാൻ പ്രതികരിച്ചില്ല. നന്ദി പറഞ്ഞില്ല. എന്നതായിരുന്നു കാരണം. ഏഷ്യാനെറ്റ് ചർച്ചക്ക് വിളിച്ചു പോയതാണ് എല്ലാറ്റിനും കാരണം. നൗഷാദിന്റെ കേസിനും സഹായത്തിനുമില്ലാത്തവരുടെ പേരുകൾ ഉയർന്നു വന്നതാണ് ഇതിനു കാരണമായതെന്നു ചൂണ്ടിക്കാട്ടിയപ്പോൾ ഞാൻ ആരോടും നന്ദികേട് കാണിച്ചിട്ടില്ലെന്ന വിശ്വാസത്തിലാണ് നൗഷാദിന്റെ പ്രതികരണം. ഒരാളുടെ പേരും ഞാൻ പറയുന്നില്ല. ഞാൻ രാഷ്ട്രീയം നോക്കിയിട്ടില്ല. ഒരു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കുന്നില്ല. 2006 ലെ ഇലക്ഷൻ പ്രചാരണത്തിനെത്തിയ ഇടതുമുന്നണി സ്ഥാനാർത്ഥി കെ.രാജുവിനു (സി.പി.ഐ) മാലയിട്ടതോടെ യു.ഡി.എഫുകാർ വിരോധത്തിലായി. എം.വി.രാഘവനു പ്രചാരണത്തിനു വേണ്ടി അഞ്ചലിൽ എത്തിയ കേന്ദ്ര മന്ത്രിയായിരുന്ന ഇ. അഹമ്മദിനെ കാണാൻ എതിർപ്പ് വന്നെങ്കിലും ഞാൻ നേരിൽ കണ്ട് നന്ദി അറിയിച്ചു. ഞാൻ ആരേയും മറന്നിട്ടില്ല. എന്നെ സഹായിച്ച എല്ലാവരേയും നല്ല പോലെ ഓർമയുണ്ട്.


2005 ഡിസംബർ ആറിന് മലയാളം ന്യൂസ് പ്രസിദ്ധീകരിച്ച നൗഷാദിന്റെ കുടുംബ ചിത്രവും വാർത്തയും.

എന്റെ ജീവിതംമാറ്റി മറിച്ച,  മലയാളം ന്യൂസും ഹാരിസ് ബായിയും ദമാം കോടതി പരിഭാഷകനായ മുഹമ്മദ് നജാത്തി, ഞാൻ ജോലി ചെയ്ത ഡെൽറ്റ പമ്പിലെ മാനേജർ ഷാജഹാൻ, സഹപ്രവർത്തകർ, വിവിധ സംഘടനാ പ്രവർത്തകർ എല്ലാവരോടും ഒപ്പം എന്നെ വിമർശിച്ചവരോടും എനിക്ക് നന്ദിയുണ്ട്. മലയാളം ന്യൂസിലൂടെ വീണ്ടും ഞാനാവർത്തിക്കുകയാണ്. യാത്ര പറഞ്ഞ്
ഇറങ്ങുമ്പോൾ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷവും മകനെ സുരക്ഷിതനായി  തിരിച്ചെത്തിച്ച മലയാളം ന്യൂസിനും മറ്റുള്ളവർക്കും ഒന്നും മറക്കാതെ വയോധികനായ പിതാവ് അബ്ദുൽ ലത്തീഫ് നന്ദി ഉരുവിടുന്നത് കേട്ടപ്പോൾ നൗഷാദിന്റെ ഭാഗത്ത് നിന്ന് വ്യക്തിപരമായി എന്തെങ്കിലും ന്യൂനതകൾ സംഭവിച്ചു പോയിട്ടുണ്ട് എങ്കിൽ അവയെല്ലാം  പൊറുക്കപ്പെടാവുന്നതെയുള്ളൂവെന്നും തോന്നി.

Latest News