Monday , December   10, 2018
Monday , December   10, 2018

മനിക ബത്രക്ക് രണ്ടാം സ്വർണം,  മൂന്നാം മെഡൽ

ഗോൾഡ് കോസ്റ്റ്- കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സുവർണ കുമാരിയാവുകയാണ് മനിക ബത്ര. ഇന്നലെ ടേബിൾ ടെന്നിസ് വനിതാ സിംഗിൾസ് സ്വർണം നേടിയതോടെ, ഗോൾഡ് കോസ്റ്റിൽ ദൽഹിക്കാരിയുടെ മെഡൽ നേട്ടം മൂന്നായി. നേരത്തെ വനിതാ ടീം വിഭാഗത്തിൽ സ്വർണം നേടിയ 22 കാരി, കഴിഞ്ഞ ദിവസം ഡബിൾസിൽ വെള്ളിയും നേടിയിരുന്നു.
സിംഗപ്പൂരിന്റെ മെംഗ്യു യുവിനെ ഫൈനലിൽ 4-0ന് തോൽപിച്ചാണ് ആറടി ഉയരമുള്ള മനിക സിംഗിൾസ് സ്വർണം സ്വന്തമാക്കുന്നത്. സ്‌കോർ 11-7, 11-6, 11-2, 11-7.
ഇന്ന് മിക്‌സ്ഡ് ഡബിൾസ് വെങ്കല മെഡൽ മത്സരത്തിൽ മനിക-സത്യൻ ജ്ഞാനശേഖരൻ സഖ്യം അചാന്ത ശരത്കമൽ-മൗമ ദാസ് സഖ്യത്തെ നേരിടുന്നുണ്ട്.
ഇന്നലെ പുരുഷ ഡബിൾസിൽ ഇന്ത്യൻ ജോടികൾ വെള്ളിയും വെങ്കലവും നേടി. ശരത്കമൽ-സത്യൻ സഖ്യം ഫൈനലിൽ ഇംഗ്ലണ്ടിന്റെ പോൾ ഡ്രിങ്കാൾ-ലിയാം ജോടിയോട് തോറ്റതിനാൽ വെള്ളികൊണ്ട് തൃപ്തിപ്പെട്ടു. ഹർമീത് ദേശായി-സനിൽ ഷെട്ടി സഖ്യത്തിനാണ് വെങ്കലം. 
ഇന്ന് പുരുഷ സിംഗിൾസ് വെങ്കല മെഡൽ മത്സരത്തിൽ ശരത്കമൽ ഇംഗ്ലണ്ടിന്റെ സാമുവൽ വാക്കറെ നേരിടും.
 

Latest News