Wednesday , March   27, 2019
Wednesday , March   27, 2019

മലപ്പുറത്തേത് മതസൗഹാർദത്തിന്റെ ഏറ്റവും നല്ല മണ്ണ് -എ. വിജയരാഘവൻ

ജിദ്ദ നവോദയ നൽകിയ സ്വീകരണത്തിൽ എ. വിജയരാഘവൻ സംസാരിക്കുന്നു.


ജിദ്ദ- മലപ്പുറത്തുകാരനായതിൽ അഭിമാനിക്കുന്ന ഒരാളാണ് താനെന്നും ഈ ഇന്ത്യയിൽ, കേരളത്തിൽ മതസൗഹാർദത്തിന്റെ  ഏറ്റവും നല്ല മണ്ണാണ് മലപ്പുറത്തേതെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ അഭിപ്രായപ്പെട്ടു. കാരണം അത് മാപ്പിളമാരുടെ സ്ഥലമാണ്. ഞാനുമൊരു മാപ്പിളയാണെന്ന് അഭിമാനപൂർവം പറയുന്ന ആളാണ്. അതൊരു സംസ്‌കാരമാണ്. ആ സംസ്‌കാരത്തിന്റെ ഹൃദയം അറിയാത്തവരാണ് ഇടതുപക്ഷത്തിനെതിരെ ഹാലിളകുന്നതെന്നതിൽ ആർക്കും തർക്കം ഉണ്ടാവില്ല. അവർ ഉയർത്തുന്ന വെല്ലുവിളിയുടെ മുന്നിൽ ഈ നാട് കുലുങ്ങില്ലെന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദ നവോദയ നൽകിയ സ്വീകരണത്തിലും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കൺവെൻഷനിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഏതൊരു പ്രദേശത്തിന്റെയും വികസനത്തിന് അടിസ്ഥാന സൗകര്യം അനിവാര്യമാണ്. കേരളത്തിൽ അതു പാടില്ലെന്ന സമീപനമാണ്. മക്കയിലേക്കും മദീനയിലേക്കും അതിവിശാലമായ റോഡിലൂടെ സഞ്ചരിച്ച് പരിചിതരായവർ മലപ്പുറത്തെത്തുമ്പോൾ കേരളത്തിൽ അതു വേണ്ടെന്ന് പറയുന്നത് എന്തു സമീപനമാണ്. ഇന്ത്യയൊന്നാകെ ദേശീയ പാതയിലൂടെ 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച് കേരളത്തിലെത്തുമ്പോൾ അതു 25 കിലോമീറ്റർ വേഗത്തിലാക്കണമെന്ന് പറഞ്ഞാൽ അതിനെ പിന്തുണക്കാനാവില്ല. അതു പറഞ്ഞാൽ വർഗീയ വാദമല്ല, യാഥാർഥ്യം ചൂണ്ടിക്കാണിക്കലാണ്. 
ന്യായമായ പ്രതിഷേധ സമരങ്ങൾക്ക് എതിര് നിൽക്കുന്നവരല്ല ഇടതുപക്ഷം. എന്നാൽ അതിനുമപ്പുറത്തേക്കു പോവുമ്പോൾ അതിനെ വിമർശിക്കും. അങ്ങനെ വിമർശിക്കുന്നവർ ആരെന്നു നോക്കിയാണ് സമീപിക്കുന്നതെങ്കിൽ അതിനു മുന്നിൽ ഭയപ്പെടാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തീവ്ര ഹിന്ദുത്വവാദികളും മുസ്‌ലിം മതമൗലിക, തീവ്രവാദികളും മുസ്‌ലിം ലീഗുകാരും ഒന്നിക്കുന്ന സ്ഥലമുണ്ടോ? പ്രത്യയശാസ്ത്രപരമായി അവർക്ക് ഒന്നിക്കാനാവുമോ? കേരളത്തിന്റെ പുരോഗതിയെ തടസ്സസപ്പെടുത്തുകയെന്ന ഒറ്റ കാരണം കൊണ്ടാണ് അവർ ഒന്നിക്കുന്നത്. അതിനു പിന്നിൽ ഒരു രാഷ്ട്രീയമുണ്ടെന്നും അത് ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുകയെന്നതാണെന്നും വിജയരാഘവൻ പറഞ്ഞു. 

 

 

തീവ്ര ഹിന്ദുത്വവാദികൾ രാജ്യത്തിനുണ്ടാക്കിയ അപമാനത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ സൂര്യനസ്തമിക്കാത്ത രാജ്യത്തിനെതിരെ പടപൊരുതിയ പോലെ ഹിന്ദു മുസ്‌ലിം സമുദായങ്ങൾ ഒറ്റക്കെട്ടായിനിന്ന് പടപൊരുതേണ്ടതുണ്ടെന്ന് വിജയരാഘവൻ പറഞ്ഞു. ആസിഫയുടെ ഓർമകൾ കണ്ണീർതടമായി ഉയർന്നിരിക്കുന്ന നിമിഷത്തിലാണ് നാം  ഒത്തുകൂടിയിട്ടുള്ളതെന്നും ഇത്തരം മുറിപ്പാടുകൾ തുടച്ചു മാറ്റാൻ കഴിയുന്ന ഒരു സമയം ഉണ്ടാകുമെന്നതിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. 
ഇമ്പാല ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി  നവോദയ മുഖ്യ രക്ഷാധികാരി വി.കെ. റഊഫ്  ഉദ്ഘാടനം ചെയ്തു.  ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇടതു സർക്കാരിന്റെ വികസന നയത്തിനു വോട്ടു ചെയ്യുമെന്നും ഇടതു സ്ഥാനാർത്ഥിയുടെ വിജയം സുനിശ്ചിതമാണെന്നും ആശംസ നേർന്ന മുൻ എം.എൽ.എ വി. ശശികുമാർ പറഞ്ഞു. പ്രസിഡന്റ് ഷിബു തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. വിജയരാഘവനും ശശികുമാറിനും വിവിധ ഏരിയാ കമ്മിറ്റികളും സബ് കമ്മിറ്റികളും ഹാരാർപ്പണം നടത്തി.
രക്ഷാധികാരി സമിതി അംഗങ്ങളായ മജീദ് കോഴിക്കോട്, സലാഹുദ്ദീൻ കൊഞ്ചിറ, ഫിറോസ് മുഴുപ്പിലങ്ങാട്, കെകെ സുരേഷ്, സിഎം അബ്ദുറഹിമാൻ, കിസ്മത്ത് മമ്പാട് തുടങ്ങിയവർ സംബന്ധിച്ചു. നവാസ് വെമ്പായം സ്വാഗതവും ശ്രീകുമാർ മവേലിക്കര നന്ദിയും പറഞ്ഞു.
 

Tags