Wednesday , April   25, 2018
Wednesday , April   25, 2018

വിനിമയ മൂല്യത്തില്‍ തട്ടിപ്പ്; അമേരിക്ക സംശയിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയും

വാഷിംഗ്ടണ്‍- വിദേശനാണ്യ വിനിമയ നയങ്ങളെ കുറിച്ച് സംശയങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക ഇന്ത്യയേയും ഉള്‍പ്പെടുത്തി. കറന്‍സി നീക്കങ്ങള്‍ സുക്ഷ്മമായി നിരീക്ഷിക്കുന്നതിനുള്ള പട്ടികയില്‍ ചൈന, ജര്‍മനി, ജപ്പാന്‍, കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയാണ് മറ്റു രാജ്യങ്ങള്‍. 
യു.എസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കറന്‍സി നയങ്ങള്‍ നിരീക്ഷിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.  
സ്വന്തം കറന്‍സിയുടെ മൂല്യം കൃത്രിമമായി കൂട്ടുകയും കുറയ്ക്കുകയും ചെയ്യാനിടയുള്ള രാജ്യങ്ങളെയാണ് ഇങ്ങനെ നിരീക്ഷണ പട്ടകയില്‍ ഉള്‍പ്പെടുത്താറുള്ളത്. ഇത്തരം രാഷ്ട്രങ്ങളെ കണ്ടെത്താന്‍ വ്യാപര മിച്ചവും കമ്മിയും അടക്കമുള്ള മാനദണ്ഡങ്ങളെയാണ് അമേരിക്ക ആശ്രയിക്കുന്നത്. 
വ്യാപരരംഗത്തെ അസുന്തിലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള ദീര്‍ഘകാല നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം വിദേശനാണ്യ വിനിമയത്തില്‍ അന്യായ നടപടികള്‍ സ്വീകരിക്കുന്ന രാഷ്ട്രങ്ങളെ നിരീക്ഷിക്കുമെന്നും യു.എസ് ട്രഷറി സെകട്ടറി സ്റ്റീവന്‍ എംനുചിന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. 
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച ചൈനയുമായുളള വ്യാപാരക്കമ്മി കുത്തനെ കൂടിയ പശ്ചാത്തലത്തിലാണ് ചൈനയെ സംശയത്തിന്റെ നിഴലിലാക്കിയത്. കറന്‍സിയുടെ മൂല്യം കുറച്ച് കയറ്റുമതി പ്രോത്സാഹിപ്പിച്ച് നേടിയതാണോ ഇത്രയും വലിയ വ്യാപരമെന്നതാണ് സംശയം. 
ചൈനയുമായി അമേരിക്കക്ക് 33,700 കോടി ഡോളറിന്റെ വ്യാപാരക്കമ്മിയുണ്ട്. മൊത്തം അമേരിക്കയുടെ വ്യാപരക്കമ്മി 56,600 കോടി ഡോളര്‍ മാത്രമായിരിക്കെയാണ് കയറ്റുമതിയില്‍ ചൈന കുതിപ്പ് കാണിക്കുന്നത്.  വ്യാപാരനേട്ടമുണ്ടാക്കുന്നതിന് സ്വന്തം കറന്‍സിയുടെ മൂല്യത്തില്‍ കൃത്രിമം കാണിക്കാനിടയുള്ള രാജ്യങ്ങളെ കണ്ടെത്താനാണ് യു.എസ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നത്. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യങ്ങള്‍ക്ക് വേണമെങ്കില്‍ വിനിമയ നിരക്ക് കുറച്ചു കാണിക്കാം. 
അമേരിക്കയുമായുള്ള വ്യാപാരത്തില്‍ ഇന്ത്യക്ക് 2,300 കോടി ഡോളറിന്റെ മിച്ചമാണുള്ളത്. 2017 ആദ്യപാദത്തില്‍ കൂടുതല്‍ വിദേശ നാണയം ശേഖരിച്ച ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടിക്കൊണ്ടിരിക്കയാണ്. രാജ്യത്തിന്റെ ഇറക്കുമതിയേക്കാള്‍ കയറ്റുമതി കൂടുമ്പോഴാണ് അന്താരാഷ്ട്ര വ്യാപാരത്തില്‍ മിച്ചമുണ്ടാകുന്നത്. 
അമേരിക്കയുമായി ചൈനയുടെ വ്യാപര തര്‍ക്കം ഈയടുത്ത കാലത്തായി ശക്തമാകുകയാണ്. ഇറക്കുമതി തീരുവ കൂട്ടി ചൈനയില്‍നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ ശ്രമിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അതേനാണയത്തിലാണ് ചൈന മറുപടി നല്‍കി. അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ക്കടക്കം ചൈന ചുങ്കം വര്‍ധിപ്പിച്ചു. ചൈനയുടെ വിദേശ വ്യാപരക്കമ്മി കുറക്കാന്‍ സാധിച്ചത് ഡോളറിന്റെ എതിര്‍ദിശയിലുള്ള ചൈനീസ് കറന്‍സിയാണെന്ന് യു.എസ്. ട്രഷറി ചൂണ്ടിക്കാണിക്കുന്നു. 
യൂറോപ്യന്‍ യൂനിയന്റെ ഭാഗമായ ജര്‍മനിക്ക് തനിച്ച് യൂറോയുടെ വിനിമയ മൂല്യത്തില്‍ ഇടപെടാന്‍ കഴിയില്ലെങ്കിലും ജര്‍മനിയേയും നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കയാണ്. വ്യാപാരമിച്ചം കുറയ്ക്കുന്നിന് കഴിഞ്ഞ മൂന്ന് വര്‍ഷമായി ജര്‍മനി യാതൊന്നും ചെയ്യുന്നില്ലെന്നാണ് അമേരിക്കയുടെ ആക്ഷേപം. ലോകത്ത് ഏറ്റവും വലിയ വ്യാപര മിച്ചമുള്ള രാജ്യമാണ് ജര്‍മനി. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കി വ്യാപാര മിച്ചം കുറയ്ക്കണമെന്നാണ് അമേരിക്ക വിവിധ രാഷ്ട്രങ്ങളോട് ആവശ്യപ്പെടുന്നത്.
 

Latest News