Monday , January   21, 2019
Monday , January   21, 2019

കുടുംബം കൈയൊഴിഞ്ഞ അൾഷിമേഴ്‌സ്  രോഗിക്ക് തുണയായി വിദ്യാർഥി വൃന്ദം

എൻജി. ഉമർ അൽഹകീമിന് പ്രാഥമിക ചികിത്സ നൽകുന്നു. 

കയ്‌റോ- മക്കൾ അടക്കമുള്ള കുടുംബാംഗങ്ങളെ ഉന്നത നിലയിലെത്തിക്കുന്നതിന് ആയുസ്സിലെ നല്ല കാലം മുഴുവനും ചെലവഴിച്ച പ്രശസ്ത ആർക്കിടെക്റ്റ് എൻജിനീയർ ഉമർ മഹ്മൂദ് അൽഹകീമിന് കുടുംബാംഗങ്ങൾ പ്രത്യുപകാരം ചെയ്തത് വാർധക്യത്തിൽ തെരുവിലേക്ക് തള്ളിവിട്ട്. മറവിരോഗം (അൾഷിമേഴ്‌സ്) ബാധിച്ച ഉമറിന് അവസാനം തുണയായത് സുമനസ്സുകൾ. ജീസയിലെ കയ്‌റോ യൂനിവേഴ്‌സിറ്റിക്കു സമീപം സർവത് സ്ട്രീറ്റിൽ ഫുട്പാത്തിൽ പഴകി ദ്രവിച്ച വസ്ത്രങ്ങൾ ധരിച്ച് ഇരിക്കുന്ന വൃദ്ധനെ യൂനിവേഴ്‌സിറ്റിയിൽ നിന്നുള്ള ചില നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങിയ, ക്രിസ്തീയ യുവാവ് മിനാ സ്വലാഹ് യാദൃഛികമായി കാണുകയായിരുന്നു. അവശ നിലയിലുള്ള വൃദ്ധൻ ഇരിപ്പിടത്തിൽ നിന്ന് വീണ് നെറ്റിയിൽ പരിക്കേറ്റത് ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന മിനാ സ്വലാഹിന്റെ ശ്രദ്ധയിൽ പെട്ടു. നിലത്തു നിന്ന് എഴുന്നേൽക്കുന്നതിന് വൃദ്ധനെ സഹായിച്ച യുവാവ് പ്രാഥമിക ശുശ്രൂഷകൾ നൽകുന്നതിന് തൊട്ടടുത്ത ഫാർമസിയിലേക്ക് അയാളെ കൂട്ടിക്കൊണ്ടുപോയി. 
പേരും വിലാസവും ആരായുകയും വീട്ടുകാരെ കുറിച്ച് ചോദിക്കുകയും ചെയ്‌തെങ്കിലും വൃദ്ധൻ മറുപടിയൊന്നും പറഞ്ഞില്ല. മറവിരോഗം ബാധിച്ച വ്യക്തിയാണെന്ന് ഇതോടെ ബോധ്യമായതായി മിനാ സ്വലാഹ് പറഞ്ഞു. ഒരു കാര്യത്തെ കുറിച്ചും ഇയാൾക്ക് ഓർമയില്ല. ആളെ തിരിച്ചറിയുന്നതിന് സഹായിക്കുന്ന വല്ല രേഖകളും കണ്ടെത്തുന്നതിന് കഴിയുമോയെന്ന് ശ്രമിച്ച് പോക്കറ്റ് പരിശോധിച്ച താൻ ഞെട്ടി. അൽമആദി ഡിസ്ട്രിക്ടിൽ താമസിക്കുന്ന ആർക്കിടെക്റ്റ് എൻജിനീയറാണെന്ന് തിരിച്ചറിയൽ രേഖയിൽ നിന്ന് വ്യക്തമായി. കുടുംബാംഗങ്ങളെ അന്വേഷിച്ചും കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും ഇദ്ദേഹത്തെ ഫാർമസിയിൽ ഇരുത്തി താൻ അൽമആദിയിലേക്ക് പോയി. 

പ്രഗത്ഭരായ ശിഷ്യന്മാർക്കൊപ്പം തുണിക്കടയിൽ.


അൽ മആദിയിൽ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയെ കണ്ടെത്തി നടത്തിയ അന്വേഷണത്തിൽ ഉമറും സഹോദരനുമാണ് ഇവിടെ താമസിച്ചിരുന്നതെന്ന് വ്യക്തമായി. സഹോദരൻ ഇപ്പോൾ യൂറോപ്പിലാണ്. ഉമറിന് രണ്ട് ആൺമക്കളുണ്ട്. ഇവരിൽ ഒരാൾ ഫ്രാൻസിലും രണ്ടാമൻ കാനഡയിലുമാണ്. നല്ല മേച്ചിൽപുറങ്ങൾ തേടി എല്ലാവരും പറന്നകന്നതോടെ ഉറ്റവരുടെയും ഉടയവരുടെയും താങ്ങും തണലുമില്ലാതെയും താമസസ്ഥലമില്ലാതെയുമായി മാറിയ ഇദ്ദേഹത്തിന് മറവി രോഗവും ബാധിച്ചു. 
ഫാർമസിയിൽ തിരിച്ചെത്തിയ മിനാ സ്വലാഹ് ഉമറിനെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. പ്രശ്‌നത്തിന് പരിഹാരം കാണുന്നതു വരെ സ്വന്തം വീട്ടിൽ ഉമറിനെ പരിചരിക്കുന്നതിന് തീരുമാനിച്ചു. ബന്ധുക്കളെ ആരെയെങ്കിലും കണ്ടെത്തുന്നതിന് ശ്രമിച്ച് വൃദ്ധന്റെ കഥകളെല്ലാം വിവരിച്ച് തന്റെ ഫോൺ നമ്പർ സഹിതം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടു. ഇത് വൈറലായതോടെ മക്കളെയും സഹോദരനെയും കണ്ടെത്താൻ സാധിച്ചു. എന്നാൽ ഇവരുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. ഉമറിന്റെ മക്കളുമായി ബന്ധപ്പെട്ടെങ്കിലും പിതാവിന്റെ കാര്യത്തിൽ ഒരുവിധ താൽപര്യവും അവർ കാണിച്ചില്ലെന്ന് മക്കളുടെ സുഹൃത്തുക്കൾ അറിയിച്ചു. ഫ്രാൻസിൽ കഴിയുന്ന സഹോദരൻ ഫോണിൽ ബന്ധപ്പെട്ട് വിവരമന്വേഷിച്ചെങ്കിലും ഉമറിനെ ഏറ്റെടുക്കുന്നതിനോ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്നതിനോ തയാറായില്ല. എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാത്ത നിലക്ക്, ഇദ്ദേഹത്തിന്റെ വിദ്യാർഥികൾ താനുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് മുന്നോട്ടു വന്നുവെന്ന് മിനാ സ്വലാഹ് പറഞ്ഞു. ഇക്കൂട്ടത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ വരെയുണ്ടായിരുന്നു. റെഡ്‌സീ സീപോർട്ട് ഡയറക്ടർ മേജർ ജനറൽ എൻജിനീയർ ഹിശാം അബൂസനയും മുൻ ഗതാഗത, പെട്രോളിയം മന്ത്രിയും ഈജിപ്ഷ്യൻ എൻജിനീയേഴ്‌സ് അസോസിയേഷൻ പ്രസിഡന്റുമായ എൻജി. ഹാനി ദാഹി എന്നിവർ ഉമറിനെയും കൂട്ടി തങ്ങളുടെ ഓഫീസുകളിൽ എത്താൻ ആവശ്യപ്പെട്ടു.

വൃദ്ധ പരിചരണ കേന്ദ്രത്തിൽ. 


ഉമറിനെയും കൂട്ടി ഇവരുടെ അടുത്തെത്തിയപ്പോഴാണ് ഈജിപ്ത് കണ്ട ഏറ്റവും പ്രഗത്ഭരായ ആർക്കിടെക്റ്റുമാരിൽ ഒരാളാണ് ഇദ്ദേഹമെന്ന് മനസ്സിലായത്. അറബ് രാജ്യങ്ങളിലെങ്ങും ഇദ്ദേഹത്തിന് വിദ്യാർഥി വൃന്ദമുണ്ട്. ഈജിപ്തിൽ മ്യൂസിയങ്ങളുടെ പ്ലാനുകൾ തയാറാക്കിയ പ്രശസ്തനായ എൻജിനീയറായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. മേജർ ജനറൽ എൻജിനീയർ ഹിശാം അബൂസനയും എൻജിനീയർ ഹാനി ദാഹിയും ചേർന്ന് ഉമറിനെ തുണിക്കടയിലേക്ക് കൂട്ടിക്കൊണ്ടുപോയി പുതിയ വസ്ത്രങ്ങൾ വാങ്ങിക്കൊടുക്കുകയും ഈജിപ്തിലെ ഏറ്റവും മികച്ച വൃദ്ധ പരിചരണ കേന്ദ്രത്തിൽ നേരിട്ട് കൂട്ടിക്കൊണ്ടുപോയി പ്രവേശിപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പരിചരണവും ചികിത്സയും അടക്കം എല്ലാ കാര്യങ്ങളും ഈജിപ്ഷ്യൻ എൻജിനീയേഴ്‌സ് അസോസിയേഷൻ ഏറ്റെടുത്തു. ഉമറിന്റെ കാര്യങ്ങൾക്ക് അസോസിയേഷനിലേക്ക് സംഭാവനകൾ പ്രവഹിച്ചു. ഇത്രയും പ്രശസ്തനും പ്രഗത്ഭമതിയുമായ വ്യക്തിയാണ് തെരുവിൽ കഴിയുന്നതെന്ന് താൻ ഒരിക്കലും സങ്കൽപിച്ചതല്ലെന്ന് മിനാ സ്വലാഹ് വെളിപ്പെടുത്തി. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ ഭാഷകൾ ഒഴുക്കോടെ കൈകാര്യം ചെയ്യുന്നതിന് കഴിയുന്ന ഉമർ ഏതാനും കൃതികളുടെ രചയിതാവുമാണ്. ഇദ്ദേഹത്തിന്റെ കൃതികൾ മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുമുണ്ട്. മറ്റുള്ളവർക്കു മുന്നിൽ കൈ നീട്ടാതെ മാന്യമായ ജീവിതം നയിക്കുന്നതിന് സാധിക്കുന്ന അവസരം ഉമറിന് ഒരുക്കുന്നതിന് കഴിഞ്ഞതിൽ തനിക്ക് ചാരിതാർഥ്യമുണ്ടെന്ന് മിനാ സ്വലാഹ് പറഞ്ഞു. 


 

Latest News