Sunday , January   20, 2019
Sunday , January   20, 2019

ഉണരുന്ന ദളിതുകൾ

ദളിതരുടെ ശാക്തീകരണുമെന്ന വാഗ്ദാനവുമായി അവതരിച്ച ബി.ജെ.പി സർക്കാരിന് കീഴിൽ ദളിതർ കൂടുതൽ അടിമത്തത്തിലേക്ക് നീങ്ങുകയാണ്. ദളിതർക്കെതിരായ അതിക്രമങ്ങൾ ശക്തവും വ്യാപകവുമാകുന്നു. പട്ടികജാതി, വർഗം അതിക്രമം തടയൽ നിയമത്തിൽ സുപ്രീം കോടതി തന്നെ വെള്ളം ചേർക്കുന്നു. പട്ടികജാതിക്കാർക്കായുള്ള ബജറ്റ് വിഹിതം വെട്ടിക്കുറക്കുന്നതിലൂടെ അവരുടെ വിദ്യാഭ്യാസ സ്‌കോളർഷിപ് തന്നെ തടയപ്പെടുന്നു. രാജ്യത്തിന്റെ രാഷ്ട്രീയ മുഖ്യധാരയിൽ ദളിതരുടെ ശബ്ദം അടയാളപ്പെടാൻ തുടങ്ങുന്നത് ഈ തിരിച്ചറിവിന്റെ സൂചനയാണ്. 

ദേശീയ രാഷ്ട്രീയത്തിൽ ദളിതരുടെ ശബ്ദവും സാന്നിധ്യവും സജീവമാകുന്ന ദിനങ്ങൾക്കാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്, യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ തുടങ്ങുകയും ഗുജറാത്ത് ഇലക്ഷനോടെ ശക്തിപ്പെടുകയും ചെയ്ത സവിശേഷമായ ഈ രാഷ്ട്രീയാവസ്ഥക്ക് പട്ടികജാതി, പട്ടികവർഗ നിയമം ഭേദഗതി ചെയ്യാനുള്ള സുപ്രീം കോടതി നിർദേശത്തിൽ പ്രതിഷേധിച്ച് നടന്ന ഭാരത് ബന്ദോടെ മൂർത്തരൂപം കൈവന്നിരിക്കുന്നു. ഭാരത് ബന്ദിലും തുടർന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദളിതുകൾക്കെതിരെയുണ്ടായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കേരളത്തിൽ ദളിത് സംഘടനകളുടെ കൂട്ടായ്മയിൽ നടത്തിയ ഹർത്താൽ, ആദ്യമൊന്നു മടിച്ചെങ്കിലും കേരളീയ പൊതുസമൂഹം ഏറ്റെടുത്തത് ദളിത് രാഷ്ട്രീയം ഒരു രാഷ്ട്രീയ പാർട്ടിക്കും അവഗണിക്കാനാവാത്തതായി മാറിയെന്ന് വ്യക്തമാക്കുന്നതാണ്. 
ദളിതുകൾ മുഖ്യസ്ഥാനത്തുള്ള കേരളത്തിലെ ഭൂസമരങ്ങൾ ഒരുപക്ഷേ ഇനി പുതിയ മാനങ്ങൾ കൈവരിച്ചുകൂടായ്കയില്ല. ഭൂസമരങ്ങളെ ഇതുവരെയുള്ള സർക്കാരുകൾ ഒരു പരിധി വരെ അവഗണിച്ചു വരികയായിരുന്നു, ദളിത് ഹർത്താലിന്റെ വിജയത്തോടെ ഇത്തരം ഭൂസമരങ്ങളുടെ ന്യായാന്യായങ്ങൾ രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും വിലയിരുത്തേണ്ടിവരും. അടിസ്ഥാനപരമായി കാർഷിക സമൂഹമായ ദളിതുകൾക്ക്, സ്വന്തമായി കൃഷിയിറക്കാനോ മറ്റുള്ളവരുടെ കൃഷിയിടങ്ങളിൽ പണിയെടുക്കാനോ ഉള്ള സാഹചര്യം ഇല്ലാതായതിന്റെ പ്രത്യാഘാതം കേരളത്തിലെ കാർഷിക മേഖലയുടെ തകർച്ചക്ക് പ്രധാന കാരണമാണ്. കേരളത്തിൽ കൃഷി തകർന്നതോടെയും ഭൂമി മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാൻ തുടങ്ങിയതോടെയും കൃഷിയെ പ്രാണവായുവാക്കി മാറ്റിയ ഒരു സമൂഹത്തിന്റെ പതനത്തിന് തുടക്കം കുറിക്കുകയായിരുന്നു. 
അതിജീവനത്തിന്റെ അവസാന കച്ചിത്തുരുമ്പായാണ് കേരളത്തിലെ ഭൂസമരങ്ങൾ ഉയർന്നുവന്നത്. വികസനാവശ്യങ്ങൾക്കെന്ന പേരിൽ ജനങ്ങളെ അവരുടെ പതിറ്റാണ്ടുകളായുള്ള വാസസ്ഥലങ്ങളിൽനിന്ന് ഇറക്കിവിടാനുള്ള ശ്രമങ്ങൾക്ക്  ആക്കം കൂടുക കൂടി ചെയ്തതോടെ ഭൂസമരങ്ങൾ പുതിയ മാനം കൈവരിക്കുകയാണ്. പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങിയുള്ള ബദൽ നിർദേശങ്ങൾ എത്ര തന്നെ സഹായകമായാലും സ്വന്തം ഭൂമിയിൽനിന്നും വീടുകളിൽനിന്നും ആട്ടിയോടിക്കപ്പെടുമ്പോഴുണ്ടാകുന്ന വൈകാരികാഘാതത്തിന് ഇതൊന്നും പരിഹാരമാകുന്നില്ല. സ്വന്തം ആവാസ വ്യവസ്ഥയിൽനിന്ന് പുറന്തള്ളപ്പെടുന്ന ജീവികളെപ്പോലെയാകുന്നു ഈ സാധു മനുഷ്യർ. പുതിയ സാഹചര്യങ്ങളിൽ കരയിൽ പിടിച്ചിട്ട മത്സ്യങ്ങളെപ്പോലെ പിടയുന്നു അവർ. നഗരവത്കരണം സൃഷ്ടിക്കുന്ന അന്യതാബോധവും പതിവു ജീവിത രീതികളിൽനിന്നുള്ള വിട്ടുപോകലും കൂടി അവരുടെ ജീവിതം നരകതുല്യമാക്കുകയാണ് ചെയ്യുന്നത്. 
ഈ സവിശേഷ സാഹചര്യം കേരളത്തിലെ ഭൂസമരങ്ങൾക്ക് പുതിയ ദിശാബോധവും കരുത്തും നൽകേണ്ടതായിരുന്നെങ്കിലും അത് സംഭവിച്ചില്ല. ദളിത് പ്രശ്‌നങ്ങളോട് എക്കാലവും നാം കാട്ടിയ താൽപര്യം കാൽപനികമായ നമ്മുടെ രാഷ്ട്രീയ, സാമൂഹിക വികാരങ്ങളെ തൃപ്തിപ്പെടുത്താൻ മാത്രമുള്ളതായിരുന്നുവെന്നും അതിൽ ആത്മാർഥതയുടെയോ യാഥാർഥ്യ ബോധത്തിന്റേയോ അംശം ഇല്ലായിരുന്നുവെന്നും തെളിയിക്കുന്നതാണ് ഇന്നും തോട്ടം ഭൂമികളിലെ സമര മുഖങ്ങളിൽ കുടിൽ കെട്ടി കഴിയുന്ന നിസ്സഹായമായ ദളിത് മുഖങ്ങൾ. അവരോട് നീതി ചെയ്യാനും ആവശ്യങ്ങളോട് അനുഭാവപൂർവം പ്രതികരിക്കാനുമുള്ള അവസരങ്ങളെല്ലാം കേരളീയ പൊതുസമൂഹം നഷ്ടപ്പെടുത്തിയ സാഹചര്യത്തിലാണ് ദളിത് രാഷ്ട്രീയം ദേശീയ ശ്രദ്ധയിലേക്ക് വലിയ പ്രാധാന്യത്തോടെ കടന്നുവരുന്നത്. 
ബി.ജെ.പിയുടെ പശു രാഷ്ട്രീയം രാജ്യത്ത് ഏറ്റവും കൂടുതൽ അപകടപ്പെടുത്തിയത് ദളിത് ജീവിതങ്ങളെയാണ് എന്നതാണ് യാഥാർഥ്യം. ബീഫ് തീറ്റക്കാർ എന്ന മട്ടിൽ മുസ്‌ലിം സമൂഹത്തെയാണ് ഗോരാഷ്ട്രീയത്തിന്റെ പ്രാണേതാക്കൾ ടാർഗറ്റ് ചെയ്യുന്നതെങ്കിലും അടിസ്ഥാന കാർഷിക സമൂഹമായ ദളിതുകളെയാണ് ഗോവധ വിരുദ്ധ രാഷ്ട്രീയം ഏറെ പ്രതികൂലമായി ബാധിച്ചത്. കന്നുകാലികളെ ഭക്ഷണമായി ഉപയോഗിക്കുന്ന സമൂഹമെന്ന നിലയിൽ മാത്രമല്ല, തുകൽ വ്യവസായ രംഗത്തെ സാന്നിധ്യമെന്ന നിലയിലും ദളിതരെ ഇത് വലിയ നിലയിൽ ബുദ്ധിമുട്ടിച്ചു. ഇതിനൊപ്പമാണ് ബി.ജെ.പിയുടെ സവർണ ഹിന്ദു അധീശ രാഷ്ട്രീയം ദളിത് ജീവിതങ്ങൾക്ക് മേൽ കറുത്ത നിഴൽ വീഴ്ത്താൻ തുടങ്ങിയത്. ജാതിവ്യവസ്ഥയുടെ ശക്തമായ തിരിച്ചുവരവും മനു രാഷ്ട്രീയത്തിന്റെ തൊങ്ങലുകളും കൂടി വീണ്ടും ഇന്ത്യയെ ഭ്രാന്താലയമാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സവർണ സന്ന്യാസിയായ യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ തങ്ങൾക്ക് രക്ഷയില്ലെന്ന് ബി.ജെ.പി എം.പിപോലും പ്രധാനമന്ത്രിയോട് പരാതി പറയുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. എം.പിയെ മുഖ്യമന്ത്രി ആദിത്യനാഥ് അസഭ്യം പറഞ്ഞ് ഓഫീസിൽനിന്ന് പുറത്താക്കാനുള്ള ഒരേയൊരു കാരണം അയാൾ കീഴാളനാണ് എന്നത് മാത്രമായിരുന്നു. 
സവർണ ഹിന്ദു മൂല്യങ്ങളും ജാതിശ്രേണിയുടെ സ്വാധീനവും ആധിപത്യം ചെലുത്തുന്ന ബി.ജെ.പി രാഷ്ട്രീയത്തിൽ ഇത്തരം സംഭവങ്ങൾക്ക് വലിയ പുതുമയില്ല. പിന്നോക്കക്കാരനായ നരേന്ദ്ര മോഡിയും സവർണ ബ്രാഹ്മണനായ യോഗി ആദിത്യനാഥും തമ്മിലുള്ള ബന്ധം പോലും സുഖകരമല്ലെന്നാണ് വാർത്തകൾ. രാഷ്ട്ര ഭരണം സവർണ കരങ്ങളിലെത്തണമെന്ന ആർ.എസ്.എസ് ലക്ഷ്യം സാക്ഷാത്കരിക്കാൻ മോഡി പോലും ഒരു ടാർഗറ്റ് ആയി മാറിയേക്കാം എന്ന് ചില രാഷ്ട്രീയ നിരീക്ഷകർ പ്രവചിക്കുന്നുണ്ട്. 
പട്ടികജാതി, പട്ടിക വർഗ നിയമം സംബന്ധിച്ച കോടതി വിധി ദളിത് നവജാഗരണത്തെ ഉദ്ദീപിപ്പിച്ചത് യാദൃഛികമല്ല. ദേശീയ രാഷ്ട്രീയത്തിൽ ഫലപ്രദമായ ഇടപെടലിന് കാത്തിരിക്കുന്ന ദളിത് ബോധത്തിന് അത് മികച്ച അവസരമായി മാറുകയായിരുന്നു. ദേശീയതലത്തിൽ അത് വലിയ വിജയമായി മാറിയില്ലെങ്കിലും ദളിത്, പിന്നോക്ക രാഷ്ട്രീയത്തിന് ശക്തമായ വേരുകളുള്ള ഉത്തർപ്രദേശ്, ബിഹാർ, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ വലിയ അനുരണനങ്ങൾ സൃഷ്ടിച്ചു. ബി.ജെ.പിയുടെ രാഷ്ട്രീയ വിജയത്തിന് അടിവരയിട്ട സംസ്ഥാനങ്ങളാണിത് എന്നതാണ് ഈ ദളിത് ഉണർവിനെ വലിയ പ്രാധാന്യമുള്ളതാക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ ദളിത് രാഷ്ട്രീയത്തെ ശക്തമായി പ്രതിഫലിപ്പിക്കുമെന്നതിന്റെ സൂചനയാണിത്. ഈ യാഥാർഥ്യം മനസ്സിലാക്കിയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദളിത് ചലനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. കേരളത്തിലെ ദളിത് ഹർത്താലിനോട് മുഖം തിരിഞ്ഞുനിൽക്കാതെ, സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ, അവരെ പിന്തുണക്കേണ്ടി വന്നത് അതുകൊണ്ടാണ്. ഹർത്താലിനെ അവഗണിക്കുന്നത് ദളിത് പീഡനമാണെന്ന് പറയാൻ പോലും ആന്റണി മടിച്ചില്ല. 
പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ ദളിതുകൾ നേടിയെടുത്ത അവകാശങ്ങളും നേട്ടങ്ങളും ഓരോന്നായി നാലു വർഷത്തെ ബി.ജെ.പി ഭരണത്തിൽ നഷ്ടപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ. സാമൂഹിക നീതി, സൗഹാർദം എന്നിവ വാഗ്ദാനം ചെയ്യുന്നതായിരുന്നു 2014 ലെ ബി.ജെ.പിയുടെ പ്രകടന പത്രിക. വിദ്യാഭ്യാസം, സംരംഭകത്വം, നൈപുണ്യ പരിശീലനം എന്നിവയിലൂടെ ദളിതുകൾക്ക് സാമ്പത്തിക ശാക്തീകരണം നൽകുമെന്നു അത് പ്രഖ്യാപിച്ചു. പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങൾ തടയുമെന്നും ബി.ജെ.പി പ്രകടനപത്രിക വ്യക്തമായി പറഞ്ഞിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, ബി.ജെ.പിയെ ഹൃദയത്തിലേറ്റാനും എസ്.പിയും ബി.എസ്.പിയും പോലുള്ള പിന്നോക്കജാതി പാർട്ടികൾക്ക് ശക്തമായ തിരിച്ചടി നൽകാനും ദളിതുകളെ ഈ വാഗ്ദാനങ്ങൾ പ്രേരിപ്പിച്ചെങ്കിലും നരേന്ദ്ര മോഡി ഭരണം അവസാനത്തോടടുക്കുമ്പോൾ ഇവയൊന്നും യാഥാർഥ്യമായില്ല എന്ന് ഖേദത്തോടെ അവർ തിരിച്ചറിയുന്നുണ്ട്. എന്നു മാത്രമല്ല, നിഷേധാത്മകമായ സംഭവങ്ങളുടെ പരമ്പര തന്നെ ഈ നാലു വർഷത്തിനിടെ അരങ്ങേറുകയും ചെയ്തു. അതിൽ ഏറ്റവും അവസാനത്തേതാണ് സുപ്രീം കോടതിയുടെ നിയമ ഭേദഗതി നിർദേശം. ദളിതുകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് തടയിടുന്നതിൽ വലിയ പങ്കു വഹിച്ച ഒരു നിയമത്തെ ഇല്ലാതാക്കുക വഴി വീണ്ടും അവരെ സവർണ മുഷ്ടികളുടെ ഇരയാക്കി മാറ്റാനാണ് കോടതി ശ്രമിച്ചത്. ദളിതരുടെ പ്രതിഷേധം തങ്ങൾക്ക് പ്രതികൂലമാകുമെന്ന് കണ്ടപ്പോൾ മാത്രമാണ് സർക്കാർ കോടതിയിൽ ഹരജിയുമായി എത്തിയത്. 
ദളിതുകളോടുള്ള ഈ വാഗ്ദാന ലംഘനത്തിന്റെ മറ്റൊരു ഉദാഹരണംകൂടി നോക്കാം. ദളിതുകളുടെ സാമ്പത്തിക ശാക്തീകരണം പ്രധാനമായും ആശ്രയിക്കുന്നത് പട്ടികവർഗക്കാർക്കായുള്ള സ്‌പെഷൽ കംപോണന്റ് പ്ലാനിലെ (എസ്.സി.പി) വിഹിതത്തെയാണ്. 2014-15 ൽ ഇത് ബജറ്റിന്റെ 8.79 ശതമാനമായിരുന്നു. അടുത്ത വർഷം 6.63 ശതമാനവും 2016-17 ൽ 7.06 ശതമാനവും 2107-18 ൽ 8.91 ശതമാനവും ഏറ്റവുമൊടുവിൽ, 2108-19 ൽ 6.55 ശതമാനവുമാണ്. അതായത് കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ എസ്.സി.പി വിഹിതം ശരാശരി ബജറ്റിന്റെ 7.69 ശതമാനം മാത്രമാണ്. സർക്കാർ തന്നെ കണക്കുകൂട്ടിയ 16.6 ശതമാനം എന്ന ലക്ഷ്യത്തിൽനിന്ന് ഒമ്പത് ശതമാനം കുറവാണിത്. മാത്രമല്ല. 2017-18 മുതൽ എസ്.സി.പിക്ക് പകരം 'അലൊക്കേഷൻ ഫോർ വെൽഫെയർ ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്‌സ്' എന്ന പേരിലാണ് ഇത് നടപ്പാക്കിയത്. വെറുമൊരു പേരുമാറ്റം മാത്രമായിരുന്നില്ല അത്. പട്ടികജാതിക്കാർക്കായുള്ള ബജറ്റ് വിഹിതത്തിൽ കാര്യമായ വെട്ടിക്കുറവ് വരുത്തുക കൂടിയായിരുന്നു പദ്ധതിയുടെ പേരു തന്നെ മാറ്റിക്കൊണ്ട് സർക്കാർ ചെയ്തത്. എസ്.സി.പിയെക്കുറിച്ച് ബജറ്റിൽ ഒരു പരാമർശവും ഇല്ലാതിരിക്കേ, വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും വിവിധ പദ്ധതികൾക്ക് നൽകേണ്ട പണം സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശമോ രൂപരേഖയോ ഇല്ലാതായി. ഫലത്തിൽ ദളിത് ശാക്തീകരണം എന്നത് അവരുടെ ദുർബലീകരണമായി മാറുകയാണ് ചെയ്തത്. 
കേന്ദ്ര ഭരണത്തിലെ സൂക്ഷ്മ വശങ്ങളിലേക്ക് കടന്നാൽ ഇത്തരത്തിൽ ദളിതുകൾക്കെതിരെ നിരവധി നടപടികൾ കാണാനാവും. സങ്കീർണമായ ഇത്തരം പ്രശ്‌നങ്ങളിലേക്ക് മാധ്യമങ്ങളുടെയോ പ്രതിപക്ഷത്തിന്റെ പോലുമോ ശ്രദ്ധ കടന്നുചെല്ലുന്നില്ല എന്നതാണ് വാസ്തവം. ആരുമറിയാതെയുള്ള ഒരു സൈലന്റ് കില്ലിംഗ് ആണ് നടക്കുന്നത്. പുറത്ത് പരസ്യമായി നടക്കുന്ന അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും മർദനങ്ങൾക്കുമപ്പുറം ദളിതുകളുടെ ജീവിതത്തെ ദൂരവ്യാപകമായി ബാധിക്കുന്ന കാര്യങ്ങളാണിത്. എസ്.സി.പിയിലെ വിഹിതം വെട്ടിക്കുറച്ചുകൊണ്ട്, ദളിത് വിദ്യാർഥികളുടെ സ്‌കോളർഷിപ് അടക്കമുള്ള കാര്യങ്ങൾ ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്തത്. വിദ്യാഭ്യാസ ശാക്തീകരണം എന്ന പ്രകടനപത്രികയിലെ വാക്ക് എത്രമാത്രം പൊള്ളയായിരുന്നു എന്ന് ഈ ഒറ്റ ഉദാഹരണം തന്നെ തെളിയിക്കുന്നു.
ഇന്ത്യയുടെ പൊതുജീവിതത്തിൽനിന്ന് ദളിതുകളെ തൂത്തെറിയാനുള്ള സംഘടിതവും ആസൂത്രിതവുമായ ഈ നീക്കത്തിനെതിരെയുള്ള ഉയർത്തെഴുന്നേൽപാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ദളിതുകളുടെ ഉണർവ്. അതിന് വ്യക്തമായ രാഷ്ട്രീയ രൂപം കൈവരാൻ നാം അൽപകാലം കൂടി കാത്തിരിക്കണമെന്ന് മാത്രം.