Tuesday , July   17, 2018
Tuesday , July   17, 2018

ജപ്പാനില്‍ ഇമിഗ്രേഷന്‍ തടങ്കലില്‍ ഇന്ത്യന്‍ യുവാവ് ആത്മഹത്യ ചെയ്തു

ടൊക്യോ- ജപ്പാനിലെ ഒരു ഇമിഗ്രേഷന്‍ തടങ്കലില്‍ തടവുകാരനായ ഇന്ത്യന്‍ യുവാവിനെ കുളിമുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജപ്പാനിലെ വിവിധ ഇമിഗ്രേഷന്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ തടവുകാര്‍ പരിതാപകരമായ സ്ഥിതിയിലാണ് കഴിയുന്നതെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഈ സംഭവം. മുപ്പതിലേറെ പ്രായമുള്ള ഇന്ത്യക്കാരന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ബാത്ത് ടവല്‍ കഴുത്തില്‍ ചുറ്റി നിലയിലാണ് ഇദ്ദേഹത്തെ കുളിമുറിയില്‍ ജീവനക്കാര്‍ കണ്ടത്. പ്രാഥമിക ശുശ്രൂഷ നല്‍കി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു.

മരണ കാരണം വ്യക്തമല്ല. യുവാവിന്റെ മോചനം വ്യാഴാഴ്ച അധികൃതര്‍ തടഞ്ഞിരുന്നതായി ഈ തടങ്കല്‍ കേന്ദ്രത്തിലെ തടവുകാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സാമുഹ്യ പ്രവര്‍ത്തക കിമികോ തനാക പറഞ്ഞു. പത്തു മാസമായി ഇയാള്‍ തടങ്കലിലായിരുന്നെന്നും സഹതടവുകാരെ ഉദ്ധരിച്ച് തനാക പറയുന്നു. ജപ്പാനില്‍ 17 ഇമിഗ്രേഷന്‍ തടങ്കല്‍ കേന്ദ്രങ്ങളാണുള്ളത്. ഇവിടങ്ങളില്‍ 1,317 പേരുണ്ട്. ഇവര്‍ക്ക് വേണ്ടത്ര ആരോഗ്യ പരിരക്ഷയോ മറ്റു സൗകര്യങ്ങളോ ഇല്ലെന്ന പരാതി വ്യാപകമാണ്. അടിയന്തിര ഘട്ടങ്ങളില്‍ പോലും ഇവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രതയൊടെ ഇടപെടാറില്ലെന്നും പരാതിയുണ്ട്.  2006-നു ശേഷം ഇതു 14-ാമത്തെ മരണമാണ്.
 

Latest News