Wednesday , June   19, 2019
Wednesday , June   19, 2019

തളർന്നു പോകുന്ന ദളിതന്റെ ജീവിതം

ദളിതന് ഇന്ത്യയിൽ ഭൂസ്വത്തില്ല. അധികാര ശ്രേണികളിൽ അവനു ശബ്ദമില്ല. ഭരണകക്ഷിയുടെ രണ്ട് പട്ടികവിഭാഗ എംപിമാർ പ്രധാനമന്ത്രിയോട് നേരിട്ടു പരാതിപ്പെടുന്നു, തങ്ങൾ ജാതീയമായി വിവേചനത്തിനു വിധേയരാകുന്നുവെന്ന്. ഇപ്പോഴും സംവരണത്തിന്റെ ആനുകൂല്യത്തിന്മേൽ ഒരു തൊഴിലോ സമൂഹത്തിൽ എന്തെങ്കിലും സ്ഥാനമോ ലഭിക്കാൻ നിർബന്ധിതരാവുന്നവർ.

പട്ടികജാതി, പട്ടികവർഗ അതിക്രമ നിയമ (1989) ത്തിൽ അടിസ്ഥാനപരമായ ചില ഭേദഗതികൾ വരുത്തിക്കൊണ്ടു സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണ് ദളിതരെ തെരുവിലിറക്കിയത്. ഈ നിയമം രണ്ട് ദശകമാവുമ്പോൾ പൊടുന്നനെ പിശകുള്ളതാണെന്ന ബുദ്ധി ഉദിക്കുമ്പോൾ ഒരു വരേണ്യവർഗ രാഷ്ട്രീയത്തിന്റെ തേരോട്ടം ദളതിർക്കു മേൽ ദർശിച്ചാൽ ആരെയും കുറ്റപ്പെടുത്താനാവില്ല.
ദളിതർ ആക്രമിക്കപ്പെട്ടുവെന്നു പരാതിപ്പെട്ടാൽ അത് അന്വേഷിച്ച ശേഷം കേസെടുത്താൽ മതിയെന്നാണ് ഭേദഗതി വന്നത്. പിന്നീട്, വിധിയെ ആശ്രയിച്ച് അവർക്കുള്ള നഷ്ടപരിഹാരം ഉടൻ നൽകാമെന്ന സുപ്രീം കോടതിയുടെ വ്യാഖ്യാനമുണ്ടായെങ്കിലും ഈ വിഷയത്തിന്റെ ഗൗരവവും ആഴവും അത്ര മാത്രമല്ല. ഒരു നഷ്ടപരിഹാരത്തിന്റെയോ എന്നെങ്കിലും വരികയോ വരാതിരിക്കുകയോ ചെയ്യുന്ന ഒരു വിധിന്യായത്തിന്റെയോ മാത്രം കാര്യമായി ഇതിനെ ചുരുക്കിക്കെട്ടാനാവില്ല. 1989 ലെ നിയമമനുസരിച്ച് ഇന്ത്യയിൽ ചാർജ് ചെയ്ത കേസുകളിൽ ബഹുഭൂരിപക്ഷവും തീർപ്പാകാതെ കിടക്കുമ്പോൾ ദളിതന്റെ ആരോപണം തെറ്റാവാം എന്നു പരമോന്നത കോടതി എങ്ങനെ നിഗമനത്തിലെത്തിയെന്നത് വ്യക്തമല്ല. ഏതു കീഴ്‌ക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണിതെന്നും.
ദളിതൻ ഇന്ത്യയിലെവിടെയും അതിക്രമത്തിനു വിധേയനാവുന്നത് എങ്ങനെ എന്നു സൂക്ഷ്മനിരീക്ഷണം നടത്തിയാലേ ഇപ്പോഴത്തെ സുപ്രീം കോടതി നിലപാടിന്റെ 'രാഷ്ട്രീയം' മനസ്സിലാക്കാനാവൂ. ഏറ്റവും ഒടുവിൽ ദളിതർ സംഘടിതമായി ആക്രമിക്കപ്പട്ടത് രാജസ്ഥാനി തെരുവുകളിലാണ്. സ്വന്തം അവകാശത്തിനു വേണ്ടി തെരുവിൽ പ്രക്ഷോഭത്തിനിറങ്ങിയവരെ ഉയർന്ന ജാതിക്കാർ മറുപ്രക്ഷോഭത്തിലൂടെ നേരിട്ടു. അതെ, ശബ്ദിക്കാനുള്ള, പ്രതിഷേധിക്കാനുള്ള, അവകാശം പോലും അവന് നൽകില്ലെന്ന ഒരുതരം ജന്മിത്തമ്പ്രാശാഠ്യം.
ഇന്ത്യൻ ഗ്രാമങ്ങളുടെ ഇരുളടഞ്ഞ, അടച്ചുറപ്പില്ലാത്ത ചെറ്റക്കൂരകളിൽ സ്വന്തം മാനം കാത്തുസൂക്ഷിക്കാൻ പോലും പെടാപ്പാടുപെടുന്ന ജനത ഒരു പരാതി നൽകിയാൽ അതിന്റെ നെല്ലും പതിരും തിരിച്ചറിഞ്ഞ്, സുദീർഘമായ നിയമപ്പെരുവഴികളിലൂടെ അവനെ നടത്തി ഒടുവിൽ ദളിതൻ തളരട്ടെ എന്ന് ഇനിയും നാം വാശിപിടിക്കുന്നത് സത്യത്തിൽ ദളിതനോടുള്ള ക്രൂരതയാണ്.
കേരളത്തിൽ കുറച്ചു പേരെങ്കിലും ഓർത്തിരിക്കുന്ന മാച്ചി എന്ന അടിയാത്തിയുടെ ഒറ്റ ഉദാഹരണം മതി, ദളിതന്റെ ദുരവസ്ഥയെ അളന്നെടുക്കാൻ. വയനാട്ടിലെ അടിയാത്തിക്കൂരയിൽ മാച്ചി അവിഹിതമായി ഗർഭിണിയാവുകയും അവളെ ക്രൂരമായ നാട്ടു ഗർഭഛിദ്രത്തിനു വിധേയമാക്കി അവശയാക്കുകയും ചെയ്യുന്നു. ഇത് പ്രമാദമായ കേസായി, ജനങ്ങൾ ഒന്നടങ്കം മാച്ചിക്ക് മാനസിക പിന്തുണ അർപ്പിക്കുമ്പോൾ… മാച്ചിയെ ഇവ്വിധമാക്കിയവർ അവളെ കോഴിക്കോട് പ്രസ് ക്ലബിൽ കൊണ്ടുവന്നു പത്രക്കാർക്ക് മുമ്പിൽ അവതരിപ്പിക്കുന്നു. ഒന്നും പറയാൻ അറിഞ്ഞുകൂടാത്ത അവൾ ആരോ എഴുതിയുണ്ടാക്കിയ ഒരു പത്രക്കുറിപ്പ് പത്രക്കാർക്കു നേരെ നീട്ടുന്നു. കുറ്റക്കാർക്ക് അനുകൂലമായി മാച്ചിയുടെ പ്രസ്താവന. അതുവരെ മാച്ചിക്ക് പിന്നിൽ നിന്നവർ, ഈ സാമൂഹ്യ വിഷയത്തിലൂടെ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാൻ ശ്രമിച്ചവർ അതോടെ നിശ്ശബ്ദരാക്കപ്പെടുന്നു.
മാച്ചിമാരുടെ ആർക്കും തടുക്കാൻ കഴിയാത്ത ഈ നിസ്സഹായാവസ്ഥ ജനാധിപത്യത്തിന്റെ ഉയർന്ന തലങ്ങളിലേക്കെത്തിയ ഇന്ത്യയിൽ തുടരാൻ ശ്രമിക്കുന്നവർക്കാണ് സുപ്രീം കോടതിയുടെ വിധി ഉപയുക്തമാവുക.
അട്ടപ്പാടിയിലെ മധുവിനെപ്പോലെ കൊല്ലപ്പെട്ടാൽ അഥവാ മാനഭംഗത്തിനിരയായാൽ, അവരുടെ ഭൂമി തട്ടിപ്പറിച്ചാൽ, തൊട്ടുകൂടാത്തവനായി അകറ്റിനിർത്തിയാൽ, നീചമായ ജാതിപ്പദങ്ങൾ വിളിച്ച് ആക്ഷേപിച്ചാൽ അവർ നൽകുന്ന പരാതിയുടെ നിജസ്ഥിതി പോലീസ് അന്വേഷിച്ചുറപ്പിച്ച ശേഷം (എന്നുവെച്ചാൽ പോലീസ് വിധി പ്രസ്താവിച്ച ശേഷം) മാത്രം മതി കേസെന്നു പരമോന്നത കോടതി നിശ്ചയിക്കുന്നു.
ദളിതന് ഇന്ത്യയിൽ ഭൂസ്വത്തില്ല. അധികാര ശ്രേണികളിൽ അവനു ശബ്ദമില്ല. ഭരണകക്ഷിയുടെ രണ്ട് പട്ടികവിഭാഗ എംപിമാർ പ്രധാനമന്ത്രിയോട് നേരിട്ടു പരാതിപ്പെടുന്നു, തങ്ങൾ ജാതീയമായി വിവേചനത്തിനു വിധേയരാകുന്നുവെന്ന്. ഇപ്പോഴും സംവരണത്തിന്റെ ആനുകൂല്യത്തിന്മേൽ ഒരു തൊഴിലോ സമൂഹത്തിൽ എന്തെങ്കിലും സ്ഥാനമോ ലഭിക്കാൻ നിർബന്ധിതരാവുന്നവർ. അവരെ ആദരിക്കേണ്ട, അനുവദിക്കപ്പെട്ട അവകാശമെങ്കിലും നാം അവർക്ക് നൽകണം, അത്രയെങ്കിലും. അതെങ്കിലും അവരിൽ നിന്നും കവർന്നെടുക്കാതിരിക്കക.
 

Latest News