Tuesday , May   22, 2018
Tuesday , May   22, 2018

ദുബായില്‍ വിദേശവിനിമയ തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരനും ഭാര്യക്കും 500 വര്‍ഷം തടവ്

ദുബായ്- യുഎഇയില്‍ ആയിരക്കണക്കിനാളുകളില്‍ നിന്ന് കോടിക്കണക്കിന് ദിര്‍ഹം തട്ടിയ വിദേശവിനിമയ സ്ഥാപന ഉടമ ഗോവക്കാരന്‍ സിഡ്‌നി ലിമോസ്, ഭാര്യ വലനി റയാന്‍ ഡിസൂസ എന്നിവര്‍ക്ക് ദുബായ് കോടതി 517 വര്‍ഷം തടവു ശിക്ഷ വിധിച്ചു. ഗോവയിലുളള വലനിയെ ദുബായ് പോലീസിന് പിടികൂടാനായിട്ടില്ല.  എക്‌സെന്‍ഷ്യന്‍ എന്ന പേരില്‍ ഇവര്‍ നടത്തിയിരുന്ന ഫോറിന്‍ എക്‌സ്‌ചേഞ്ച് നടത്തിയ 30 കോടി ഡോളറിന്റെ തട്ടിപ്പ് 2016-ലാണ് പുറത്തു വന്നത്. തട്ടിപ്പിനിരയായവര്‍ നല്‍കിയ 517 കേസുകൡലാണ് വിധി. ഓരോ കേസിലും ഓരോ വര്‍ഷം വീതം തടവു ശിക്ഷ വിധിക്കുകയായിരുന്നു. വളരെ അസാധാരണമായ ഈ വിധി സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ശക്തമാ സന്ദേശം നല്‍കുന്നതാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. വിധിക്കെതിരെ പ്രതികള്‍ക്കു അപ്പീല്‍ നല്‍കാം.

നിയമപരമായി പ്രവര്‍ത്തിക്കുന്ന ഫോറിന്‍ എക്‌സ്‌ചേഞ്ച് ആണെന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചാണ് എക്‌സെന്‍ഷ്യന്‍ പ്രവര്‍ത്തിച്ചിരുന്നത്. നിക്ഷേപകര്‍ക്ക് 120 ശതമാനം വരെ ലാഭം വാര്‍ഷിക വരുമാനവും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. തട്ടിപ്പ് പുറത്തായതോടെ 2016 ജുലൈയിലാണ് ഡിപാര്‍ട്ടമെന്റ് ഓഫ് ഇക്കണൊമിക് ഡെവലപ്‌മെന്റ് ഈ സ്ഥാപനം അടച്ചു പൂട്ടിയത്. തട്ടിപ്പിനിരയായവര്‍ പലരും വായ്പ എടുത്തും പെന്‍ഷന്‍ തുകയും മറ്റുമാണ് വേഗത്തില്‍ പണമിരട്ടിപ്പിക്കാമെന്ന മോഹന വാഗ്ദാനത്തില്‍ വീണ് ഈ സ്ഥാപനത്തില്‍ നിക്ഷേപിച്ചിരുന്നത്. 25,000 ഡോളര്‍ (ഏകദേശം ഒരു ലക്ഷത്തോളം ദിര്‍ഹം) മുതലാണ് ഇയാള്‍ ഇടപാടുകാരില്‍ നിന്ന് നിക്ഷേപമായി സ്വീകരിച്ചിരുന്നത്. നിക്ഷേപകരുടെ പണം ഓസ്‌ട്രേലിയയില്‍ ഭാര്യ വലനിയുടെ ഉടമസ്ഥതയിലുളള കമ്പനിയിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. 2017 ജനുവരി മൂന്നിന് ദുബായില്‍ നിന്ന് ഇന്ത്യയിലെത്തിയ വലനി ഇപ്പോള്‍ സ്വദേശമായ ഗോവയില്‍ ഒളിവിലാണ്.

ദുബായില്‍ എഫ് സി ബര്‍ദേസ് എന്ന ഫുട്‌ബോള്‍ ക്ലബ് സ്വന്തമായുള്ള സിഡ്‌നി ലെമോസ് 2015-ല്‍ എഫ് സി ഗോവ ടീമിനേയും സ്‌പോണ്‍സര്‍ ചെയ്തിരുന്നു. ദുബായിലെ അല്‍ബര്‍ഷയില്‍ ആഢംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. എക്‌സെന്‍ഷ്യല്‍ എന്ന സ്ഥാപനത്തില്‍ ഇദ്ദേഹം ജോലിക്കാരായി നിയമിച്ചിരുന്നവരും ഗോവയില്‍ നിന്നുള്ള ഫുട്‌ബോള്‍ താരങ്ങളേയായിരുന്നു. ദുബായില്‍ മറ്റു ഫോറിന്‍ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങല്‍ 5000-7000 ദിര്‍ഹം ശമ്പളം നല്‍കുമ്പോള്‍ സിഡ്‌നി ലെമോസ് തന്റെ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ചുരുങ്ങിയ ശമ്പളം 10,000 ദിര്‍ഹം ആയിരുന്നു.

തട്ടിപ്പുകാര്‍ ശിക്ഷിക്കപ്പെട്ടെങ്കിലും തങ്ങളുടെ നിക്ഷേപത്തിന്റെ ചെറിയൊരംശം മാത്രമെ തിരികെ ലഭിക്കൂ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. സമ്പന്നരായ ഏഴായിരത്തോളം പേര്‍ ഈ സ്ഥാപനത്തില്‍ നിക്ഷേപമിറക്കിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഈ പണം തിരികെ ലഭിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ തട്ടിപ്പു സ്ഥാപനത്തിന്റെ 1.5 കോടി ഡോളറിന്റെ ആസ്തി മാത്രമെ ഇതുവരെ കണ്ടുകെട്ടാന്‍ കഴിഞ്ഞിട്ടുള്ളൂ. വലിയൊരു തുക ഓസ്‌ട്രേലിയയിലേക്കു കടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
 

Latest News