Wednesday , March   27, 2019
Wednesday , March   27, 2019

വിനീത വിജയം

ആകസ്മികമായി സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയ വിനീതാ കോശി വീണ്ടും വിസ്മയിപ്പിച്ചിരിക്കുന്നു. ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ സ്‌പെഷ്യൽ ജൂറി അവാർഡാണ് ഈ കൊല്ലത്തുകാരിയെ തേടിയെത്തിയിരിക്കുന്നത്.
രാഹുൽ റിജിനായർ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിലെ അഭിനയമാണ് വിനീതയ്ക്ക് അംഗീകാരം നേടിക്കൊടുത്തത്. അവാർഡ് ലബ്ധിയെക്കുറിച്ച് ചോദിക്കുമ്പോൾ ഇപ്പോഴും അത്ഭുതം വിട്ടുമാറിയിട്ടില്ലെന്ന മറുപടിയാണ് വിനീതയിൽനിന്നും ലഭിക്കുക.
വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ വിനീത വേഷമിട്ടിട്ടുള്ളൂ. എന്നാൽ അവയിലെല്ലാം സ്വന്തമായ ഒരു കയ്യൊപ്പ് പതിപ്പിക്കാൻ ഈ കലാകാരിക്ക് കഴിഞ്ഞു. ആദ്യ ചിത്രമായ ആനന്ദത്തിലെ ലൗലി ടീച്ചറെ പ്രേക്ഷകർ എങ്ങനെ മറക്കും. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് മെഡിക്കൽ സെന്ററിൽ പീഡിയാട്രിക് കൗൺസിലറായി ജോലി ചെയ്യുന്നതിനിടയിലാണ് സംവിധായകൻ ഗണേഷ് രാജ് ആനന്ദത്തിലേയ്ക്ക് ക്ഷണിക്കുന്നത്.
വിനീത് ശ്രീനിവാസൻ നിർമ്മിച്ച ആനന്ദത്തിലേയ്ക്കുള്ള കടന്നുവരവിനെക്കുറിച്ച് വിനീത തന്നെ പറയട്ടെ: ''യൂട്യൂബിൽ ഞാൻ അവതരിപ്പിച്ച ചില ഡബ് സ്മാഷ് വീഡിയോകൾ കണ്ടാണ് ഗണേഷ് രാജ് സാർ ക്ഷണിച്ചത്. സത്യത്തിൽ ഈ വേഷം മറ്റാരോ അവതരിപ്പിക്കേണ്ടതായിരുന്നു. എന്നാൽ അവസാന നിമിഷം കാര്യങ്ങൾ മാറിമറിഞ്ഞപ്പോഴാണ് സംഗതി എന്നിലെത്തിയത്. സോഷ്യൽ മീഡിയയിൽ ആക്ടീവായിരിക്കുന്നവരെ തിരയുന്നതിനിടയിലാണ് എന്റെ വീഡിയോകൾ ശ്രദ്ധയിൽ പെട്ടത്. ലൗലി മിസിലേയ്ക്കുള്ള വഴി തെളിഞ്ഞതങ്ങനെ. ചെറിയൊരു വേഷമാണെങ്കിലും അഭിനയ ജീവിതത്തിൽ ഒരു ബ്രേയ്ക്കായിരുന്നു അത്. കാരണം എവിടെ പോയാലും ലൗലി മിസ് എന്നു വിളിച്ചാണ് എല്ലാവരുമെത്തുക. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായി മാറിയ ലൗലിയെ ആർക്കും അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല.


എബിയിലെ ക്ലാരയും വ്യത്യസ്തമായിരുന്നില്ല. ഏറെ ദുരിതങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്ന ഒരു സ്ത്രീയായിരുന്നു ക്ലാര. ആ വേഷം അവതരിപ്പിച്ചത് ഞാനാണെന്ന് പലർക്കും അറിയില്ലായിരുന്നു. എബിയുടെ അമ്മയായി അകാലത്തിൽ മരണമടയുന്ന ക്ലാരയെ അവതരിപ്പിക്കാൻ കഴിയുമോ എന്ന സംശയമുണ്ടായിരുന്നു. എന്നാൽ സംവിധായകൻ ശ്രീകാന്ത് സാർ തികഞ്ഞ പിന്തുണയുമായി കൂടെ നിന്നു. കഥാപാത്രത്തെക്കുറിച്ച് വ്യക്തമായി പറഞ്ഞുതന്നു. ഓരോ രംഗവും എങ്ങനെ അവതരിപ്പിക്കണമെന്നും കൃത്യമായി വിശദീകരിച്ചുതന്നു. ക്ലാരയെ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും ശ്രീകാന്ത് സാറിനുള്ളതാണ് -വിനീത പറയുന്നു.
എബിക്കു ശേഷം വന്ന വേഷങ്ങളെല്ലാം ആ ടൈപ്പിലുള്ളവയായിരുന്നു. അത്തരം വേഷങ്ങളോട് താൽപര്യമുണ്ടായിരുന്നില്ല. ജോലിയിലേയ്ക്കു മടങ്ങിയാലോ എന്ന ചിന്ത മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. ഇതിനിടയിലാണ് ഒറ്റമുറി വെളിച്ചത്തിലേയ്ക്കുള്ള അവസരം വന്നുചേരുന്നത്. ചിത്രത്തിന്റെ സംവിധായകൻ സുഹൃത്തു കൂടിയായിരുന്നു. ഞങ്ങൾ ഇതിനു മുൻപ് മൗനം സൊല്ലും വാർത്തൈഗൾ എന്ന തമിഴ് സംഗീത ആൽബം ഒരുക്കിയിരുന്നു. ആ ബന്ധമാണ് ഒറ്റമുറി വെളിച്ചത്തിലെ സുധയിലേയ്ക്ക് നയിച്ചത്. വീട്ടിനകത്ത് സ്ത്രീകൾ നേരിടേണ്ടിവരുന്ന പ്രയാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഗ്രാമവാസികളായ സ്ത്രീകൾ ഒരുപാട് ദുരിതങ്ങളിലൂടെയാണ് ജീവിതം മുന്നോട്ടു നയിക്കുന്നത്. ഭർത്താവിനോട് ഒന്നും പറയാൻ ധൈര്യമില്ലാതെ അയാൾ വെച്ചുനീട്ടുന്ന ജീവിതം അനുഭവിച്ചു തീർക്കാൻ വിധിക്കപ്പെട്ടവളാണ് അവൾ. ജീവിതത്തിന് കയ്‌പേറെയുണ്ടെങ്കിലും മറ്റു വഴികളില്ലാത്തതിനാൽ സ്വീകരിക്കേണ്ടിവരുന്ന അവസ്ഥ. ഒറ്റമുറിയിൽ ജീവിതം തളയ്ക്കപ്പെട്ട അവസ്ഥ. പലയിടത്തും ഇത്തരം അതിക്രമങ്ങൾ നടക്കുന്നുണ്ട്. സഹിക്ക വയ്യാതെ ഇറങ്ങിപ്പോയാലും ഒടുവിൽ സ്വന്തം ഭർത്താവല്ലേ എന്നു കരുതി തിരിച്ചുവരുന്നവൾ. സമൂഹമാകട്ടെ, നീയൊരു സ്ത്രീയല്ലേ, ക്ഷമിച്ചുകൂടെ എന്നാണ് പറയുക. എല്ലായിടത്തും അവൾക്ക് നീതി നിഷേധിക്കപ്പെടുകയാണ്. ഒറ്റമുറിയിൽ ജീവിതം നരകിച്ചുതീർക്കുകയാണവൾ. ഗത്യന്തരമില്ലാതെ അവൾ രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട്. അവിടെയും അവൾ പരാജയപ്പെടുന്നു. ഒടുവിൽ ഒന്നും ചെയ്യാൻ കഴിയാതെ വരുമ്പോൾ അവളും പ്രതികരിച്ചുതുടങ്ങുകയാണ്.
തിരക്കഥ നന്നായി വായിച്ചു പഠിച്ചതുകൊണ്ടാകണം സുധയെ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞത്. ഓരോ ചെറിയ ഭാവം പോലും തിരക്കഥയിൽ വ്യക്തമായി എഴുതിയിട്ടുണ്ടായിരുന്നു. അതു വായിക്കുമ്പോൾ തന്നെ സുധയെക്കുറിച്ചും അവൾ ജീവിക്കുന്ന ഒറ്റമുറി വീടും മനസ്സിലെത്തുമായിരുന്നു. തിരക്കഥയ്ക്ക് അത്രയേറെ കരുത്തുണ്ടായിരുന്നു.


ഷനിൽ മുഹമ്മദ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച അവരുടെ രാവുകൾ എന്ന ചിത്രത്തിലും വിനീത വേഷമിട്ടിട്ടുണ്ട്. ചിത്രത്തിലെ മെറീന എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
ആദ്യാവസാനമുള്ള ഒരു വേഷം ആദ്യമായി അവതരിപ്പിക്കുന്നത് ഒറ്റമുറി വെളിച്ചത്തിലായിരുന്നു. എന്നാൽ ആ ചിത്രം അംഗീകാരത്തിലേക്കുള്ള ചുവടു വെപ്പാകുമെന്ന് കരുതിയിരുന്നില്ല. മനസ്സിൽ പോലും സങ്കൽപിച്ചിട്ടില്ലാത്ത സമയത്ത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു പുരസ്‌കാരം ലഭിച്ചത്. അവാർഡ് ലഭിച്ചതു തന്നെ അറിയുന്നത് വളരെ വൈകിയായിരുന്നു. സുഹൃത്തുക്കൾ വിളിച്ച് അഭിനന്ദിച്ചപ്പോൾ കളിയാക്കുകയാണെന്നാണ് ആദ്യം കരുതിയത്. തലേന്നത്തെ വാർത്തയിൽ അവാർഡിന്റെ ഫൈനൽ റൗണ്ടിലെത്തിയവരെക്കുറിച്ച് കേട്ടിരുന്നു. ആർക്കൊക്കെ ആയിരിക്കും അവാർഡ് എന്നതിലായിരുന്നു കൗതുകം. കാരണം പരിഗണനയിലുള്ളവരെല്ലാം വർഷങ്ങളായി അഭിനയ രംഗത്തുള്ളവരായിരുന്നു. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട പാർവതിയോടൊപ്പം എന്നെയും പരിഗണിച്ചു എന്നതിലായിരുന്നു അത്ഭുതം.
പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന അംഗരാജ്യത്തെ ജിമ്മന്മാർ എന്ന ചിത്രത്തിലാണ് ഒടുവിൽ വേഷമിട്ടത്. നർമ്മത്തിന് പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിൽ ദയമന്തി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
സിനിമാഭിനയം സ്വപ്നം കണ്ടു വളർന്നതല്ലെങ്കിലും ഇപ്പോൾ ഞാൻ സിനിമയെ സ്‌നേഹിച്ചുതുടങ്ങിയിരിക്കുന്നു. മനസ്സിൽ തങ്ങിനിൽക്കുന്നതും അവതരിപ്പിക്കാൻ കഴിയുന്നതുമായ കുറെ കഥാപാത്രങ്ങൾ അവതരിപ്പിക്കണം. എബിക്കു ശേഷം തിരിച്ചുപോകണം. ജോലിയിൽ തുടരണം എന്നായിരുന്നു ചിന്ത. എന്നാൽ അവാർഡ് ലബ്ധിയാണ് മാറ്റി ചിന്തിപ്പിച്ചത്. വീട്ടിലെല്ലാവരും തികഞ്ഞ സഹകരണമാണ് നൽകുന്നത്. അഭിനയത്തിനു പുറമെ യാത്രയും വായനയുമാണ് വിനീതയുടെ ഇഷ്ട വിനോദം.