Wednesday , March   27, 2019
Wednesday , March   27, 2019

ന്യൂസ് ഡെസ്‌കിൽ നിന്ന് സംവിധാനത്തിലേക്ക് 

വി.സി. അഭിലാഷ്

ഇന്ദ്രൻസ് ചേട്ടനുമൊത്തുള്ള നിമിഷങ്ങളെക്കുറിച്ച് പറയുമ്പോൾ അഭിലാഷിന്റെ മുഖത്ത് ഏറെ സന്തോഷം. ഓരോ രംഗത്തും ആവശ്യമുള്ള മാനറിസങ്ങളാണ് അദ്ദേഹം നൽകിയത്. സീനിയറായ  ഒരു നടനാണ് അദ്ദേഹം. കൂടുതൽ പറഞ്ഞ് അദ്ദേഹത്തിന് അസഹിഷ്ണുത വരാത്ത രീതിയിലായിരുന്നു ഞങ്ങളുടെ പെരുമാറ്റം. എങ്കിലും അദ്ദേഹം പരമാവധി സഹകരിച്ചു.

 

ഓട്ടൻതുള്ളൽ കലാകാരനായ പപ്പു പിഷാരടിയുടെ ജീവിതമാണ് ആളൊരുക്കം എന്ന ചിത്രം. പപ്പു പിഷാരടിയായി വേഷമിട്ട ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച ചിത്രം കൂടിയാണ് ആളൊരുക്കം. ജനയുഗം ദിനപത്രത്തിലെ സബ് എഡിറ്ററായ വി.സി. അഭിലാഷ്  രചനയും സംവിധാനവും നിർവ്വഹിച്ച ആളൊരുക്കത്തിന് തിയേറ്ററിൽ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
എന്നാൽ അതിനു മുൻപു തന്നെ ആളൊരുക്കം വാർത്തകളിൽ നിറയുകയാണ്. സംവിധായകൻ സനൽ ശശിധരനാണ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഇന്ദ്രൻസിനേക്കാൾ മികച്ച അഭിനയം കാഴ്ചവെച്ച നടന്മാരുണ്ടായിട്ടും അവാർഡ് നൽകിയതിൽ പൊരുത്തക്കേടുണ്ടെന്ന് പറഞ്ഞത്. പോയ വർഷങ്ങളിൽ അദ്ദേഹം അവാർഡിന് അർഹനായിട്ടും നൽകാതെ പോയതിലുള്ള മനോവിഷമമാണ് ഈ വർഷം അവാർഡ് നൽകിയതിനു പിന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.


എന്നാൽ ഇത്തരം വാദങ്ങൾ ബാലിശമാണെന്നും ആളൊരുക്കം എന്ന ചിത്രം അദ്ദേഹം കണ്ടിട്ടില്ലെന്നും അഭിലാഷ് പറയുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഇന്ദ്രേട്ടന്റെയും എന്റേയും സുഹൃത്താണദ്ദേഹം. സംഗതി വിവാദമാകുമെന്നു വന്നപ്പോൾ അദ്ദേഹം മാപ്പു പറയുകയും നാക്കുപിഴയാണെന്ന് പറഞ്ഞ് പിൻവാങ്ങുകയും ചെയ്തിരുന്നു.
ഒൻപതു തിയേറ്ററുകളിൽ മാത്രമേ ആളൊരുക്കം പ്രദർശനത്തിനെത്തിയുള്ളൂവെങ്കിലും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംവിധായകൻ പറയുന്നു. തിരുവനന്തപുരം കലാഭവനിൽനിന്നും ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരും നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തയാഴ്ച കൂടുതൽ തിയേറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
''ഓർമ്മവെച്ച കാലം മുതൽ സിനിമ ഒരു സ്വപ്നമായി കൊണ്ടുനടക്കുകയായിരുന്നു. അതിനിടയിൽ മാധ്യമപ്രവർത്തകനായത് ഉപജീവനത്തിനായിരുന്നു. എല്ലാത്തരം സിനിമകളും കാണാറുണ്ടായിരുന്നു. തിരുവനന്തപുരത്തെ ചലച്ചിത്ര മേളകളിലും സ്ഥിരം സാന്നിധ്യമാകാറുണ്ട്.'' അഭിലാഷ് പറഞ്ഞുതുടങ്ങുന്നു.


സിനിമയെ ഒരു പാഷനായാണ് കണ്ടത്. സംവിധാനം പഠിക്കാനുള്ള അവസരങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഒരു സിനിമയിൽ മൂന്നു ദിവസം സഹസംവിധായകനായ അനുഭവമുണ്ടായിരുന്നു. മനസ്സിൽ രൂപപ്പെട്ട ചില കഥകൾ മികച്ച രീതിയിൽ പ്രേക്ഷകർക്കു മുന്നിലെത്തിക്കണമെന്ന ചിന്തയാണ് സംവിധായകത്തൊപ്പി അണിയാൻ പ്രേരിപ്പിച്ചത്. ജോളി ലോനപ്പൻ എന്ന നിർമ്മാതാവിനെ ലഭിച്ചതോടെ സ്വപ്നം സാഫല്യത്തിലേയ്ക്കു നീങ്ങുകയായിരുന്നു. എന്റെ കഥ അദ്ദേഹത്തിന് ഇഷ്ടമായതോടെ ഒരുക്കങ്ങൾ തുടങ്ങി.
ഓട്ടൻതുള്ളൽ കലാകാരനായിരുന്ന പപ്പു പിഷാരടിയുടെ ഓർമ്മകളിലൂടെയാണ് കഥ വികസിക്കുന്നത്. അദ്ദേഹത്തിന്റെ മകൻ പതിനാറു വർഷം മുൻപ് നാടുവിട്ടുപോയിരുന്നു. ഭാര്യയും മകളും കൂടെയുണ്ടായിരുന്നതിനാൽ മകന്റെ തിരോധാനം പപ്പു പിഷാരടിയെ വേദനിപ്പിച്ചില്ല. എന്നാൽ ഭാര്യയെയും മകളെയും നഷ്ടപ്പെട്ടപ്പോൾ അദ്ദേഹം മകനു വേണ്ടി അലയാൻ തുടങ്ങി. മകനെ അന്വേഷിച്ച് നഗരത്തിലെത്തിയ അദ്ദേഹം ക്ഷീണിച്ചുവലഞ്ഞ് തെരുവു വിളക്കിന്റെ ചുവട്ടിൽ കിടക്കുന്നതു കണ്ട് ആരോ ആശുപത്രിയിലെത്തിക്കുന്നു. അവിടത്തെ ഡോക്ടറും സുഹൃത്തുക്കളും മകനെ കണ്ടെത്താൻ പപ്പു പിഷാരടിയെ സഹായിക്കുന്നു. തുടർന്നുള്ള സംഭവങ്ങളാണ് ആളൊരുക്കത്തിന്റെ കഥാതന്തു.


ആളൊരുക്കത്തിന്റെ കഥ മനസ്സിൽ രൂപപ്പെട്ടപ്പോൾ ഇന്ദ്രൻസ് ചേട്ടനായിരുന്നില്ല മനസ്സിൽ. എന്നാൽ ഇന്ദ്രൻസിന്റെ ശാരീരിക പ്രത്യേകതകളാണ് അദ്ദേഹത്തിലെത്തിച്ചത്. പിന്നീട് അദ്ദേഹത്തെ മനസ്സിൽ കണ്ട് കഥ ചിട്ടപ്പെടുത്തുകയായിരുന്നു. ഓട്ടൻതുള്ളൽ കലാകാരന്മാരുടെ ശാരീരിക പ്രത്യേകതകൾ നന്നായി യോജിക്കുന്ന വ്യക്തിയാണ് ഇന്ദ്രൻസ് ചേട്ടൻ. കൂടാതെ ആക്ഷേപ ഹാസ്യം നിഴലിച്ചുനിൽക്കുന്ന ഒരു മുഖമാണ് അദ്ദേഹത്തിന്. ഓട്ടൻതുള്ളൽ അവതരിപ്പിക്കാനും അദ്ദേഹത്തിന്റെ ശാരീരിക ഭാവം അനുയോജ്യമായിരുന്നു.
കഥ പറഞ്ഞപ്പോൾ അദ്ദേഹം യാതൊരു എതിർപ്പുമില്ലാതെ സമ്മതിക്കുകയായിരുന്നു. ഒരു കുഴപ്പവുമില്ല. അവതരിപ്പിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ ധൈര്യവും ആത്മവിശ്വാസവുമാണ് ഞങ്ങൾക്ക് കരുത്തായത്. കലാമണ്ഡലം നിഖിലാണ് ഇന്ദ്രൻസ് ചേട്ടനെ ഓട്ടൻതുള്ളൽ പരിശീലിപ്പിച്ചത്. ഹനുമാന്റെ സഭാപ്രവേശമാണ് അദ്ദേഹം ഓട്ടൻതുള്ളലായി അവതരിപ്പിച്ചത്. കലാമണ്ഡലം നാരായണൻ, കലാമണ്ഡലം നയനൻ എന്നിവർ ചേർന്ന് ലൈവായാണ് തുള്ളൽപാട്ട് പാടിയത്.


ഇന്ദ്രൻസ് ചേട്ടനുമൊത്തുള്ള നിമിഷങ്ങളെക്കുറിച്ച് പറയുമ്പോൾ അഭിലാഷിന്റെ മുഖത്ത് ഏറെ സന്തോഷം. ഓരോ രംഗത്തും ആവശ്യമുള്ള മാനറിസങ്ങളാണ് അദ്ദേഹം നൽകിയത്. സീനിയറായ ഒരു നടനാണ് അദ്ദേഹം. കൂടുതൽ പറഞ്ഞ് അദ്ദേഹത്തിന് അസഹിഷ്ണുത വരാത്ത രീതിയിലായിരുന്നു ഞങ്ങളുടെ പെരുമാറ്റം. എങ്കിലും അദ്ദേഹം പരമാവധി സഹകരിച്ചു. ചില രംഗങ്ങൾ അവതരിപ്പിച്ചതിനു ശേഷം ശരിയായില്ലെങ്കിൽ ഒന്നുകൂടി നോക്കാമെന്നു പറഞ്ഞ് വീണ്ടും അവതരിപ്പിക്കാൻ അദ്ദേഹം തയ്യാറാകും. ആ മനസ്സിലെ ലാളിത്യമാണ് എല്ലാവരേയും ആകർഷിച്ചത്. ഒരു മഴ സീൻ ചിത്രീകരിച്ചു കഴിയുമ്പോഴേക്കും പുലർന്നിരുന്നു. അതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഷോട്ട്. എന്നാൽ വീട്ടിൽ പോയി വരാതെ അവിടെതന്നെ ഒരു സ്റ്റൂളിലിരുന്ന് അദ്ദേഹം ഉറങ്ങുകയായിരുന്നു. അദ്ദേഹത്തെപ്പോലെ സീനിയറായ ഒരു നടൻ ഇത്തരത്തിൽ സഹകരിക്കുന്നതു കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.


മികച്ച സിനിമയ്ക്കുള്ള അംഗീകാരത്തിന് ആളൊരുക്കം പരിഗണിക്കപ്പെടുമെന്ന് കരുതിയതല്ല. എന്നാൽ ഇന്ദ്രൻസ് ചേട്ടന്റെ മികച്ച പ്രകടനം വിലയിരുത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ അസ്ഥാനത്തായില്ല. സംസ്ഥാന പുരസ്‌കാരം ലഭിച്ചതിനു ശേഷമാണ് ഈയൊരു ചിത്രത്തെക്കുറിച്ച് ജനങ്ങൾ അറിഞ്ഞു തുടങ്ങുന്നതു തന്നെ. എന്തായാലും അംഗീകാരം ലഭിച്ചതോടെ സിനിമയെ മറ്റൊരു തലത്തിലാണ് എല്ലാവരും നോക്കിക്കാണുന്നത്. അവാർഡ് ലഭിച്ചെന്നു കരുതി ഇതൊരു അവാർഡ് സിനിമയല്ല. കൊമേഴ്‌സ്യൽ ചിത്രമാണ് ആളൊരുക്കം. ഇന്ദ്രൻസ് ചേട്ടൻ മാത്രമല്ല, മനസ്സിൽ മായാതെ നിൽക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ആദ്യ ചിത്രത്തിന് അവാർഡ് ലഭിച്ചതോടെ ഒട്ടേറെ അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എങ്കിലും മറ്റൊരു ചിത്രത്തിന്റെ പണിപ്പുരയിലാണിപ്പോൾ. ഓഗസ്റ്റ് മാസത്തോടെ ചിത്രീകരണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂർണമായും ഒരു കൊമേഴ്‌സ്യൽ ചിത്രമായിരിക്കുമത്.
തിരുവനന്തപുരത്തിനടുത്ത് നെടുമങ്ങാടാണ് അഭിലാഷിന്റെ സ്വദേശം. വിജയകുമാർ-ചന്ദ്രിക ദമ്പതികളുടെ മകനാണ്. അഭിലാഷിന്റെ ഭാര്യ രാഖി കൃഷ്ണ പഞ്ചായത്ത് വകുപ്പിൽ ഉദ്യോഗസ്ഥയാണ്.