Wednesday , March   27, 2019
Wednesday , March   27, 2019

വ്യത്യസ്തതയോടെ മിനിക്കോയ് 

കേരളത്തിന്റെ പടിഞ്ഞാറെ അതിർത്തിയായ അറബിക്കടലിൽ കേരള തീരത്തിന് സമാന്തരമായി ചിതറിക്കിടക്കുന്ന ദ്വീപു സമൂഹമാണ് ലക്ഷദ്വീപ്. ലക്ഷദ്വീപുകളിൽ എറ്റവും തെക്കെ അറ്റത്തുള്ള മിനിക്കോയ് പലതുകൊണ്ടും മറ്റു ദ്വീപുകളിൽ നിന്ന് വ്യത്യസ്തമാണ്. പത്ത് കിലോമീറ്റർ നീളവും 440 ചതുരശ്ര കിലോമീറ്റർ വിസ്തീർണവുമുള്ള ഈ ദ്വീപ് ലക്ഷദ്വീപുകളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനത്തു കിടക്കുന്നു. ഇതിന്റെ സ്ഥാനം കോഴിക്കോട്ടു നിന്ന് 444 കിലോമീറ്റർ അകലെയാണ്. ഏതാണ്ട് ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഈ ദ്വീപിന്റെ പശ്ചിമ ഭാഗത്ത് ഏകദേശം 44 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള അതിവിശാലമായ ലഗൂൺ സ്ഥിതി ചെയ്യുന്നു. 


മറ്റു ദ്വീപുകളിൽ നിന്ന് വ്യത്യസ്തമായ സാംസ്‌കാരിക പശ്ചാത്തലമുള്ളതാണ് മിനിക്കോയി. അതിന്റെ ഭൂമി ശാസ്ത്രപരമായ കിടപ്പ് ഇതിന് ഒരു പ്രധാന കാരണമാണ്. തൊട്ടടുത്ത രാജ്യം മാലിയാണ്. മാലിദ്വീപ് സമൂഹത്തിലെ ഏറ്റവും വടക്കുള്ള ദ്വീപിൽ നിന്ന് മിനിക്കോയി ദ്വീപിലേക്ക് കേവലം 80 കിലോമീറ്റർ ദൂരമേയുള്ളൂ.  അതുകൊണ്ടു തന്നെ അവർ മറ്റു ദ്വീപുകളിൽ നിന്ന് ഭിന്നമായി മാലിസംസ്‌കാരം സ്വീകരിക്കുകയാണുണ്ടായത്. 


പുരുഷൻമാരേക്കാൾ സ്ത്രീകൾ ഉള്ള ദ്വീപാണിത്. ഇക്കാരണത്താൽ മിനിക്കോയി സ്ത്രീകളുടെ ദ്വീപായി അറിയപ്പെടുന്നു. മിനിക്കോയിക്ക് മാത്രമുള്ള ഭാഷയാണ് മഹൽ. അത് മാലിഭാഷയോട് വളരെ സാദൃശ്യമുള്ളതാണ്. മറ്റു ദ്വീപുകളിൽ മലയാളത്തോട് അടുത്തു നിൽക്കുന്ന 'ജസരി' യാണ് സംസാര ഭാഷ. മഹലിനെ സംബന്ധിച്ചിടത്തോളം മിനിക്കോയിലും മാലിദ്വീപിലുമൊഴിച്ച് ഇന്ത്യയിൽ മറ്റൊരിടത്തും ഈ ഭാഷ പ്രചാരത്തിലില്ല. മലയാളവുമായി യാതൊരു ബന്ധവുമില്ലാത്ത മഹൽ വലത്തു നിന്ന് ഇടത്തോട്ടാണ് എഴുതുന്നത്. ഉറുദുവും സിംഹളവും കലർന്നതാണ് മഹൽ. ഒരു കാലത്ത് സിംഹള ദ്വീപിൽ നിന്ന് കുടിയേറിപ്പാർത്തവരാണ് ഈ ദ്വീപുവാസികൾ എന്നതിന് ചരിത്രപരമായ ഒരു തെളിവു കൂടിയാണിത്.
ലക്ഷദ്വീപിൽ ആദ്യമായി 1990 ഫെബ്രുവരിയിൽ സമ്പൂർണ്ണ സാക്ഷരത കൈവരിച്ചത് മിനിക്കോയിയാണ്. അതോടൊപ്പം അവർ ബഹുഭാഷാ ജ്ഞാനികളുമാണ്. മഹലിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, മലയാളം, അറബ് എന്നീ ഭാഷകളിൽ കൂടി അവർ സാക്ഷരരാണ്. 


ഇവിടെ പത്തു ഗ്രാമങ്ങളാണുള്ളത്. ഓരോ ഗ്രാമത്തിലേയും സ്ത്രീ പുരുഷൻമാർക്കും കുട്ടികൾക്കും പ്രത്യേകം പ്രത്യേകം സംഘടനകളുണ്ട്. സാമൂഹ്യ ജീവിതത്തിലും സംഘടനയിലുമുള്ള ഇവരുടെ വിശ്വാസമാണ് ഇത്തരം സ്ഥാപനങ്ങളിലൂടെ വ്യക്തമാവുന്നത്. അധ്വാനത്തിലും അച്ചടക്കത്തിലുമാണവർ സംതൃപ്തി കണ്ടെത്തുന്നത്. 
പ്രാകൃത നിയമങ്ങൾ നിലവിലുണ്ടായിരുന്ന ഒരു കാലഘട്ടത്തെ കുറിച്ച് മിനിക്കോയിക്കാർ ഇന്നും ഓർക്കുന്നു. അന്ന് വസൂരി ബാധിച്ചാൽ രോഗിയെ ഉടനെ തന്നെ മനുഷ്യ വാസമില്ലാത്ത വിരിംഗിളി എന്നു പേരായ ദ്വീപിലേക്കു മാറ്റുമായിരുന്നു. അതുകൊണ്ട് ഈ ദ്വീപിനെ വസൂരി ദ്വീപെന്ന് വിളിച്ചു പോന്നു. 


മരുമക്കത്തായം നിലവിലുള്ള മിനിക്കോയിയിലെ വിവാഹ രീതികളും പുതുമകൾ നിറഞ്ഞതാണ്. സ്ത്രീധനം നിലവിലില്ല എന്നു മാത്രമല്ല അത് നിഷിദ്ധമാണെന്ന് അവർ വിശ്വസിക്കുകയും  ചെയ്യുന്നു. വിവാഹം ലളിതമായ ചടങ്ങാണ്. വിവാഹവുമായി ബന്ധപ്പെട്ട സകലമാന ചെലവുകളും വഹിക്കുന്നത് വരനാണ്. ഏതു പെൺകുട്ടിക്കും അനുയോജ്യനായ വരനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിവാഹത്തിനു മുന്നെ തന്നെ പരസ്പരം പരിചയപ്പെടുന്നതിനും മനസ്സിലാക്കുന്നതിനും സഹായകമായ സാഹചര്യങ്ങൾ ഇവിടുത്തെ ആചാര മര്യാദകൾ ഇരുകൂട്ടർക്കും നൽകുന്നു.
വരൻ വധുവിന് മഹർ നൽകണം. ഖത്തീബ് വിവാഹം നടത്തിക്കൊടുക്കുന്നു. മിനിക്കോയിയിൽ പണ്ടു മുതൽക്കു തന്നെ ശൈശവ വിവാഹം അനുവദിച്ചിരുന്നില്ല. ബഹുഭാര്യത്വം ഇല്ലെന്നു തന്നെ പറയാം. വിവാഹ മോചനം വളരെ അപൂർവ്വമാന്ന്. സ്ത്രീകൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുന്നു. അതിഥി സൽക്കാരത്തിൽ അതീവ തൽപരരാണവർ. പ്രേമ വിവാഹവും സാധാരണമാണ്.


മിനിക്കോയിക്കാരുടെ വേഷവും മറ്റുള്ള ദ്വീപുകാരിൽ നിന്ന് വ്യത്യസ്തമാണ്. സാധാരണ പുരുഷൻമാർ ഒരു മുണ്ടും രണ്ടാം മുണ്ടും സ്ത്രീകൾ കറുത്ത കാച്ചിയും വെളുത്ത കുപ്പായവും ധരിക്കുന്നു. ചിലർ ളോഹ പോലെ കഴുത്തു മുതൽ കണങ്കാൽ വരെ മുട്ടുന്ന ഉടുപ്പും ധരിക്കുന്നു. ഈ ഉടുപ്പിന് ലിബാസ് എന്ന് പറയുന്നു. തലയിൽ കറുത്ത നിറമുള്ള മക്കന (സ്‌കാർഫ്) ധരിക്കുന്നു. ഇതിനു പുറമെ ആധുനിക വസ്ത്രധാരണ രീതികളും ഇപ്പോൾ ഇവിടെ പ്രചാരത്തിലുണ്ട്. എങ്കിലും ദ്വീപിന്റെ തനിമ നിലനിർത്താൻ വെമ്പൽ കൊള്ളുന്ന ഒരു വിഭാഗത്തെ ഇവിടെ കാണാം.