Tuesday , February   19, 2019
Tuesday , February   19, 2019

നാളികേര ഉൽപാദനം കുറഞ്ഞു;  കൊപ്രയാട്ട് വ്യവസായികൾ സമ്മർദത്തിൽ

കൊച്ചി- നാളികേര ഉൽപാദനം പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞത് കൊപ്രയാട്ട് വ്യവസായികളെ സമ്മർദത്തിലാഴ്ത്തി. വ്യാവസായിക ഡിമാന്റ് മങ്ങിയത് റബറിന്റെ മുന്നേറ്റത്തിന് തടസ്സമായി. ഗൾഫ് ഓർഡർ എത്തിയിട്ടും ചുക്ക് വില ഉയർന്നില്ല. ഉത്തരേന്ത്യൻ ആവശ്യം കുറഞ്ഞത് കുരുമുളകിന് തിരിച്ചടിയായി. സ്വർണ വില കയറയിറങ്ങി.
ദക്ഷിണേന്ത്യയിൽ നാളികേരോൽപാദനം കുറയുമെന്ന ആശങ്കയിലാണ് കൊപ്രയാട്ട് മില്ലുകാർ. വിളവെടുപ്പ് വേളയാണെങ്കിലും തേങ്ങ ക്ഷാമം കൊപ്ര കളങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചു. മുംബൈയിലെ വൻകിട മില്ലുകാർ വില ഇടിക്കാൻ പതിവ് പോലെ ശ്രമം നടത്തിയെങ്കിലും അവരുടെ നീക്കങ്ങൾ വിജയിച്ചില്ല. വാരാരംഭത്തിൽ 17,700 ൽ നീങ്ങിയ വെളിച്ചെണ്ണ പിന്നീട് 18,200 ലേക്ക് ഉയർന്നു. ഇതിനിടയിൽ മില്ലുകാരിൽ നിന്നുള്ള ഡിമാന്റിൽ കൊപ്ര 11,860 ൽ നിന്ന് 12,180 രൂപയായി. വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ റെക്കോർഡ് പ്രകടനങ്ങൾക്ക് സാധ്യത തെളിയുന്നു. അടുത്ത മാസം തമിഴ്‌നാട്ടിൽ വിളവെടുപ്പ് ഊർജിതമാകും. ഉൽപാദനം പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞാൽ വിലക്കയറ്റത്തിന് വേഗത വർധിക്കാം.
പകൽ താപനില വീണ്ടും ഉയർന്നത് റബർ വെട്ടിനുള്ള സാധ്യതകൾക്ക് മങ്ങലേൽപിച്ചു. വേനൽ മഴയുടെ വരവ് ടാപ്പിങ് പുനരാരംഭിക്കാൻ അവസരം ഒരുക്കുമെന്ന നിഗമത്തിലായിരുന്നു ഒരു വിഭാഗം കർഷകർ. കാലാവസ്ഥ മാറ്റം പക്ഷേ വ്യവസായികളിൽ കാര്യമായ സ്വധീനം ചെലുത്തിയില്ല. മുഖ്യ വിപണികളിൽ ഷീറ്റിനും ലാറ്റക്‌സിനും ക്ഷാമമുണ്ടായിട്ടും വില ഉയർന്നില്ല. ടയർ നിർമ്മാതാക്കളും ഉത്തരേന്ത്യൻ വ്യവസായികളും വിലക്കയത്തെ പിടിച്ചു നിർത്താൻ പല അവസരത്തിലും ശ്രമം നടത്തി. നാലാം ഗ്രേഡ് റബർ 12,200 നും അഞ്ചാം ഗ്രേഡ് 12,000 രൂപയ്ക്കും കൈമാറ്റം നടന്നു. അന്താരാഷ്ട്ര റബർ മാർക്കറ്റിലെ തളർച്ച തുടരുകയാണ്. നിക്ഷേപകരെ പുതിയ വാങ്ങലുകൾക്ക് ഉത്സാഹിക്കാതെ വിപണിയുടെ ചലനങ്ങൾ നിരീക്ഷിക്കുകയാണ്. ടോക്കോമിൽ ഓപറേറ്റർമാർ കരുതലോടെയാണ് നീക്കങ്ങൾ നടത്തുന്നത്. ക്രൂഡ് ഓയിലിന് നേരിട്ട തളർച്ചയും റബറിന്റെ ലഭ്യത ഉയരുമെന്ന വിലയിരുത്തലുകളും മുന്നേറ്റത്തെ ബാധിച്ചു. 
വരൾച്ച രൂക്ഷമായതോടെ ഏലക്ക വില പുതിയ ഉയരങ്ങളിലേക്ക് സഞ്ചരിച്ചു. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ലേലത്തിൽ ചരക്ക് സ്വന്തമാക്കാൻ മത്സരിച്ചതോടെ മികച്ചയിനങ്ങളുടെ നിരക്ക് കിലോ 1523 രൂപ വരെ കയറി. പെടുന്നനെയുണ്ടായ വിലക്കയറ്റം സ്‌റ്റോക്കിസ്റ്റുകളിൽ പ്രതീക്ഷ പകർന്നു. എന്നാൽ പിന്നീട് നടന്ന പല ലേലങ്ങളിലും 1300 റേഞ്ചിനെ ചുറ്റിപ്പറ്റിയാണ് ലേലം നടന്നത്.
കുരുമുളകിന് ഉത്തരേന്ത്യൻ ആവശ്യം കുറഞ്ഞത് ഉൽപന്ന വില കുറച്ചു. സംസ്ഥാനത്തെ പ്രമുഖ വിപണികളിൽ വിൽപന സമ്മർദ്ദമില്ലെങ്കിലും കർണാടകം പുതിയ ചരക്ക് വില കുറച്ച് വിൽപനക്ക് ഇറക്കി. സാർവദേശീയ വിപണിയിൽ മലബാർ മുളകിന് അന്വേഷണങ്ങളില്ല. മലബാർ മുളക് വില ടണ്ണിന് 6000 ഡോളറിന് മുകളിലാണ്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 38,300 രൂപയിൽ നിന്ന് 37,600 രൂപയായി. 
കേരളത്തിൽ സ്വർണ വില ചാഞ്ചാടി. ആഭരണ കേന്ദ്രങ്ങളിൽ പവൻ 22,600 രൂപയിൽ നിന്ന് 22,840 രൂപ വരെ ഉയർന്നെങ്കിലും പിന്നീട് നിരക്ക് 22,760 ലേക്ക് താഴ്ന്നു. രാജ്യാന്തര വില ട്രോയ് ഔൺസിന് 1334 ഡോളർ.  
 

Latest News