Wednesday , March   27, 2019
Wednesday , March   27, 2019

സാധ്യതകളിലേക്ക് വഴി തുറന്ന്   വ്യവസായ സൗഹൃദ നിയമം  

വ്യവസായ ലൈസൻസിന്  അപേക്ഷിക്കുന്നവർക്ക് 30 ദിസത്തിനകം അത് ലഭിച്ചില്ലെങ്കിൽ ലൈസൻസ് കിട്ടിയതായി കണക്കാക്കുമെന്നതുൾപ്പെടെ മനുഷ്യപ്പറ്റുള്ള പല വ്യവസ്ഥകളും ബില്ലിലുണ്ട്.

തിരുവനന്തപുരം- കേരളത്തിന്റെ  നിക്ഷേപ സാധ്യതകളിലേക്ക് വലിയ തോതിൽ  വഴി തുറക്കുന്നതാകും  കഴിഞ്ഞ ദിവസം കേരള നിയമസഭ പാസാക്കിയ 2018 ലെ  കേരള നിക്ഷേപം  പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ബില്ലെന്ന് വ്യവസായ രംഗത്തുള്ളവർ പ്രതീക്ഷിക്കുന്നു.   വ്യവസായ ലൈസൻസിന്   അപേക്ഷിക്കുന്നവർക്ക്  30 ദിസത്തിനകം അത് ലഭിച്ചില്ലെങ്കിൽ ലൈസൻസ് കിട്ടിയതായി കണക്കാക്കുമെന്നതുൾപ്പെടെ മനുഷ്യപ്പറ്റുള്ള പല വ്യവസ്ഥകളും  ബില്ലിലുണ്ട്.  വ്യവസായവൽക്കരണമല്ലാതെ മറ്റൊരു വഴിയും കേരള സമൂഹത്തിന് മുന്നിൽ ഇനിയില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ഇത്തരമൊരു നിയമം. ലോക കേരള സഭയയിലെ ചർച്ചകളും നിയമ നിർമ്മാണത്തിന് ഊർജം പകർന്നു. 
കേരളത്തിൽ വ്യവസായം തുടങ്ങുന്നതിനുള്ള എല്ലാ നടപടി ക്രമങ്ങളും ലളിതവും സുഗമവുമാക്കുന്നതിനുദ്ദേശിച്ചുള്ളതാണ് നിയമമെന്നാണ് സർക്കാർ  വ്യക്തമാക്കുന്നത്.  പോയ രണ്ട് വർഷങ്ങൾക്കുള്ളിൽ 9127 കോടിയുടെ നിക്ഷേപം കൊണ്ടുവരാൻ കേരളത്തിന് കഴിഞ്ഞതായി ബിൽ ചർച്ചക്ക് നിയമസഭയിൽ മറുപടി  പറഞ്ഞ വ്യവസായ മന്ത്രി എ.സി മൊയ്തീൻ അറിയിച്ചത്. കിൻഫ്ര, കെ.എസ്.ഐ.ഡി.സി, ചെറുകിട മേഖല എന്നിവ വഴിയാണ് ഇത്രയും നിക്ഷേപം സാധ്യമായത്. നിയമ മാറ്റം ഈ രംഗത്തെല്ലാം വലിയ പരിവർത്തനം  കൊണ്ടുവരുമെന്ന് മന്ത്രി പ്രതീക്ഷിക്കുന്നു. 
വ്യവസായവൽക്കരണത്തിന്റെ വഴിയിൽ വലിയ തടസ്സങ്ങളായി നിലനിന്നിരുന്ന ഏഴ് നിയമങ്ങളാണ് ബില്ലിലൂടെ ഭേദഗതി ചെയ്യപ്പെട്ടത്.  58 കൊല്ലം പഴക്കമുള്ള കേരള ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, 40 കൊല്ലമായി നിലനിൽക്കുന്ന കേരള ഹെഡ്‌ലോഡ് വർക്കേഴ്‌സ് ആക്ട് എന്നിവയും ഭേദഗതി വരുത്തിയ നിയമങ്ങളിൽ ഉൾപ്പെടുന്നു. 
വ്യവസായിക്ക് കയറ്റിറക്കിനായി  സ്വന്തം തൊഴിലാളികളെ നിയോഗിക്കാമെന്ന വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും തൊഴിലാളി യൂനിയനുകളുടെ ഒറ്റക്കെട്ടായ എതിർപ്പിനെ തുടർന്ന്  ആ ഭാഗം പിൻവലിക്കേണ്ടി വരികയായിരുന്നു.   നിയമത്തിലെ ഇപ്പറഞ്ഞ വ്യവസ്ഥ ഒഴിവാക്കിയില്ലെങ്കിൽ ലഭിക്കുമായിരുന്ന അധിക സാധ്യതകൾ വേണ്ടെന്ന് വെക്കുയല്ലാതെ സർക്കാരിന് മുന്നിൽ മറ്റ് വഴികളൊന്നുമുണ്ടായിരുന്നില്ല. യന്ത്രസഹായത്തോടെ നടത്തേണ്ടതും, പ്രത്യേക നൈപുണ്യം ആവശ്യമുള്ളതുമായ കയറ്റിറക്ക് തൊഴിലിന് മാത്രം സ്വന്തം തൊഴിലാളികളെ നിയമിക്കാമെന്നാണ് മാറ്റം വരുത്തിയ വ്യവസ്ഥ. നിക്ഷേപ രംഗത്തിന്റെ എല്ലാ കാലത്തെയും ശത്രുവായ നോക്കു കൂലി പൂർണമായി ഇല്ലാതാക്കാൻ ഈ വ്യവസ്ഥക്ക്  സാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ചുമട്ടു തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രചാരണം കൂടുതലും അതിശയോക്തിപരമാണെന്നതാണ് സർക്കാർ സമീപനം.
വ്യവസായ സ്ഥാപനങ്ങൾക്ക് ഭൂജലമെടുക്കാൻ ലൈസൻസ് വേണ്ട എന്ന നിർദ്ദേശവും  വിഷയ നിർണയ സമിതിക്ക് വിടുന്നതിന് മുമ്പുള്ള ബില്ലിൽ വ്യവസ്ഥ ചെയ്തിരുന്നു.  വലിയ തോതിൽ എതിപ്പ് നേരിട്ട വ്യവസ്ഥയായിരുന്നു അത്. ഭൂജലം എടുക്കുന്നവർ ജലം ശുദ്ധീകരിക്കാനും പുനരുപയോഗിക്കാനും ലൈസൻസ് നേടണമെന്നതാണ് പുതിയ മാറ്റം.
വ്യവസായത്തിന് അനുമതി നൽകുന്നതിന് ഏക ജാലക ബോർഡ് നിലവിൽ വരും. പ്രസ്തുത ബോർഡിന്റെ അനുമതി എല്ലാ വകുപ്പുകൾക്കും ബാധകമാകും. ലൈസൻസിനെല്ലാം പൊതു അപേക്ഷ ഫോം നിലവിൽ വരും.  ഏക ജാലക സെല്ലുകളെല്ലാം പഴയ രീതിയിലുള്ളതു തന്നെ. ജില്ലാ തലത്തിലും  സംസ്ഥാന തലത്തിലും അവ നിലവിലുണ്ടാകും.  എല്ലാ സെല്ലുകളിലും മുഖ്യ വകുപ്പുകളുടെയെല്ലാം പ്രതിനധികളുണ്ടാകും. 15 കോടിയുടെ വരെ നിക്ഷേപത്തിന് അനുമതി നൽകാൻ ഏക ജാലക സംവിധാനത്തിനധികാരമുണ്ട്. നേരത്തെ ഇത് 10 കോടിയായിരുന്നു.  ഏകജാലക സംവിധാനത്തിന് കൂടുതൽ ശക്തി നൽകുന്നതാണ് നിയമം.
തദ്ദേശ സ്ഥാപനം, മലിനീകരണ നിയന്ത്രണ ബോർഡ്, അഗ്നിശമന വിഭാഗം, കെട്ടിട നിർമ്മാണ അനുമതി നൽകേണ്ട വിഭാഗം എന്നിവക്ക് സ്വയം സാക്ഷ്യമോ, മറ്റൊരു ഏജൻസിയുടെ സാക്ഷ്യമോ മതി. തെറ്റായ വിവരം നൽകിയാൽ അഞ്ച് ലക്ഷമാണ് പിഴ ശിക്ഷ.
വ്യവസ്ഥാ ലംഘകർക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ സമയമനുവദിക്കും. തിരുത്തൽ നടപടി വരുത്താൻ സമയം അനുവദിച്ച ശേഷമേ സ്റ്റോപ്പ് മെമ്മോയിലേക്ക് കടക്കുകയുളളൂ. ലൈസൻസ് നൽകുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപന ഭരണ സമിതികളിൽ നിന്ന് സെക്രട്ടറിമാരിലേക്ക് കൈമാറിയിട്ടുണ്ട്.