Wednesday , March   27, 2019
Wednesday , March   27, 2019

വിഡ്ഢികളുടെയും 'കപ്പ'ത്തിന്റെയും കാലം

എന്താണ് ഈ 'മുന്നണി മര്യാദ'? നീലക്കൊടുവേലി പോലെ അപൂർവ സാധനം വല്ലതുമാണോ? ചില ജനുസ്സുകളും ദ്വീപുകളും പോലും പ്രത്യക്ഷമാകാറുണ്ട്. വാക്കുകളിലുമുണ്ട് അത്തരം ചിലതൊക്കെ. മുന്നണി മര്യാദ അക്കൂട്ടത്തിൽ പെടുന്നു. ഇനിയൊന്നുള്ളത് 'ലെയ്‌സൺ കമ്മിറ്റി'യാണ്. 'മുന്നണി മര്യാദ' അപ്രത്യക്ഷമാകുമെന്ന സംശയം എന്തുകൊണ്ടാണെന്നോ? ഗ്രഹണ സമയത്തു നാഞ്ഞൂലും തല പൊക്കും എന്നു പറഞ്ഞ മാതിരി, വയനാട്ടിലെ സി.പി.എം ജില്ലാ സെക്രട്ടറി ഗഗാറിൻ ഒരു പ്രസ്താവന വിക്ഷേപിച്ചിരുന്നു- ഇനി വേണ്ടിവന്നാൽ റവന്യൂ വകുപ്പിൽ നേരിട്ട് ഇടപെടും! പോരേ? വകുപ്പ് സി.പി.ഐയുടെ വക. മര്യാദ രാമനായ കാസർകോട്ടുകാരൻ ഇ. ചന്ദ്രശേഖരൻ മന്ത്രി. ശാന്തൻ, നിർമലൻ. ഒന്നു ദേഷ്യം പിടിപ്പിക്കാൻ, കണ്ണൂരിലെ കളരികളിൽ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയതാണ് പിണറായി-കോടിയേരി സഖാക്കൾ. ങേ ഹേ, അനക്കമില്ല. ആ വിദ്വാന്റെ വകുപ്പിലാണ്, ബഹിരാകാശ സഞ്ചാരിയുടെ പേരുകാരനായ ഗഗാറിൻ സഖാവ്, ഇടപെട്ടുകളയുമെന്ന് ഭീഷണി മുഴക്കിയത്. അപ്പോൾ പിന്നെ, 'മുന്നണി മര്യാദ'യുടെ പിണ്ഡമടിയന്തരത്തിന് അധികകാലം വേണ്ടിവരില്ലെന്ന് ഉറപ്പായല്ലോ! വയനാട്ടിൽ തന്നെ, മറ്റു സ്വന്തം സഖാക്കളും, ഘടക കക്ഷി മുതലാളിമാരും നടത്തിപ്പോരുന്ന കയ്യേറ്റങ്ങളും റിസോർട്ട് വ്യാപാരവും കണ്ടിട്ട് സി.പി.ഐക്കാർ മിണ്ടാറില്ലെന്ന് ഓർക്കണം. പ്രത്യുപകരമെന്ന നിലയിൽ മിണ്ടാതെയിരുന്ന് ധാരണയിലെത്തുന്നതാണ് എൽ.ഡി.എഫിന്റെ ആയുസ്സിനും ആരോഗ്യത്തിനും നന്ന്. ഗഗാറിൻ വഴങ്ങിയില്ലെങ്കിൽ ശൂന്യാകാശ പേടകത്തിൽ കയറ്റിവിടാം. ഗഗാറിൻ രണ്ടാമൻ എന്ന് പാർട്ടി ചരിത്രത്തിൽ സ്ഥാനവും നൽകാം.

****  **** ****
പരേതാത്മാവ് ഒരിടത്തും പ്രത്യക്ഷപ്പെടാറില്ല, കാരണം സ്വന്തമായി ഒരു ശരീരമില്ല. എന്നാൽ മരണ ശേഷവും ആത്മാവ് വധിക്കപ്പെടുന്നതിന്റെ ഉദാഹരണങ്ങൾ അനവധിയാണ്. ഏറ്റവും കൂടുതൽ വധിക്കപ്പെട്ട് ഒന്നാം സ്ഥാനത്ത് ഗാന്ധിജി  തന്നെ തുടരുന്നു. പ്രതിമ പൊളിക്കലല്ല, അതു സർവസാധാരണം. തന്റെ ആദർശങ്ങളെ വധിച്ചു സുഖിക്കുന്ന വരെ ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായാവസ്ഥയാണ് ദയനീയം. ഈയിടെ ജവാഹർലാലിനെയും കഷ്ടകാലം പിടികൂടിയിരിക്കുന്നു. നവഭാരത ശിൽപി എന്ന നിലയിൽ നിന്നും പെൺകോന്തനും മദ്യപനും സുഖലോലുപനുമൊക്കെയാക്കി അദ്ദേഹത്തെ വധിക്കാൻ ന്യൂജെൻ പ്രതിയോഗികൾ യു ട്യൂബ് വഴി കുറേക്കാലമായി ശ്രമിക്കുന്നു. ഇതിനു പുറമേയാണ് ഒരു നൂതന സംരംഭം. കേന്ദ്ര ഭരണ പാർട്ടിയുടെ കുറച്ചു എം.പിമാർ ഒപ്പിട്ടാണ് വധശ്രമത്തിന്റെ തുടക്കം. ചാച്ചാ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 ൽ നിന്ന് 'ശിശുദിനം' വെട്ടിമാറ്റണം. അത് ഡിസംബർ  26 ൽ  ഒട്ടിച്ചുചേർക്കണം. ഇക്കണക്കിന്. 'തലമാറട്ടെ' എന്ന് കുട്ടികളുടെ ഒരു കഥാപാത്രം പറയുന്നതുപോലെ ചരമദിനം മാറട്ടെ, ഇന്ത്യൻ സ്വാതന്ത്ര്യ ദിനം മാറട്ടെ എന്നു പറയാം. ജനുവരി ഒന്നിൽ നിന്നും പുതുവത്സര ദിനത്തെ എന്നെക്കേക്കുമായി മാറ്റാം. കുറച്ചു എം.പിമാർ ഒപ്പിച്ച കടലാസു മാത്രം മതി. സമക്ഷത്തിൽ നിന്നും എന്തു കൽപനയാകുമോ അടുത്തതായി പുറപ്പെടുവിക്കുക എന്നാണ് ഇനി അറിയേണ്ടത്. ഏപ്രിൽ ഒന്നിൽനിന്നും 'വിഡ്ഢി ദിനം' മാറ്റാതിരുന്നാൽ വലിയ ഉപകാരം. വോട്ടു ചെയ്തു ജയിപ്പിച്ചവർക്ക് തങ്ങൾക്കു പറ്റിയ വിഡ്ഢിത്തം ഓർമിപ്പിച്ചു തല കുനിച്ചു നടക്കാൻ അതു സഹായിക്കും.

****  **** ****
സംസ്ഥാന കോൺഗ്രസിന്റെ താൽക്കാലിക നേതാവ് ഹസൻജി നയിക്കുന്ന ജനമോചന യാത്രയെ കാസർകോട്ടു നിന്നും എ.കെ. ആന്റണി മുന്നോട്ടു തള്ളിവിട്ടു. ഒന്നു ചലിപ്പിക്കുക എന്നതാണ് തന്ത്രവും ലക്ഷ്യവും. യാത്ര എവിടെ അവസാനിച്ചാലും അടുത്ത ദിവസം തന്നെ പാർട്ടി പഴയ കുംഭകർണ സേവയിലേക്ക് മടങ്ങുമെന്ന് അറിയാഞ്ഞിട്ടല്ല. കൂർക്കുംവലി ഇത്രയേറെ ജീവിത നിഷ്ഠയാക്കിയ മറ്റൊരു പാർട്ടി ഈ ദുനിയാവിലില്ല എന്നും ആന്റണിക്കറിയാം. അതുകൊണ്ടു തന്നെയാകാം, ഈയിടെ എന്തു കാര്യം സംസാരിക്കുമ്പോഴും അദ്ദേഹം കണ്ണു തുടയ്ക്കാറുണ്ട്. 
കരുണ, കണ്ണൂർ മെഡിക്കൽ കോളേജിനു വേണ്ടി നിയമസഭ ബില്ലു പാസാക്കിയതു തെറ്റായിപ്പോയി എന്നു പറയാൻ പോലും ദുഃഖം നിമിത്തം അദ്ദേഹം കുറെ സമയം വൈകി. രണ്ടു കൊല്ലം മുമ്പ് തെരഞ്ഞെടുപ്പ് ലാക്കാക്കി മൂന്നു മുന്നണികളും മത്സരിച്ചു പണം പിരിച്ചത് പല പല കോളേജുടമകളിൽ നിന്നായിരുന്നല്ലോ. പാവപ്പെട്ട മാനേജ്‌മെന്റുകൾ ഒരു കോടി വീതം ഓരോ കുട്ടിയിൽ നിന്നും പിരിച്ചു. ഉണ്ട ചോറിന് നന്ദികാട്ടുക എന്നത് മുന്നണികൾക്കു മറക്കാൻ കഴിയുമോ? ഇനിയും തെരഞ്ഞെടുപ്പുകൾ വരില്ലേ? കുട്ടികളുടെ ഭാവിയോർത്താണ് തങ്ങളീകൊളളയ്ക്കു കൂട്ടുനിന്നതെന്ന് പരിശുദ്ധാത്മാക്കളായ ഉമ്മൻ ചാണ്ടിയും പിണറായി മുഖ്യനും കണ്ണീരോടെ വെളിപ്പെടുത്തി. തങ്ങളുടെ പക്കൽ കിട്ടിയ പെറ്റീഷൻ അപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ മേൽവിലാസമെഴുതി തപാൽ പെട്ടിയിലിട്ടുവെന്നു പറഞ്ഞാണ് കുമ്മനം കൈകഴുകാൻ പോയത്. നൂറ്റിയെമ്പതു കുട്ടികൾ അങ്ങനെ കടലിനും ചെകുത്താനും മധ്യത്തിൽ നിൽക്കട്ടെ; അവരുടെ കോടികളിൽ പങ്കു കൈപ്പറ്റി സ്വന്തം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ കഴിഞ്ഞ നേതാക്കൾ ഭാഗ്യവാന്മാർ. 
സ്വർഗരാജ്യം എന്നും അവർക്കുള്ളതായിരിക്കട്ടെ. നമുക്കു വീണ്ടും ജനമോചന യാത്രയ്ക്കു പോകാം: ജനങ്ങളെ കഷ്ടപ്പാടുകളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യം മാത്രമായി മുമ്പ് രമേശ്ജി ഫുൾടൈം ഒറിജിനൽ പ്രസിഡന്റായിരുന്നപ്പോൾ ഒരു 'പടയൊരുക്കം' നടത്തി വടക്കുനിന്നും തെക്കോട്ടു തന്നെ. എന്തായി എന്ന് ഇന്നും ആർക്കും വ്യക്തമല്ല; ചെന്നിത്തലയും അക്കാര്യം മറന്നു. അതിനും കുറച്ചുകാലം മുമ്പ് കെ. മുരളീധരന്റെ വക ഒരു 'നവചേതന യാത്ര' നടത്തിയിരുന്നു. അതും തെക്കോട്ടു തന്നെ. 'തെക്കോട്ടു പോവുക' എന്നാൽ മരണമടയുക എന്നൊരു അർഥം നിഘണ്ടുവിലുണ്ട്. യാത്രകളെല്ലാം തെക്കോട്ടു തന്നെ പോയി. ഇപ്പോൾ ഹസൻജിക്ക് പൂതി ഇളകിയത് 'ചെങ്ങന്നൂർ' കണ്ടിട്ടാണെങ്കിൽ കഷ്ടമായിപ്പോയി. ഇലക്ഷൻ കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്. നടക്കാം, നടക്കാതെയുമിരിക്കാം. ജൂലൈ 20 വരെ സമയമുണ്ട് എന്ന് ആസ്ഥാന ജ്യോത്സ്യന്മാർ ദില്ലി ഇലക്ഷൻ കമ്മീഷണറെ പറഞ്ഞു സമാധാനിപ്പിച്ചുവെന്നാണ് കേൾവി. ഇന്ത്യയൊട്ടാകെ മൂന്നാം സ്ഥാനത്തേക്ക് മത്സരിക്കുന്നതാണ് നമ്മുടെ പാർട്ടിയുടെ പുത്തൻ ശൈലിയെന്ന് ഹസൻജി ഓർത്തില്ല. മൂന്നാമനായാൽ ജനങ്ങൾക്ക് വേണ്ടാതായി എന്നു സാങ്കേതികമായി പറയാമെങ്കിലും മറ്റു പാർട്ടികൾക്കു നമ്മുടെ കമ്പനി ഒഴിവാക്കാൻ വയ്യാതാകും എന്നതാണ് പുതിയ തന്ത്രം. തെക്കോട്ട് 'ജനമോചന യാത്ര' നീങ്ങുന്തോറും പലതും മനസ്സിലായിക്കൊള്ളും.

****  **** ****
സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർന്നതിന് എസ്.എഫ്.ഐക്കാർ ഇത്ര വയലാന്റാകേണ്ടിയിരുന്നില്ല. ഭരണ നേതൃത്വത്തോടുള്ള വെല്ലുവിളിയാകാൻ തരമില്ല. 'വിഭാഗീയത' ചരമം പ്രാപിച്ച പാർട്ടിയിൽ നോക്കുകൂലി യൂനിയൻകാരാണ്. അടുത്ത പ്രശ്‌ന കർത്താക്കൾ. ശരിക്കും ഇവർ 'പാര' കളാണോ? സിനിമാടനൻ സുധീർ കരമന നാലഞ്ചു പടങ്ങളിൽനിന്നുള്ള ചില്ലറ വരുമാനം കൊണ്ട് തിരുവനന്തപുരത്തൊരു 'വീടുപണി' തുടങ്ങി. അതാ വരുന്നു യൂനിയൻകാർ, ഞങ്ങൾക്കു ഇറക്കുകൂലി വേണം. അതല്ലെങ്കിൽ നോക്കുകൂലി. ഒന്നും 'ഇറക്കണമെന്നു ഞങ്ങൾക്കും നിർബന്ധമില്ല. ഒരു ലക്ഷം രൂപയാണ് നോക്കുകൂലി (കാലാകാലങ്ങളിൽ ബസ് സ്റ്റാന്റുകളിൽ പെൺകിടാങ്ങളെ നോക്കി വെളുക്കുന്നത് മുതൽ ഇരുട്ടും വരെ നിന്നുപോരുന്ന പയ്യന്മാർ എത്ര ത്യാഗസമ്പന്നന്മാർ! അവർ ആരോടും നോക്കുകൂലി ചോദിച്ചിട്ടില്ല!)സുധീർ കരമന കൈമലർത്തി. പണ്ട് ഈ ചോദ്യം ചോദിച്ചിരുന്നത് ബ്രിട്ടീഷുകാരാണ്. 'കപ്പം' എന്നു പറയും. കപ്പം കൊടുക്കാത്തവരെ പിടിച്ചുതൂക്കിലിടും. ജീവനോടെ വേണമെന്നില്ല. ശവശരീരമായാലും മതി. പഴശ്ശിരാജയും വേലുത്തമ്പിയുമൊക്കെ അങ്ങനെ ശരീരദാനം ചെയ്തവരാണ്. പക്ഷേ, നല്ല മനക്കട്ടിയില്ലെങ്കിൽ നോക്കുകൂലിക്കാരെ 'ഫെയ്‌സു' ചെയ്യാൻ കഴിയില്ല. സിനിമാ നടനെപ്പോലെ തന്റേടത്തോടെ അഭിനയിക്കാൻ ലോണെടുത്തു വീടുവെയ്ക്കുന്ന സാധാരണക്കാർക്കു കഴിയില്ല. അവൻ ഇഹലോകവാസം വെടിഞ്ഞു പോയെന്നുവരാം  ശ്രദ്ധിച്ചില്ലെങ്കിൽ, ഭരണം പൂർത്തിയാക്കി ഇറങ്ങിപ്പോകുമ്പോഴും മേൽപടിയാന്മാർ വന്നുനിന്ന് 'നോക്കുകൂലി' ചോദിച്ചെന്നും വരാം.