Wednesday , March   27, 2019
Wednesday , March   27, 2019

വരുന്നൂ, ചക്കക്കാലം

ചുളയായും ചിപ്‌സ് ആയും പുഴുക്കായും പ്രഥമനായും നമ്മൾ ഒരാണ്ടിൽ തിന്നു തീർക്കുന്നത് 28 കോടി ചക്കയാണെന്ന് സർക്കാർ കണക്ക് പറയുന്നു.  സർക്കാർ ഗണിതത്തെ പരിഹസിക്കുന്ന പഴയ മൊഴി കേട്ടിട്ടില്ലേ? കള്ളം, അതിനു മേൽ പച്ചക്കള്ളം, അതിനും മേൽ സർക്കാർ ഗണിതം.

ഒടുവിൽ ചക്കയുടെ കാലം വന്നിരിക്കുന്നു.  പണ്ടേ അതിനു കിട്ടേണ്ട അംഗീകാരം കൈവന്നിരിക്കുന്നു.  കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു ചക്ക. 
ചക്കയുമായി ബന്ധമില്ലാത്ത വാക്കെടുത്ത് ഫലിതം കെട്ടിയ ഒരാളുണ്ടായിരുന്നു ആദ്യമലയാളത്തിൽ. അതുലൻ ആയ തോലൻ.  ഫലിതമായിരുന്നു, ഭക്തിയല്ല, ശൃംഗാരവുമല്ല, തോലനു പഥ്യം. ഉണ്ണികൾ ഉണ്ണാനിരിക്കുമ്പോൾ സംസ്‌കൃതത്തിലേ ഉരിയാടാവൂ എന്നൊരു ഡ്രാക്കോണിയൻ നിബന്ധനയുണ്ടായിരുന്നു തോലന്റെ കാലത്ത് പന്ത്രണ്ടാം നൂറ്റാണ്ടിൽ.
തോലൻ പുളിശ്ശേരി കുടിക്കുന്ന തക്കം നോക്കി പണിക്കാരി ചക്കി പത്തായത്തിൽ കയറി, അരി കക്കാൻ.  പകുതി നിറച്ച വായിൽനിന്ന് തോലൻ ഇങ്ങനെ വിളിച്ചു പറഞ്ഞു: പനസി ദശായാം പാശി. ചക്കി പത്തായത്തിൽ കയറി. പനസം ചക്ക, ദശാ പത്ത്, പാശം കയർ. സംസ്‌കൃതപദം മലയാള വിഭക്തിയിൽ ചാലിച്ചുവിടുന്ന തോലന്റെ നേരമ്പോക്ക് അമ്മക്ക് അറിയാമായിരുന്നു.  തനിക്ക് പനസി എന്നൊരു ഓമനപ്പേരുള്ള കാര്യം ചക്കിയെ ആരും ധരിപ്പിച്ചുകാണില്ല. 
ചക്ക ഷമരസ ആവുന്നതിനു മുമ്പായിരുന്നു അക്കാലം.  അതോ ജാക്ക് ചക്കയായതാണോ? ആകാൻ വഴിയില്ല. ശീമയിൽനിന്നു വന്ന ശീമച്ചക്ക വേറെ ഉണ്ടല്ലോ.  ഞാൻ കടച്ചക്ക എന്നും ഭാര്യ കടപ്ലാഞ്ചക്ക എന്നും വിളിക്കുന്ന ആ ഫലം കവിതക്കും വിപ്ലവത്തിനും വഴിവെച്ചുവെന്ന് നാടോടി ചരിത്രം.  ഇംഗ്ലണ്ടിൽനിന്ന് ഓസ്‌ട്രേലിയയിലേക്ക് നാടു കടത്തിയ ഒരു പറ്റം ആളുകളെ കൊണ്ടുപോയിരുന്ന കപ്പലിൽ കുറെ കടപ്ലാവിൻ തൈകളുമുണ്ടായിരുന്നു. വെയിലിൽ അവ ഉണങ്ങാൻ തുടങ്ങി.  ചെടികളെ സ്‌നേഹിച്ച കപ്പിത്താൻ വെള്ളം അവയ്ക്കും പങ്കുവെച്ചു കൊടുത്തു. ദാഹിച്ചുവലഞ്ഞ യാത്രക്കാർ ബഹളം വെച്ചു. ബൈറൺ അതിനെപ്പറ്റി കവിത കൊരുത്തുവെന്നും വെള്ളമടിച്ചു രക്ഷപ്പെട്ട ഏതാനും കടപ്ലാവിൻ കുട്ടികൾ കേരളത്തിലെത്തിയിരിക്കാമെന്നുമുള്ള അറിവിന് സസ്യശാസ്ത്രജ്ഞനായിരുന്ന ഡോക്ടർ എ.എൻ നമ്പൂതിരിയോട് കടപ്പെട്ടിരിക്കുന്നു.  
എന്തായാലും ശിമച്ചക്ക സംസ്ഥാന ഫലമായിരിക്കുന്ന മലയാളച്ചക്കയല്ല. കേരളത്തിന്റെ സംസ്ഥാന ഫലം എന്തായിരിക്കണമെന്ന് ആരെങ്കിലും എന്നോടു ചോദിച്ചിരുന്നെങ്കിൽ ഫലം വേറൊന്നാകുമായിരുന്നു.  പൊന്നിന്റെ നിറവും തുടവും വളവും, അഴകിന്റെ വളവും, നീണ്ടിടം പെട്ട് നിലം തൊട്ടുകിടക്കുന്ന കായ്ക്കുരുന്നുകളുമുള്ള നേന്ത്രക്കുലയോളം ഐശ്വര്യം വേറൊന്നിനുണ്ടോ? പഴം ഉരിഞ്ഞു തിന്നേണ്ട, കണ്ടുനിന്നാൽ മതി, മനസ്സു നിറയാൻ.  ലത്തീൻ അമേരിക്കയിലെ പഴം നമുക്കു പരിചിതമാണെങ്കിലും, നമ്മുടെ നേന്ത്രക്കുല നമ്മുടേതായിത്തന്നെ ചന്ത വാഴുന്നു. അതിനൊരു ബിലാത്തി പേരു കൊടുക്കാൻ ഇതുവരെ ആരും ഉണ്ടായില്ല. സംസ്ഥാന ഫലം അതൊട്ടായതുമില്ല.
സംസ്ഥാന ഫലമാകാൻ ഇടയുള്ളതിന്റെ ഒരു പട്ടിക പണ്ട് കുറ്റിപ്പുറത്ത് കേശവൻ നായർ തയ്യാറാക്കിയിരുന്നു.  'മാവും പിലാവും പുളിയും കവുങ്ങും/തെങ്ങും ഫലം തിങ്ങുമിളം കവുങ്ങും' നിറഞ്ഞതാണ് കുറ്റിപ്പുറത്തിന്റെ ഗൃഹാതുരതയുണർത്തുന്ന വീടും തൊടിയും.  പിലാവ് രണ്ടാമതായത് ഇന്ദ്രവജ്ര എന്ന വൃത്തത്തിന്റെ ആവശ്യത്തിനാണെന്നു കൂട്ടിയാൽ മതി. പട്ടികയിലെ പുളിയെ ഒഴിവാക്കാം. തല്ലാനും ഇറച്ചി വെട്ടാനും ഏതാണ്ടെല്ലാ കറികൾക്കും ചേർക്കാനുള്ള കായ കിട്ടാനും പുളി വേണം.
പക്ഷേ ഒരു  പ്രദേശത്തിന്റെ മുഴുവൻ സ്വത്വം എടുത്തോതാനുള്ള മികവ് അതിനില്ലെന്നു തോന്നുന്നു.
നേരു പറയട്ടെ, കവുങ്ങിനെപ്പറ്റി ആലോചിക്കുമ്പോൾ അടക്ക കൊണ്ട് എന്തു പ്രയോജനം എന്നു പണ്ടേ തോന്നിയിരുന്നു. നാലും കൂട്ടി മുറുക്കുന്ന ഏർപ്പാട് തിരുവാതിര രാതിയിൽ പോലുമില്ലെന്നായിരിക്കുന്നു.  ചായത്തിൽ കയറ്റാൻ പറ്റുമായിരിക്കും. അർബുദം വരുത്താനും അത് കാരണമാകാമെന്ന് വൈദ്യത്തിലെ കുറും കൗശലക്കാർ പറയുന്നു. തല പൊഴിയുന്ന കവുങ്ങുകൾ ഗർഭമലസിയ പെണ്ണുങ്ങളെപ്പോലെയാണെന്ന എം ടി വാസുദേവൻ നായരുടെ ഉപമ കേട്ട അന്നു മുതൽ തുടങ്ങിയതാണ് എന്റെ അലർജി.  
കുറ്റിപ്പുറം നിരത്തിയ മരങ്ങളുടെയെല്ലാം മീതെയാണ് നമ്മുടെ പ്രിയപ്പെട്ട കേരള നാട്ടിൽ തിങ്ങിവളരുന്ന മണ്ഡരി പിടിപെട്ടതും അല്ലാത്തതുമായ തെങ്ങ്, സംസ്ഥാന ഫലമായി ആദരിക്കപ്പെടാതെ പോയ കേരം. കേരത്തിൽനിന്നു കേരളമുണ്ടായോ, ചേരളമോ ചേറളമോ  കേരളമായോ എന്ന വാദം അവിടെ നിൽക്കട്ടെ. കേരളം നാളികേരത്തിന്റെ നാട് തന്നെ. പുറം കഠോരവും അകം മൃദുസ്വാദുരസാനുവിദ്ധവുമായ നാടൻ കൃഷിക്കാരനെപ്പോലുള്ള നാളികേരം. ഓലയും തടിയും ചിരട്ടയും കാമ്പുമെല്ലാം ഉപയോഗമുള്ള കൽപ വൃക്ഷം. നഗരങ്ങളിൽ അത് ഇഷ്ട പാനീയമായിരിക്കുന്നു.  കോലക്കു പകരം കരിക്ക് എന്ന സ്ഥിതി വന്നാൽ കൊളോണിയലിസത്തിന്റെ ഭീതിജനകമായ ഒരു അവസ്ഥ നമ്മൾ പിന്നിട്ടു എന്നു പറയാം. എന്നാൽ അതോടൊപ്പം ഓരോ കരിക്കും ഫലപ്രാപ്തിയെത്താതെ പോയ ഒരു നാളികേരമാണെന്ന ചിന്ത എന്നെ അലോസരപ്പെടുത്തുകയും ചെയ്യുന്നു. 
ചക്ക എടുക്കുന്നതിനു മുമ്പ് മാങ്ങ കൂടി നോക്കണം.  കാളിദാസന്റെ കാലത്ത് ഇണയെ രസിപ്പിക്കാൻ പാടിയിരുന്ന ആൺ കുയിൽ മാന്തളിർ തിന്ന് തൊണ്ട ശുചിയാക്കുമായിരുന്നു. ചക്കയേക്കാളും, വേറെ ഏതു പഴത്തേക്കാളും, മലയാള കവിതയിൽ സ്ഥാനം പിടിച്ചു മാമ്പഴം.  കാർഷിക സാമൂഹ്യ ശാസ്തജ്ഞന്റെ നോട്ടത്തിൽ, നാടൻ മാങ്ങ ബിലാത്തി മാങ്ങയേക്കാൾ വില പിടിച്ചതാകുന്നത് വലിയൊരു സംഭവമാകും. കിളിച്ചുണ്ടൻ അൽഫോൺസയെ കടത്തിവെട്ടുന്നത് ആവേശകരം തന്നെ. 
ആ ആവേശത്തോടെ കർണാടകം ആമ്രോൽസവം സംഘടിപ്പിക്കുന്നു. കൃഷ്ണഗിരിയിലൂടെയൊക്കെ കടന്നുപോകുമ്പോൾ കാണാം മാങ്ങയുടെ മഹിമ.  അതിനെ കറിയായും കൂട്ടാനായും പൂളായും അകത്താക്കാനേ കേരളത്തിൽ നമുക്കാവുന്നുള്ളൂ. വിട്ടുപോകാതെ പറയട്ടെ, പണ്ട് പട്ടട കൂട്ടാനും വാതിൽ പലക പണിയാനും കൂടിയേ തീരൂ എന്നുണ്ടായിരുന്ന മാവിൻ തടിക്ക് വേറെ ഉപയോഗം വേണ്ടിയിരിക്കുന്നു. സംസ്ഥാന ഫലമാകാനുള്ള പന്തയത്തിൽ മാങ്ങ തോറ്റുപോയത് അതുകൊണ്ടാകുമോ?
ആഭ്യന്തര സുരക്ഷിതത്വത്തിലും ബാഹ്യരക്ഷയിലും ഒരുപോലെ പ്രകൃതിയുടെ നോട്ടമുണ്ടായ ഫലമാണ് ചക്ക. പുറത്ത് തൊട്ടാൽ മുള്ളുകൊള്ളും, അകത്തായാൽ ഒട്ടിപ്പിടിക്കും. കറ എന്നു പരിഷ്‌കരിച്ചു പറയുന്ന ചക്കയുടെ മുളഞ്ഞ് ആണ് എനിക്ക് ഏറ്റവും പേടിയുള്ള വസ്തു.  ആ മുള്ളും മുളഞ്ഞും ഭേദിച്ചുവേണം ഉള്ളിൽ കേറാൻ. ഉള്ളിൽ കേറിയാലോ, അകത്താക്കാൻ കൊള്ളാത്തതായൊന്നുമില്ല. മുള്ളു തന്നെ ഏതെങ്കിലും മഹാവ്യാധിക്കു മരുന്നാകാമെന്നു കണ്ടുപിടിക്കാൻ നമുക്കായിട്ടില്ല. കാരണം ഗവേഷണം നമ്മുടെ ഇഷ്ടവൃത്തിയല്ലല്ലോ. പണ്ട് പശുവിനും ആടിനും തിന്നാൻ കൊടുത്തിരുന്ന മടലും ചകിണിയും വലിച്ചെറിയാൻ ഇടം തിരയുകയാണ് നമ്മൾ.  കളയാൻ ഇടവും കഴിക്കാൻ മാടും ഇല്ലാത്തതുകൊണ്ട് പലപ്പോഴും എന്റെ വീട്ടിൽ അതും തീൻ മേശപ്പുറത്തെത്തും. ചക്ക കൊണ്ടുവെക്കാൻ വയ്യാത്തതൊന്നുമില്ലാത്തതുകൊണ്ട് മോരും ചക്ക കൊണ്ടാണോ എന്ന മൊഴി ഞാൻ ഇടക്കിടെ പൊടി തട്ടിയെടുക്കുന്നു.
കേരള ഫലം ആയിരിക്കുന്നെങ്കിലും തോലൻ തൊട്ടിങ്ങോട്ടുള്ള കവികുഞ്ജരന്മാർ വലിയ ആദരം കാട്ടാത്ത പഴമാണ് ചക്ക.  ചക്ക വിശേഷണമായാൽ ഹൃദ്യമല്ല. ഉപമേയമായെടുത്താൽ ചൂഴ്ന്നുനോക്കാവുന്നതിനെയാണ് ചക്ക എന്നു പറയുക. ആ നിലവാരത്തിലേക്കു താഴാൻ ആധുനിക മലയാളി ഇഷ്ടപ്പെടില്ല.  ജാതിക്കുമ്മി ഇന്നും നടമാടുന്ന നാട്ടിൽ ചക്കക്ക് അനുവദിച്ചിട്ടുള്ളത് രണ്ടു ജാതി മാത്രം: വരിക്കയും കൂഴയും. അഴകൊഴമ്പനായ കൂഴ പഴുത്താൽ നേരിട്ടുള്ള ഉപയോഗം കുറഞ്ഞുപോകുന്നു.  
വരിക്കയുടെയും ഉപയോഗം വിവിധവൽക്കരിക്കാൻ നമ്മൾ ഇനിയും ഗവേഷണം നടത്തേണ്ടിയിരിക്കുന്നു. പൊതുവെ മലയാളിയുടെ അടുക്കളയെപ്പറ്റിയും തീൻ മേശയെപ്പറ്റിയും അങ്ങനെ പറയാം. പൈതൃകം പൊയ്‌പ്പോകുമെന്നു പേടിച്ചോ എന്തോ, പുതിയ വിഭവങ്ങൾ ഉണ്ടാക്കിനോക്കുന്നതിൽ വിമുഖരാണ് നമ്മൾ.  
ചക്കയുടെ ഗതിയും അതൊക്കെത്തന്നെ.  ചുളയായും ചിപ്‌സ് ആയും പുഴുക്കായും പ്രഥമനായും നമ്മൾ ഒരാണ്ടിൽ തിന്നു തീർക്കുന്നത് 28 കോടി ചക്കയാണെന്ന് സർക്കാർ കണക്ക് പറയുന്നു.  സർക്കാർ ഗണിതത്തെ പരിഹസിക്കുന്ന പഴയ മൊഴി കേട്ടിട്ടില്ലേ? കള്ളം, അതിനു മേൽ പച്ചക്കള്ളം, അതിനും മേൽ സർക്കാർ ഗണിതം (ഘശല,െ റമാി ഹശല,െ േെമശേേെശര)െ. എന്നൊക്കെ പറഞ്ഞാലും നമ്മുടെ ചന്തയിലും ആമാശയത്തിലും എത്തുന്ന ചക്കയുടെ ഭക്ഷ്യോപയോഗവും വാണിജ്യ പ്രാധാന്യവും വിപുലീകരിക്കാൻ നടപടി വേണം. 
അടുക്കളകളിലും കൃഷിഭവനുകളിലും ആ വഴിക്കൊരു നീക്കമുണ്ടായാലേ ആണ്ടുതോറുമുണ്ടാകുന്ന പനസപ്രളയം കൈകാര്യം ചെയ്യാൻ പറ്റൂ.  അതാകട്ടെ സംസ്ഥാന ഫലത്തിന്റെ പദവിയിലേക്കുള്ള ചക്കയുടെ കയറ്റത്തിന്റെ അർഥം.