Wednesday , March   27, 2019
Wednesday , March   27, 2019

സക്കറണ്ണന്റെ പ്രണയവും സല്ലുവും

അമേരിക്കയിലൊരു പാവം പയ്യൻ. ഒപ്പം പഠിച്ച പെണ്ണിനെ പ്രേമിക്കാൻ ശ്രമിച്ചു. നടന്നില്ല. എന്നുവെച്ച് കാലിഫോർണിയ കടപ്പുറത്ത് വിരഹ ഗാനവുമാലപിച്ച് ഉലാത്തുകയല്ല സക്കറണ്ണൻ ചെയ്തത്. ഷാജഹാന്റെ ഡി.എൻ.എയാണ് മൂപ്പർക്ക്. പറ്റുമെങ്കിൽ പിരിഞ്ഞു പോയ കാമുകിയുടെ ഓർമ നിലനിർത്താൻ വെണ്ണക്കല്ലിൽ പ്രേമകുടീരം പണിതേനേ. ഒ.എം.കെ.വിയായി നടക്കുമ്പോഴാണ് പുള്ളിക്കൊരു ഐഡിയ വീണു കിട്ടിയത്. ആണിനും പെണ്ണിനും യഥേഷ്ടം ആശയ വിനിമയം നടത്താൻ തികച്ചു സൗജന്യമായി മുഖപുസ്തകമെന്ന പ്ലാറ്റുഫോം പണിയുക. ഇത് എല്ലാ കലത്തും ഫ്രീയായിരിക്കുമെന്ന പ്രഖ്യാപനം വന്നതോടെ ജനം തുണിക്കടയിലെ റിഡക്ഷൻ സെയിൽ കാലത്തെന്ന പോലെ ഇടിച്ചു കയറി. ഇന്ത്യക്കാർ ഒന്നാം സ്ഥാനം നേടി. 
നമ്മളൊക്കെ അംഗങ്ങളാവുന്നതിലൂടെ കാമുകന്റെ വിഷമം അൽപമെങ്കിലും കുറഞ്ഞോട്ടെ എന്നു കരുതി ചേർന്നവരായിരുന്നു ഏറെയും. കോളേജ് കുമാരന്മാർ 'കമലം നാൽപത് വയസ്സ്, രണ്ട് കുട്ടികളുടെ അമ്മ, അവിവാഹിത... എന്നെല്ലാം വിശദ വിവരങ്ങൾ രേഖപ്പെടുത്തി ചേർന്ന് സഹായിച്ചു. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുകൾ. എല്ലാവരുടേയും രഹസ്യങ്ങൾ സക്കറൻ ഹോൾസെയിലായി ആർക്കൊക്കെയോ വിറ്റിരിക്കുന്നു. ഇക്കാലത്ത് ഒരുത്തനേയും വിശ്വസിക്കാൻ പറ്റില്ലെന്ന് പറയുന്നത് വെറുതെയല്ല. കള്ളക്കളി കളിച്ച മൂപ്പർക്കും വരമ്പത്തെ കൂലി കിട്ടിയെന്നതാണ് ആശ്വാസം. സക്കർ ബർഗിന്റെ സമ്പത്തിൽ ഒരാഴ്ചയ്ക്കിടെ  1030 കോടി ഡോളറിന്റെ ഇടിവുണ്ടായി. പൊട്ടനെ ചെട്ടി പറ്റിക്കുന്ന നീതിശാസ്ത്രം പുലർന്നുവെന്നതാണ് റിലാക്‌സേഷൻ. വ്യക്തിഗത വിവരങ്ങൾ ചോർത്തി കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി നേട്ടമുണ്ടാക്കിയതായുള്ള വാർത്തകൾ പുറത്തു വന്നതോടെ ഫേസ്ബുക്കിന്റെ ഓഹരി വില വൻതോതിൽ കുറഞ്ഞിരുന്നു.  ഇതോടെയാണ് സക്കർ ബർഗിന്റെ സമ്പത്തിലും ഇടിവുണ്ടായത്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തോടെ ഫേസ്ബുക്കിന്റെ ഓഹരി വില 14 ശതമാനമാണ് കൂപ്പുകുത്തിയത്. ഇതാണ് സക്കർ ബർഗിന്റെ ആസ്തി മൂല്യം ഇടിയാൻ കാരണം. ഫേസ്ബുക്കിൽ 17 ശതമാനം ഓഹരി പങ്കാളിത്തമാണ് 33  കാരനായ സക്കർബർഗിന് നിലവിലുള്ളത്. തട്ടിപ്പ് പുറത്തു വന്നതോടെ ബ്ലൂംബെർഗ് സമ്പന്ന പട്ടികയിൽ അദ്ദേഹം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
  
***    ***    ***

ഫഌവേഴ്‌സ് ടി.വി പുഷ്പിക്കാൻ തുടങ്ങി. റേറ്റിംഗിൽ ഈ ചാനൽ മുന്നേറ്റം രേഖപ്പെടുത്തുകയാണ്. സീരിയലുകളിലൂടെയും തരം താണ ഹാസ്യത്തിലൂടെയും കുടുംബ സദസ്സുകളെ ആകർഷിച്ചിരുന്ന  സൂര്യ ടി.വിയെ  മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ്  ഫഌവേഴ്‌സ് രണ്ടാം സ്ഥാനത്തെത്തിയത്. ബാർകി (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ ഓഫ് ഇന്ത്യ) യുടെ റേറ്റിങ് അനുസരിച്ചാണ് ഫഌവേഴ്‌സ് മുന്നിലെത്തിയത്. ഒന്നാം സ്ഥാനം ഇത്തവണയും സ്റ്റാർ ഗ്രൂപ്പിന് കീഴിലെ ഏഷ്യാനെറ്റ് എന്റർടെയിൻമെന്റ് ചാനൽ നിലനിർത്തി.
95,980 പോയന്റ് നേടിയാണ് ഫഌവേഴ്‌സിന്റെ മുന്നേറ്റം. വർഷങ്ങളായി ഈ സ്ഥാനം സൺ നെറ്റ്‌വർക്കിന്റെ കീഴിലുള്ള സൂര്യ ടി.വിയാണ് നിലനിർത്തി പ്പോന്നിരുന്നത്. 93,057 പോയന്റുകളോടെ സൂര്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മനോരമയുടേ എന്റർടെയിൻമെന്റ് ചാനലായ മഴവിൽ മനോരമ നാലാം സ്ഥാനത്താണ്. സ്റ്റാർ ഗ്രൂപ്പിന്റെ തന്നെ ഏഷ്യാനെറ്റ് മൂവീസാണ് റേറ്റിംഗിൽ അഞ്ചാം സ്ഥാനത്ത്. ഫഌവേഴ്‌സിലെ ഉപ്പും മുളകും, കോമഡി ഉത്സവം, ശ്രീകണ്ഠൻ നായർ ഷോ എന്നീ പരിപാടികൾക്കാണ് കൂടുതൽ പ്രേക്ഷകരുള്ളത്. മാർച്ച് 17 മുതൽ 23 വരെയുള്ള കണക്കനുസരിച്ചാണ് ഫഌവേഴ്‌സ് മുന്നിലെത്തിയത്. 

***    ***    ***

മുംബൈ മഹാനഗരത്തിലാണ് ബോളിവുഡ്. മുംബൈയിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനക്കാരെയും കാണാം. ശരിക്കും കോസ്‌മോപോളിറ്റൻ ഭാവമുള്ള  പട്ടണം. ജാതിയും മതവും അന്വേഷിക്കാതെ മനുഷ്യർ സൗഹാർദത്തോടെ കഴിയുന്ന പട്ടണം. യുവനടി താൻ മുസ്‌ലിമായതിന്റെ പേരിൽ വാടകയ്ക്ക് വീട് ലഭിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നു. രാജസ്ഥാൻ സ്വദേശിനിയും യേ ഹേയ് മൊഹബത്തേൻ എന്ന സിനിമയിലെ അഭിനേതാവുമായ ഷിറീൻ മിർസയാണ് മുംബൈ നഗരത്തിൽ തനിക്ക് നേരിടേണ്ടി വന്ന അവഹേളനങ്ങൾ സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞത്.  കഴിഞ്ഞ എട്ടു വർഷമായി മുംബൈയിൽ താമസിക്കുന്ന തനിക്ക് ആദ്യമായാണ് ഇത്തരം പ്രതികരണങ്ങൾ നേരിടേണ്ടി വന്നതെന്നും നടി പറയുന്നു. ഒരു മുസ്ലിമും അവിവാഹിതയും നടിയുമായതിനാൽ തനിക്ക് മുംബൈയിൽ ഒരു വീട് ലഭിക്കാൻ അർഹതയില്ലെന്നാണ് ഷിറീൻ മിർസ സമൂഹ മാധ്യമത്തിൽ കുറിച്ചത്. മുംബൈയിൽ ഒരു വീട് ലഭിക്കാൻ എനിക്ക് അർഹതയില്ല, കാരണം ഞാൻ ഒരു എംബിഎക്കാരിയാണ് (എം മുസ്ലിം, ബി ബാച്ച്‌ലർ, എ ആക്ടർ) എന്ന് തുടങ്ങുന്ന ഷിറീൻ മിർസയുടെ  പോസ്റ്റ് വലിയ ചർച്ചയായി. എട്ട് വർഷം മുമ്പ് താൻ മുംബൈയിൽ വന്നപ്പോൾ എടുത്ത ഒരു ചിത്രം സഹിതമാണ് ഷിറീൻ മിർസ അനുഭവിച്ച കാര്യങ്ങൾ ഫേസ്ബുക്കിൽ വിവരിച്ചത്. 'താൻ ഒരു നടിയാണെങ്കിലും ഒരിക്കലും പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യില്ല. തനിക്കെതിരെ ക്രിമിനൽ കേസുകളുമില്ല. പിന്നെ എങ്ങനെയാണ് തൊഴിലിനെ അടിസ്ഥാനമാക്കി സ്വഭാവം കണക്കാക്കുന്നത്' -ഷിറീൻ മിർസ ചോദിക്കുന്നു. നമ്മുടെ പേരിൽ എന്തിരിക്കുന്നുവെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നമ്മുടെ ചോരയിൽ ഒരു വ്യത്യാസവുമില്ല. മുംബൈയെ പോലൊരു കോസ്‌മോപോളിറ്റൻ സിറ്റിയിൽ മതത്തിന്റെ പേരിൽ ആളുകളെ വേർതിരിച്ച് നിർത്തണോ -യുവതാരം ചോദിക്കുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈകാതെ ഡിലീറ്റ് ചെയ്യുകയുണ്ടായി.  

***    ***    ***

രാജ്യസഭാ എം.പി രാജീവ് ചന്ദ്രശേഖർ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ചു. ബി.ജെ.പി സ്ഥാനാർഥിയായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. 2006 ൽ കർണാടകയിൽ നിന്ന് സ്വതന്ത്ര എം.പിയായാണ് രാജീവ് ചന്ദ്രശേഖർ രാജ്യസഭയിൽ ആദ്യമായി എത്തിയത്.
എ.ആർ.ജി ഔട്ട്‌ലൈനർ ഏഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബോർഡ് ഡയറക്ടർ സ്ഥാനത്ത് നിന്നും അർണാബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ചാനലിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്നും അദ്ദേഹം രാജി സമർപ്പിച്ചിട്ടുണ്ട്. രണ്ട് ചാനലുകളിലെ ഓഹരികൾ നിലനിർത്തിക്കൊണ്ട്  സാങ്കേതികമായാണ് പദവികൾ രാജിവെച്ചത്. 

***    ***    ***

കുറച്ചു ദിവസങ്ങളായി ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ കേട്ടുവരുന്ന വാർത്തയാണ് ദീപിക പദുകോണിന്റേയും രൺവീർ സിംഗിന്റേയും വിവാഹം. കുറെ നാളുകളായി ഇതിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ വീണ്ടും ഇതു സംബന്ധമായ വാർത്ത ചൂട് പിടിക്കുകയാണ്. ഇതിനു മുമ്പും വിവാഹ വാർത്തകൾ പുറത്തു വന്നുവെങ്കിലും ഇപ്പോൾ സംഗതി അൽപം കാര്യമാണ്. ദീപികയുടെ വീട്ടിൽ വിവാഹത്തിനുളള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്ന് ടൈംസ് നൗ  റിപ്പോർട്ട് ചെയ്തു. ഈ വർഷാവസാനത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് സൂചന. സെപ്തംബർ, ഡിസംബർ മാസങ്ങൾക്കിടയിൽ  വിവാഹം നടത്താൻ ഇരു കുടുംബങ്ങളും ചേർന്ന് തീരുമാനമെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 
താര വിവാഹത്തിന്  വളരെ അടുത്ത ബന്ധുക്കൾ മാത്രമേ പങ്കെടുക്കുകയുള്ളൂ.  കഴിഞ്ഞ അഞ്ചു വർഷമായി ദീപികയും  രൺവീറും പ്രണയത്തിലായിരുന്നുവത്രേ. എന്നാൽ ഇത് തുറന്നു സമ്മതിക്കാൻ ഇന്നും ഇവർ തയ്യാറായിട്ടില്ല. പല പൊതുവേദികളിലും ഇവർ ഒരുമിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്. ഇതൊക്കെ അറിയുന്നതുകൊണ്ടാവാം ദീപികയുടെ അച്ഛൻ പ്രകാശ് പദുകോൺ ഏത് അഭിമുഖത്തിലും കുടുംബ കാര്യങ്ങളൊഴിച്ച് എന്തും ചോദിച്ചോളൂ എന്ന് പറയാറുള്ളത്.  

***    ***    ***

കൃത്യം ഇരുപത് വർഷങ്ങൾക്കപ്പുറം ബോളിവുഡിലെ ഉരുക്കുമനുഷ്യൻ സൽമാൻ ഖാനും കുറച്ച് കൂട്ടുകാരികളും രാജസ്ഥാനിലെ വനങ്ങളിൽ കറങ്ങുകയായിരുന്നു. സോനാലി, തബു തുടങ്ങിയ വനിതകളും സെയ്ഫ് അലി ഖാനും  കൂട്ടിനുണ്ടായിരുന്നു. സുഡോക്കു കളിച്ചും ചംപകിലെ തമാശ ഷെയർ ചെയ്തും സമയം ചെലവഴിക്കുന്നതിനിടെ അതു വഴി ഒരു മാൻ കടന്നു പോയി. അത് കൃഷ്ണ മൃഗമാണോ അല്ലയോ എന്നൊന്നും ആരും അന്വേഷിച്ചില്ല. ഇതിനെ ഉച്ചയ്ക്ക് മീൽസിന് വരട്ടിയും പൊരിച്ചും കിട്ടിയാൽ നന്നായിരിക്കുമെന്ന് രണ്ട് സുന്ദരിമാരും പറഞ്ഞു. സെയ്ഫിനേക്കാൾ സ്മാർട്ടാവാൻ മസിൽമാൻ സല്ലു തോക്കെടുത്ത് വെടിവെച്ചപ്പോൾ തൽക്ഷണം കൃഷ്ണമൃഗത്തിന്റെ കഥ കഴിഞ്ഞു.  പ്രധാനമന്ത്രിജിയുടെ കൂടെ നിന്ന് പ്രാവ് പറത്തിയപ്പോഴൊന്നും ജോധ്പൂരിലെ സെൻട്രൽ ജയിലിൽ ആശാറാം ബാപ്പുവിനൊപ്പം ഉണ്ട തിന്നേണ്ടി വരുമെന്ന് പാവം സല്ലു കരുതിയതേയല്ല.  

***    ***    ***

കോഴിക്കോട്ട് നിന്നൊരു നല്ല വാർത്ത. വേനൽ ചൂട് കനത്തതോടെ നഗരത്തിൽ രണ്ടിടത്തായി സംഭാര കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യുന്നു. തിരക്കേറിയ ലിങ്ക് റോഡിലും മാവൂർ റോഡിലും രാവിലെ പതിനൊന്ന് മുതലാണ് വിതരണം. കാലിക്കറ്റ് സിറ്റി കോഓപ്പറേറ്റീവ് ബാങ്കാണ് സ്‌പോൺസർ ചെയ്യുന്നത്. ദാഹം ശമിക്കുന്നത് വരെ എത്ര പായ്ക്കറ്റ് വേണമെങ്കിലും നൽകും. ബാങ്കിന്റെ വിവിധ ശാഖകളിലെ ജീവനക്കാർ മാറിമാറിയാണ് വിതരണം ചെയ്യുന്നത്. ന്യൂസ് 18 ചാനലിലെ ഇതു സംബന്ധിച്ച വാർത്ത ഉചിതമായി.