Wednesday , March   27, 2019
Wednesday , March   27, 2019

സഹസ്രാബ്ദ പൈതൃകങ്ങളുമായി അൽ അഹ്‌സ 

ഹസയിലെ അൽ ഉഖൈർ ഫോർട്ട്

വടക്കേ ഇന്ത്യയുടെ നാട്ടിൻ പുറങ്ങളോട് സാമ്യമുള്ള ശാദ്വല ഭൂമികയാണ് അൽ അഹ്‌സ. ദമാമിൽ നിന്നും 170 കിലോമീറ്റർ ദൂരത്തുള്ള അൽ അഹ്‌സ 72 കാർഷിക ഗ്രാമങ്ങളുടെ സംഗമ സ്ഥാനമാണ്. നിത്യ ഹരിത വൃക്ഷങ്ങളിൽപെട്ട ഈത്തപ്പനത്തോട്ടങ്ങൾക്കിടയിലൂടെ കൈത്തോടുകൾ ഒഴുകുന്ന ദൃശ്യങ്ങൾ പ്രദേശത്തിന്റെ പ്രൗഢിക്ക് ചാരുതയേകുന്നു. 

ഇസ്‌ലാമിക ചരിത്രത്തിൽ സ്‌തോഭജനകമായ അദ്ധ്യായങ്ങൾ രചിച്ച നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച അൽ അഹ്‌സ ബി.സി 3000 ത്തിന് മുമ്പേ ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. പേർഷ്യൻ സംസ്‌കൃതിയോട് കിന്നാരം പറഞ്ഞ് നിൽക്കുന്ന അൽ ഉഖൈർ എന്ന ഈ അറേബ്യൻ സമുദ്ര തീരം ബഹ്‌റൈൻ എന്ന അപരനാമത്തിലാണ് അറിയപ്പെട്ടത്. ഇപ്പോഴത്തെ ബഹ്‌റൈൻ അവാൽ ദ്വീപ് എന്ന പേരിലും. പ്രാചീന ബഹ്‌റൈന്റെ തലസ്ഥാന നഗരിയായ അൽ അഹ്‌സക്ക് ഹജ്ർ, ഖത്വീഫ് തുടങ്ങി പതിനാലിലേറെ പേരുകൾ ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഹിസ്‌യ് എന്ന അറബി വാക്കിന്റെ ബഹുവചനമാണ് അൽ അഹ്‌സ. ഭൂഗർഭ ജലം എന്നാണ് ഈ പദത്തിന്റെ ഭാഷാർത്ഥം.
അതിപുരാതന കാലം മുതലേ ഏറ്റവും സമ്പന്നമായ സംസ്‌കാരവും ഫലഭൂയിഷ്ഠമായ ഭൂപ്രതലവും, നിറഞ്ഞ ജല സ്രോതസ്സുകളും ധാരാളം വിഭവങ്ങളും മേഖലയിലെ അയൽ രാജ്യങ്ങളുമായുള്ള ഊഷ്മള ബന്ധവും കാത്ത് സൂക്ഷിച്ച് പോന്നു അൽ അഹ്‌സ. സർവോപരി അറബികൾക്കിടയിൽ വ്യാപകമായിരുന്ന വ്യാവസായിക സംരംഭങ്ങൾ പോലും അൽ അഹ്‌സയുടെ സംഭാവനകളാണെന്നാണ് ചരിത്രകാരൻ ഹമദ് അൽ ജാസിറിന്റെ അഭിപ്രായം.


അറബി സാഹിത്യത്തിന്റെ സമ്രാട്ടുക്കളായിരുന്ന അബ്ദുൽ ഖൈസ് ഗോത്രമായിരുന്നു മേഖലയിലെ ആദ്യ നിവാസികൾ. പാരമ്പര്യമായി ലഭിച്ച ഈ ഭാഷാ  ശുദ്ധിയുടെ രഹസ്യമന്വേഷിച്ച് ഒരിക്കൽ ഭരണാധികാരി മുആവിയ (റ) ഹസാ നിവാസിയായ സ്വഹ്ഹാറുൽ അബദി (റ) നെ സമീപിച്ചപ്പോൾ, ഞങ്ങളുടെ ഹൃദയാന്തരങ്ങളിൽ ചുറ്റിക്കൂടി നിൽകുന്ന ആശയധാരകൾ നാവിൽ തുമ്പുകളിലൂടെ നിർഗളിപ്പിക്കുമ്പോൾ അത് സാഹിത്യമായി മാറുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സാഹിത്യം കൊണ്ട് നിങ്ങൾ വിവക്ഷിക്കുന്നതെന്താണെന്ന മുആവിയയുടെ അടുത്ത ചോദ്യത്തിന്റെ ഉത്തരം ദ്രുതഗതിയിലായിരുന്നു. സംഗ്രഹ ശാസ്ത്രമാണ് ഞങ്ങളുടെ ഭാഷയുടെ അലങ്കാരം. പ്രത്യുൽപന്നമതിത്വം തുളുമ്പി നിൽക്കുന്ന ഞങ്ങൾക്ക് നാക്കുപിഴ സംഭവിക്കാറില്ല.
പ്രകൃതിയുടെ കരകൗശലാതിശയം അൽ അഹ്‌സയിലേക്ക് സന്ദർശകരെ ആകർഷിക്കുന്നു. സങ്കൽപ സാധ്യമല്ലാത്ത സകല ആകൃതികളും പ്രകൃതി കടഞ്ഞെടുത്തിട്ടുള്ള ശിലാ ശിൽപങ്ങളും പണ്ട് കടലിൽ മുങ്ങിക്കിടന്നിരുന്ന മൃദുക്കൽ മലകളായിരുന്നു ഇവിടം എന്ന് തെളിയിക്കുന്നു.
ഹസാ നിവാസികളെ വിശുദ്ധ ഖുർആൻ പ്രശംസിച്ചു:
അനസ് ബ്‌നു മാലിക് (റ) നിവേദനം ചെയ്യുന്നു: 'ഭൂവന-വാനങ്ങളിലുള്ളവരെല്ലാം സ്വമേധയായോ നിർബന്ധിതമായോ അവനു കീഴ്‌പെട്ടിരിക്കുന്നു എന്ന സൂറത്ത് ആലു ഇംറാനിലെ 83 ാം സൂക്തത്തിൽ  സ്വമേധയാ അല്ലാഹുവിന് കീഴ്‌പെട്ടവർ അബ്ദുൽ ഖൈസ് (ഹസാ നിവാസികൾ) ഉം അൻസാരികളുമാണ്'. (ഖുർഥുബി).

രണ്ട്: മുഹമ്മദ് നബി (സ) യുടെ പലായനത്തിന് നിർദ്ദിഷ്ടമായ മൂന്ന് സ്ഥലങ്ങളിലൊന്നാണ് അൽ അഹ്‌സ. ഹാകിം, തിർമുദി എന്നിവർ നിവേദനം ചെയ്യുന്നു:  മദീന, അൽ അഹ്‌സ, ഖിന്നസ്‌രീൻ എന്നീ മൂന്ന് പ്രദേശങ്ങളിൽ ഇഷ്ടമുള്ളിടത്തേക്ക് ഹിജ്‌റ പോവാൻ അല്ലാഹു എനിക്ക് ദിവ്യ സന്ദേശം നൽകിയെന്ന് പ്രവാചകർ (സ) പറഞ്ഞു. 
ഹിജ്‌റക്ക് മുമ്പ് എനിക്ക് മൂന്ന് സ്ഥലങ്ങൾ കാണിച്ച് തന്ന് ഇഷ്ടമുള്ളയിടം തെരഞ്ഞെടുക്കാൻ അവസരം നൽകി. അപ്പോൾ ആദ്യം എന്റെ മനസ്സിലോടിയെത്തിയ പ്രദേശമാണ് ഹിജ്ർ (അൽ അഹ്‌സ). (തിർമുദി)

ബർനി' ഈത്തപ്പഴം

 

മൂന്ന്: പ്രവാചക പ്രാർത്ഥന കൊണ്ട് ധന്യമായ ദേശം:
ക്രൈസ്തവ, ജൂത മത വിശ്വാസികളായിരുന്നു ഹസക്കാർ. പൂർവ വേദങ്ങളിൽ നിന്നും മുഹമ്മദ് നബിയുടെ ആഗമനത്തെക്കുറിച്ച് അവർ കേട്ടറിഞ്ഞിരുന്നു.  മുഹമ്മദ് നബി (സ) യുടെ സാന്നിധ്യം മക്ക - മദീന മരുഭൂവിലുണ്ടാകുമെന്ന് അയൽ പ്രദേശമായ താറൂത്തിലെ ജോത്സ്യൻ പ്രവചിച്ചിരുന്നു. അബ്ദുൽ ഖൈസിന്റെ ഇസ്‌ലാമികാശ്ലേഷണത്തെക്കുറിച്ചുള്ള വിവരണങ്ങളിൽ കാണാം: 'ഞങ്ങൾ പ്രവാചക സന്നിധിയിലെത്തി. കണ്ട മാത്രയിൽ പ്രവാചകരുടെയും അനുചരരുടെയും സന്തോഷം വർധിച്ചു. അവർ സദസ്സ് വിശാലമാക്കിത്തന്നു, സ്വീകരിച്ചിരുത്തി. തുടർന്ന് പ്രാർത്ഥന നടത്തി 'നിങ്ങൾ ഒരിക്കലും ദുഃഖിതരോ വിഷണ്ണരോ ആവില്ല' (അഹ്മദ്).

നാല്: പ്രവാചക സാന്നിധ്യം കൊണ്ടനുഗൃഹീതമായ ഭൂമി
പ്രസ്തുത ഹദീസിന്റെ ബാക്കി ഭാഗം ഇങ്ങനെ വായിക്കാം: പ്രവാചകർ ചോദിച്ചു: ആരാണ് നിങ്ങളുടെ നേതാവ്? എല്ലാവരും മുൻദിറു ബിൻ ആഇദിനെ ചൂണ്ടിക്കാണിച്ചു. ഈ 'അശജ്ജോ'? അഥവാ തലകൾ പിളർത്തുന്നവനോ? (ധീരതയുടെ ആലങ്കാരിക ഭാഷ) മുൻദിറു ബ്‌നു ആഇദിനോട് തങ്ങളുടെ വലത് ഭാഗം ചേർന്നിരിക്കാൻ പറഞ്ഞു. സ്വാഗതോപചാരങ്ങൾക്ക് ശേഷം സൗമ്യതയോടെ ഞങ്ങളുടെ നാടിനെക്കുറിച്ച് നബി (സ) പറഞ്ഞു തുടങ്ങി. സ്വഫാ, മശ്ഖർ തുടങ്ങി ഹസയിലെ കുഗ്രാമങ്ങളുടെ പേരുകൾ ഓരോന്നായി പറയുന്നത് കേട്ട് അശജ്ജ് സ്തബ്ധനായി. 'തിരുദൂതരേ, എന്റെ മാതാവും പിതാവും തന്നെയാണ് സത്യം, അങ്ങേക്ക് നമ്മുടെ നാട്ടിൻ പുറങ്ങളുടെ പേരുകൾ ഞങ്ങളെക്കാളേറെ അറിയാമല്ലോ! പ്രവാചക പ്രതികരണം ഇങ്ങനെ: ''ഞാൻ നിങ്ങളുടെ നാട്ടിൽ കാൽ കുത്തിയിട്ടുണ്ട്''.

 

അഞ്ച്: അൻസ്വാരികളോട് ഏറെ സാദൃശ്യമുള്ളർ
അനന്തരം അൻസ്വാരികളെ അഭിമുഖീകരിച്ച് പ്രവാചകർ (സ) അരുളി: 'നിങ്ങൾ നിങ്ങളുടെ സഹോദരങ്ങളായ ഹസക്കാരെ ആദരിക്കണം, അവർ ഇസ്‌ലാമികാശ്ലേഷണത്തിലെന്ന പോലെ ചർമ്മത്തിലും കേശത്തിലും നിങ്ങളോട് ഏറെ സമാനതകളുള്ളവരാണ്. സ്വമേധയാ ഇസ്‌ലാം പുൽകിയവരാണവർ. അൻസ്വാരികൾ പതിവ് രീതിയിൽ ഓരോ ഹസാ നിവാസികളെയും ഗൃഹങ്ങളിലേക്കാനയിച്ചു. ഭക്ഷണ താമസ സൗകര്യങ്ങൾക്ക് പുറമെ വിജ്ഞാന വിരുന്നും  നൽകി.
അടുത്ത പ്രഭാതത്തിൽ പ്രവാചകർ ഞങ്ങളോട് വിശേഷങ്ങൾ തിരക്കി. അൻസ്വാറുകളുടെ ആതിഥ്യത്തെക്കുറിച്ചന്വേഷിച്ചു. ഉദാരമതികളുടെ ദയാലുക്കളായ പുത്രൻമാർ, അവർ മൃദുലമായ വിരിപ്പുകൾ വിരിച്ചു തന്നു, സ്വാദിഷ്ടമായ ഭക്ഷണം വിളമ്പിത്തന്നു, പ്രദോഷം മുതൽ പ്രഭാതം വരെ ദിവ്യ ഗ്രന്ഥവും പ്രവാചക ചര്യകളും പഠിപ്പിച്ചു. അൻസ്വാറുകളുടെ ആതിഥ്യ രീതി കേട്ട് പ്രവാചകർ (സ) ഹർഷ പുളകിതനായി. ഒരധ്യാപകനെപ്പോലെ ഓരോരുത്തോടും പഠിച്ച കാര്യങ്ങൾ തിരക്കി. ഫാത്തിഹ, ഒന്നോ രണ്ടോ സൂറത്തുകൾ, തിരുവചനങ്ങൾ, അത്തഹിയ്യാത്ത് തുടങ്ങി ഒറ്റ രാത്രി കൊണ്ട് മനഃപ്പാഠമാക്കിയ കാര്യങ്ങളത്രയും പ്രവാചകരെ കേൾപ്പിച്ചു.

 

ആറ്: പൂർവദേശക്കാരിൽ സതീർത്ഥ്യർ:
ഹസാ നിവാസികളുടെ മദീനാ സന്ദർശനത്തെ പ്രകീർത്തിച്ച് തിരുദൂതർ പറഞ്ഞു: 'നാളെ ഒരു കൂട്ടം അതിഥികൾ മദീനയിലെത്തും, അവർ കിഴക്കൻ മേഖലയിൽ പാർക്കുന്നവരിൽ സദുത്തമരത്രേ'. അതിരാവിലെ ഉമിറ (റ) ന്റെ നേതൃത്വത്തിൽ മദീനാ അതിർത്തിയിൽ ഒരു പുരുഷാരം സംഗമിച്ചു. നബി തങ്ങൾ പറഞ്ഞ സംഘത്തെ കാത്തു നിൽക്കുകയാണവർ. അധികം വൈകാതെ അവരെത്തി. ഭവ്യതയോടെ അവർ പ്രവാചക ചാരത്തേക്ക് നടന്നു. ഹസാ വിഭവങ്ങൾ വല്ലതും നിങ്ങളുടെ കൈവശമുണ്ടോയെന്ന തിരുദൂതരുടെ അന്വേഷണം കേൾക്കേണ്ട താമസം അവർ വാഹന വ്യൂഹത്തിലേക്കോടിച്ചെന്നു. വൈവിധ്യമാർന്ന കാരക്കക്കെട്ടുകൾ തിരുസന്നിധിയിലേക്കെത്തിച്ചു. മോതിര വിരലമർത്തി ഓരോയിനം ഈത്തപ്പഴങ്ങളുടെ പേരുകൾ പറയാൻ തുടങ്ങി: ഇത് തഅഌള്, ഇത് സ്വിർഫാൻ, ഇത് ബർനി... 'ബർനി'യാണ് നിങ്ങളുടെ ഈത്തപ്പഴങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വിശിഷ്ടമായത്. അത് രോഗ ശമനത്തിനുത്തമമാണ്. ബർനിയെ സംബന്ധിച്ച പ്രവാചക പരാമർശം ബർനി കൃഷിയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ അവരെ പ്രേരിപ്പിച്ചു.

ഏഴ്: ഭൂതലത്തിലെ രണ്ടാമത്തെ ജുമുഅ
മദീനക്ക് ശേഷം ലോകത്ത് രണ്ടാമതായി ജുമുഅ നിർവഹിക്കപ്പെട്ട ദേശമാണ് അൽ അഹ്‌സ. ഇബ്‌നു അബ്ബാസ് (റ) ഉദ്ധരിക്കുന്നു: 'പ്രവാചകരുടെ പള്ളിയിലെ ജുമുഅക്ക് ശേഷം ആദ്യം നടന്ന ജുമുഅ നമസ്‌കാരവും ഖുതുബയും ബഹ്‌റൈനിലെ ഒരു ഗ്രാമപ്രദേശമായ ജുവാസയിലാണ്.' (സ്വഹീഹ് ബുഖാരിയിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ജുമുഅ നടത്തുന്നതിന്റെ വിധി എന്ന അദ്ധ്യായത്തിൽ) പ്രശസ്ത ഹദീസ് വ്യാഖ്യാതാവ് ഇബ്‌നു ഹജർ അൽ അസ്ഖലാനി (റ) പറയുന്നു: അപരരെ അപേക്ഷിച്ച് വിശുദ്ധ ഇസ്‌ലാമിന്റെ ശാദ്വല തീരത്തേക്ക് വളരെ വേഗം കടന്നു വന്നവരാണ് അൽ അഹ്‌സക്കാരെന്നതിന് ഈ ഹദീസ് മതിയായ ഉപോൽബലകമാണ് (ഇസ്വാബ).
ആധുനിക ഹുഫൂഫ് പട്ടണത്തിൽ നിന്നും 16 കിലോമീറ്റർ ദൂരെ കിലാബിയ്യാ ഗ്രാമത്തിൽ പഴമയുടെ പ്രൗഢി വിളിച്ചോതി ഇന്നും ജുവാസ പള്ളി നമുക്ക് കാണാനാവുന്നതാണ്. ചരിത്ര പ്രാധാന്യം മനസ്സിലാക്കി വിവിധയിനം വികസന പ്രവർത്തനങ്ങൾ നടത്തുന്ന സൗദി സർക്കാർ ജുവാസയുടെ മുഖഛായ തന്നെ മാറ്റി സ്ഥാപിക്കുന്നുണ്ട്. ഉദ്യാനങ്ങളും ജലധാരകളും നിർമിച്ച് അവികസിത കിലാബിയ്യയെ ലോകത്തിന്റെ നെറുകയിലേക്കുയർത്തുകയാണ് ലക്ഷ്യം. ഭൂമിയിലെ തന്നെ മൂന്നാമത്തെ പള്ളിയാണ് ജുവാസയെന്ന് വിഖ്യാത അറബി കവിതാ ശകലങ്ങളിൽ വായിക്കാവുന്നതാണ്.

ജുവാസ പള്ളി

 

വിശ്വാസത്തിൽ അടിയുറച്ച്
മുഹമ്മദ് നബി (സ) യുടെ വിയോഗാനന്തരം അറബ് ലോകം ഇസ്‌ലാമിൽ നിന്ന് തെന്നിമാറിയപ്പോൾ ഹസാ നിവാസികൾ വിശുദ്ധ മതത്തിൽ തന്നെ അടിയുറച്ച് നിന്നു. സ്വഹാബിയായ ജാറൂദി (റ) ന്റെ പ്രഭാഷണം പൂർവ്വ വേദ വിശ്വാസികൾ കൂടിയായിരുന്ന ഹസാ നിവാസികൾക്ക് വെള്ളി വെളിച്ചമായി മാറി. 'മുഹമ്മദ് നബിക്ക് മുമ്പ് ജീവിച്ച  പ്രവാചകന്മാർക്കെന്താണ് സംഭവിച്ചത്? അവർ മരണപ്പെട്ടുവല്ലേ. എന്നാൽ മുഹമ്മദ് നബിയും അവരെപ്പോലെ ജീവിച്ച് മരിച്ചിരിക്കുന്നു'. ജാറൂദി (റ) ന്റെ ശബ്ദം ഒരിടിവെട്ട് പോലെ ആപതിച്ച അവർ വിശ്വാസത്തിൽ അടിയുറച്ച് നിന്നു. 
പക്ഷേ, പരിസരവാസികളിൽ പലരും മതഭ്രഷ്ടരായപ്പോൾ ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖി (റ) നോട് ഹസാ ഭരണാധികാരികൾ സഹായമഭ്യർത്ഥിച്ചു. ഉടൻ അബൂ ഹുറൈറ (റ), അലാഉൽ ഹള്‌റമി (റ) എന്നിവരുടെ നേതൃത്വത്തിൽ വലിയ ഒരു സൈനിക വ്യൂഹത്തെ അൽ അഹ്‌സയിലേക്കയച്ചു. പ്രശ്‌നങ്ങൾ പരിഹരിച്ച് തൊട്ടടുത്തുള്ള ദേശങ്ങളിലും ഗ്രാമങ്ങളിലും വിശുദ്ധ ഇസ്‌ലാമിന്റെ വെന്നിക്കൊടി നാട്ടി.

 

വിജ്ഞാന ദാഹികളുടെ അഭയ കേന്ദ്രം
ഏറ്റവും കൂടുതൽ പ്രവാചക വചനങ്ങൾ ഒപ്പിയെടുത്ത അബൂ ഹുറൈറ (റ) യിലൂടെയും അലാഉൽ ഹള്‌റമിയിലൂടെയും പ്രകാശം സ്വാംശീകരിച്ച ഈ ദേശം അതിശീഘ്രം വൈജ്ഞാനിക താവളമായി മാറി. വിജ്ഞാന ദാഹികളുടെ അഭയകേന്ദ്രവും മദ്ഹബീ പണ്ഡിതരുടെ വാസ സ്ഥാനവുമായി. സുല്ലം, സഞ്ചാൻ തുടങ്ങി കേരളത്തിലെ പള്ളി ദർസുകളിൽ പോലും ഓതിപ്പഠിക്കുന്ന നിരവധി പ്രശസ്ത ഗ്രന്ഥങ്ങൾ ഹസാ പണ്ഡിതരുടെ കയ്യൊപ്പുകളാണ്. ഇസ്‌ലാമിക ജ്ഞാനാർജന രീതികളിലെ ആദ്യ ബോർഡിംഗ് സംവിധാനവും അൽ അഹ്‌സയിൽ നിന്നാണ് പ്രാരംഭം കുറിച്ചത്. ഇസ്‌ലാമിക കർമ ശാസ്ത്ര മേഖലയിലെ നാല് മദ്ഹബീ പണ്ഡിതരും ഇവിടെത്തെ വൈജ്ഞാനിക പ്രവർത്തനങ്ങൾ ശ്ലാഘനീയമാക്കി.

പ്രമുഖ ഹനഫീ പണ്ഡിതർ:
ശൈഖ് മുഹമ്മദ് അബൂബക്ർ അൽ മുല്ല
ശൈഖ് ഇബ്രാഹീം ഹസൻ അൽ മുല്ല
പ്രമുഖ മാലികീ പണ്ഡിതർ:
ശൈഖ് ഈസാ ബിൻ മുഥ്‌ലഖ് അൽ അഹ്‌സാഈ
ശൈഖ് അബ്ദുൽ അസീസ് സ്വാലിഹ് അൽ ഇലജി
പ്രമുഖ ശാഫിഈ പണ്ഡിതർ:
ശൈഖ് അബ്ദുല്ലാഹി ബിന് മുഹമ്മദ് അൽ അബ്ദുല്ലത്തീഫ്
ശൈഖ് ഉമർ ബിൻ അബ്ദുറഹീം അൽ ഹുസൈനി
പ്രമുഖ ഹമ്പലീ പണ്ഡിതർ:
ശൈഖ് മുഹമ്മദ് ബിന് അബ്ദുറഹ്മാൻ അൽ അഫാലിഖ്
ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ ഫൈറോസ്
സൗദി അറേബ്യയുടെ മറ്റു നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്നും ഓരോ മദ്ഹബ് അനുധാവനം ചെയ്യുന്നവർക്കും വെവ്വേറെ പള്ളികൾ കാണാം. എല്ലാ വീക്ഷണ വൈജാത്യങ്ങളും പരിപക്വമായുൾക്കൊണ്ട് പരസ്പര ബഹുമാനത്തോടെ ജീവിക്കുന്ന അൽ അഹ്‌സ ജനത അൻസ്വാറുകളുടെ വിശുദ്ധ സ്വഭാവത്തിന്റെയും പരസ്പര സഹകരണത്തിന്റെയും മാതൃക തന്നെ. മഹാനായ ജഅ്ഫർ അൽഥയ്യാറിന്റെ സന്താന പരമ്പരക്കായി വഖ്ഫ് ചെയ്യപ്പെട്ട ഖൂത്തിലെ മസ്ജിദുൽ ജബ്‌രി ശാഫിഈ പള്ളിയാണെങ്കിൽ ലേഡീസ് മാർക്കറ്റിലെ ഫൈസൽ ബിൻ തുർക്കി മസ്ജിദ് മാലികീ പള്ളിയും ബൈതുൽ മുല്ലയുടെ പിൻവശമുള്ള മസ്ജിദ് ഹനഫീ പള്ളിയുമാണ്.

 

 

ജബൽ ഖാറ
അൽ അഹ്‌സയുടെ കിഴക്ക് ഭാഗത്താണ് ജബലുൽ ഖാറ ഗുഹകളുള്ളത്. പ്രകൃതിയുടെ ഈ കരകൗശലാതിശയം ഈയിടെയായി സർക്കാർ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി വികസിപ്പിച്ചിട്ടുണ്ട്. 
യുനെസ്‌കോയിൽ ഇടം നേടിയ സൗദിയിലെ രണ്ട് പ്രദേശങ്ങളിലൊന്നാണ് ജബൽ ഖാറ. മറ്റൊന്ന് മദാഇൻ സ്വാലിഹും. ഈ മലയുടെ പല ഭാഗവും ലംബമായി പിളർന്നിരിക്കുകയാണ്. ഖാറ മലകളുടെ ഉൾഭാഗത്ത് നിരവധി വഴികളും ചില സ്ഥലങ്ങളിൽ വിള്ളലുകളും കാണാം. ഉഷ്ണ കാലത്ത് നേരിയ ശൈത്യവും ശൈത്യ കാലത്ത് നേരിയ ഉഷ്ണവും അനുഭവപ്പെടുന്ന ഈ ഗുഹ നയനാനന്ദകരവും ഹൃദയസ്പൃക്കുമത്രേ.
ടോയൻബീയും ഹെറീഡോസും ഇബ്‌നു ബത്തൂത്തയും ഇബ്‌നു ഖൽദൂനും അൽ അഹ്‌സയെക്കുറിച്ച് വാചാലരായിട്ടുണ്ട്. നാസർ ഖുസ്‌റു എന്ന സഞ്ചാരി ഹസയുടെ സമ്പൽ സമൃദ്ധിയെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. മൃഗങ്ങൾക്ക് പോലും ഈത്തപ്പഴം തീറ്റയായി നൽകുന്നതുകൊണ്ട് തന്നെ ആഗോള തലത്തിൽ ഈത്തപ്പനകളുടെ തലസ്ഥാന നഗരിയായി അൽ അഹ്‌സ വാഴ്ത്തപ്പെടുന്നു.