Wednesday , March   27, 2019
Wednesday , March   27, 2019

കീഴാറ്റൂരിൽ പറക്കുക വയൽക്കിളികളോ, കഴുകന്മാരോ?

കീഴാറ്റൂർ ഗ്രാമത്തിന്റെ ആകാശ കാഴ്ച

കീഴാറ്റൂരിലെ വയലേലകളിൽ പറക്കുന്നത് വയൽക്കിളികളോ, കഴുകന്മാരോ, രാഷ്ട്രീയ കിളികളോ, വെട്ടുകിളികളോ ഇതിൽ ആരെന്നാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത്. കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഇത്രയും പ്രാദേശികമായ ഒരു പ്രശ്‌നം ഇത്രയും ഗൗരവത്തോടെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. കീഴാറ്റൂരിലെ വയൽക്കിളികൾ നടത്തുന്ന സമരം, ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞുവെന്നത് ഈ സമരത്തിന്റെ ന്യായാന്യായങ്ങളിലേക്കു ചർച്ച കൊണ്ടെത്തിക്കാൻ പര്യാപ്തമായി. 
വികസനമെന്ന സങ്കൽപം സ്വന്തം മണ്ണിനെ കാർന്നു തിന്നുന്ന നേരം ഇതിനെ സംരക്ഷിക്കാൻ ഒരു കൂട്ടം കർഷകർ നടത്തിയ ഐതിഹാസിക ചെറുത്തു നിൽപ് എന്നു വേണമെങ്കിൽ ഒറ്റ വാചകത്തിൽ കീഴാറ്റൂർ സമരത്തെ വിശേഷിപ്പിക്കാം. നന്ദിഗ്രാമുമായി ചേർത്തു വായിക്കപ്പെടുമെങ്കിലും, രാഷ്ട്രീയ കേരളത്തിൽ ഈ സമരത്തിനു സമാനതകളില്ല. സി.പി.എം ശക്തി കേന്ദ്രത്തിൽ ഒരു കൂട്ടം സി.പി.എം പ്രവർത്തകർ ആരംഭിച്ച ഈ സമരം ഇന്ന് ദേശീയതലത്തിൽ തന്നെ ശ്രദ്ധ നേടുന്നത് അതിലെ രാഷ്ട്രീയം കൊണ്ടു കൂടിയാണ്. യഥാർഥത്തിൽ ഒന്നൊര വർഷം മുമ്പ് സി.പി.എം നേതൃത്വത്തിലാണ് ഈ സമരം ആരംഭിച്ചത്. 
നാട്ടിലെ ജലസ്രോതസ്സിനെയും അന്നം നൽകുന്ന വയലിനെയും നെടുകെ പിളർന്നു കടന്നു പോവുന്ന ബൈപാസ് വേണ്ടെന്ന ഉറച്ച തീരുമാനത്തിൽ കീഴാറ്റൂരിലെ കർഷകർ ഒറ്റക്കെട്ടായി ആരംഭിച്ചതാണ് ഈ സമരം. പിന്നീട് പ്രാദേശിക നേതൃത്വം പിൻതിരിഞ്ഞപ്പോൾ ഏതാനും ചെറുപ്പക്കാർ ഈ സമരം ഏറ്റെടുക്കുകയും ഇതിൽ ഉറച്ചു നിൽക്കുകയും ചെയ്തു. സ്വാഭാവികമായും ഇവർ പാർട്ടി വിരുദ്ധരാവുകയും നടപടിക്കു വിധേയമാവുകയും ചെയ്തു. ആരുമറിയാതെ കെട്ടടങ്ങിപ്പോവുമായിരുന്ന ഈ സമരത്തെ ദേശീയതലത്തിൽ വരെ എത്തിച്ചത് സമരത്തിന്റെ പിന്നിലുള്ളവർ ഉയർത്തുന്ന സത്യസന്ധമായ ചോദ്യങ്ങളും പരിസ്ഥിതിയെ സ്‌നേഹിക്കുന്നവർ നൽകിയ അകമഴിഞ്ഞ പിന്തുണയുമായിരുന്നു. സമരം സ്വാഭാവികമായും കത്തിപ്പടർന്നു. ഇതിന്റെ നാൾ വഴികൾ കേരളം പല തവണ ചർച്ച ചെയ്തതാണ്. 
ഇന്ന് കീഴാറ്റൂരിലെ വയൽക്കിളികൾ നടത്തുന്ന സമരം, ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി കൈപ്പിടിയിലാക്കുകയും, സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിനെതിരെ ആയുധമാക്കുകയും ചെയ്തതോടെ വഴിത്തിരിവിലെത്തി നിൽക്കുകയാണ്. സമരത്തിനു ഇനി ആയുസ്സുണ്ടോ എന്നാണ് ചോദ്യം. സമരത്തെ പൂർണമായും പിന്തുണച്ച് രംഗത്തുണ്ടായിരുന്ന പരിസ്ഥിതി പ്രവർത്തകരിലും വയൽക്കിളികളിലും അടക്കം ആശയക്കുഴപ്പം സൃഷ്ടിക്കുകയും, സമരത്തെ പൂർണമായും പിന്തുണക്കുന്ന നിഷ്പക്ഷരായ സാധാരണക്കാരെ പിന്നോട്ടടിപ്പിക്കുന്നതുമായി ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. കീഴാറ്റൂരിൽ സുരേഷും നമ്പ്രാടത്ത് ജാനകിയമ്മയും അടക്കമുള്ള സാധാരണക്കാർ നയിച്ച സമരം ശ്രദ്ധ നേടിയത്  ഇവരുടെ പൂർണ പിന്തുണ കൊണ്ടായിരുന്നു. കീഴാറ്റൂരിൽ മരുന്നിനു പോലും ആളുകളില്ലാത്ത ദേശീയ പാർട്ടി ഇത്രയും ജനകീയമായ സമരത്തെ നിഷ്പ്രയാസം കൈപ്പിടിയിൽ ഒതുക്കുകയും രാഷ്ട്രീയ നേട്ടത്തിനു ഉപയോഗിക്കുകയും ചെയ്തതിനെതിരെ പരക്കെ അതൃപ്തി ഉയരുന്നുണ്ട്. 
കീഴാറ്റൂർ സമരാരംഭത്തിൽ തന്നെ, ദേശ വിരുദ്ധ ശക്തികളൊഴിച്ച് ആരുടെയും പിന്തുണ തേടുമെന്ന് സമര നായകൻ സുരേഷ് കീഴാറ്റൂർ പ്രഖ്യാപിക്കുകയും ആദ്യ ഘട്ടത്തിൽ തന്നെ ബി.ജെ.പി - ആർ.എസ്.എസ് നേതാക്കൾ സമരപ്പന്തൽ സന്ദർശിക്കുകയും ചെയ്തിരുന്നു. ദേശീയ ശ്രദ്ധ നേടിയ കേരളം കീഴാറ്റൂലേക്ക് മാർച്ചിലും സുരേഷ് ഗോപി എം.പി അടക്കമുള്ളവരുടെ സാന്നിധ്യവുമുണ്ടായി. എന്നാൽ സമരപ്പന്തൽ ബി.ജെ.പി യുടെ പരിപാടിക്കായി വിട്ടു നൽകുകയും അവരുടെ നേതാക്കളുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന സാഹചര്യം ഇത്തരമൊരു സമരത്തിൽ ഒരിക്കലും സൃഷ്ടിക്കപ്പെടരുതായിരുന്നു എന്നു വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. 
ഇതിനു ശേഷം നടന്ന സമര സമിതി യോഗത്തിൽ വയൽക്കിളികൾക്കു ജാഗ്രതക്കുറവുണ്ടായെന്നും, ഇനി ഒരു രാഷ്ട്രീയ പാർട്ടിയും പ്രത്യേകമായി നടത്തുന്ന പരിപാടികളുടെ വേദിയിൽ പ്രത്യക്ഷപ്പെടില്ലെന്നും സമര നായകൻ വ്യക്തമാക്കുകയുണ്ടായി. വയൽക്കിളികൾ കൂടു മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും, സ്വന്തം കൂടു സംരക്ഷിക്കാനുള്ള സമരം തുടരുമെന്നുമാണ് സുരേഷ് കീഴാറ്റൂർ നൽകുന്ന ഉറച്ച മറുപടി. 
മറുഭാഗത്ത് ഉയരുന്ന ഒരു ചോദ്യമുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി രാഷ്ട്രീയ ആയുധമായാണ് ഈ സമരത്തെ കാണുന്നതെങ്കിൽ, സംസ്ഥാനം ഭരിക്കുന്ന സി.പി.എം എങ്ങിനെയാണ് ഈ സമരത്തെ വിലയിരുത്തുന്നതെന്നാണ്. പരിസ്ഥിതിയേയും ജലസ്രോതസ്സുകളെയും സംരക്ഷിച്ചു കൊണ്ടുള്ള വികസനമെന്ന് പ്രകടന പത്രികയിൽ തന്നെ വ്യക്തമാക്കുകയും ഇതിനായി സമര പരമ്പരകൾ തന്നെ സംഘടിപ്പിക്കുകയും അധികാരത്തിലേറുകയും ചെയ്ത പാർട്ടി, തീർത്തും പരിസ്ഥിതി വിരുദ്ധമായ സമീപനമാണ് കീഴാറ്റൂർ വിഷയത്തിൽ കൈക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തം. സമര നായകൻ സുരേഷ് കീഴാറ്റൂർ ഉയർത്തുന്ന ഒരു ചോദ്യത്തിനു ഇതുവരെ സി.പി.എം നേതൃത്വം മറുപടി പറഞ്ഞിട്ടില്ല. 
ആറന്മുളയിൽ നെൽവയലും തണ്ണീർത്തടവും സംരക്ഷിക്കാൻ ബി.ജെ.പിയുമായി സഹകരിച്ചു നടത്തിയ സമരം തെറ്റാണെന്ന് സമ്മതിച്ചാൽ വയൽക്കിളികൾ നടത്തുന്ന കീഴാറ്റൂർ സമരവും തെറ്റാണെന്നു പറയാമെന്നതാണീ ചോദ്യം. ആറന്മുളയിൽ ആകാമെങ്കിൽ എന്തു കൊണ്ട് കീഴാറ്റൂരിൽ ആയിക്കൂടാ എന്ന ചോദ്യം വളരെ ലളിതമാണ്. ഇതിനു മാത്രമല്ല, പല ചോദ്യങ്ങൾക്കും ഉത്തരമില്ലാത്തതിനാലാണ് സമരക്കാർക്കെതിരെ 'സാമ ഭേദ ദണ്ഡങ്ങളു'മായി പാർട്ടി രംഗത്തിറങ്ങുന്നതെന്നും വ്യക്തം. കീഴാറ്റൂർ സമരത്തിനെതിരെ സി.പി.എം നടത്തുന്ന വിശദീകരണ ജാഥയിൽ പോലും സമരത്തിന്റെ യഥാർഥ കാരണങ്ങൾ പലതും ചർച്ച ചെയ്യപ്പെടാതെ പോകുന്നത് മടിയിൽ കനമുള്ളതിനാലാണെന്ന് സാധാരണ ജനങ്ങൾ തെറ്റിദ്ധരിച്ചാൽ അവരെ കുറ്റം പറയാനാവില്ല. 
യഥാർഥത്തിൽ ഈ ബൈപാസ് ആർക്കു വേണ്ടിയാണെന്ന വയൽക്കിളികളുടെ ചോദ്യം പ്രസക്തമാണ്. എട്ടു കിലോമീറ്റർ അകലെ രാജ്യാന്തര നിലവാരത്തിലുള്ള പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി  പാതയുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഇത് പൂർത്തിയാവുന്നതോടെ വടക്കു ഭാഗത്തു നിന്നു തളിപ്പറമ്പിലേക്കുള്ള വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറയും പിലാത്തറയിൽ നിന്നും കണ്ണൂരിലെത്താൻ എട്ടു കിലോമീറ്ററിലധികം ലാഭമുണ്ടെന്നിരിക്കേ, വളവും കയറ്റിറക്കങ്ങളും ഗതാഗതക്കുരുക്കുമുള്ള പാത ആരെങ്കിലും തെരഞ്ഞെടുക്കുമോ എന്നതാണ് ചോദ്യം. മലയോര മേഖലയിൽ നിന്നുള്ള വാഹനങ്ങളുടെ ബാഹുല്യം തടയാൻ ഒരു കെട്ടിടം പോലും പൊളിക്കാതെ 30 മീറ്ററിൽ നാലു വരി പാത നിർമ്മിക്കാനുള്ള സ്ഥലം ഇപ്പോൾ തന്നെ ദേശീയ പാതാ അധികൃതരുടെ കൈവശമുണ്ട്. ചില കൈയേറ്റങ്ങൾ ഒഴിപ്പിക്കേണ്ടി വരുമെന്നു മാത്രം. 
വയൽ നികത്തി പത്തു മീറ്റർ ഉയരത്തിൽ പാത നിർമ്മിക്കേണ്ടി വരുമ്പോഴുള്ള പാരിസ്ഥിതിക പ്രശ്‌നം, കീഴാറ്റൂരിനെ മാത്രമല്ല, സമീപ പ്രദേശത്തെ ജലലഭ്യതയെക്കൂടി ഭാവിയിൽ ബാധിക്കുമെന്ന വയൽക്കിൡകളുട മുന്നറിയിപ്പ് കാണാതിരുന്നുകൂടാ. മാത്രമല്ല, വയലിൽ നിന്നും നീക്കം ചെയ്യുന്ന നാല് ലക്ഷം ടൺ കളിമണ്ണിന്റെയും വയലിൽ നിറക്കേണ്ട എട്ട് ലക്ഷം ടൺ ചുവന്ന മണ്ണിന്റെയും കണക്കുകളും കാണണം. 
കോടികളുടെ ഇടപാടുകൾ ഇതിനു പിന്നിലുണ്ടെന്നു വ്യക്തം. ഒരു കാലത്ത് ശാസ്ത്ര മേഖലയിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠന റിപ്പോർട്ടുകളായിരുന്നു അവസാന വാക്ക്. എന്നാൽ കീഴാറ്റൂർ വിഷയത്തിൽ പരിഷത്തിനെപ്പോലും പാർട്ടി തള്ളിപ്പറഞ്ഞു കഴിഞ്ഞു. ഗ്രഹണ സമയത്ത് ഫണമുയർത്തുന്ന നാഞ്ഞൂലുകളായാണ് പരിഷത്ത് നേതാക്കളെ സ്ഥലത്തെ ജനപ്രതിനിധി വിശേഷിപ്പിച്ചത്. 
കീഴാറ്റൂരിൽ ഇനി എന്ത് എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. സമരം അവസാനം വരെ തുടരുമെന്നും അന്തിമ വിജയം നമ്മുടേതു തന്നെയാകുമെന്നും വയൽക്കിളികൾ വിശ്വസിക്കുമ്പോൾ, ഈ സമരത്തിനു സ്വാഭാവിക അന്ത്യമാണ്  ഉണ്ടാവുകയെന്ന് പാർട്ടിയും വലയിരുത്തുന്നു. ഇത് പരിസ്ഥിതി പ്രശ്‌നം എന്നതിനൊപ്പം ഇരു കൂട്ടരുടെയും അഭിമാന പ്രശ്‌നമായി മാറിക്കഴിഞ്ഞു. കീഴാറ്റൂരിലെ പാടത്ത് പറക്കുക വയൽക്കിളികളോ, കഴുകന്മാരോ എന്ന് കാലം തെളിയിക്കട്ടെ.