Wednesday , March   27, 2019
Wednesday , March   27, 2019

ഹോങ്കോംഗ്, മക്കാവു കടൽപാലം റെഡി

ഹോങ്കോംഗിന്റെ പുരോഗതിയിൽ പാലം വലിയ  മുതൽക്കൂട്ടാവുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. സ്വന്തമായ നിയമ വ്യവസ്ഥ ഉൾപ്പെടെയുള്ള  ഹോങ്കോംഗിനു മേൽ കൂടുതൽ നിയന്ത്രണം  കൊണ്ടുവരാനുള്ള ചൈനയുടെ നീക്കമാണ്  പാലം നിർമാണത്തിന് പിന്നിലെന്നും ആരോപണമുണ്ട്. 

ലോകത്തിലെ ഏറ്റവും നീളമുള്ള കടൽപാലം ചൈനയിൽ നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഹോങ്കോംഗ്, മക്കാവു എന്നിവയെ ചൈനയുമായി ബന്ധിപ്പിക്കുന്ന കടൽപാലത്തിന് 55 കിലോമീറ്ററാണ് നീളം. ആറുവരിപ്പാതയായി നിർമിച്ചിരിക്കുന്ന പാലം നാല് ടണലുകളും നാല് കൃത്രിമ ദ്വീപുകളും അടങ്ങിയതാണ്. അമേരിക്ക, ബ്രിട്ടൻ, ഡെൻമാർക്ക്, ജപ്പാൻ, നെതർലാന്റ്‌സ് തുടങ്ങി 14 രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ കൂട്ടായ്മയിലാണ് വിസ്മയകരമായ പാലം നിർമാണം പൂർത്തിയായതെന്ന് ഇതിന്റെ ചുമതലയുള്ള ഗാവോ സിംഗഌൻ പറഞ്ഞു. 
കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് നിർമിച്ച പാലം ഉരുക്കിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. പാലത്തിനുപയോഗിച്ച ഉരുക്ക് കൊണ്ട് പാരീസിലെ ഈഫൽ ടവറിന് സമാനമായ 60 ഗോപുരങ്ങൾ നിർമിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഏഴു വർഷമെടുത്താണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ചൈനയിൽ നിന്ന് മക്കാവു, ഹോങ്കോംഗ് എന്നിവിടങ്ങളിലേക്കുള്ള ദൂരം പകുതിയായി കുറയ്ക്കാൻ ഈ ആഡംബര പാലത്തിലൂടെ സാധിക്കും. ഒരു മണിക്കൂർ നേരം  മതി ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തെത്താൻ. 10 മിനിട്ട് ഇടവിട്ടുള്ള ബസ് സർവീസ് ഉൾപ്പെടെ ദിവസം 40,000 വാഹനങ്ങൾ ഇതുവഴി കടന്നുപോകുമെന്നാണ് പ്രതീക്ഷ. 


പാലത്തിന്റെ നിർമാണത്തിലെ അദ്ഭുതം കാണാൻ വിദേശ മാധ്യമ പ്രവർത്തകരെ ചൈനയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് അധികൃതർ. വികസന കാര്യത്തിൽ രാജ്യം കൈവരിച്ചിരിക്കുന്ന കുതിച്ചുചാട്ടത്തിന്റെ മികച്ച ഉദാഹരണമാണിതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഡെപ്യൂട്ടി കമ്മീഷണർ സോംഗ് റൗൻ അഭിപ്രായപ്പെട്ടു. മുൻ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗ് ഒരു രാജ്യം രണ്ട് ഭരണ സമ്പ്രദായം എന്ന കരാറിന്റെ അടിസ്ഥാനത്തിൽ 1997 ലാണ് ചൈനയിലേക്ക് തിരിച്ചെത്തിയത്. ഇരു മേഖലകളുമായി നല്ല ബന്ധത്തിന് വഴിവെയ്ക്കുമെന്നും ഹോങ്കോംഗിന്റെ പുരോഗതിയിൽ പാലം വലിയ മുതൽക്കൂട്ടാവുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ സ്വന്തമായ നിയമ വ്യവസ്ഥ ഉൾപ്പെടെയുള്ള ഹോങ്കോംഗിനു മേൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരാനുള്ള ചൈനയുടെ നീക്കമാണ് പാലം നിർമാണത്തിന് പിന്നിലെന്നും ആരോപണമുണ്ട്. അതേസമയം പാലം നിർമാണം ധൂർത്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും മികച്ച ഉദാഹരണമാണെന്നാണ് വിമർശകരുടെ പക്ഷം.
ലോകത്തിലെ ഏറ്റവും വലിയ കടൽപാലം ചൈന ഈ വർഷം ഒടുവിൽ ഗതാഗതത്തിന് തുറന്നുകൊടുക്കും. വൈ ആകൃതിയിലുള്ള പാലം ഹോങ്കോംഗിലെ ലന്താവു ദ്വീപിൽ നിന്ന് തുടങ്ങി മക്കാവുവിലേക്കും സുഹായിയിലേക്കും രണ്ടായി പിരിഞ്ഞാണ് അവസാനിക്കുന്നത്. ഏത് ചുഴലിക്കാറ്റിനേയും കടൽത്തിരമാലകളേയും പ്രതിരോധിച്ച് നിർത്താൻ ഈ പാലത്തിന് കഴിയുമെന്നാണ് ചൈനയുടെ അവകാശവാദം. പാലത്തിന്റെ അടിയിൽ രണ്ട്  കൃത്രിമ ദ്വീപുകളും നിർമിച്ചിട്ടുണ്ട്. ഈ ദ്വീപുകളെ ബന്ധിച്ച് കടലിനടിയിൽ രണ്ട്  തുരങ്കങ്ങളുമുണ്ട്. കപ്പലുകൾക്ക് കടന്നുപോകുന്നതിനായിട്ടാണ് ഈ തുരങ്കം ഉൾപ്പെടുത്തിയിരിക്കുന്നത്. കടലിനടിയിലൂടെയുള്ള 6.7 കിലോമീറ്റർ തുരങ്കത്തിനും പാലത്തിന്റെ 22.9 കിലോമീറ്റർ ഭാഗവും നിർമ്മിക്കാനായി നാല് ലക്ഷം ടൺ സ്റ്റീലാണ് ഉപയോഗിച്ചത്. കഴിഞ്ഞ സെപ്തംബറിൽ നിർമ്മാണം പൂർത്തിയായ പാലത്തിന്റെ അനുബന്ധ ജോലികളാണ് പീന്നീട് നടന്നത്. 2009 ഡിസംബറിലാണ് പാലത്തിന്റെ നിർമ്മാണം തുടങ്ങിയത്. ഏകദേശം 15,000 കോടി ഡോളറാണ് പാലത്തിന്റെ നിർമ്മാണച്ചെലവ്. 120 വർഷത്തെ ആയുസ്സ് പാലത്തിനുണ്ടാകുമെന്നാണ് ചൈന അവകാശപ്പെടുന്നത്.