Wednesday , March   27, 2019
Wednesday , March   27, 2019

കരുത്ത് തിരിച്ചു പിടിക്കാൻ കുരുമുളക് ശ്രമം

ഉത്തരേന്ത്യൻ ഡിമാന്റിൽ കുരുമുളക് കരുത്ത് തിരിച്ചു പിടിക്കാനുള്ള അവസാന ശ്രമത്തിൽ. ഈസ്റ്റർ ആഘോഷങ്ങളിലേക്ക് റബർ ഉൽപാദന മേഖല തിരിഞ്ഞത് ഷീറ്റ് വരവ് കുറയാൻ ഇടയാക്കി. ചുക്ക് വില ഉയർന്നില്ല. നാളികേരോൽപന്നങ്ങളുടെ നിരക്ക് ഉയർന്നു. കേരളത്തിൽ സ്വർണ വില താഴ്ന്നു.ആഭ്യന്തര വ്യാപാരികൾ കുരുമുളക് സംഭരിക്കാൻ രംഗത്ത് ഇറങ്ങിയത് ഉൽപന്ന വില ഉയർത്തി. ഇടുക്കി, വയനാടൻ മുളകിന്റെ ലഭ്യത കുറഞ്ഞതും വിദേശ ചരക്ക് വരവ് ചുരുങ്ങുമെന്ന വിലയിരുത്തലുകളും വിപണിക്ക് കരുത്തായി. ഇറക്കുമതി നിയന്ത്രിക്കാനായാൽ കർഷകർക്കും സ്‌റ്റോക്കിസ്റ്റുകൾക്കും ജുലൈ-ഒക്‌േടാബർ കാലയവളിൽ മികച്ച വില ഉറപ്പ് വരുത്താനാവും. അന്താരാഷ്ട്ര മാർക്കറ്റിൽ നിന്ന് യു എസ്-യൂറോപ്യൻ വാങ്ങലുകാർ അകന്നു. ഈസ്റ്റർ ആഘോഷങ്ങൾ കഴിയുന്നതോടെ ബയ്യർമാർ ആഗോള വിപണിയിൽ സജീവമാകും. ഇന്ത്യൻ മുളക് വില ടണ്ണിന് 6500 ഡോളറാണ്. അൺ ഗാർബിൾഡ് കുരുമുളക് 37,800 രൂപയിൽ നിന്ന് 38,300 രൂപയായി. ഗാർബിൾഡ് കുരുമുളക് 40,300 രൂപ. നാളികേരോൽപന്നങ്ങളുടെ നിരക്ക് ഉയർന്നു. പാം ഓയിലിന്റെ ഇറക്കുമതി ഡ്യൂട്ടി ഉയർത്തിയത് പാചക എണ്ണകളുടെ നിരക്ക് മെച്ചപ്പെടുത്തി. നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ പച്ചത്തേങ്ങയുടെ ലഭ്യത ഉയരും. മില്ലുകൾ കൊപ്ര സംഭരിച്ചതോടെ 11,540 ൽ നിന്ന് 11,860 ലേയ്ക്ക് കയറി. വെളിച്ചെണ്ണയ്ക്ക് 500 വർധിച്ച് 17,700 രൂപയായി. വിഷു വരെ എണ്ണ വിപണിയിലെ ഉണർവ് തുടരാം.
രാജ്യാന്തര റബർ മാർക്കറ്റും ഈസ്റ്ററിലേക്ക് ശ്രദ്ധ തിരിച്ചത് നിക്ഷേപകരെ പുതിയ വാങ്ങലുകളിൽ നിന്ന് പിൻതിരിപ്പിച്ചു. അന്താരാഷ്ട്ര അവധി വ്യാപാരത്തിൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് മുൻതൂക്കം നൽകി. അതേ സമയം ജാപ്പനീസ് യെന്നിന്റെ വിനിമയ മൂല്യം അൽപം കുറഞ്ഞത് ഒരു വിഭാഗം ഓപ്പറേറ്റർമാരെ വിപണിയിലേയ്ക്ക് അടുപ്പിച്ചു. വരും ദിനങ്ങളിൽ തായ്‌ലന്റ്, ഇന്തോനേഷ്യ, മലേഷ്യൻ മാർക്കറ്റുകളിൽ നിന്നുള്ള റബർ വരവ് ശക്തിയാർജിക്കുന്നത് വിലയിൽ ചാഞ്ചാട്ടം സൃഷ്ടിക്കാം. വേനൽ മഴ റബർ മേഖലക്ക് ആശ്വാസം പകർന്നു. ഈസ്റ്റർ കഴിയുന്നതോടെ റബർ ടാപ്പിങ് പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് ചെറുകിട കർഷകർ.  ടയർ കമ്പനികളും ഉത്തരേന്ത്യൻ വ്യവസായികളും ചരക്ക് സംഭരിച്ചെങ്കിലും അവർ വിലക്കയറ്റത്തെ പിടിച്ചു നിർത്തി. നാലാം ഗ്രേഡ് റബർ 12,200 രൂപ. ലാറ്റക്‌സ് വില 200 രൂപ കുറഞ്ഞ് 7600 രൂപയായി. മാസ മധ്യത്തോടെ ലാറ്റക്‌സിന്റെ ലഭ്യത ഉയരുമെന്ന കണക്ക് കൂട്ടലിലാണ് വ്യവസായികൾ.
ഏലക്ക ഉൽപാദനം ചുരുങ്ങിയതിനാൽ ലേല കേന്ദ്രങ്ങളിൽ വരവ് കുറഞ്ഞു. വേനൽ മഴയുടെ വരവ് ഏലത്തോട്ടങ്ങളെ സജീവമാക്കുമെന്ന പ്രതീക്ഷയിലാണ് ഉൽപാദകർ. വാരാന്ത്യം തേക്കടിയിൽ വലിപ്പം കൂടി ഇനങ്ങൾ കിലോ 1223 രൂപയിൽ കൈമാറ്റം നടന്നു. അറബ് രാജ്യങ്ങളിൽ നിന്ന് ചുക്കിന് അന്വേഷണങ്ങളെത്തിയിട്ടും വില സ്‌റ്റെഡി. ഉത്തരേന്ത്യൻ വാങ്ങലുകാരും കയറ്റുമതിക്കാരും ചുക്ക് ശേഖരിച്ചു. കാർഷിക മേഖലകളിൽ നിന്ന് പ്രതിദിനം 100 ചാക്ക് ചുക്ക് വിൽപനയ്ക്ക് ഇറങ്ങുന്നുണ്ട്. വിവിധയിനം ചുക്ക് 12,500-13,500 രൂപ. 
കേരളത്തിലെ ആഭരണ വിപണികളിൽ പവന്റെ വില  22,840 രൂപയിൽ നിന്ന് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 22,920 രൂപ വരെ കയറി. വാരാവസാനം പവൻ 22,600 രൂപയിൽ വിപണനം നടന്നു.