Wednesday , March   27, 2019
Wednesday , March   27, 2019

ഓഹരി വിപണി പ്രതീക്ഷകളോടെ പുതുവർഷത്തിലേക്ക്

ഇന്ത്യൻ ഓഹരി വിപണി പ്രതീക്ഷകളോടെ പുതിയ സാമ്പത്തിക വർഷത്തെ എതിരേൽക്കാൻ ഒരുങ്ങുന്നു.  മുൻ വർഷത്തെ പോലെ ആഭ്യന്തര വിദേശ ഫണ്ടുകൾ ബ്ലൂചിപ്പ് ഓഹരികളിൽ വീണ്ടും നിക്ഷേപത്തിന് മത്സരിക്കുന്ന ദിനങ്ങളെ ഉറ്റുനോക്കുകയാണ് പ്രദേശിക ഓപ്പറേറ്റർമാർ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബോംബെ സെൻസെക്‌സ് 3348 പോയന്റ് ഉയർന്നു. ഇതിനിടയിൽ റെക്കോർഡായ 36,444 വരെ ജനുവരി അവസാനം സൂചിക ചരിത്രം രേഖപ്പെടുത്തി. 20.70 ട്രില്യൺ ഡോളറാണ് നിക്ഷേപകരുടെ മൊത്തം ആസ്തി. 
മഹാവീര ജയന്ത്രിയും ദുഃഖ വെള്ളിയും മൂലം പിന്നിട്ടവാരം ഇടപാടുകൾ മുന്ന് ദിവസങ്ങളിൽ ഒരുങ്ങി. സെൻസെക്‌സും നിഫ്റ്റിയും പോയവാരം തിളങ്ങി. ബി എസ് ഇ സൂചിക 372 പോയന്റും എൻ എസ് ഇ സൂചിക 115 പോയന്റും ഉയർന്നു. അതായത് മുന്നേറ്റം ഒരു ശതമാനത്തിന് മുകളിൽ. 
വിദേശ ഫണ്ടുകൾ പോയവാരം 868 കോടി രൂപയുടെ വിൽപന നടത്തി. അതേ സമയം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ  6151 കോടി രൂപയുടെ നിക്ഷേപത്തിന് ഉത്സാഹിച്ചു. േഫാറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യം 65.01 ൽ നിന്ന് 65.11 ലേയ്ക്ക് നീങ്ങി. വിദേശ ഓപ്പറേറ്റർമാരുടെ നീക്കം കണക്കിലെടുത്താൽ രൂപ വീണ്ടും ദുർബലമാകാം. 
സെൻസെക്‌സ് വാരത്തിന്റെ തുടക്കത്തിൽ 32,536 ൽ നിന്ന് മുന്നേറി. മുൻ നിര ഓഹരികളിൽ ഫണ്ടുകൾ നിക്ഷേപത്തിന് ഉത്സാഹിച്ചതോടെ സൂചിക 33,000 ലെ തടസ്സം മറികടന്ന് 33,305 വരെ ഉയർന്നെങ്കിലും ക്ലോസിങിൽ 32,969 പോയന്റിലാണ്. സെൻസെക്‌സിന്റെ ചലനങ്ങൾ വിലയിരുത്തിയാൽ ഈ വാരം 33,337 ലാണ്  ആദ്യ തടസ്സം. ഇത് മറികടന്നാൽ നിക്ഷേപ താൽപര്യം ഉയരുകയും സൂചിക 33,705-34,106 നെ ലക്ഷ്യമാക്കും. എന്നാൽ വിപണി വീണ്ടും കരടി വലയത്തിലേയ്ക്ക് തിരിഞ്ഞാൽ 32,568 ൽ ആദ്യ താങ്ങുണ്ട്. ഇത് നഷ്ടപ്പെട്ടാൽ 32,167-31,799 പോയന്റിലേയ്ക്ക് സൂചിക തിരിയാം. വിപണിയുടെ മറ്റ് സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ സൂചിക 200 ഡി എം എ ആയ 32,904 പോയന്റന് മുകളിലാണ് ക്ലോസിങിൽ.   
നിഫ്റ്റി തുടക്കത്തിൽ അൽപം തളർന്ന് 9960 ലേക്ക് നീങ്ങിയെങ്കിലും ഫണ്ടുകൾ ബ്ലൂചിപ്പ് ഓഹരികളിലേക്ക് ശ്രദ്ധ തിരിച്ചത് സൂചികയെ 10,000 പോയന്റിന് മുകളിലെത്തിച്ചു. മുൻവാരം സൂചിപ്പിച്ച ആദ്യ സപ്പോർട്ട് നിലനിർത്തിയ വിപണി 10,164 ലെ പ്രതിരോധം ഭേദിച്ച് 10,205 വരെ കയറിയെങ്കിലും അധിക നേരം പിടിച്ചു നിൽക്കാനാവാതെ 10,113 ലേയ്ക്ക് വാരാന്ത്യം താഴ്ന്നു. 10,040 പോയന്റ് നിർണായകമാണ്.  200 ഡി എം എ ആയ 10,180 പോയന്റിന് മുകളിൽ ക്ലോസിങിന് അവസരം ലഭിച്ചാൽ ബുൾ ഇടപാടുകാർ വിപണിയിൽ പിടിമുറുക്കും. ഈ വാരം ആദ്യ പ്രതിരോധം 10,222 പോയന്റിലാണ്. ഇതിന് മുകളിലേയ്ക്ക് നീങ്ങാനായാൽ 10,332 ൽ വീണ്ടും തടസ്സം പ്രതീക്ഷിക്കാം. സപ്പോർട്ട് 9981-9850 പോയന്റിലാണ്. 
ബാങ്കിങ്, സ്റ്റീൽ ഓഹരികളിൽ നിക്ഷേപകർ താൽപര്യം കാണിച്ചു. കോൾ ഇന്ത്യൻ ഓഹരി വില നാലര ശതമാനം ഉയർന്ന് 283 രൂപയായി. ഇൻഡസ് ഇൻബാങ്ക് 1795 രൂപയായും എച്ച് ഡി എഫ് സി ബാങ്ക് 1891 രൂപയായും എച്ച് യു എൽ 1335 രൂപയായും ഉയർന്നു. അതേ സമയം മുൻനിര ഓഹരിയായ വിപ്രോയുടെ നിരക്ക് അഞ്ച് ശതമാനത്തിന് അടുത്ത് താഴ്ന്ന് 281 രൂപയായി. എയർ ടെൽ ഓഹരി വില 398 രൂപയും ഐ സി ഐ സി ഐ ബാങ്ക് 278 രൂപയായും ബജാജ് ഓട്ടോ 509 രൂപയായും കുറഞ്ഞു. 
ഏഷ്യൻ മാർക്കറ്റുകൾ പലതും വാരാന്ത്യം മികവിലായിരുന്നു. വടക്കൻ കൊറിയയും ചൈനയുമായുള്ള ചർച്ചകൾ മേഖലയിൽ സമാധാനന്തരീക്ഷം സൃഷ്ടിക്കുമെന്ന വിലയിരുത്തലുകൾ ഓഹരി വിപണിക്ക് കരുത്ത് പകരും. യൂറോപ്യൻ മാർക്കറ്റുകൾ ഈസ്റ്റർ ആഘോഷങ്ങളിലേയ്ക്ക് ശ്രദ്ധ തിരിച്ചത് ഇടപാടുകളുടെ വ്യാപ്തി കുറച്ചു. അമേരിക്കൻ ഓഹരി ഇൻഡക്‌സുകളും മികവ് കാണിച്ചു.  ന്യൂയോർക്കിൽ ക്രൂഡ് ഓയിൽ ബാരലിന് 64.94 ഡോളറിലെത്തി. വർഷാന്ത്യതോടെ ഒപ്പെക്കും റഷ്യയും മറ്റ് ചില രാജ്യങ്ങളും എണ്ണ ഉൽപാദനം കുറക്കുമെന്ന വിലയിരുത്തലുകൾ ആഗോള വിപണി ചൂടുപിടിക്കാൻ കാരണമായി. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1326 ഡോളറിലാണ്.