Tuesday , July   17, 2018
Tuesday , July   17, 2018

ഇന്ത്യയിൽ  കാർ വില വർധിച്ചു

ഈ മാസം മുതൽ ഇന്ത്യയിൽ കാറുകളുടെ വില വർധിക്കും. കേന്ദ്ര ബജറ്റിൽ ഇറക്കുമതി ചുങ്ക ഘടനയിൽ വരുത്തിയ പരിഷ്‌കാരങ്ങളും അസംസ്‌കൃത വസ്തുക്കളുടെ വിലക്കൂടുതലുമാണ് വില വർധനവിന് കാരണമായി കമ്പനികൾ പറയുന്നത്. ഏപ്രിൽ ഒന്ന് അവധിയായതിനാൽ ഇന്നു മുതൽ വില വർധന പ്രാബല്യത്തിൽ വരും. 
സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോയായിരുന്നു വാഹന വില വർധനക്കു തുടക്കമിട്ടത്. ഇന്ത്യയിൽ വിൽപനയ്ക്കുള്ള എല്ലാ മോഡലുകൾക്കും അഞ്ചു ശതമാനം വില വർധിപ്പിക്കാനാണ് തീരുമാനമെന്ന് ചൈനീസ് കമ്പനിയായ ഗീലിയുടെ ഉടമസ്ഥതയിലുള്ള വോൾവോ കാഴ്‌സ് ഇന്ത്യ മാനേജിങ് ഡയറക്ടർ ചാൾസ് ഫ്രംപ് അറിയിച്ചു.
തൊട്ടുപിറകെ നിസാനും ടാറ്റയും വില വർധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തു വന്നു. നിസ്സാനു പുറമെ ബജറ്റ് ബ്രാൻഡായ ഡാറ്റ്‌സന്റെ ശ്രേണിയിലെ വാഹനങ്ങൾക്കും വില വർധിപ്പിക്കാനാണ് തീരുമാനം.  നിസാൻ, ഡാറ്റ്‌സൻ വാഹനങ്ങൾക്ക് രണ്ടു ശതമാനം വരെ വില വർധിക്കും. ഹാച്ച്ബാക്കുകളായ മൈക്ര, മൈക്ര ആക്ടീവ്, സെഡാനായ സണ്ണി, എസ്‌യുവിയായ ടെറാനൊ തുടങ്ങിയവയാണ് നിസ്സാൻ ഇന്ത്യയിൽ വിൽക്കുന്നത്. ഡാറ്റ്‌സൻ ശ്രേണിയിൽ ഹാച്ച്ബാക്കുകളായ ഗോ, റെഡി ഗൊ, വിവിധോദ്ദേശ്യ വാഹനമായ ഗോ പ്ലസ് എന്നിവയാണുള്ളത്. 
യാത്രാവാഹനങ്ങൾക്ക് മോഡൽ അടിസ്ഥാനത്തിൽ 60,000 രൂപ വരെയാണ് ടാറ്റയുടെ വർധന.  അസംസ്‌കൃത വസ്തുക്കളുടെ വില വർധനയെ തുടർന്നാണ് വാഹന വില കൂട്ടേണ്ടിവന്നതെന്നാണ് ടാറ്റ മോട്ടോഴ്‌സിന്റെ വിശദീകരണം. ഇതോടൊപ്പം വിപണി സാഹചര്യങ്ങളിലെ മാറ്റവും കാർ വില കൂട്ടാൻ നിർബന്ധിതമാക്കിയെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രസിഡന്റ് (പാസഞ്ചർ വെഹിക്കിൾ ബിസിനസ്) മയങ്ക് പരീക്ക് പറഞ്ഞു. ഇത് ബിസിനസിനെ ബാധിക്കില്ലെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ടിയാഗൊ, ഹെക്‌സ, ടിഗൊർ, നെക്‌സൻ തുടങ്ങിയ മോഡലുകളുടെ പിൻബലത്തിൽ വിൽപനയിലെ വളർച്ചാ നിരക്ക് നിലനിർത്താനാവുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. 
ഫോക്‌സ്വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡിയും ഇന്ത്യയിൽ വിൽക്കുന്ന മോഡലുകൾക്ക് വില വർധന പ്രഖ്യാപിച്ചു. നാലു ശതമാനം വർധനയാണ് ഔഡി വരുത്തിയിട്ടുള്ളത്. വിവിധ മോഡലുകൾക്ക് ഒരു ലക്ഷം മുതൽ ഒൻപതു ലക്ഷം രൂപയുടെ വരെ വർധന ഏപ്രിൽ ഒന്നു മുതൽ ഉണ്ടാകാമെന്ന് കമ്പനി അറിയിച്ചു.
 

Latest News