Thursday , April   26, 2018
Thursday , April   26, 2018

ഹാന്റിലിനെ യാത്രക്കാരന്  അനുയോജ്യമാക്കി  യുവ എൻജീനീയർ ഹിസാം

ബൈക്കിന്റെയോ സ്‌കൂട്ടറിന്റെയോ ഹാൻഡിലിന്റെ ഉയരം അനുയോജ്യമായ രീതിയിൽ ക്രമീകരിക്കാവുന്ന സംവിധാനവുമായി തൃക്കാക്കര സ്വദേശിയും യുവ എൻജിനീയറുമായ ഇ.കെ ഹിസാം.  വാഹനം ഓടിക്കുമ്പോൾ തന്നെ സ്വിച്ചമർത്തി ഉയരം കൂട്ടുവാനും കുറക്കുവാനും കഴിയുമെന്നതാണ് ഈ സംവിധാനത്തിന്റെ സവിശേഷത. ഹീറോ ഹോണ്ടയുടെ ആദ്യ മോഡലായ സിഡി 100 ബൈക്കിലാണ് ഹിസാം തന്റെ കണ്ടുപിടിത്തം അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുണ്ടായ ഹാൻഡിൽ ബാറിനു പകരം എംഎസ് റോഡുകളും പൈപ്പുകളും മോട്ടറുമായും ഗിയറുമായും  പ്രത്യേക ശ്രേണിയിൽ ക്രമീകരിച്ചാണ് പുതിയ സംവിധാനം ഒരുക്കിയത്. 
ഓരോരുത്തരുടെയും ശാരീരികമായ സവിശേഷതക്ക് അനുയോജ്യമായ തരത്തിൽ വാഹനത്തിന്റെ നിയന്ത്രണം ക്രമീകരിക്കാൻ കഴിയുന്നത് മൂലം ശാരീരിക അസ്വസ്ഥതകളിൽ നിന്ന് മോചനം സാധ്യമാകുമെന്നാണ് ഹിസാം അവകാശപ്പെടുന്നത്. സ്ത്രീകൾക്കും ഉയരം കുറഞ്ഞവർക്കും കൂടിയവർക്കും ഭിന്നശേഷികാർക്കും എന്ന് വേണ്ട ഏതാണ്ടെല്ലാ വിഭാഗത്തിൽ പെടുന്നവർക്കും ഉപകാരപ്പെടുന്നതാണ് ഈ സംവിധാനം. അയ്യായിരം രൂപയോളമാണ് ഇതിന് ചെലവ് വരിക. വർക്ക്‌ഷോപ്പ് ഉടമയായ പിതാവ് കുഞ്ഞുമുഹമ്മദിൽ നിന്നാണ്  ഇത്തരത്തിലുള്ള സംവിധാനങ്ങൾ രൂപപ്പെടുത്താൻ ഹിസാമിന് പ്രചോദനം ലഭിച്ചത്. മെക്കാനിക്കൽ എഞ്ചിനീയറിങിൽ ബിടെക് പൂർത്തിയാക്കിയ ഹിസാം കളമശ്ശേരി നിപ്പോൺ ടൊയോട്ടയിലെ ജീവനക്കാരനാണ്.
തന്റെ കണ്ടുപിടിത്തം പൂനെയിലെ ഓട്ടോ മോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ മുമ്പാകെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹിസാം. പേറ്റന്റിനുള്ള ശ്രമങ്ങളും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്.