Tuesday , April   24, 2018
Tuesday , April   24, 2018

കൊച്ചി എണ്ണ ശുദ്ധീകരണ ശാലയിൽ (ബി.എസ്) ആറ്  ഇന്ധന ഉൽപാദനത്തിന് ബൃഹദ്പദ്ധതി

കൊച്ചി- മലിനീകരണം വളരെ കുറഞ്ഞ ഭാരത് സ്‌റ്റേജ് (ബിഎസ്) ആറ് നിലവാരത്തിലുള്ള വാഹന ഇന്ധനം രണ്ടു വർഷത്തിനകം കേരളത്തിൽ ഉൽപാദനം തുടങ്ങും. ഈ ലക്ഷ്യവുമായി ബിപിസിഎൽ കൊച്ചി എണ്ണ ശുദ്ധീകരണ ശാലയുടെ മോട്ടോർ സ്പിരിറ്റ് ബ്ലോക് പ്രോജക്ടിനു (എംഎസ്ബിപി) തുടക്കമായി. 3313 കോടി രൂപയാണ് പദ്ധതി ചെലവ്.  ബിഎസ് ആറ് ഇന്ധനം 2020 ൽ ഉൽപാദിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്. 
16,500 കോടി രൂപ ചെലവിട്ടു നടപ്പാക്കിയ സംയോജിത റിഫൈനറി വികസന പദ്ധതി (ഐആർഇപി) പൂർത്തിയായതിനു പിന്നാലെ എംഎസ്ബിപിയും നടപ്പാക്കി ഇന്ധനത്തിന് അത്യുന്നത ഗുണനിലവാരം നൽകാനാണു റിഫൈനറിയുടെ ശ്രമം. ഐആർഇപി നടപ്പാക്കിയതോടെ തെക്കേ ഇന്ത്യയിലെ ഏറ്റവും അത്യാധുനികമായ റിഫൈനറിയെന്ന പ്രശസ്തി കൊച്ചി റിഫൈനറി സ്വന്തമാക്കി. 
ബിഎസ് നാല് നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പെട്രോൾ, ഡീസൽ ഇന്ധനങ്ങളാണ് ഇപ്പോൾ കൊച്ചി എണ്ണ ശുദ്ധീകരണ ശാലയിൽ ഉൽപാദിപ്പിക്കുന്നത്. ഇതിനേക്കാളും മലിനീകരണം കുറഞ്ഞ ഇന്ധനം ഉൽപാദിപ്പിക്കുകയാണ് ബിഎസ് ആറ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. മലിനീകരണം പരമാവധി കുറക്കുകയെന്നതാണ് കേന്ദ്ര സർക്കാർ നയം. അതിനു ചുവടു പിടിച്ചുകൊണ്ടാണ് പുതിയ പദ്ധതിയുമായി കൊച്ചി എണ്ണ ശുദ്ധീകരണ ശാല രംഗത്തു വന്നിട്ടുള്ളത്. ഇതോടെ കേരളത്തിന് ആവശ്യമായ മലിനീകരണം ഏറ്റവും കുറഞ്ഞ ഇന്ധനത്തിന്റെ ലഭ്യത ഇവിടെതന്നെ ഉറപ്പാക്കാനാവും. 
ബിഎസ് നാലിൽ നിന്ന് ആറിലേക്കെത്തുമ്പോൾ ഇന്ധനങ്ങളിലെ സൾഫർ അംശം കുറയും. സൾഫർ അംശം കുറഞ്ഞ പെട്രോൾ ഉപയോഗിക്കുമ്പോൾ കാർബൺ മോണോക്‌സൈഡ്, നൈട്രജൻ ഓക്‌സൈഡ് തുടങ്ങി അന്തരീക്ഷ മലിനീകരണത്തിനിടയാക്കുന്ന വാതകങ്ങളുടെ അളവു ഗണ്യമായി കുറയും. സൾഫർ അംശം കുറഞ്ഞ ഡീസൽ ഉപയോഗിക്കുമ്പോൾ വാതക മിശ്രിതങ്ങളും മറ്റും ചേർന്ന പാർട്ടിക്കുലേറ്റ് മാറ്റർ (പിഎം) പുറത്തു വിടുന്നതു കുറയും. അർബുദം, ഹൃദയ, ശ്വാസകോശ രോഗങ്ങൾക്കു കാരണമാകുന്നതാണ് പാർട്ടിക്കുലേറ്റ് മാറ്റർ.  
 

Latest News