Wednesday , March   27, 2019
Wednesday , March   27, 2019

ഭീം സിംഗിന്റെ  മകൻ രാം സിംഗ് 

വർഷങ്ങളുടെ ഇടവേളകളിൽ കോഴിക്കോട്ടും ജിദ്ദയിലുമായി നടത്തിയ ജേണലിസം ക്ലാസുകളിൽ പങ്കെടുക്കാനെത്തിയവരോട് ഒരു ചോദ്യം ഉന്നയിച്ചു. കോഴിക്കോട്ടേത് വിദ്യാർഥിനികളായിരുന്നു.  ജിദ്ദയിലെ ക്ലാസിൽ ജോലി ചെയ്യുന്ന വിദ്യാസമ്പന്നരായ പ്രവാസികളും. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള പത്രമേതെന്നായിരുന്നു ചോദ്യം. മലയാളത്തിന്റെ സുപ്രഭാതമായിരുന്നു പലരുടേയും ഉത്തരം. ഏതാനും വർഷങ്ങൾക്കിപ്പുറം പ്രവാസികളിൽ ഭൂരിഭാഗവും  നൽകിയ ഉത്തരം ശരിയായിരുന്നു. ഇതാണ് പബ്ലിസിറ്റിയുടെ കുഴപ്പം. പലവുരു കേൾക്കുമ്പോൾ ശരിയാണെന്ന ധാരണ സ്വാഭാവികമായുണ്ടാകും. ഹിന്ദി ബെൽറ്റിലെ ദിനപത്രങ്ങൾ പ്രചാരത്തിൽ റെക്കോർഡ് സൃഷ്ടിച്ചപ്പോൾ മലയാള പത്രങ്ങളുടെ സ്ഥാനം ദക്ഷിണേന്ത്യയിൽ ദിനതന്തിയ്ക്കും ഈനാടിനും പുറകിലായെന്നത് വേറെ കാര്യം. ഇതേ പോലെയാണ് കേരളത്തിലെ നഗരങ്ങളുടെ കാര്യവും. സംസ്ഥാനത്തെ ഏറ്റവും പഴയ നഗരമേതെന്ന് ചോദിച്ചാൽ അധികം ആലോചിക്കാതെ കൊച്ചി, തിരുവനന്തപുരം എന്നീ ഉത്തരങ്ങൾ നൽകാനായിരിക്കും പലർക്കും താൽപര്യം. ഇപ്പോൾ കാണുമ്പോൾ വലിയ നഗരങ്ങൾ ഇതൊക്കെയാണല്ലോ. സംസ്ഥാനം രൂപീകരിച്ച കാലത്ത് ഐക്യകേരളത്തിൽ ലയിച്ച മലബാർ പ്രദേശത്തെ തലശ്ശേരിയും കണ്ണൂരുമൊക്കെയാണ് കേരളത്തിലെ ആദ്യ നഗരസഭകൾ. ബ്രിട്ടീഷ് ഭരണത്തിന്റെ ആസ്ഥാനമായിരുന്ന തലശ്ശേരിയിലാണ് കേരളത്തിൽ ആദ്യമായി സിറ്റി ബസ് സർവീസുകൾ തുടങ്ങിയതും.  ഇതൊക്കെ പറഞ്ഞിട്ടെന്ത് കാര്യം? കേരളത്തിൽ ഏറ്റവും വീതി കുറഞ്ഞ റോഡുള്ള പട്ടണം തലശ്ശേരിയായിരിക്കും. ഇടുങ്ങിയ ഒ.വി റോഡിലൂടെയും മെയിൻ റോഡിലൂടെയും വാഹനമെടുത്ത് രക്ഷപ്പെടുകയെന്നത് സാഹസികമായിരിക്കും. സംസ്ഥാന മുഖ്യമന്ത്രിയുടെ നിയമസഭാ മണ്ഡലമാണിത്. ഇതിന് മുമ്പും ഇവിടത്തെ ജനപ്രതിനിധി മുഖ്യമന്ത്രിയായിട്ടുണ്ട്. പാർട്ടി സെക്രട്ടരിയും ഇതേ പ്രദേശത്തുകാരനാണ്. തലശ്ശേരിയ്ക്ക് ഒരു ബൈപാസ് റോഡ് ഇനിയും യാഥാർഥ്യമായിട്ടില്ല. ഇതെല്ലാം ഓർത്തു പോയത് തളിപ്പറമ്പിനടുത്ത കീഴാറ്റൂരിൽ ബൈപാസ് നിർമാണത്തെ കുറിച്ചുള്ള കോലാഹലം കണ്ടപ്പോഴാണ്. 
*** *** ***
ലക്ഷക്കണക്കിന് വിദ്യാർഥികളെ നിരാശപ്പെടുത്തിയ സംഭവമാണ് സിബിഎസ്ഇ പത്താം ക്ലാസ് കണക്കിന്റെ ചോദ്യപേപ്പർ ചോർന്ന സംഭവം. 35,000 രൂപ നിരക്കിൽ ആയിരം പേർക്ക് ദൽഹി മേഖലയിൽ ചോദ്യക്കടലാസ് ലഭിച്ചുവെന്ന് മാതൃഭൂമി ന്യൂസിൽ വാർത്ത. ഇതിന് മുമ്പും സമാന സംഭവമുണ്ടായിട്ടുണ്ട്. കുറ്റകൃത്യത്തിന് ലഭിക്കുന്ന ശിക്ഷ നിസാരമായതാവാം ഇത് ആവർത്തിക്കാൻ പ്രേരണയാകുന്നത്. പ്ലസ് ടു ഇക്കണോമിക്‌സിന്റെയും ചോദ്യം ചോർന്നിരുന്നു. രണ്ട് പരീക്ഷകളും വീണ്ടും നടത്തുന്ന തീയതി ടൈംസ് നൗ ചാനലിൽ സംപ്രേഷണം ചെയ്തിരുന്നു. 
ഗൾഫിൽ വീണ്ടും പരീക്ഷ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത് പ്രവാസി വിദ്യാർഥികൾക്ക് അനുഗ്രഹമായി. ബാങ്കുകളിൽ നിന്ന് കോടികൾ ചോർന്നു. കോടീശ്വരന്മാർ കോടികൾ ചോർത്തി വിദേശത്തേക്ക് പറന്നു. ഫേസ്ബുക്കിലൂടെ ഇന്ത്യക്കാരുടെ ഡാറ്റ ചോർന്നു. ഏറ്റവും ഒടുവിൽ പ്രധാനപ്പെട്ട പരീക്ഷകൾ പലതും നടത്തുന്ന സിബിഎസ്ഇയുടെ കണക്ക് ചോദ്യക്കടലാസും ചോർന്നു. ഇതെല്ലാം കണ്ടപ്പോൾ വാട്ട്‌സപ്പിൽ ഒരു വിരുതൻ കുറിച്ചിട്ടത് ഇന്ത്യയ്ക്ക് ആവശ്യം ചായ വാലയെ അല്ല, ചോർച്ച അടക്കാൻ പറ്റിയ പ്ലംബറെയാണെന്നാണ്. 
*** *** ***
ഇന്ത്യക്കാരെ അലട്ടുന്ന ഏറ്റവും പ്രധാന പ്രശ്‌നമെന്ത്? അയൽവാസി മറ്റേതങ്കിലും മതക്കാരനാണെന്നതാണോ? അല്ലെന്നാണ് മിറർ നൗ ചാനലിലെ അർബൻ ഡിബേറ്റിൽ ചർച്ച ചെയ്തത്. ഭാരതീയരുടെ ചിന്ത അപര വിദ്വേഷത്തിൽ കുടുക്കിയിടാനാണ് പല രാഷ്ട്രീയ നേതാക്കൾക്കും താൽപര്യം. നോട്ട് റദ്ദാക്കിയ വിഷയം ഇന്ത്യൻ സമ്പദ്ഘടനയെ തളർത്തി. ഇതിന്റെ പ്രത്യാഘാതത്തെ കുറിച്ച് ഒരേ സ്വരത്തിൽ വിശദീകരിക്കാൻ റിസർവ് ബാങ്ക് ഗവർണർക്കും സാമ്പത്തിക ഉപദേഷ്ടാവിനും ധനമന്ത്രിക്കും സാധിക്കുന്നില്ല. കൃഷിക്കാരുടെ ആത്മഹത്യയ്ക്ക് കാരണമെന്തെന്ന് മനസ്സിലാക്കാൻ കഴിയാത്ത രാഷ്ട്രീയ നേതൃത്വം. എത്ര സമ്പന്നനായാലും ശുദ്ധ വായു ലഭിക്കുമെന്ന് ഒരു ഉറപ്പും പറയാനാവില്ല. ഇത്തരം പ്രശ്‌നങ്ങൾ നിലനിൽക്കേയാണ് മനുഷ്യരെ പരസ്പരം അകറ്റുന്ന വിഷയങ്ങൾ മാത്രം ചർച്ചയാവുന്നത്. ഇതിനൊരു അന്ത്യം വേണ്ടേ എന്ന അവതാരകയുടെ ചോദ്യം വളരെ പ്രസക്തവുമാണ്. കർണാടകയിൽ തെരഞ്ഞെടുപ്പ് യുദ്ധം ആസന്നമായി. ബി.ജെ.പി ദേശീയ അധ്യക്ഷന്റെ പ്രസംഗം യെദ്യൂരപ്പയ്ക്ക് പ്രശ്‌നമാവുകയാണ്. 
ഇന്ത്യാ ടുഡേ ടിവിയിൽ അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് സംബന്ധിച്ചൊരു വാർത്തയുണ്ടായിരുന്നു. കർണാടക പിടിക്കാനുള്ള സകല അടവുകളും പയറ്റുകയാണ് ബിജെപി. തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പ്രചാരണത്തിൽ അമിത് ഷായ്ക്ക് അമളി പറ്റി. അമിത ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ പ്രഹ്ലാദ് ജോഷിയാണ് പണി കൊടുത്തത്. 
തെറ്റായ രീതിയിലായിരുന്നു ജോഷി പ്രസംഗം പരിഭാഷപ്പെടുത്തിയത്.'പാവപ്പെട്ടവർക്കും ദളിതർക്കും വേണ്ടി നരേന്ദ്ര മോഡി വേണ്ടതെല്ലാം ചെയ്യും' എന്നായിരുന്നു പ്രസംഗത്തിനിടെ അമിത് ഷാ പറഞ്ഞത്. എന്നാൽ, 'പാവപ്പെട്ടവർക്കും ദളിതർക്കും വേണ്ടി മോഡി ഒന്നും ചെയ്യില്ല' എന്നായിരുന്നു ജോഷി ഇതിനെ പരിഭാഷപ്പെടുത്തിയത്. പ്രസംഗം കേട്ടുകൊണ്ട് നിന്ന അണികൾ അമ്പരന്നു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെത്തിയപ്പോൾ ബിജെപി നേതാവ് യെദ്യൂരപ്പയെ അഴിമതിക്കാരനാക്കി അമിത് ഷാ പ്രസംഗിച്ചിരുന്നു. കോൺഗ്രസ് നേതാക്കൾക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതിനിടെ ബിജെപി നേതാവ് യെദ്യൂരപ്പയുടെ പേര് വച്ചായിരുന്നു ആക്ഷേപം. 
*** *** ***
നടൻ പൃഥ്വിരാജ് 2.13 കോടി രൂപ വില വരുന്ന ലംബോർഗിനി സ്വന്തമാക്കിയത് വാർത്തകളിൽ നിറഞ്ഞു നിന്നു.  ഇതിനു പുറമെ നാൽപത്തിയൊന്ന് ലക്ഷത്തോളം രൂപ നികുതിയിനത്തിൽ സർക്കാരിലേക്ക് അടച്ചതും വാർത്തയായിരുന്നു. നികുതി വെട്ടുന്ന ചീങ്കണ്ണികൾക്കിടയിൽ യുവതാരം തികച്ചും വ്യത്യസ്തൻ. കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ ലംബോർഗിനി ആയിരുന്നു ഇത്. എന്നാൽ തനിക്ക് ഇന്ദ്രജിത്ത് കാർ ഓടിക്കുന്നതാണ് സമാധാനമെന്നാണ് അമ്മ മല്ലിക സുകുമാരൻ പറയുന്നത്. പൃഥ്വിരാജിന്റെ സ്പീഡാണ് ഇതിന് കാരണം. മാത്രമല്ല ഈ കാർ തിരുവനന്തപുരത്തുള്ള തറവാട്ട് വീട്ടിലേക്ക് തത്കാലം കൊണ്ട് വരില്ലെന്നാണ് മല്ലിക പറയുന്നത്. ചാനൽ  അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഈ വീട്ടിൽ ഇന്ദ്രജിത്തിന്റെ പുതിയ കാർ വന്നു, പൃഥ്വിരാജിന്റെ പോർഷെ ടർബോ വന്നു. പക്ഷേ, പൃഥ്വിയുടെ പുതിയ ലംബോർഗിനി കൊണ്ടുവന്നിട്ടില്ല. കഴിഞ്ഞ ദിവസം പൃഥ്വിരാജിനോട് ഞാൻ ചോദിച്ചു എന്താ മോനെ ലംബോർഗിനി കൊണ്ടുവരാത്തതെന്ന്. അവൻ പറഞ്ഞു- ആദ്യം അമ്മ ഈ റോഡ് നന്നാക്കാൻ നോക്കൂ. കുറേ വർഷങ്ങളായി പറയുന്നുണ്ടല്ലോ,  ആരോടൊക്കെയോ പറഞ്ഞു.  ഇപ്പൊ ശരിയാക്കാമെന്ന്. കരമടയ്ക്കുന്ന ഈ റോഡ് നേരെയാക്കാൻ ഞാൻ കുറെയായി നിവേദനം നൽകിയിട്ടുണ്ട്. മിനി ബസ് ഒക്കെ ഓടിയിരുന്ന റോഡാണ്. പക്ഷേ വർഷങ്ങളായി തകർന്നു കിടക്കുകയാണ്. കെ. മുരളീധരൻ എം എൽ എയുടെ മണ്ഡലത്തിലാണ് വീട്. അദ്ദേഹവും കൗൺസിലർമാരും ഇക്കുറി റോഡ് നന്നാക്കി തരാമെന്നു ഉറപ്പു നൽകിയിട്ടുണ്ടെന്നും മല്ലിക പറഞ്ഞു. 'ഇന്ദ്രനും പൃഥ്വിയും നന്നായി വാഹനമോടിക്കും പക്ഷേ, ഇന്ദ്രജിത്ത് ഓടിക്കുന്നതാണ് എനിക്ക് സമാധാനം. രാജുവിന് ഭയങ്കര സ്പീഡാണ്. ഇത്ര സ്പീഡ് വേണ്ടെന്ന് ഞാൻ പറയാറുണ്ട്. പക്ഷെ അപ്പോൾ അവൻ പറയും ഇല്ലമ്മേ റോഡ് ക്ലിയർ ആകുമ്പോഴല്ലേ ഞാൻ സ്പീഡിൽ പോകുന്നതെന്ന്. നമ്മുടെ കേരളത്തിലെ അവസ്ഥ പക്ഷെ അങ്ങനെയല്ല. ഓടിക്കുന്ന നമ്മൾ ചിലപ്പോൾ നല്ല ആത്മവിശ്വാസത്തിലായിരിക്കും. നിയമങ്ങളും മറ്റും ശ്രദ്ധിച്ചു വളരെ സൂക്ഷ്മതയോടെ ഓടിക്കുന്നവരായിരിക്കും. പക്ഷേ, എതിരെ വരുന്നവർ അങ്ങനെയല്ലല്ലോ. എതിരെ വരുന്ന വണ്ടി ഏത് അവസ്ഥയിലാണെന്ന് നമുക്ക് യാതൊരു രൂപവും ഉണ്ടായിരിക്കില്ല. പലയിടത്തും ഞാൻ കണ്ടിട്ടുണ്ട്. പ്രധാന ബസിൽ പോലും ഡ്രൈവർ ഇല്ലെങ്കിൽ അതിലെ കിളിയായിരിക്കും വണ്ടി ഓടിക്കുന്നത്.' -മല്ലിക പറഞ്ഞു. ഇവരെയൊന്ന് പരിഹസിക്കാൻ കിട്ടിയ ആഹ്ലാദമാണ് സമൂഹ മാധ്യമങ്ങളിൽ പ്രകടമാവുന്നത്. അൽഫോൻസ് കണ്ണന്താനത്തിന്റെ പത്‌നിയ്ക്കും സീരിയൽ നടിയ്ക്കും ആശ്വാസമായി. 
*** *** ***
ഭരണഘടനാ ശിൽപി ബാബാ സാഹേബ് അംബേദ്കറുടെ പേരു മാറ്റി ഉത്തർപ്രദേശ് സർക്കാർ. അദ്ദേഹത്തിന്റെ പേര് 'ഭീം റാവു റാംജി അംബേദ്കർ' എന്ന് മാറ്റിയാണ് സർക്കാർ ഉത്തരവുണ്ടായിരിക്കുന്നത്. ഇതു സംബന്ധിച്ച് ബുധനാഴ്ചയാണ് ഉത്തരവിറങ്ങിയത്. മാതൃഭൂമി ന്യൂസ് തൽക്ഷണം റിപ്പോർട്ട് ചെയ്തു. പി.എസ്.സി പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യമായതിനാൽ ഉദ്യോഗാർഥികൾ ശ്രദ്ധിക്കുന്നത് അവർക്ക് കൊള്ളാം. ബാബാ സാഹേബ് അംബേദ്കർ ഭരണഘടനയുടെ ആമുഖത്തിൽ ഒപ്പുവെച്ചിരിക്കുന്നത് 'ഡോ. ഭീം റാവു റാംജി അംബേദ്കർ' എന്ന പേരിലാണ് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യുപി സർക്കാരിന്റെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. എല്ലാ സർക്കാർ വകുപ്പുകൾക്കും അലഹബാദ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകൾക്കും ഉത്തരവിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്. കുറച്ചു പ്രതിമകളുടെ നിർമാണവും പേര് മാറ്റവും. നൂറ്റി ഇരുപത്തിയഞ്ച് കോടി ജനങ്ങൾക്ക് ആഹ്ലാദിക്കാൻ ഇനിയെന്ത് വേണം?