Wednesday , March   27, 2019
Wednesday , March   27, 2019

സമയ ദോഷം

ബാൻക്രോഫ്റ്റിനെ അമ്പയർമാർ ചോദ്യം ചെയ്യുന്നു

പന്ത് ചുരണ്ടൽ വിവാദത്തിന്റെ കോലാഹലത്തിലാണ് ക്രിക്കറ്റ് ലോകം. രണ്ട് മികച്ച കളിക്കാരുടെ കരിയറും ജീവിതവും എന്നെന്നേക്കുമായി അത് കീഴ്‌മേൽ മറിച്ചു. രാജ്യാന്തര ക്രിക്കറ്റിലേക്ക് ചുവടു വെക്കുന്ന ഒരു പുതുമുഖത്തിന്റെ വലിയ പ്രതീക്ഷകൾക്കു മേൽ തിളച്ച വെള്ളമൊഴിച്ചു. രോഷവും നിരാശയും കൊണ്ട് ഓസ്‌ട്രേലിയ എന്ന ഒരു വൻകര മുഴുവൻ തിളച്ചുമറിയുകയാണ്. 
ഈ പുകിലുകളൊക്കെ കാണുമ്പോൾ തോന്നും പന്ത് ചുരണ്ടൽ വിവാദം ആദ്യമായാണ് സംഭവിക്കുന്നതെന്ന്. 13 കളിക്കാരെങ്കിലും ഇതിനു മുമ്പ് പന്ത് ചുരണ്ടിയതിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്, സചിൻ ടെണ്ടുൽക്കറും രാഹുൽ ദ്രാവിഡുമുൾപ്പെടെ. പന്ത് ചുരണ്ടാതെ റിവേഴ്‌സ് സ്വിംഗ് സാധ്യമാവുമെങ്കിൽ എല്ലാ ടീമിലും വഖാർ യൂനുസുമാർ നിറഞ്ഞേനേ എന്നാണ് ഒരു കമന്റേറ്റർ പറഞ്ഞത്. പന്ത് ചുരണ്ടുന്നത് വഞ്ചന തന്നെയാണ്. എന്നാൽ ഒത്തുകളി പോലെ ഭീകരമായ കുറ്റമല്ല. കളിയിൽ മേധാവിത്തം നേടാൻ എതിർ കളിക്കാരന്റെ അമ്മയെയും പെങ്ങളെയും ഇണയെയും തെറി വിളിക്കുന്ന സ്ലെഡ്ജിംഗ് പോലെ തരം താണതുമല്ല. എത്രത്തോളം നിസ്സാരമായാണ് പന്ത് ചുരണ്ടലിനെ മറ്റു ടീമുകൾ കണ്ടത് എന്ന് മനസ്സിലാവണമെങ്കിൽ ഫാഫ് ഡുപ്ലെസിയുടെ കാര്യം മാത്രം പരിഗണിച്ചാൽ മതി. പന്ത് ചുരണ്ടലിന് രണ്ടാം തവണ ശിക്ഷ വാങ്ങി ഒരു മാസം പിന്നിടും മുമ്പെയാണ് ഡുപ്ലെസി ദക്ഷിണാഫ്രിക്കൻ നായകനായത്. ഇത്തവണ കാമറൂൺ ബാൻക്രോഫ്റ്റിനെ പന്ത് ചുരണ്ടാൻ ഏൽപിച്ചിട്ട് അത് മര്യാദക്കൊന്ന് ചെയ്യാൻ പോലും താരത്തിന് സാധിച്ചിരുന്നില്ല. സാധാരണഗതിയിൽ പന്ത് ചുരണ്ടൽ പിടിച്ചാൽ എതിർ ടീമിന് അഞ്ച് റൺസ് അനുവദിക്കണം. പന്ത് മാറ്റുകയും വേണം. ബാൻക്രോഫ്റ്റിന്റെ ദൃശ്യങ്ങൾ ടി.വി ക്യാമറകൾ കണ്ടുപിടിച്ച ശേഷം പന്ത് പരിശോധിച്ച അമ്പയർമാർ പന്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് തീരുമാനിച്ചത്. അതിനാൽ പന്ത് മാറ്റുകയോ എതിർ ടീമിന് അഞ്ച് റൺസ് നൽകുകയോ ചെയ്തില്ല അവർ.
എന്നിട്ടും എന്തുകൊണ്ട് ഓസ്‌ട്രേലിയൻ ടീമിനെതിരെ ഇത്ര വലിയ രോഷപ്രകടനം ഉണ്ടായി. അതും സ്വന്തം രാജ്യത്തു നിന്ന്. അതിനെയാണ് സമയദോഷം എന്നു പറയുക. ബാറ്റിംഗിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ടൈമിംഗ്. ഒരു ബൗളർ എറിയുന്ന പന്ത് ഒരു ബാറ്റ്‌സ്മാൻ കൃത്യമായ കോണിൽ കൃത്യമായ സമയത്ത് നേരിട്ടാലേ നിരന്നുനിൽക്കുന്ന ഫീൽഡർമാർക്കിടയിലൂടെ അത് ബൗണ്ടറിയിലേക്ക് പോവൂ. ഇല്ലെങ്കിൽ ബാറ്റിന്റെ ഏതെങ്കിലും ഭാഗത്ത് തട്ടി ഫീൽഡറുടെ കൈയിലേക്ക് തെറിക്കും, അല്ലെങ്കിൽ ബാറ്റിനെ തന്നെ കബളിപ്പിച്ച് പന്ത് സ്റ്റമ്പിലോ പാഡിലോ പതിക്കും. ജീവിതത്തിലും ടൈമിംഗ് പ്രധാനമാണ് എന്നു തെളിയിക്കുന്നതാണ് ഇപ്പോഴത്തെ പന്ത് ചുരണ്ടൽ വിവാദം.
ഓസ്‌ട്രേലിയൻ ടീമിന്റെ പ്രതിഛായ ഏറ്റവും മോശം അവസ്ഥയിൽ നിൽക്കുന്ന സമയത്താണ് ഈ വിവാദം ഉണ്ടായത്. ആദ്യ രണ്ടു ടെസ്റ്റിൽ തന്നെ നിരവധി കശപിശകൾ അരങ്ങേറി. കളിക്കാർ കൈയാങ്കളിയിലേക്കു നീങ്ങി. പുറത്തായി മടങ്ങുന്ന ബാറ്റ്‌സ്മാനെ ബൗളർ ചെന്ന് ചുമലു കൊണ്ട് തള്ളി. എതിരാളിയെ മാനസികമായി തകർക്കാൻ അവരെ (കുടുംബങ്ങളെയും) പരിഹസിക്കാമെന്ന സ്റ്റീവ് വോ കൊണ്ടുവന്ന സിദ്ധാന്തം തുടർന്നു വന്നവർ നിലയില്ലാത്ത നിലവാരത്തിലേക്ക് കൊണ്ടുപോയി. 
അഴിച്ചുവിട്ട പട്ടികളുടെ കൂട്ടം എന്നാണ് 2014 ൽ ഓസീസ് ടീമിനെ ദക്ഷിണാഫ്രിക്കൻ കളിക്കാർ വിശേഷിപ്പിച്ചത്. ഓസ്‌ട്രേലിയൻ കളിക്കാരുടെ പോരാട്ടവീര്യവും മികവും അംഗീകരിക്കുമ്പോൾ തന്നെ ആരും ഇഷ്ടപ്പെടാത്ത ടീമായി അവർ മാറിക്കൊണ്ടിരുന്നു. ഇത് ഓസ്‌ട്രേലിയക്കാർ തിരിച്ചറിയുന്നുണ്ടായിരുന്നു, എന്നാൽ കളിക്കാർ അത് മനസ്സിലാക്കിയിരുന്നില്ല. ഈ നിലപാടിൽ ഒരു മാറ്റത്തിന് വേണ്ടി ദാഹിക്കുകയായിരുന്നു ക്രിക്കറ്റിനെ അളവറ്റ് സ്‌നേഹിക്കുന്ന ഓസ്‌ട്രേലിയയിലെ പൊതുജനം. സ്മിത്തും കൂട്ടരും അബദ്ധം ചെയ്യാൻ തെരഞ്ഞെടുത്ത ടൈമിംഗിലെ ആദ്യ പിഴവ് അവിടെയായിരുന്നു.
സമീപകാലത്ത് ഓസ്‌ട്രേലിയൻ ക്രിക്കറ്റിലുണ്ടായ വേതന വിവാദം രാജ്യത്ത് വലിയ അമർഷം സൃഷ്ടിച്ചിരുന്നു. ജൂനിയർ ക്രിക്കറ്റിലേക്ക് കൂടുതൽ തുക നീക്കിവെക്കാൻ വേണ്ടി മുൻനിര കളിക്കാരുടെ പ്രതിഫലം അൽപം വെട്ടിക്കുറക്കാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചതിനെതിരെ കളിക്കാർ പല്ലും നഖവും ഉപയോഗിച്ച് പൊരുതി. പരമ്പരകൾ തന്നെ ബഹിഷ്‌കരിക്കാൻ അവർ തയാറായി. ഡേവിഡ് വാണറായിരുന്നു ഈ പോരാട്ടത്തിന് നേതൃത്വം കൊടുത്തതും നേടിയെടുത്തതും. പൊതുസമൂഹത്തിന് ക്രിക്കറ്റർമാരോട് അതൃപ്തി ഉണ്ടാവാൻ ഈ സംഭവം വലിയ കാരണമായി. 
ഷോട്ട് സെലക്ഷനാണ് ഒരു ബാറ്റ്‌സ്മാന്റെ മറ്റൊരു കഴിവ്. പന്ത് ബൗളർ കൈയിൽ നിന്ന് വിടുമ്പോൾ തന്നെ ഏത് ഷോട്ട് വേണമെന്ന് ബാറ്റ്‌സ്മാന്മാർ തീരുമാനിക്കേണ്ടതുണ്ട്. പുൾ ഷോട്ട് വേണ്ടിടത്ത് സ്‌ട്രൈറ്റ് ഡ്രൈവ് തെരഞ്ഞെടുത്താൽ അബദ്ധമാവും. 
പന്ത് ചുരണ്ടൽ വിവാദമായ ശേഷം സ്മിത്തിന്റെ ഷോട്ട് സെലക്ഷനുകൾ അമ്പേ പാളി. ടീമിലെ സീനിയർ മെമ്പർമാരെല്ലാം ചർച്ച ചെയ്ത് തീരുമാനിച്ചതാണ് ഈ ഗൂഢാലോചനയെന്ന് സ്മിത്ത് കുറ്റസമ്മതം നടത്തിയത് പ്രശ്‌നത്തിന് അത് അർഹിക്കുന്നതിന്റെ പതിന്മടങ്ങ് വ്യാപ്തി നൽകി. ഒന്നോ രണ്ടോ പേർക്ക് സംഭവിച്ച കൈയബദ്ധമെന്നതിനു പകരം ടീം മുഴുവൻ വഞ്ചന നടത്താൻ തീരുമാനിച്ചുവെന്ന ധാരണ പ്രധാനമന്ത്രിയുൾപ്പെടെ ഓസ്‌ട്രേലിയയിലെ പൊതുജനത്തിന് ദഹിക്കുന്നതിലുമപ്പുറമായിരുന്നു. അതിന് ടീമിലെ ഏറ്റവും ജൂനിയറായ കളിക്കാരനെ അവർ ബലിയാടാക്കി എന്നത് പ്രശ്‌നം വഷളാക്കി. 
യഥാർഥത്തിൽ വാണർ ആസൂത്രണം ചെയ്യുകയും സ്മിത്തിന്റെ സമ്മതത്തോടെ ബാൻക്രോഫ്റ്റിനെ ചുമതലപ്പെടുത്തുകയും ചെയ്തതാണ് ഗൂഢാലോചനയെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അന്വേഷണത്തിൽ തെളിഞ്ഞത്. അത് ടീമിന്റെ മൊത്തം തീരുമാനമായിരുന്നില്ല. എന്നാൽ സത്യം പുറത്തു വരുമ്പോഴേക്കും വിവാദം പിടിവിട്ടിരുന്നു. 
ഇത്തരമൊരു വിവാദം ഉണ്ടായപ്പോൾ ഓസ്‌ട്രേലിയ അതിനെ നേരിട്ടതും ഇന്ത്യ നേരിട്ടതുമായ രീതി പരിശോധിക്കുന്നത് കൗതുകമായിരിക്കും. ഇത്തരമൊരു സംസ്‌കാരം ടീമിൽ അനുവദിക്കാൻ പാടില്ലെന്ന ഉറച്ച നിലപാടിലാണ് ഓസ്‌ട്രേലിയ. എന്നാൽ ഇന്ത്യൻ കളിക്കാർ പിടിക്കപ്പെട്ടപ്പോൾ, നമ്മുടെ കളിക്കാർ മഹാന്മാരാണെന്നു പറഞ്ഞ് അമ്പയർമാർക്കും ഐ.സി.സിക്കുമെതിരെ കുരിശുയുദ്ധം നടത്തുകയായിരുന്നു നാം.