Wednesday , March   27, 2019
Wednesday , March   27, 2019

പാർക്കുകളുടെ സംഗമഭൂമിയിലെ അവിസ്മരണീയ രാപ്പകൽ...

തലേദിവസം രാത്രിയിൽ വാട്‌സാപ്പിലൂടെ ടൂർ മാനേജർ നിസാർ അയച്ച സന്ദേശത്തിൽ കൃത്യം ഏഴ് മണിക്ക് വാഹനം പുറപ്പെടുമെന്ന കർശന നിർദ്ദേശം കാരണം അന്നത്തെ രാത്രിയിലെ ഉറക്കം ഒട്ടും മുറുകിയില്ല. മൊബൈലിൽ ഇടക്കിടെ സമയം നോക്കിയും ഉറങ്ങിയെന്ന് വരുത്തിയും നേരം വെളുപ്പിച്ചു. ദിവസങ്ങളായി വാട്‌സാപ്പ് വഴി വന്നുകൊണ്ടിരുന്ന കൗണ്ട് ഡൗൺ സന്ദേശങ്ങളും യാത്ര പോകുന്ന സ്ഥലത്തെ കുറിച്ചുള്ള വ്യത്യസ്തമായ വിവരണങ്ങളും ഞങ്ങളിൽ അത്രക്ക്  ആവേശം സൃഷ്ടിച്ചിരുന്നു. 
മൊബൈലിൽ അലാറം സെറ്റ് ചെയ്തു വെച്ചിരുന്നത് പുലർച്ചെ അഞ്ചു മണിയായിരുന്നെങ്കിലും സമയത്തിന് ഏതാനും മിനിറ്റുകൾക്കു മുമ്പു തന്നെ ഉറക്കിൽ നിന്നും എഴുന്നേറ്റ് യാത്രക്കാവശ്യമായ മുന്നൊരുക്കങ്ങളെല്ലാം നടത്തി. യാത്ര പുറപ്പെടാൻ നിശ്ചയിച്ച സ്ഥലത്ത് ടൂർ മാനേജർ പറഞ്ഞ പ്രകാരം എത്തുമ്പോൾ യാത്ര പുറപ്പെടാൻ ആളുകളെല്ലാം എത്തിച്ചേരുമ്പോഴേക്കും ഒരു മണിക്കൂറെങ്കിലും വൈകുമെന്ന് കരുതിയ ഞാൻ ബസിൽ കയറിയപ്പോൾ കണ്ടത് ഞാനൊഴികെ മറ്റെല്ലാവരും നിശ്ചിത സമയത്തിനു മുമ്പ് തന്നെ ബസിൽ കയറി തങ്ങൾക്കിഷ്ടപ്പെട്ട സീറ്റുകളിൽ ഇരിപ്പുറപ്പിച്ചതായിരുന്നു.


യാത്ര പുറപ്പെടുന്നതിന് മുമ്പു നേരത്തെ തയ്യാറാക്കി വെച്ച യാത്രയുടെ സമയക്രമവും തുടക്കത്തിലും മടക്ക സമയത്തുമുള്ള പ്രാർത്ഥനകളും രേഖപ്പെടുത്തിയ കടലാസു തുണ്ടുകൾ വായിൽ മധുരം പകരാനായി മിഠായിയോടൊപ്പം അസോസിയേഷൻ പ്രസിഡന്റ് ഇബ്രാഹിക്കയാണ് വിതരണം ചെയ്തത്.
പ്രാർഥനാ നിർഭരമായ ആദ്യ അഞ്ച് മിനിറ്റിനു ശേഷം ചെങ്കടൽ തീരത്തെ ചരിത്രമുറങ്ങുന്ന പാർക്കുകളുടെ സംഗമ ഭൂമിയായ യാമ്പുവിലേക്ക് ഞങ്ങളുടെ വാഹനം നീങ്ങിത്തുടങ്ങി. ജിദ്ദയിൽ നിന്നും 350 കിലോ മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ലക്ഷ്യ സ്ഥാനത്തെത്താൻ ഏകദേശം നാലു മണിക്കൂർ നീണ്ട യാത്ര ആവശ്യമാണ്.


ചരിത്ര ഗവേഷകനും വാഗ്മിയുമായ ശറഫുദ്ദീൻ അബൂബക്കർ ആയിരുന്നു യാത്രയിൽ ഞങ്ങളുടെ വഴികാട്ടിയും അവതാരകനും. ഹ്രസ്വവും നിർണിതവുമായ പരിശീലന ശേഷം ഭൂമിയിലിറങ്ങിയ ആദ്യ മനുഷ്യൻ ആദമിന്റെ ഇന്ത്യയിൽ നിന്നും വിശുദ്ധ മക്കയിലെ അറഫയിലെത്തിയിട്ടും അറ്റമില്ലാതെ തുടർന്ന യാത്ര മുതൽ വീടിനകത്തെ വീൽ ചെയറിലിരുന്ന് ബഹിരാകാശത്തിനും ശൂന്യാകാശത്തിനും അപ്പുറമുള്ള ലോകത്തിലൂടെ പ്രാപഞ്ചിക രഹസ്യങ്ങളുടെ ചുരുളഴിക്കാൻ മാനസിക യാത്ര നടത്തിയ നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ ശാസ്ത്ര താരം സ്റ്റീഫൻ ഹോക്കിങ് ഉൾപ്പെടെ അദ്ദേഹത്തിന്റെ യാത്രാ സംബന്ധിയായ അവതരണത്തിൽ ഇടം പിടിച്ചു. പതിനാല് നൂറ്റാണ്ടുകൾക്കപ്പുറം മക്കയിൽനിന്നും വ്യാപാരാവശ്യാർത്ഥം ശാമിലേക്കും യെമനിലേക്കും ഖുറൈശികൾ നടത്തിയ യാത്രയും വിശുദ്ധ കഅ്ബ പൊളിക്കാൻ യെമനിൽ നിന്നും ആനപ്പടയുമായി മക്കയിലേക്ക് യാത്ര തിരിച്ച അബ്രഹത്തും ചർച്ചയായി. അവതാരകൻ ഏകപക്ഷീയമായി കാര്യങ്ങൾ വിവരിക്കുന്നതിനു പകരം യാത്രികരെ മൂന്നു ഗ്രൂപ്പുകളായി തരംതിരിച്ച് ചരിത്രത്തിൽ നിറം മങ്ങാതെ ജ്വലിച്ചു നിൽക്കുന്ന യാത്രകളുടെ കഥ പറയുന്നതിനിടെ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളടങ്ങിയ മത്സരമായാണ് അവതരണം അരങ്ങേറിയത്. അവതാരകന്റെ അസാധാരണ വിവരണത്തിന്റെ മാസ്മരികതയിൽ കണ്ണിമ വെട്ടാതെ ഒപ്പത്തിനൊപ്പം സഞ്ചരിച്ച ഞങ്ങൾ മിനിറ്റുകളും മണിക്കൂറുകളും ചെലവിട്ടതും പട്ടണങ്ങൾ താണ്ടിക്കടന്ന് യാത്ര മുന്നോട്ട് കുതിച്ചതും അറിഞ്ഞതേയില്ല.


സമയക്രമം രേഖപ്പെടുത്തിയ കടലാസിലെ കണക്കു പ്രകാരം കൃത്യസമയത്തു  തന്നെ യാമ്പുവിലെ പുരാതന നഗര വീഥിയിലെ കെട്ടിടാവശിഷ്ടങ്ങളുടെ ഭൂമികയായ ഹെറിറ്റേജ് പാർക്കിൽ എത്തിയ ഞങ്ങളോട് പതിവു ശൈലിയിൽ ടൂർ മാനേജർ 'ഇറങ്ങിക്കോളൂ' എന്ന് അനൗൺസ് ചെയ്തപ്പോൾ ഇത്ര പെട്ടെന്ന് യാമ്പുവിൽ എത്തിച്ചേർന്നുവെന്ന് വിശ്വസിക്കാൻ പലർക്കുമായില്ല. കാരണം, സഞ്ചരിക്കുന്ന ബസിനപ്പുറം അവതാരകനൊപ്പമുള്ള ലോക സഞ്ചാരത്തിന്റെ ആത്മ നിർവൃതിയിലായിരുന്നു ഞങ്ങളുടെ മനസ്സും ശരീരവും. ഇത്ര പെട്ടെന്ന് യാമ്പുവിൽ എത്തിച്ചേർന്നില്ലായിരുന്നുവെങ്കിൽ ഇനിയും കൂടുതൽ ചരിത്ര കഥകൾ കേട്ട് മത്സര ബുദ്ധിയോടെ ടീമുകൾ തമ്മിൽ കൂടുതൽ മത്സരിക്കാമായിരുന്നുവെന്നും മനസ്സ് മന്ത്രിച്ചുകൊണ്ടേയിരുന്നു.
കളിമൺ കട്ടകൾ കൊണ്ടും ഈന്തപ്പന തടികൾ കൊണ്ടും തീർത്ത വൈവിധ്യമാർന്ന ഇവിടെത്തെ കെട്ടിടങ്ങൾക്ക് ആയിരം വർഷങ്ങളുടെ പഴക്കമുണ്ട്. നൂറ്റാണ്ടുകളുടെ ഗ്രാമീണ സംസ്‌കാരത്തിന്റെ കഥകൾ ഉറങ്ങിക്കിടക്കുന്ന പുരാതന നഗരത്തിന്റെ കാഴ്ചകൾ ഇന്നും സഞ്ചാരികളിൽ ഏറെ കൗതുകമുണർത്തുന്നതാണ്. അറേബ്യൻ പ്രാചീന ഗ്രാമീണ സംസ്‌കാരത്തിന്റെ മനോഹര കാഴ്ചകൾ നിലനിർത്തുന്നതിനായി ആ കെട്ടിടങ്ങൾക്ക് ദേശീയ പൈതൃക കമ്മീഷൻ പ്രത്യേക സംരക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നൂറ്റാണ്ടുകൾക്കപ്പുറം കാലാവസ്ഥാ വ്യതിയാനത്തെ പോലും മറികടക്കാനാവും വിധം ജീവിതം സുഗമമാക്കുന്നതിനായി സജ്ജീകരിച്ച പ്രകൃതിദത്ത സംവിധാനങ്ങളിൽ പലതും ആധുനിക സാങ്കേതിക വിദ്യകളോട് കിടപിടിക്കുന്നതാണ്. മഴവെള്ളം സംഭരിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുമായി അവർ ഒരുക്കിയ സജ്ജീകരണങ്ങൾ കണ്ട ഞങ്ങൾ ഒരുവേള സ്തബ്ധരായി. പൂർവികരായ അറബികളുടെ ജീവിത ശൈലിയും നിർമ്മാണ വൈധഗ്ധ്യവും നേരിട്ടറിയുന്നതായി ഹെറിറ്റേജ് പാർക്കിലെ ഞങ്ങളുടെ ഏതാനും മിനിറ്റുകൾ.
പുരാതന നഗരത്തിന്റെ അപൂർവ കാഴ്ചകൾ കണ്ട ശേഷം ഞങ്ങൾ യാത്ര തിരിച്ചത് കടൽ തീരത്തോട് തൊട്ടുരുമ്മി നിൽക്കുന്ന ചൈന പാർക്കിലേക്കായിരുന്നു. ഉഷ്ണം കഠിനമായിരുന്നെങ്കിലും കടൽക്കരയിൽ അടിച്ചു വീശിയ ഇളം കാറ്റിലും ഉല്ലാസത്തിമിർപ്പിനുമിടയിൽ ആരും ചൂട് അറിഞ്ഞതേയില്ല. കുട്ടികളടക്കമുള്ളവർക്ക് നീന്തിക്കുളിക്കാൻ പാർക്കിനോട് ചേർന്ന് കടലിൽ വിശാലമായ സൗകര്യമാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. കടലിലെ ഉപ്പു വെള്ളത്തിൽ കുളിച്ച ശേഷം ശുദ്ധമായ വെള്ളത്തിൽ കുളിക്കുന്നതിനും വസ്ത്രങ്ങൾ മാറുന്നതിനും മറ്റു പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങൾ വിപുലമായി തന്നെ അവിടെ ഒരുക്കിയിട്ടുണ്ട്. 
കുളിച്ചും കളിച്ചും ഉന്മേഷവാൻമാരായി ഞങ്ങളുടെ സംഘം ഗ്രൂപ്പ് ലീഡർ നിശ്ചയിച്ച സമയ പ്രകാരം അടുത്ത ലക്ഷ്യ സ്ഥാനത്തേക്ക് വീണ്ടും യാത്ര തുടർന്നു. പതിവു പോലെ നിർദ്ദേശങ്ങളും അവലോകനങ്ങളും തുടർന്നുകൊണ്ടേയിരുന്നു. ഉച്ചഭക്ഷണ സമയമായതിനാൽ ഇത്തവണ ഉപദേശങ്ങളും നിർദ്ദേശങ്ങളും വ്യത്യസ്തമായിരുന്നു. ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഞങ്ങൾ നേരെ യാത്ര തിരിച്ചത് മരുഭൂമിയിലെ ആരെയും വിസ്മയിപ്പിക്കുന്ന തടാകത്തോട് ചേർന്ന ലേക്ക് പാർക്കിലേക്കായിരുന്നു. തടാകത്തിന് ചുറ്റുമുള്ള പാർക്കിൽ കേരളത്തനിമ നിറഞ്ഞു തുളുമ്പുന്ന കേര വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ് നിൽക്കുന്ന കാഴ്ച മരുഭൂമിയിലെ പ്രവാസം സമ്മാനിച്ച ഒറ്റപ്പെടലിന്റെ മൗന നൊമ്പരങ്ങളെ അക്ഷരാർത്ഥത്തിൽ അൽപ നേരത്തേക്കെങ്കിലും തീർത്തും ക്ഷമിപ്പിക്കുന്നതായിരുന്നു.
തെങ്ങുകളുടെയും ചെറിയ ചെറിയ ഈന്തപ്പനകൾക്കിടയിലുമായി പച്ചപ്പരവതാനി പോലെ സജ്ജീകരിച്ച പാർക്കിൽ സംഘമായി ഇരുന്ന് നേരത്തെ തയ്യാറാക്കിയ ബിരിയാണിയും കഴിച്ച് വിവിധങ്ങളായ ഫോട്ടോകൾക്ക് വേണ്ടി ക്യാമറക്കണ്ണുകൾക്ക് മുമ്പിൽ സാന്നിധ്യം അറിയിച്ച ഞങ്ങൾ ഒട്ടും അകലെയല്ലാത്ത അൽശബാബ് ബീച്ചിലെത്തി. ഒന്നര മണിക്കൂറിലധികം ബോട്ടു യാത്രയിലും മറ്റുമായി ഞങ്ങൾ അവിടെ ചെലവഴിച്ചു. കരയും കടലും സംഗമിക്കുന്ന പ്രകൃതി സൗന്ദര്യത്തിന്റെ അളവറ്റ അനുഭൂതി ആവോളം ആസ്വദിച്ചു. മറൈൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി റോയൽ കമ്മീഷനു കീഴിൽ ആധുനിക സൗകര്യങ്ങളുള്ള മികച്ചയിനം ബോട്ടുകളാണ് ഇവിടെ സർവീസ് നടത്തുന്നത്. 
ശാന്തമായ തെളിഞ്ഞ നീലിമയുള്ള സമുദ്ര ഭാഗങ്ങളാണ് യാമ്പുവിൽ ഏറെയും. നീന്തിക്കുളിക്കുവാനും ബോട്ടിൽ സഞ്ചരിക്കുവാനും അനുയോജ്യമായ ശാന്തമായ അവസ്ഥയാണ് ഇവിടെ കടലിനുള്ളത്. കടലിനടിയിലെ പവിഴപ്പുറ്റുകളും വർണ്ണ മത്സ്യങ്ങളും സഞ്ചാരികൾക്ക് ഏറെ കൗതുകമുണർത്തുന്നതാണ്. അവധി കാലങ്ങളിൽ യാമ്പുവിലെ പ്രകൃതി രമണീയ കാഴ്ചകൾ ആസ്വദിക്കാനായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്.
ഏറെ നേരത്തെ ബോട്ടു യാത്രയ്ക്കും ബീച്ചിലെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾക്കും ശേഷം നേരെ യാത്ര തിരിച്ചത് ഞങ്ങളുടെ മുഖ്യ സന്ദർശന ഇനമായ പുഷ്പ മേളയിലേക്കായിരുന്നു. അന്തർദേശീയ ശ്രദ്ധ നേടിയ യാമ്പുവിലെ പുഷ്പ മേള വർണനാതീതമായ അനുഭൂതിയാണ് സമ്മാനിച്ചത്. 
വൈകുന്നേരം 5 മണി മുതൽ ആരംഭിക്കുന്ന സന്ദർശനത്തിന് മണിക്കൂറുകൾക്കു മുമ്പ് തന്നെ സ്വദേശികളുടെയും വിദേശികളുടെയും നീണ്ട നിര അവിടെ കാണാമായിരുന്നു. ആയിരക്കണക്കിന് പൂക്കൾ കൊണ്ട് ലക്ഷക്കണക്കിന് ചതുരശ്ര അടി വിസ്തൃതിയിൽ വിസ്മയം തീർത്ത് ഏവരുടെയും മനം കുളിർപ്പിക്കുന്ന പുഷ്‌പോത്സവത്തിന്റെ മനോഹാരിതയിൽ സന്ധ്യ വരെയും ചെലവഴിച്ചു. പുഷ്പങ്ങളാൽ തീർത്ത വർണ വൈവിധ്യങ്ങളുടെ ലോകോത്തര മാതൃകയുള്ള അപൂർവ ദൃശ്യത്തിന്റെ സൗകുമാര്യം തേടി പതിനായിരങ്ങളാണ് ദിനേന അവിടം സന്ദർശിക്കുന്നത്. 


സായാഹ്നത്തിലെ അസ്തമയ സൂര്യന്റെ ശോഭയണിഞ്ഞ ആയിരക്കണക്കിന് പുഷ്പങ്ങളുടെ നിറങ്ങൾ കണ്ട് മനം നിറഞ്ഞ ഞങ്ങൾ സന്ധ്യാ സമയത്തെ അവസാന വട്ട കാഴ്ചകൾക്കായി യാമ്പുവിലെ മനുഷ്യ നിർമ്മിത നൗറസ് ദ്വീപിലേക്ക് ആസ്വാദനത്തിനും രാത്രി ഭക്ഷണത്തിനുമായി യാത്ര തിരിച്ചു. കുടുബ സമേതം ഒന്നിച്ചിരിക്കാവുന്ന ചെറു ടെന്റുകൾ, വൃത്തിയും പച്ചപ്പുമുള്ള മൈതാനം, പ്രാർഥനാ സൗകര്യം, ആധുനിക സൗകര്യങ്ങളുള്ള ടോയ്‌ലറ്റുകൾ എന്നിവ അവിടെ സജ്ജീകരിച്ചിട്ടുണ്ട്.
റോയൽ കമ്മീഷൻ മേൽനോട്ടം വഹിക്കുന്ന ഈ ദ്വീപ് ഇതിനകം സൗദിയുടെ സഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഒരു കശുവണ്ടി പരിപ്പിന്റെ ആകൃതിയിൽ രൂപകൽപന ചെയ്ത ദ്വീപിലേക്ക് സമുദ്ര തീരത്തു നിന്നും ഒരു പാലം വഴി സൗജന്യമായി പ്രവേശിക്കാം. ദ്വീപിൽ ആവശ്യമായ വാഹന പാർക്കിങിനും വിശ്രമ സൗകര്യങ്ങൾക്കും പുറമെ സഞ്ചാരികൾക്ക് ആകർഷണമായി വിവിധ വർണങ്ങളിലെ പ്രകാശ ഗോപുരങ്ങളും വെള്ളച്ചാട്ടങ്ങളും കൃത്രിമമായി സംവിധാനിച്ചിട്ടുണ്ട്.
രാവിലെ യാമ്പുവിലേക്കുള്ള യാത്രയിൽ അവതാരകനൊപ്പം മത്സര ബുദ്ധിയാൽ ശ്രദ്ധ കേന്ദ്രീകരിച്ചതു മൂലം കാണാതെ പോയ പുറംകാഴ്ചകളിൽ പലതും മടക്ക യാത്രയിലാണ് ഞങ്ങൾ വീക്ഷിച്ചത്. പുഷ്പ നഗരിക്ക് പുറത്ത് റോയൽ കമ്മീഷൻ പരിധിയിലെല്ലാം റോഡിന്റെ ഇരു വശങ്ങളിലും മനോഹരമായ പുഷ്പങ്ങളാണ് വെച്ച് പിടിപ്പിച്ചിട്ടുള്ളത്. കടലോരത്തെ വൃത്തിയുള്ള ഈ നാലുവരി പാതകളുടെ വശങ്ങളിൽ വെച്ച് പിടിപ്പിച്ച തെങ്ങിൻ കൂട്ടങ്ങൾ അക്ഷരാർത്ഥത്തിൽ കേരളീയ കാഴ്ചാ അനുഭൂതിയാണ് ഞങ്ങളിലുണ്ടാക്കിയത്. 
ഇടതടവില്ലാത്ത പ്രകൃതി ഭംഗിയുടെ ആസ്വാദനത്തിന്റെ നീണ്ട മണിക്കൂറുകൾക്ക് ശേഷം ഞാനടങ്ങുന്ന യാത്രാ സംഘം ജിദ്ദയിലേക്ക് യാത്ര തിരിച്ചു. ശാന്തപുരം അൽജാമിഅ അലുംനി അസോസിയേഷൻ ജിദ്ദ ഘടകത്തിനു കീഴിൽ ഒരുക്കിയ ഒരു വൈജ്ഞാനിക യാത്ര എന്ന നിലയിലായിരുന്നു ഞങ്ങളുടെ യാത്ര. നിലവിലെ ഗൾഫ് സാഹചര്യത്തിൽ പ്രവാസികൾ നേരിടുന്ന പ്രതിസന്ധികൾക്ക് അതിജീവനത്തിന്റെ മാർഗ നിർദ്ദേശങ്ങൾ അസോസിയേഷൻ പ്രസിഡന്റ് ഇബ്രാഹിം ശംനാട് യാത്രക്കിടെ അവതരിപ്പിച്ചു. പകൽ സമയത്തെ യാത്രക്കിടെ നടത്തിയ മത്സര പരിപാടികളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തും യാത്രയെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങൾ അവലോകനം ചെയ്തും തിരികെ ജിദ്ദയിലെത്തിയെങ്കിലും ദിവസം മുഴുവൻ ആസ്വാദനത്തിൽ അലിഞ്ഞു ചേർന്ന ഹൃദയങ്ങൾ അപ്പോഴും മന്ത്രിക്കുന്നുണ്ടായിരുന്നു; ഒരിക്കൽ കൂടി പോവണം, എങ്ങോട്ടെങ്കിലും....  ഇതു പോലെയൊന്ന്.