Wednesday , March   27, 2019
Wednesday , March   27, 2019

വൈകിയുണർന്ന് റോസി

ആദ്യ മൂന്നു മത്സരങ്ങളിലും ഇറ്റലിക്ക് സമനിലയായിരുന്നു. വെറും ഒരു ഗോളിന്റെ വ്യത്യാസത്തിലാണ് കന്നിക്കാരായ കാമറൂണിനെ മറികടന്ന് രണ്ടാം റൗണ്ടിലെത്തിയത്. പെറുവിനെതിരെ റോജർ മില്ല നേടിയ കാമറൂണിന്റെ ഗോൾ റഫറി അനുവദിച്ചിരുന്നെങ്കിൽ ഇറ്റലിയുടെ കഥ കഴിഞ്ഞേനേ. ടൂർണമെന്റിന്റെ താരമായി മാറിയ പൗളോ റോസിയാവട്ടെ ആദ്യ ഗോളടിച്ചത് ഇറ്റലിയുടെ അഞ്ചാമത്തെ മത്സരത്തിലായിരുന്നു. പക്ഷെ ഇറ്റലിയുടെയും റോസിയുടെയും അവസാന കുതിപ്പ് കിരീടത്തിലവസാനിച്ചു. കാണികൾ കണ്ണീർ തൂകിയത് ബ്രസീലിനും ഫ്രാൻസിനും വേണ്ടിയായിരുന്നു. ചരിത്രത്തിലെ തന്നെ മികച്ച മത്സരങ്ങളിലാണ് ടൂർണമെന്റിന്റെ ഹരമായിരുന്ന ഈ ടീമുകൾ പുറത്തായത്. യന്ത്രങ്ങളെപ്പോലെ കളിച്ച പശ്ചിമ ജർമനി ഫൈനലിൽ തോറ്റതിൽ അധികമാർക്കും പരാതിയുണ്ടാവില്ല. 
ഫൈനലിലെ ഒരു ഗോളോടെ ടോപ്‌സ്‌കോറർ പദവി സ്വന്തമാക്കിയ റോസിക്ക് ലോകകപ്പ് ശാപമോക്ഷമായിരുന്നു. ഒത്തുകളിയിലുൾപ്പെട്ടതിന് രണ്ടു വർഷത്തെ വിലക്ക് കഴിഞ്ഞയുടനെയാണ് സ്‌ട്രൈക്കർ ടീമിലെത്തിയത്. രണ്ടാം റൗണ്ടിൽ റോസിയുടെ ഹാട്രിക്കിൽ ബ്രസീലിനെ ഇറ്റലി കെട്ടുകെട്ടിച്ചു. സെമിയിൽ പോളണ്ടിനെതിരെയും റോസി രണ്ടു തവണ വലകുലുക്കി. 


റോസി മാത്രമായിരുന്നില്ല ഇറ്റലിയുടെ ഹീറോ. ടീമിലെ കാരണവരായ നാൽപതുകാരൻ ഗോളി ദിനോസോഫും ബേബിയായ പതിനെട്ടുകാരൻ ഡിഫന്റർ ഗ്വിസപ് ബെർഗോമിയും കാണികളുടെ മനം കവർന്നു. പക്ഷെ ബെർഗോമിയെക്കാളും പ്രായം കുറഞ്ഞ ഒരാൾ അത്തവണ അരങ്ങേറി, വടക്കൻ അയർലന്റിന്റെ നോർമൻ വൈറ്റ്‌സൈഡ് (17 വയസ്സ്, 41 ദിവസം) ലോകകപ്പ് ചരിത്രത്തിലെ പ്രായം കുറഞ്ഞ കളിക്കാരനായി. ആതിഥേയരായ സ്‌പെയിനിനെ അട്ടിമറിച്ച് അയർലന്റ് രണ്ടാം റൗണ്ടിലെത്തുകയും ചെയ്തു. 
ആഫ്രിക്കയിലെയും ഏഷ്യയിലെയും കൂടുതൽ പ്രാതിനിധ്യമുറപ്പാക്കാനായി ആദ്യമായി 24 ടീമുകൾ കളിച്ച ലോകകപ്പായിരുന്നു അത്. എന്നാൽ 1974 ലെയും 1978 ലെയും ഫൈനലിസ്റ്റുകളായ നെതർലാന്റ്‌സിന് യോഗ്യത നേടാനായില്ല. ആറു ഗ്രൂപ്പുകൾ വീതമുള്ള ആദ്യ റൗണ്ടും മൂന്നു ടീമുകൾ വീതമുള്ള രണ്ടാം റൗണ്ടും സെമി, ഫൈനൽ എന്നിങ്ങനെയുമായിരുന്നു മത്സര ക്രമം. ആറു ടീമുകൾ അരങ്ങേറി, ഗൾഫ് മേഖലയിൽനിന്ന് കുവൈത്ത് ഉൾപ്പെടെ. 
ചാമ്പ്യന്മാരായ അർജന്റീന 0-1 ന് ബെൽജിയത്തോട് തോൽക്കുന്നതു കണ്ടാണ് ലോകകപ്പ് തുടങ്ങിയത്. അതിന്റെ ഞെട്ടൽ മാറും മുമ്പെ അൾജീരിയ 2-1 ന് യൂറോപ്യൻ ചാമ്പ്യന്മാരായ പശ്ചിമ ജർമനിയെ മുട്ടുകുത്തിച്ചു. ചിലിയെയും അൾജീരിയ വീഴ്ത്തി. എന്നാൽ ഓസ്ട്രിയയും ജർമനിയും നാണംകെട്ട രീതിയിൽ ഒത്തുകളിച്ചതോടെ അൾജീരിയ പുറത്തായി. അതിനു ശേഷമാണ് എല്ലാ ടൂർണമെന്റിലും അവസാന ഗ്രൂപ്പ് മത്സരങ്ങൾ ഒരേ സമയമാക്കാൻ ഫിഫ തീരുമാനിച്ചത്. 

അറിയാമോ? 1982 ൽ സോവിയറ്റ് യൂനിയന്റെ ഗോളിമാർ സഹോദരന്മാരായിരുന്നു, വിക്ടർ ചനോവും വ്യാചെസ്ലാവ് ചനോവും. എന്നാൽ അതികായനായ ഒന്നാം ഗോളി റിനാറ്റ് ദസയേവിന്റെ സാന്നിധ്യത്തിൽ ഇരുവർക്കും ടൂർണമെന്റ് മുഴുവൻ റിസർവ് ബെഞ്ചിലിരിക്കേണ്ടി വന്നു. 

കന്നിയങ്കത്തിൽ കാമറൂൺ ആവേശം വിതച്ചു. കരുത്തരായ ഇറ്റലിയെയും പോളണ്ടിനെയും അവർ തളച്ചു. തോൽക്കാതെ തന്നെ അവർ ആദ്യ റൗണ്ടിൽ പുറത്തായി. മറ്റൊരു പുതുമുഖ ടീം എൽസാൽവഡോർ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം വാങ്ങി, ഹംഗറിയോട് 10-1 ന്. പകരക്കാരൻ ലാസ്‌ലൊ കിസ് എട്ടു മിനിറ്റിനിടെ ഹാട്രിക് തികച്ച് റെക്കോർഡിട്ടു. ഫ്രാൻസിനെതിരായ 3-1 വിജയത്തിൽ ഇംഗ്ലണ്ടിന്റെ ബ്രയാൻ റോബ്‌സൻ ഇരുപത്തേഴാം സെക്കന്റിൽ ഗോൾ നേടി. പോളണ്ടിനെതിരായ കളിയിൽ ഇറ്റലിയുടെ ജിയാംപിയറൊ മാരീനി ആദ്യ മിനിറ്റിൽ തന്നെ മഞ്ഞക്കാർഡ് വാങ്ങി. ഫ്രാൻസിനെതിരായ മത്സരത്തിൽ മിഡ്ഫീൽഡർ അലൻ ജിരേസിന്റെ ഗോൾ കുവൈത്ത് കളിക്കാർ അംഗീകരിച്ചില്ല. ഗാലറിയിൽ നിന്നുള്ള വിസിൽ കേട്ട് തെറ്റിദ്ധരിച്ച് കളി നിർത്തിയപ്പോഴായിരുന്നു ഗോളെന്ന് അവർ വാദിച്ചു. കുവൈത്ത് അമീറിന്റെ സഹോദരൻ ശെയ്ഖ് ഫഹദ് അൽ അഹ്മദ് അൽ സബാഹ് ഗ്രൗണ്ടിലിറങ്ങി പ്രതിഷേധത്തിൽ പങ്കാളിയായതോടെ റഫറി മിറോസ്‌ലാവ് സ്റ്റുപാർ തീരുമാനം തിരുത്തുകയും ഫ്രാൻസിന് ഗോൾ നിഷേധിക്കുകയും ചെയ്തു. എങ്കിലും ഫ്രാൻസ് 4-1 ന് ജയിച്ചു. സ്റ്റുപാറിന്റെ രാജ്യാന്തര റഫറി അംഗീകാരം റദ്ദാക്കിയാണ് ഫിഫ പ്രതികരിച്ചത്. ഫഹദിന് കനത്ത പിഴ നൽകി. 
1970 നു ശേഷമുള്ള ഏറ്റവും മികച്ച ടീമുമായി വന്ന ബ്രസീൽ ഏറെ ദൂരം പോവുമെന്നു തോന്നി. സീക്കോയും ഫാൽക്കാവോയും സോക്രട്ടീസും എഡെറുമടങ്ങുന്ന മധ്യനിര ലോകോത്തരമായിരുന്നു. രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ അർജന്റീനയെ 3-1 ന് അവർ കീഴടക്കി. ഡിയേഗൊ മറഡോണ ചുവപ്പ് കാർഡ് കണ്ട മത്സരമായിരുന്നു അത്. ഇറ്റലിക്കെതിരെ സമനില മതിയായിരുന്നു ബ്രസീലിന് സെമി കാണാൻ. സോക്രട്ടീസും ഫാൽക്കാവോയും ഗോളടിച്ചെങ്കിലും റോസിയുടെ ഹാട്രിക് ബ്രസീലിനെ മുക്കി. സസ്‌പെന്റ് ചെയ്യപ്പെട്ട സ്ബിഗ്‌ന്യൂ ബോണിയേക്കിന്റെ അഭാവത്തിൽ സെമിയിൽ ഇറ്റലിക്കു വെല്ലുവിളിയുയർത്താൻ പോളണ്ടിനു സാധിച്ചില്ല. 

ആതിഥേയർ: സ്‌പെയിൻ, 
ചാമ്പ്യന്മാർ: ഇറ്റലി
ടീമുകൾ: 24, മത്സരങ്ങൾ: 52
യോഗ്യതാ റൗണ്ടിൽ പങ്കെടുത്ത ടീമുകൾ: 109
ടോപ്‌സ്‌കോറർ: പൗളോ റോസി (അർജന്റീന, 6)
പ്രധാന അസാന്നിധ്യം: നെതർലാന്റ്‌സ്, മെക്‌സിക്കൊ
അപ്രതീക്ഷിതമായി യോഗ്യത നേടിയത് -അൾജീരിയ, കാമറൂൺ, ഹോണ്ടൂറാസ്, കുവൈത്ത്, ന്യൂസിലാന്റ്
ആകെ ഗോൾ -146 (ശരാശരി 2.81), കൂടുതൽ ഗോളടിച്ച ടീം -ഫ്രാൻസ് (16)
മത്സരക്രമം: നാല് ടീമുകൾ വീതമുള്ള ആറ് ഗ്രുപ്പുകൾ. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് മുൻനിരക്കാർ രണ്ടാം റൗണ്ടിൽ. രണ്ടാം റൗണ്ടിൽ മൂന്നു ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാർ സെമിയിൽ. 

ജർമനി-ഫ്രാൻസ് രണ്ടാം സെമി ആവേശോജ്വലമായിരുന്നു. ഗോളിലേക്കു പാഞ്ഞടുത്ത ഫ്രാൻസിന്റെ സബ്സ്റ്റിറ്റിയൂട്ട് പാട്രിക് ബാറ്റിസ്റ്റോണിനെ ചവിട്ടി വീഴ്ത്തിയിട്ടും ജർമൻ ഗോളി ഹരാൾഡ് ഷുമാക്കർ പുറത്താക്കപ്പെടാതിരുന്നത് അമ്പരപ്പുണർത്തി. ബാറ്റിസ്റ്റോണിന് രണ്ടു പല്ലുകളും നഷ്ടപ്പെട്ടു. ഒരു ഫൗൾ കിക്ക് പോലും ഫ്രാൻസിന് റഫറി അനുവദിച്ചില്ല. 
എക്‌സ്ട്രാ ടൈമിൽ 1-3 ന് പിന്നിലായ ശേഷം ജർമനി സമനില നേടി. ലോകകപ്പിൽ ആദ്യമായി നടന്ന ഷൂട്ടൗട്ടിൽ മിഷേൽ പ്ലാറ്റീനിയും ജീൻ ടിഗാനയും അലൻ ഗിരേസെയുമടങ്ങുന്ന ഫ്രഞ്ച് ടീമിനെ ഷുമാക്കർ പിടിച്ചുകെട്ടി. ഫൈനലിൽ ആദ്യ പകുതിയിൽ ആന്റോണിയൊ കബ്രീനി പെനാൽട്ടി പാഴാക്കിയതൊന്നും ഇറ്റലിയെ തളർത്തിയില്ല. റോസിയുടെയും മാർക്കൊ ടാർഡെല്ലിയുടെയും അലസാന്ദ്രൊ ആൽബർട്ടീനിയുടെയും ഗോളുകളിൽ ഇറ്റലി ജയിച്ചു കയറി. 1970 നു ശേഷം മികച്ച ലോകകപ്പായാണ് ഇത് വിലയിരുത്തപ്പെട്ടത്.
സെമിയിലും ഫൈനലിലും എക്‌സ്ട്രാ ടൈമും സമനിലയായാൽ ഷൂട്ടൗട്ട് പ്രാബല്യത്തിൽ വന്നു. ഷൂട്ടൗട്ടിലെ ആദ്യ ഗോളിനുടമ ഫ്രാൻസിന്റെ അലൻ ജിരേസായിരുന്നു. എന്നാൽ ഫ്രാൻസ് 2-5 ന് സെമിയിൽ പശ്ചിമ ജർമനിയോട് തോറ്റു. ഒരു കളിയും തോൽക്കാതെയാണ് ഇംഗ്ലണ്ടും കാമറൂണും പുറത്തായത്. അൾജീരിയയുടെ നായകൻ സലാഹ് അസദിനെ 1992 ൽ ഇസ്‌ലാമിക മൗലിക വാദത്തിനെതിരായ അടിമച്ചമർത്തലിനിടെ ഭരണകൂടം വധിച്ചു.
നാൽപതുകാരനായ ഇറ്റാലിയൻ ഗോൾകീപ്പർ ദിനോസോഫ് ലോകകപ്പ് നേടുന്ന പ്രായമേറിയ കളിക്കാരനായി. പെറുവിന്റെ അറുപത്തേഴുകാരനായ കോച്ച് എൽബ പാദുവ ലിമക്ക് 44 വർഷത്തിനു ശേഷം ലോകകപ്പിലേക്കുള്ള തിരിച്ചുവരവായിരുന്നു അത്, 1938 ൽ ബ്രസീലിന് കളിച്ചിരുന്നു അദ്ദേഹം.