Wednesday , March   20, 2019
Wednesday , March   20, 2019

കരിപ്പൂരിൽ 25 മുതൽ രാത്രി എട്ട് വരെ വിമാനങ്ങൾക്ക് നിയന്ത്രണം

വേനൽക്കാല വിമാന ഷെഡ്യൂൾ തയ്യാറാവുന്നു
കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ 25 മുതൽ എട്ട് മണിക്കൂർ വിമാന സർവ്വീസുകൾ ഒഴിവാക്കി വേനൽക്കാല വിമാന ഷെഡ്യൂൾ ഒരുങ്ങുന്നു. ഉച്ചക്ക് 12 മുതൽ രാത്രി എട്ട് വരെയാണ് റൺവേയിൽ വിമാനങ്ങൾക്ക് റിസ നിർമ്മാണത്തിന്റെ ഭാഗമായി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജൂൺ 15 വരെ നിയന്ത്രണം തുടരും. എട്ട് മണിക്കൂർ തുടർച്ചയായി റൺവേ അടച്ച് റിസ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനാണ് വിമാനങ്ങൾ സമയ ഷെഡ്യൂളിൽ മാറ്റം വരുത്തിയത്.
കഴിഞ്ഞ ജനുവരി 15 മുതൽ ഉച്ചക്ക് 12 മുതൽ 2.30 വരെയും വൈകിട്ട് 3.30 മുതൽ രാത്രി ഏഴ് വരെയുമാണ് റൺവെ അടച്ചു പ്രവൃത്തികൾ നടത്തുന്നത്. ഈ മാസം 24 വരെയാണ് റൺവേ ഈ രീതിയിൽ ക്രമീരിച്ചിരിച്ച് അടക്കുന്നത്. ഈ സമയത്തുളള ഇൻഡിഗോയുടെ ഷാർജ,ജെറ്റ് എയർവെയ്‌സിന്റെ ബംഗളൂരു,മുംബൈ സർവ്വീസുകളും ഇതിനായി സർവ്വീസ് പുനഃക്രമീകരിച്ചു. ഉച്ചക്ക് ഒരു മണിക്കൂറിന് ഇടയിൽ വിമാന സർവീസുകൾ കുറവായതിനാലാണ് റൺവേ പ്രവൃത്തികൾ പകലിലേക്ക് മാറ്റിയത്. വേനൽക്കാലസമയക്രമ പട്ടികയിൽ ഉച്ചക്ക് 12നും രാത്രി എട്ടിനുമിടയിൽ സർവ്വീസില്ല. 
കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ(റിസ)നീളം വർധിപ്പിക്കുന്നതിന്റെ പ്രവൃത്തികൾ ആരംഭിച്ചിട്ട് രണ്ടുമാസം പൂർത്തിയായി. റൺവെയിലെ ലൈറ്റിംഗ് ക്രമീകരണങ്ങൾ പൂർണ്ണമായി നിർമ്മാണത്തിന്റെ ഭാഗമായി മാറ്റുന്നുണ്ട്. ജൂണിൽ തന്നെ പൂർത്തിയാക്കാനാണ് നീക്കം. 
അഞ്ചു അന്താരാഷ്ട്ര കമ്പനികൾ ആറ് കോടി മുടക്കിയാണ് റൺവെയിൽ റിസ ഏരിയ വർധിപ്പിക്കുന്നത്. വിമാനങ്ങൾ റൺവെയിൽ നിന്ന് തെന്നി നീങ്ങിയാൽ പിടിച്ചു നിർത്തുന്ന പ്രദേശമാണ് റിസ. ചതുപ്പ് നിലമായാണ് പ്രദേശം ഒരുക്കുക. നിലവിലെ റിസയോട് കൂടി റൺവേയുടെ ഭാഗം ഉൾപ്പെടുത്തിയാണ് റിസ ഒരുക്കുന്നത്. 90 മീറ്ററുളള റിസ 150 മീറ്റർ കൂടി ഉൾപ്പെടുത്തി 240 മീറ്ററായാണ് വർധിപ്പിക്കുന്നത്.2,850 മീറ്റർ നീളമുളള റൺവെയുടെ നീളം ഇതോടെ 2700 മീറ്ററാകും.