Sunday , September   23, 2018
Sunday , September   23, 2018

എം.ബി.സി ഓഹരികൾ ഗവൺമെന്റിന് വിൽക്കുന്നതിന് ചർച്ചകൾ പുരോഗമിക്കുന്നു

റിയാദ് - ഗൾഫിലെ ഏറ്റവും വലിയ ചാനൽ ശൃംഖലയായ, ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.ബി.സി ഗ്രൂപ്പ് ഓഹരികൾ ഗവൺമെന്റിന് വിൽക്കുന്നതിന് ചർച്ചകൾ നടക്കുന്നതായി ഉടമ വലീദ് അൽഇബ്രാഹിം വെളിപ്പെടുത്തി. 
അഴിമതി കേസിൽ അറസ്റ്റിലായ താൻ എം.ബി.സി ചാനലിന്റെ ഉടമസ്ഥാവകാശം സർക്കാറിന് കൈമാറിയല്ല മോചനം സാധ്യമാക്കിയതെന്ന് വാൾസ്ട്രീറ്റ് ജേർണലിന് നൽകിയ അഭിമുഖത്തിൽ വലീദ് അൽഇബ്രാഹിം പറഞ്ഞു. എം.ബി.സി ഗ്രൂപ്പിന്റെ 60 ശതമാനം ഓഹരികൾ വാങ്ങുന്നതിനാണ് ഗവൺമെന്റ് ചർച്ചകൾ നടത്തുന്നത്. നാൽപതു ശതമാനം ഓഹരികളുമായി ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ നിർണായക സ്വാധീനം താൻ നിലനിർത്തുകയും ഗ്രൂപ്പ് ചെയർമാൻ പദവിയിൽ തുടരുകയും ചെയ്യും. 
എം.ബി.സി ഗ്രൂപ്പിന്റെ 60 ശതമാനം ഓഹരികൾ വാങ്ങുന്നതിന് മറ്റു നാലു ഓഹരിയുടമകളുമായാണ് ഗവൺമെന്റ് ചർച്ചകൾ നടത്തുന്നതെന്ന് വലീദ് അൽഇബ്രാഹിം പറഞ്ഞു. ഇതിൽ മൂന്നു പേർ വലീദ് അൽഇബ്രാഹിമിന്റെ ബന്ധുക്കൾ തന്നെയാണ്. ഓഹരി ഇടപാടുമായി ബന്ധപ്പെട്ട ചർച്ചകൾ ദിവസങ്ങൾക്കുള്ളിൽ ഗവൺമെന്റ് പൂർത്തിയാക്കുമെന്നാണ് കരുതുന്നത്. ഇടപാടിനു ശേഷവും ഗ്രൂപ്പിന്റെ ചെയർമാൻ പദവിയിൽ വലീദ് അൽഇബ്രാഹിമിനെ നിലനിർത്തുമെന്നാണ് വിവരം. 1991 ലാണ് വലീദ് അൽഇബ്രാഹിം എം.ബി.സി ഗ്രൂപ്പ് സ്ഥാപിച്ചത്. 
അഴിമതി കേസിൽ സാക്ഷി മൊഴി നൽകുന്നതിനു വേണ്ടിയാണ് തന്നെ സുരക്ഷാ വകുപ്പുകൾ കസ്റ്റഡിയിലെടുത്തതെന്ന് എം.ബി.സി ചെയർമാൻ പറഞ്ഞു. ഗ്രൂപ്പിൽ തനിക്കുള്ള ഓഹരികൾ ഇപ്പോഴും തന്റെ പക്കൽ തന്നെയാണ്. എം.ബി.സി ഗ്രൂപ്പിന്റെ മൂല്യം 350 കോടി ഡോളർ മുതൽ 400 കോടി ഡോളർ വരെയാണെന്നാണ് കണക്കാക്കുന്നത്. റിട്‌സ് കാൾട്ടൻ ഹോട്ടലിൽ കസ്റ്റഡിയിൽ കഴിഞ്ഞ കാലത്ത് കുടുംബാംഗങ്ങളുമായി പതിവായി ഫോണിൽ സംസാരിച്ചിരുന്നു. കസ്റ്റഡിയിലുള്ള മറ്റു പ്രതികളുമായി താൻ ഹോട്ടലിൽ വെച്ച് ആശയ വിനിമയം നടത്തിയിരുന്നില്ല. തന്നോട് നല്ല നിലയിലാണ് അധികൃതർ പെരുമാറിയത്. 
റിട്‌സ് കാൾട്ടൻ ഹോട്ടലിൽ കസ്റ്റഡിയിൽ കഴിഞ്ഞ കാലത്ത് ഭൂരിഭാഗം സമയവും ടി.വി വീക്ഷിച്ചാണ് താൻ ചെലവഴിച്ചിരുന്നത്. കൃത്യമായി വ്യായാമവും ചെയ്തിരുന്നു. ഇടക്കിടെയുള്ള വ്രതാനുഷ്ഠാനത്തിലൂടെ കസ്റ്റഡി കാലത്ത് 50 റാത്തലോളം ശരീര ഭാരം കുറയ്ക്കുന്നതിന് സാധിച്ചു. ഗവൺമെന്റ് പിന്തുണയോടെ സൗദിയിൽ എം.ബി.സി ഗ്രൂപ്പിന് വലിയ വളർച്ചക്കുള്ള അവസരങ്ങളുണ്ടെന്നാണ് കരുതുന്നത്. അഴിമതി കേസിൽ അന്വേഷണം പൂർത്തിയായതിനെ തുടർന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ആദ്യമായി കഴിഞ്ഞയാഴ്ച താൻ കൂടിക്കാഴ്ച നടത്തിയിരുന്നു. നിയോം പദ്ധതി പ്രദേശത്ത് മീഡിയ സെന്റർ സ്ഥാപിക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യുന്നതിനാണ് കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വലീദ് അൽഇബ്രാഹിം പറഞ്ഞു. 

 

Latest News