Wednesday , March   20, 2019
Wednesday , March   20, 2019

വളപ്പൊട്ടുകൾ

പുറത്തെ കോലാഹലങ്ങളിൽനിന്ന് ഹിബ പതുക്കെ ഓർമ തൻ ചുരം ഹസീബിനേയും കൂട്ടി ഇറങ്ങാൻ തുടങ്ങി. യാത്രകളോടുള്ള  ഹിബയുടെ ഇഷ്ടം ഇന്നും ഇന്നലെയും തുടങ്ങിയതായിരുന്നില്ലെന്ന് മറ്റാരേക്കാളേറെ ഹസീബിനറിയാം..
അതുകൊണ്ട് ഫഌറ്റിലിരുന്ന് ബോറടിക്കുമ്പോൾ ജന്മനാടിനേയും ജീവിച്ച നാടിനേയും  തലവരയെന്ന് പറഞ്ഞ് അന്നം തരുന്ന നാടിനെ ശപിച്ചവളായിരുന്നില്ല ഹിബ. ആഴ്ചയിൽ കിട്ടുന്ന പകലുറക്കത്തിന്റെ ആലസ്യത്തിൽ നിന്ന് വിളിച്ചുണർത്തിയാലും യാത്രയെങ്കിൽ പുറപ്പെടുകയെന്നതായിരുന്നു ഹിബയുടെ സന്തോഷം.
ഓരോ യാത്രാനുഭവങ്ങളും ഹസീബുമായി പങ്ക് വെക്കുമ്പോൾ പ്രപഞ്ചം തന്നെ ഹിബയുടെ കാൽക്കീഴിലാണെന്നാണ് ഹിബയുടെ തോന്നൽ.
മരുഭൂമിയിലെ തണുപ്പിനേയും വകഞ്ഞ്  തായിഫിന്റെ ചുരങ്ങൾ താണ്ടി  ഹിബയും ഹസീബും സഞ്ചാരം തുടങ്ങി.. 
ഏത് യാത്രയിലും ഹസീബ് ഹിബക്ക് പ്രിയപ്പെട്ടിട
ങ്ങളിലെല്ലാം തങ്ങി ഹിബയുടെ ഇഷ്ടങ്ങൾക്ക് സമയം കണ്ടെത്തിയിരുന്നു.
വിണ്ണിൽ വിരിഞ്ഞ് നിൽക്കുന്ന കോടമഞ്ഞാവുന്ന പൂക്കളിൽ നിമിഷാർദ്രം ചില ഏറ്റക്കുറച്ചിലുകൾ...!!
ചുരത്തിന്നുച്ചിയിലെത്തുമ്പോൾ പല ചിന്തകളുമവളിൽ തളംകെട്ടി മനോമുകുരങ്ങളെ  ഉത്തേജിപ്പിച്ചിരുന്നു..
അതെല്ലാം ഹിബയുടെ ഇഷ്ടങ്ങളുമായിരുന്നു...
ഏത് യാത്രയിലും സൂര്യന്റെ കടും ചുവപ്പ് കടലിലേക്കമരാൻ തിടുക്കം കൂട്ടുമ്പോൾ... പണ്ടെങ്ങാരൊക്കെയോ പണിതുയർത്തിയ തറവാടിത്ത സംസ്‌കാരത്തിന്റെ അതിർ വരമ്പുകളിൽ ഹോമിക്കപ്പെടേണ്ടി വന്ന പ്രണയ കാലം  ഓർമ്മവരും...
ചുരം പരിസമാപ്തിയിലെത്തുമ്പോഴാണ്  വരും കാലങ്ങളിലും പ്രണയത്തിലുന്മത്തയാവണമെന്ന് തോന്നാറുള്ളത്.
വീണുടഞ്ഞ സ്വപ്‌നരഥത്തിലേറി യാത്ര
ചെയ്യുമ്പോഴാണ് വാഹനത്തിന് അറിയാതെ വേഗത കൂടി മണ്ണിനും മനസ്സിനും പിടികൊടുക്കാതെ മുന്നോട്ട് ഓടിക്കൊണ്ടിരുന്നത്.
അമിതവേഗതയിൽ വരുന്ന വാഹനങ്ങളുടെ ഇരമ്പലുകൾ തീക്ഷ്ണമായ്
മിന്നിമറയുന്നെങ്കിലും വഴിയിലെവിടെയൊ ഒരു ഭീതിയുടെ ദുസ്സൂചനകൾ മനസ്സിനെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു.
രക്തത്തിൽ കുളിച്ച് കിടക്കുന്ന ആളെ താങ്ങി  ഹസീബ് വണ്ടിയിൽ വെക്കുന്നതും ഹോസ്പിറ്റലിൽ എത്തിക്കുന്നതും ഹിബ ഒരിക്കലും ഓർത്തതേയില്ല.
ഇത്തരം കാര്യങ്ങളിൽ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന ഹസീബിനോട് ഹിബക്കപ്പോൾ തോന്നിയത് ദേഷ്യമായിരുന്നു.
ജീവന്റെ തുടിപ്പുള്ള ഏത് ജീവിയോടും കരുണ കാണിക്കണമെന്ന് പാഠങ്ങൾ പറയുന്നുണ്ടെങ്കിലും രാജ്യ നിയമങ്ങൾ കയ്യിലെടുക്കുമ്പോഴുള്ള പേടി തന്നെയാണ്. ദിനങ്ങൾ കഴിഞ്ഞു, അയാൾ ബോധാവ
സ്ഥയിലായി, ആശുപത്രി ബില്ലടക്കാൻ പണമില്ലാതായി, ചെക്കിങ്ങും അന്വേഷണവും എല്ലാമായി. ഹസീബിനെത്തേടി പോലീസും നിയമങ്ങളും വീട്ട് പടിക്കലെത്തി. ഇത് കണ്ട മക്കൾ വിറച്ച് കരച്ചിലായി..
വർധിച്ച വീട്ട് വാടകയും മക്കളുടെ സ്‌കൂൾഫീസും ദൈനംദിന ചെലവുമെല്ലാം കൊണ്ട്‌പോകാൻ  പെടാപാട് പെടുന്നതിന്നിടയിലാണ് അവൻ ജയിലിലടക്കപ്പെടുന്നത് ..
എല്ലാം മൗനം കൊണ്ട് നേരിട്ട  ഹസീബ് മരം കോച്ചുന്ന തണുപ്പിലും പ്രാർത്ഥനയും ദൈവഭക്തിയും കൈമുതലാക്കിയതിനാൽ ജയിലധികൃതർ ഹസീബിന് പ്രത്യേക പരിഗണന നൽകിയിരുന്നു..
ഏതായാലും നിയമങ്ങൾ അതിന്റെ വഴിക്ക് സഞ്ചരിക്കുമല്ലോ!
അവസാന വിചാരണയുടെ ദിനങ്ങൾ വന്നെത്തി,
അവനെ നാട് കടത്താൻ തീരുമാനമായി.
കുടുംബത്തോടെ ഇവിടെകഴിയണമെന്നായിരുന്നു  അവന്റെ അവസാന ആഗ്രഹം..
പക്ഷേ എന്ത് ചെയ്യാൻ....
വിധിയിൽ വിശ്വസിക്കണമല്ലോ...
അവിടുത്തെ മേലധികാരികളിൽ നിന്ന് കിട്ടുന്ന സേവനസ്‌നേഹ സൗകര്യങ്ങൾ മറക്കാൻ പറ്റാത്ത അനുഭവങ്ങളായിരുന്നെങ്കിലും നിയമം നിയമമായി..
അങ്ങനെ നാല് ചുവരുകൾക്കുള്ളിൽ സ്വപ്‌നങ്ങളും പ്രതീക്ഷകളും എങ്ങിനെ കരുപ്പിടിപിക്കണമെന്നറിയാതെ..
അകത്തെ ശീതീകരണ യന്ത്രത്തിന്റെ നേർത്ത മൂളൽ കേട്ട് ഹിബ മറ്റൊരു സ്‌നേഹ സമാധാന രാജ്യത്തെ  കണ്ടെത്തുന്നതിന്നിടയിലും...
മനസ്സ് ആകുലപ്പെട്ടത്.. വർധിച്ച് വരുന്ന റോഡപകടങ്ങളിലുള്ള നിയമങ്ങളിൽ വരുത്തേണ്ട  ഭേദഗതികളെ കുറിച്ചായിരുന്നു.