Monday , December   10, 2018
Monday , December   10, 2018

സൗദിയിൽ വൻകിട കപ്പൽശാല വരുന്നു; റാസൽഖൈറിൽ നിർമാണം തുടങ്ങി

ദമാം - സൗദി അറേബ്യയുടെ കിഴക്കൻ തീരത്ത് വൻകിട കപ്പൽശാല സ്ഥാപിക്കുന്നു. കിഴക്കൻ തീരത്തെ റാസൽഖൈറിൽ കപ്പൽശാലയുടെ നിർമാണ ജോലികൾക്ക് തുടക്കമായിട്ടുണ്ട്. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന, റിഗ്ഗ് നിർമാതാക്കളായ ലാംപ്രെൽ, സൗദി അറാംകൊ, സൗദിയിലെ നാഷണൽ ഷിപ്പിംഗ് കമ്പനി (ബഹ്‌രി), ദക്ഷിണ കൊറിയയിലെ ഹ്യൂണ്ടായ് ഹെവി ഇൻഡസ്ട്രീസ് എന്നിവ അടങ്ങിയ കൺസോർഷ്യമാണ് കപ്പൽശാല നിർമിക്കുന്നത്. 
നാലു കമ്പനികളും ഉൾപ്പെട്ട ഇന്റർനാഷണൽ മാരിറ്റൈം ഇൻഡസ്ട്രീസ് എന്ന് പേരിട്ട സംയുക്ത സ്ഥാപനത്തിനാണ് നിർമാണ ചുമതല. സൗദി ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഫണ്ടുമായി വായ്പാ ധാരണയിൽ എത്തിയതിനെ തുടർന്നാണ് നിർമാണ ജോലികൾ ആരംഭിച്ചത്. പദ്ധതിക്ക് 100 കോടി ഡോളർ വായ്പ അനുവദിക്കാൻ കഴിഞ്ഞ വർഷം സൗദി ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഫണ്ട് തത്വത്തിൽ സമ്മതിച്ചിരുന്നു. സൗദി അറാംകൊ എക്‌സിക്യൂട്ടീവ് ആണ് പദ്ധതി സി.ഇ.ഒ. പദ്ധതിക്ക് ആകെ 530 കോടി ഡോളർ (രണ്ടായിരം കോടി റിയാൽ) ചെലവു വരുമെന്ന് സൗദി അറാംകൊ നേരത്തെ വെളിപ്പെടുത്തിയിരുന്നു. നിർമാണ കാലത്ത് പദ്ധതിയിൽ ലാംപ്രെൽ 14 കോടി ഡോളറാണ് മുതൽ മുടക്കുക. 
വർഷത്തിൽ നാലു സമുദ്ര (ഓഫ്‌ഷോർ) റിഗ്ഗുകളും മൂന്നു വൻ എണ്ണക്കപ്പലുകൾ അടക്കം 40-ലേറെ കപ്പലുകളും നിർമിക്കുന്നതിനും സമുദ്ര സംബന്ധമായ 260 ലേറെ ഉൽപന്നങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിനുമുള്ള ശേഷിയിലാണ് 1.2 കോടി ചതുരശ്രമീറ്റർ വിസ്തീർണമുള്ള കപ്പൽശാല പദ്ധതിയിട്ടിരിക്കുന്നത്. കപ്പൽ നിർമാണം, കപ്പൽ അറ്റകുറ്റപ്പണി, റിഗ്ഗ് നിർമാണം എന്നിവ അടക്കമുള്ള മേഖലകളിലാണ് റാസൽഖൈർ കപ്പൽശാല പ്രവർത്തിക്കുക.  80,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി അറാംകൊ പറഞ്ഞു. ഇറക്കുമതി കുറയ്ക്കുന്നതിന് സൗദി അറേബ്യയെ സഹായിക്കുന്ന പദ്ധതി മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് 1,700 കോടി ഡോളർ സംഭാവന ചെയ്യുമെന്നും സൗദി അറാംകൊ പ്രതീക്ഷിക്കുന്നു.

Tags

Latest News