Wednesday , March   20, 2019
Wednesday , March   20, 2019

രാജവീഥികൾ നിർമ്മിക്കലല്ല, നെൽവയലുകൾ  സംരക്ഷിക്കലാണ് യഥാർഥ വികസനം

 

എൽഡിഎഫിന്റെ പ്രകടനപത്രികയിൽ പറയുന്ന പ്രകാരം നെൽവയലുകൾ സംരക്ഷിക്കാനാവശ്യപ്പെട്ട് സമരം ചെയ്യുന്ന സിപിഎം പ്രവർത്തകരെ അപഹസിച്ചുകൊണ്ട്, പാർട്ടി നേതൃത്വത്തോടുള്ള അടിമത്തം കൊണ്ട് അന്ധനായ എഴുത്തുകാരൻ അശോകൻ ചെരുവിലിന്റെ ഫേസ് ബുക്ക് പോസ്റ്റാണിത്. സമരങ്ങളിലൂടെ വളർന്ന ഒരു പ്രസ്ഥാനം എന്ന് അഭിമാനിക്കുന്നവർ തന്നെ ചെങ്കൊടി നാട്ടിയ സമരപന്തൽ കത്തിക്കുമ്പോൾ അതിനെ ന്യായീകരിക്കാൻ ഇത്തരത്തിലുള്ള പ്രസ്താവനകൾ വരുന്നതിൽ വലിയ അത്ഭുതമൊന്നുമില്ല. അത് എഴുത്തുകാരിൽ നിന്നാകുന്നതും സ്വാഭാവികം മാത്രം. മഹാരാഷ്ട്രയിലെ കർഷകസമരത്തിന് അഭിവാദ്യമർപ്പിച്ച് നിമിഷങ്ങൾക്കുള്ളിലാണ് ഈ പോസ്റ്റെന്നതും അദ്ഭുതമുണ്ടാക്കുന്നില്ല.
എൽഡിഎഫിന്റെ 2016ലെ തെരഞ്ഞെടുപ്പു മാനിഫെസ്റ്റോ ചെരുവിൽ വായിച്ചിരിക്കാനിടയില്ല. അതിൽ പറയുന്നതിങ്ങനെയാണ്. 'നെൽകൃഷി ഭൂമിയുടെ വിസ്തൃതി 3 ലക്ഷം ഹെക്ടറായി വർദ്ധിപ്പിക്കും. ഉൽപ്പാദനം 10 ലക്ഷം ടണ്ണാക്കും.  ഉടമസ്ഥരുടെ അവകാശം സംരക്ഷിച്ചുകൊണ്ട് നെൽവയലുകളെ സംസ്ഥാനത്തെ സംരക്ഷിത നെൽപ്രദേശങ്ങളായി പ്രഖ്യാപിക്കും. കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതകൾ മൂലം നീർത്തടാധിഷ്ഠിത ആസൂത്രണം കാർഷിക അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണ്. ഇതിനാവശ്യമായ ജലസംഭരണികളും ജലനിർഗമന ചാലുകളും മണ്ണ് സംരക്ഷണ നിർമ്മിതികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും വേണം'. ഇതിനു പുറമെ ഒരു സെന്റ് നെൽവയൽപോലും ഇനി നികത്തില്ല എന്ന് മന്ത്രിമാർ നിരന്തരം പ്രഖ്യാപിക്കുന്നു. 
ഈ സാഹചര്യത്തിലാണ് മികച്ച രീതിയിൽ കൃഷി നടക്കുന്ന വയലുകളും നീർത്തടങ്ങളും കുഴിച്ചുമൂടി ബൈപാസ് നിർമ്മിക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടു പോകുന്നതും സർക്കാർ നയം നടപ്പാക്കാൻ സമരം ചെയ്യുന്നവരെ ആക്രമിക്കുന്നതും അപഹസിക്കുന്നതും. നെൽവയലുകൾ/നീർത്തടങ്ങൾ സംരക്ഷിക്കാൻ നിയമമുണ്ടാക്കിയവർ തന്നെയാണ് നഗ്നമായ നിയമ ലംഘനം നടത്തുന്നത്. ഭൂരിഭാഗം കർഷകരും വയൽ നികത്താനനുകൂലമാണെന്നു അവകാശപ്പെട്ടാണ് ഈ നടപടി. ആരംഭത്തിൽ മിക്കവാറും കർഷകർ എതിരായിരുന്നു. കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ പാർട്ടിയുടെ ശാസനക്കെതിരെ പിടിച്ചുനിൽക്കാനുള്ള കരുത്ത് ഉണ്ടാകുക എളുപ്പമല്ലല്ലോ. മാത്രമല്ല, ഉടമയുടെ സമ്മതവും പാടം നികത്തലുമായി എന്തു ബന്ധമാണുള്ളത്?
വികസനത്തിന്റെ പേരിലാണ് പാടം നികത്തൽ ന്യായീകരിക്കപ്പെടുന്നത്. സിംഗൂരിലും നന്ദിഗ്രാമിലും അത് വ്യവസായ വികസനത്തിന്റെ പേരിലാണെങ്കിൽ ഇവിടെയത് റോഡുനിർമ്മാണത്തിന്റെ  പേരിലാണ്. അയൽ സംസ്ഥാനങ്ങളിൽനിന്ന് അരിയെത്തിയില്ലെങ്കിൽ പട്ടിണി കിടക്കേണ്ടിവരുന്ന കേരളത്തിലെ ഏറ്റവും വലിയ വികസനം നെൽവയലുകൾ സംരക്ഷിക്കുന്നതും വിപുലീകരിക്കുന്നതുമാണ്. അവയെല്ലാം കുഴിച്ചുമൂടി റോഡു നിർമ്മിക്കുന്നതല്ല.
 കെട്ടിടങ്ങളും രാജവീഥികളുമാണ് വികസനം എന്ന കാലഹരണപ്പെട്ട സങ്കൽപ്പമാണ് തിരുത്തേണ്ടത്. വയലായവയലെല്ലാം കുഴിച്ചുമൂടി നടത്തുന്ന വികസനത്തിന്റെ പ്രധാന ഉപഭോക്താക്കൾ ആരാണെന്നു പരിശോധിച്ചാൽ ഇവരുടെയെല്ലാം താൽപ്പര്യം എന്താണെന്നു വ്യക്തമാകും. അത് പൊതുവാഹനങ്ങളിൽ സഞ്ചരിക്കുന്ന സാധാരണക്കാരോ പാവപ്പെട്ടവരോ അല്ല. മിനിമം ഒരു കാറെങ്കിലുമുള്ളവരാണ്. കേരളത്തിലോടുന്ന മോട്ടോർ  വാഹനങ്ങളിൽ കേവലം 3 % മാത്രമാണ് ബസുകൾ. ആകെ  വാഹനങ്ങളിൽ 60% ഇരുചക്ര വാഹനങ്ങളും 20 % നാലു ചക്രവാഹനങ്ങളുമാണ്.  ഈ സ്വകാര്യ  വാഹനങ്ങളുടെ എണ്ണമാകട്ടെ  ഓരോ വർഷവും 10 % വീതം വർദ്ധിച്ചു കൊണ്ടുമിരിയ്ക്കുന്നു. അക്കാര്യത്തിൽ ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനം കേരളത്തിനാണ്. കൊട്ടാരം പോലുള്ള വീടും വാഹനവുമാണല്ലോ നമ്മുടെ അന്തസ്സിന്റെ പ്രതീകം. വിപണിയിലെ വൻതോതിലുള്ള മത്സരം മൂലം വലിയ ഓഫറുകളുമായി കാർ കമ്പനികൾ രംഗത്തുവരുന്നു. സർക്കാരും ബാങ്കുകളും അവർക്കാവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്നു. സ്വാഭാവികമായും ഈ വാഹനങ്ങൾക്കോടണമെങ്കിൽ വലിയ റോഡുകൾ വേണം. അവിടെ നെൽവയലിന് ഒരു സ്ഥാനവുമില്ല. സ്വകാര്യ വാഹനങ്ങൾക്ക് പ്രാധാന്യം നൽകുന്ന തരത്തിലുള്ള ഗതാഗത നയങ്ങൾ സുസ്ഥിരമല്ലാത്തതാണെന്ന് ലോകം തിരിച്ചറിയുകയും അതിനനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യുന്ന കാലത്താണ് നമ്മൾ ആ ദിശയിൽ തന്നെ മുന്നോട്ടുപോകുന്നത്.  ഗതാഗത കുരുക്കുകളും അന്തരീക്ഷ മലിനീകരണവും ആഗോളതാപനവുമൊക്കെ വേറെ വിഷയങ്ങൾ.
തൃശൂരിൽ അടുത്തയിടെ ഈ ലേഖകനുണ്ടായ അനുഭവം. സംസ്ഥാന യുവജനോത്സവം പ്രമാണിച്ച് നഗരത്തിലേക്ക് ബസുകൾക്ക് പ്രവേശനമില്ല. എൺപതോളം പേർ യാത്ര ചെയ്യുന്ന ബസുകൾ വഴിയിൽ നിർത്തുന്നു. നടന്നു പോകുമ്പോൾ കാണുന്നത് ഒരാൾ മാത്രം യാത്ര ചെയ്യുന്ന ഇന്നോവ കാറുകൾ കടന്നു പോകുന്നത്. ഇതാണ് നമ്മൾ കൊട്ടിഘോഷിക്കുന്ന വികസനവും ഗതാഗതനയവും. 
അനുദിനം വർദ്ധിച്ചു വരുന്ന ഈ സ്വകാര്യവാഹനങ്ങൾക്ക് കടന്നു പോകാനാണ് മികച്ച രീതിയിൽ വിളവെടുക്കുന്ന പാടങ്ങൾ നികത്തുന്നതും ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുന്നതും നാമമാത്രമായ നഷ്ടപരിഹാരം നൽകുന്നതും.  പ്രതിഷേധിക്കുന്നവരെ ബലപ്രയോഗം കൊണ്ട് നേരിടുന്നതും അതിനെയെല്ലാം  ന്യായീകരിക്കാൻ വികസനവാദികൾ രംഗത്തിറങ്ങുന്നതും ഇതിനാണ്. ജനവിരുദ്ധമായ ഈ നയമാണ് ആദ്യം മാറ്റേണ്ടത്.  പൊതു വാഹനങ്ങൾക്ക് പ്രാമുഖ്യമുള്ളൊരു നയമാണ് വളർത്തിയെടുക്കേണ്ടത്. ബസുകളെയും മറ്റ് പൊതു വാഹനങ്ങളെയും കൂടുതൽ ജനകീയവും ആകർഷകവും വിശ്വസനീയവുമാക്കുന്ന നയ പരിപാടികൾ സ്വീകരിക്കുകയും മറുവശത്ത് സ്വകാര്യ വാഹനങ്ങളുടെ അനിയന്ത്രിതമായ പെരുപ്പം നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കുകയും വേണം. കേരളത്തിന്റെ സാഹചര്യത്തിൽ ട്രെയിൻ ഗതാഗതം വികസിപ്പിക്കാനും വലിയ സാധ്യതകളുണ്ട്. അതൊന്നും ചെയ്യാതെയാണ് വാഹനകമ്പനികൾക്കും വൻകിടക്കാർക്കും മലയാളിയുടെ പൊങ്ങച്ചത്തിനും വേണ്ടി നെൽവയലുകൾ നശിപ്പിക്കുന്നത് എന്നതാണ് യഥാർഥ പ്രശ്നം.
ഇനി കീഴാറ്റൂരിലേക്ക് തന്നെ തിരിച്ചുവരാം. അവർ റോഡു വേണ്ട എന്നു പറയുന്നില്ല. റോഡിന്റെ വീതിയുടെ കൃത്യകണക്കെടുത്ത് 11.5 ഏക്കർ മാത്രമേ നഷ്ടപ്പെടൂ എന്നു പറയുന്നതിന്റെ കാപട്യമാണവർ തുറന്നു കാട്ടുന്നത്. കുപ്പം മുതൽ കുറ്റിക്കോൽ വരെ 5.7 കി മീ നീളത്തിലാണ് സ്ഥലമേറ്റെടുക്കേണ്ടത്. അടിയിൽ നിന്നും മണ്ണിട്ട് കെട്ടിപ്പൊക്കി മുകളിൽ 45 മീ വീതി വരുത്തണമെങ്കിൽ 60 മീറ്ററോളം വീതിയിൽ സ്ഥലമേറ്റെടുക്കേണ്ടി വരും.  
342000 സ്‌ക്വയർ മീറ്റർ  അതായത് 34.2 ഹെക്ടർ അഥവാ 86 ഏക്കർ ഏറ്റെടുക്കേണ്ടി വരും. ശേഷിക്കുന്ന ചെറിയ വീതി മാത്രമുള്ള വയലിൽ ലക്ഷക്കണക്കിനു ടൺ മണ്ണു വന്നു വീഴുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക വിനാശം ശേഷിക്കുന്ന ചെറിയ സ്ട്രിപ്പിലെ വയലിലെ കൃഷിയും അസാധ്യമാക്കും. ഈ നിലയിലാണ് 250 ഏക്കറോളം വയൽ നഷ്ടപ്പെടുമെന്ന് സമരസമിതി പറയുന്നത്. നിലവിലുള്ള നാഷണൽ ഹൈവേയിൽ ചിറവക്ക് മുതൽ ഏഴാംമൈൽ വരെ ഒരു എലിവേറ്റഡ്  പാത പണിയുകയാണെങ്കിൽ ആരെയും കുടിയൊഴിപ്പിക്കാതെ സ്ഥലമേറ്റെടുക്കാതെ വയലും തോടും തണ്ണീർതടങ്ങളുമൊന്നും നശിപ്പിക്കാതെ റോഡ് പണിയാമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ അതൊന്നും പരിഗണിക്കാതെയാണ് നന്ദിഗ്രാം  സിംഗൂർ മോഡൽ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നതും അതിനെ ന്യായീകരിക്കാൻ ചെരുവിലിനെ പോലുള്ളവർ രംഗത്തിറങ്ങുന്നതും സമരക്കാരെ അപഹസിക്കുന്നതും...!