Wednesday , March   20, 2019
Wednesday , March   20, 2019

ദേശീയ രാഷ്ട്രീയം പുതിയ വഴിത്തിരിവിൽ

ഒരേസമയം വിസ്മയിപ്പിക്കുകയും സംഭ്രമിപ്പിക്കുകയും ചെയ്യുന്ന ദേശീയ രാഷ്ട്രീയ കാഴ്ചകൾ തുടരുകയാണ്. 25 വർഷം ത്രിപുരയിൽ തുടർന്ന ഇടതുമുന്നണി ഭരണം നരേന്ദ്രമോഡിക്കൊപ്പം മറിച്ചിട്ടു തിരിച്ചെത്തിയ യോഗി ആദിത്യനാഥ് 28 വർഷം കൈവശം വെച്ച ഗോരഖ്പൂർ ലോകസഭാ മണ്ഡലം  അഖിലേഷ് യാദവിന്റെ എസ്.പിയും ബദ്ധശത്രുവായിരുന്ന മായാവതിയുടെ ബഹുജൻ സമാജ് വാദിപാർട്ടിയും ചേർന്ന് പിടിച്ചെടുത്തു.  ഒപ്പം  ഉപമുഖ്യമന്ത്രി മൗര്യ രാജിവെച്ച ഫൂൽപൂർ മണ്ഡലവും.
ഇരുപത്തെട്ടു വർഷമായി ബിഹാറിലെ തെരഞ്ഞെടുപ്പു രംഗത്ത് നിറഞ്ഞു നിന്നിരുന്ന ലാലുപ്രസാദ് യാദവിനെ ജയിലിലടച്ചിട്ടും എൻ.ഡി.എയിൽ ചേർന്ന ആർ.ജെ.ഡി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പിന്തുണയുണ്ടായിട്ടും ബിഹാറിലെ അരാരി ലോകസഭാ മണ്ഡലത്തിൽ ആർ.ജെ.ഡി സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിന് ജയിച്ചു.  
ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാർട്ടി എൻ.ഡി.എയിൽനിന്ന് പിന്മാറി.  ആന്ധ്രയിലെ പ്രതിപക്ഷമായ വൈ.എസ്.ആർ കോൺഗ്രസിനൊപ്പം ടി.ഡി.പിയും മോഡി ഗവണ്മെന്റിനെതിരെ ലോകസഭയിൽ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി.  തുടർ ചലനങ്ങൾ വരാനിരിക്കുന്നു.  
ജനങ്ങളും മോഡി ഗവണ്മെന്റിന്റെ നയങ്ങളും തമ്മിലുള്ള വൈരുദ്ധ്യം മൂർച്ഛിക്കുകയും ഏറ്റുമുട്ടലായി മാറുകയും ചെയ്യുന്നതിന്റെ രാഷ്ട്രീയ കാഴ്ചകളാണ് ഇതൊക്കെ.  ജനരോഷത്തിന്റെ ഈ അവസ്ഥ ഊർജ്ജമാക്കി പ്രതിപക്ഷത്ത് ബി.ജെ.പിയെയും സഖ്യകക്ഷികളെയും എതിർക്കാനുള്ള കൂട്ടായ നീക്കങ്ങൾ പല രൂപത്തിൽ പ്രകടമാകുകയാണ്.  അതേസമയം മോഡി ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് അമിതാധികാര നീക്കങ്ങൾ ശക്തിപ്പെടുകയുമാണ്. 
അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയാൽ മറ്റെല്ലാ കാര്യപരിപാടിയും നിർത്തിവെച്ച് സ്പീക്കർ അവിശ്വാസപ്രമേയം പരിഗണിക്കണമെന്നാണ് ചട്ടവും കീഴ് വഴക്കവും.  നേരത്തെ വൈ.എസ്.ആർ കോൺഗ്രസും പിറകെ ടി.ഡി.പിയും നോട്ടീസ് നൽകിയിട്ടും വെള്ളിയാഴ്ച സ്പീക്കർ കണ്ടതായി ഭാവിച്ചില്ല. സഭയിൽ ബഹളം നടക്കുന്നതിനാൽ അവിശ്വാസപ്രമേയ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന നിലപാടാണ് സ്പീക്കർ സ്വീകരിച്ചത്.  സഭയെ ഭരണകക്ഷിയുടെ റബ്ബർ സ്റ്റാമ്പാക്കി മാറ്റുന്ന സംഭവങ്ങളുടെ തുടർച്ച കൂടിയാണിത്. 
ജനങ്ങളെയാകെ ഉറക്കത്തിലെന്നോണം ആക്രമിച്ച ഭീകര രാഷ്ട്രീയ നീക്കങ്ങളായിരുന്നു നോട്ടു റദ്ദാക്കലും ജി.എസ്.ടിയും.  ജനങ്ങൾ രാജ്യത്തിനു വേണ്ടി അതൊക്കെ നിശബ്ദം സഹിച്ചെന്ന് അഭിമാനം കൊള്ളുകയായിരുന്നു പ്രധാനമന്ത്രി.  ജനങ്ങൾ ഉണർന്നെഴുന്നേറ്റെന്നും തെരഞ്ഞെടുപ്പു വരുംവരെ കാക്കാതെ ഗവണ്മെന്റ് നയങ്ങളുമായി മൈതാനത്തിറങ്ങി നേരിൽ ഏറ്റുമുട്ടാൻ തുടങ്ങിയെന്നും വ്യക്തമായി.
നാസിക്കിൽ നിന്ന് മഹാരാഷ്ട്ര അസംബ്ലി വളയാൻ മുംബൈയിലേക്കു നടന്ന കൃഷിക്കാരുടെ ലോംഗ് മാർച്ചാണ് ഇന്ത്യയിൽ ഇപ്പോൾ രൂപംകൊള്ളുന്ന ജനസംഘർഷത്തിന് രാസത്വരകമായത്.  മഹാരാഷ്ട്രയിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ എൺപതിനായിരത്തിലേറെ കൃഷിക്കാർ സർക്കാറിന്റെ കർഷകവിരുദ്ധ നയങ്ങളുടെ ഇരകളെന്ന നിലയിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്.  രണ്ടു വർഷംമുമ്പ് ഈ പ്രശ്‌നങ്ങളുന്നയിച്ച് അവിടെ ആരംഭിച്ച കർഷക സമരം വേരുപിടിച്ചില്ല.  പ്രമുഖ കർഷക സംഘടനകളൊക്കെ അതിൽനിന്നു പിന്മാറി.  മരിക്കുകയാണെങ്കിൽ പൊരുതി മരിക്കാം എന്ന നിലയിൽ സി.പി.എമ്മുമായി ബന്ധപ്പെട്ട അഖിലേന്ത്യാ കിസാൻ സഭയാണ് ആ സമരം രണ്ടു ഗ്രാമങ്ങളിൽനിന്ന് വീണ്ടും ഊതിക്കത്തിച്ച് മുന്നോട്ടു കൊണ്ടുവന്നത്.  
സി.പി.എമ്മും ഇടതുപക്ഷവും ഏറെ ദുർബലമായ മഹാരാഷ്ട്രയിൽ കർഷക- തൊഴിലാളി ഐക്യം എന്ന മുദ്രാവാക്യമുയർത്തി അടിത്തട്ടിൽനിന്ന് തുടങ്ങിയ ഈ കർഷകസമരം ലോകശ്രദ്ധ പിടിച്ചുപറ്റി.  'മല മമ്മതിനെതേടി ചെല്ലുന്ന' ഒരവസ്ഥ കൃഷിക്കാരുടെ 'ലോംഗ് മാർച്ച്' സൃഷ്ടിച്ചു.  ബി.ജെ.പിയും ശിവസേനയും ചേർന്നു ഭരിക്കുന്ന മഹാരാഷ്ട്രയിൽ മുംബൈ  മഹാനഗരത്തിലേക്കു കടക്കാനെത്തിയ കർഷക മാർച്ചിനു മുമ്പിലെത്തി അഭിവാദ്യം ചെയ്തതും പിന്തുണ പ്രഖ്യാപിച്ചതും ശിവസേനാ മന്ത്രിമാരായിരുന്നു.  ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ നിയമസഭാ മന്ദിരം ഉപരോധിക്കുമെന്ന പ്രഖ്യാപനം കർഷക സമരനേതാക്കളുമായി നേരിട്ടു ചർച്ചനടത്താൻ ബി.ജെ.പി മുഖ്യമന്ത്രിയെ നിർബന്ധിതനാക്കി. 
നഗരത്തിനകത്ത് ആസാദ് മൈതാനിയിൽ തമ്പടിച്ച പതിനായിരകണക്കിൽ കൃഷിക്കാരുടെ അടുത്തേക്ക് മുഖ്യമന്ത്രി നിയോഗിച്ച മന്ത്രിതലസംഘം ആവശ്യങ്ങൾ നടപ്പാക്കുന്നതിന്റെ വ്യവസ്ഥകൾ ചർച്ചചെയ്യാൻ ചെന്നു.  തീരുമാനങ്ങൾ പരസ്യമായി പ്രഖ്യാപിച്ച് പരസ്പരം അഭിവാദ്യം ചെയ്താണ് സർക്കാർ പ്രതിനിധികളും സമരക്കാരും മടങ്ങിയത്.
വികസിത രാജ്യങ്ങളിൽ ആഗോളീകരണം സൃഷ്ടിച്ച വിപണി മേധാവിത്വം ഇന്ത്യയിൽ ജനസംഖ്യയിൽ മഹാഭൂരിപക്ഷത്തെയും അഗതികളാക്കി മാറ്റിയിട്ടുണ്ട്.  ഈ കർഷക സമരത്തിന്റെ ഭാഗമായവരും അതിന് സഹായവും പിന്തുണയുമായി ഇറങ്ങിയ യുവാക്കളും തൊഴിലാളികളും ജനങ്ങളുടെ മാറുന്ന  പ്രതിരോധമുഖമാണ് മുംബൈയിൽ പ്രകടമാക്കിയത്.
കാർഷിക രാജ്യമായ ഇന്ത്യയിൽ കൃഷിക്കാരും കർഷക തൊഴിലാളികളും ഉണർന്നെണീക്കുകയും  സംഘടിച്ചു മുന്നേറുകയും പണിയെടുക്കുന്ന തൊഴിലാളികളുടെ കൂടി പിന്തുണ ഉറപ്പാക്കുകയും ചെയ്താൽ ഒരു ശക്തിക്കും അവരെ തടയാനാകില്ലെന്നതിന്റെ സാക്ഷ്യപത്രമാണ് മഹാരാഷ്ട്രയിൽ ഇപ്പോൾ വിജയിച്ച കർഷകസമരം.  രാജസ്ഥാനിലും മറ്റിടങ്ങളിലും കഴിഞ്ഞവർഷം നടന്ന കർഷക സമരങ്ങളുടെ തുടർച്ചയാണ് ഇത്.  രാഷ്ട്രീയ പാർട്ടികളുടെയും അവരുടെ വർഗ-ബഹുജന സംഘടനകളുടെയും അനുഷ്ഠാന സമരങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തം.  പാടശേഖരങ്ങളിലെ കർഷക കുടുംബങ്ങളാകെ ഒന്നിച്ച് സമരജ്വാലയായി മാറിയാലുള്ള സ്ഥിതി.  വിവിധ മതക്കാരും ജാതിക്കാരും രാഷ്ട്രീയക്കാരും കൃഷിക്കാരെന്ന പൊതു പ്രവാഹത്തിന്റെ ഭാഗമായി തീരുമ്പോഴുള്ള സംഘശക്തിയുടെ വിശുദ്ധി.  ഇപ്പോൾ യു.പി അത്തരമൊരു സമരമുഖത്താണ്.  ബിഹാറും ആന്ധ്രയും കർണാടകയും നാളെ കേരളവും ഈ വഴിയിലേക്ക് നീങ്ങേണ്ടിവരും.
ഈ യാഥാർത്ഥ്യം ഉൾക്കൊള്ളാതെ സംസ്ഥാന സർക്കാറുകളെ നയിക്കുന്നവരെന്ന നിലയിൽ ഇടതുപക്ഷം അടക്കമുള്ള ബി.ജെ.പി ഇതര കക്ഷികൾ പുതിയ വിപണി മേധാവിത്വത്തിന് കീഴ്‌പ്പെടുന്ന ഭരണ നയങ്ങളുമായാണ് മുന്നോട്ടുപോയത്.  ജി.എസ്.ടിക്കും നോട്ടു നിരോധനത്തിനുമൊപ്പം നിഴലായി നിന്ന ത്രിപുരയിലെ ഇടതുമുന്നണി ഗവണ്മെന്റിനെ തൊഴിലില്ലായ്മയുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും കാരണക്കാരായി ജനങ്ങൾ ശിക്ഷിച്ചു.  വേഷംമാറിവന്ന ബി.ജെ.പി - ഐ.പി.എഫ്.ടി സഖ്യത്തിന്റെ സാക്ഷാൽ ജനവിരുദ്ധ രൂപം ത്രിപുരയിലെ ജനങ്ങൾ ഇനി അനുഭവിക്കാൻ പോകുന്നതേയുള്ളൂ.  ഈ വൈരുദ്ധ്യം തന്നെയാണ് കേരളത്തിലെ ഇടതു - ജനാധിപത്യ ഗവണ്മെന്റിനു കീഴിൽ ജനങ്ങൾ അനുഭവിക്കുന്നത്.  കണ്ണൂർ ജില്ലയിലെ കീഴാറ്റൂരിൽ വയൽ നികത്തുന്നതിനെതിരെ കൃഷിക്കാർ  നടത്തിയ സമരത്തെ സർക്കാർ നേരിട്ടതും സി.പി.എം തന്നെ സമരക്കാർക്കെതിരെ നേരിട്ട് രംഗത്തിറങ്ങിയതും വിപണി രാഷ്ട്രീയത്തിന്റെ മേധാവിത്വമാണ് പ്രകടമാക്കുന്നത്.
വരും ദിവസങ്ങളിൽ ദൽഹി കേന്ദ്രീകരിച്ച് നടക്കുന്ന രാഷ്ട്രീയ കൂടിയാലോചനകൾ പുതിയ വഴികൾ തുറക്കും.  യു.പി ലോകസഭാ ഉപതെരഞ്ഞെടുപ്പിലെ സന്ദേശം വളരെ വ്യക്തമാണ്.  എസ്.പിയും ബി.എസ്.പിയും ഭിന്നിച്ചു നിന്നപ്പോൾ ബി.ജെ.പി അധികാരത്തിലേറി. രണ്ടു പാർട്ടികളും യോജിച്ചപ്പോൾ കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ പിൻബലമുണ്ടായിട്ടും കനത്ത തിരിച്ചടിയേറ്റു.  അതേസമയം രണ്ടു മണ്ഡലങ്ങളിലും മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ജാമ്യസംഖ്യപോലും നഷ്ടപ്പെട്ടു.  വിശേഷിച്ചും വിജയലക്ഷ്മി പണ്ഡിറ്റും ജവഹർലാൽ നെഹ്‌റുവും മത്സരിച്ചിരുന്ന ഫൂൽപൂർ മണ്ഡലത്തിൽ.
ബിഹാറിൽ ലാലുപ്രസാദ് യാദവിനെയും കുടുംബത്തെയും അഴിമതി കേസുകൾകൊണ്ട് വരിഞ്ഞുമുറുക്കിയിട്ടും ആർ.ജെ.ഡി അമ്പരപ്പിക്കുന്ന വിജയം നേടിയത് പ്രതിപക്ഷത്തിനനുകൂലമായ വലിയ സൂചനയാണ്.         
എണ്ണത്തിൽ ചുരുങ്ങിയെങ്കിലും ദേശീയ പാർട്ടിയെന്ന നിലയിൽ സ്വാധീനമുള്ള ഏക പാർട്ടി ഇപ്പോൾ കോൺഗ്രസാണ്.  അവർ തുടങ്ങിവെച്ച ഉദാരീകരണ - സാമ്പത്തിക നയങ്ങൾ  കൂടുതൽ വിശ്വസ്തതയോടെ ഏറ്റെടുത്ത് നടപ്പാക്കുന്ന ബി.ജെ.പി ഭരണത്തിന്റെ ദുരിതവും അവർ സൃഷ്ടിക്കുന്ന വർഗീയതയുടെ ആപത്തുമാണ് ജനങ്ങൾ അനുഭവിക്കുന്നത്.  
യു.പി.എ ഭരണത്തിൽ ഉണ്ടായ അഴിമതി ആരോപണങ്ങൾ കോൺഗ്രസിന്റെ വിശ്വാസ്യതയെ തകർത്തിട്ടുണ്ട്.  കുടുംബവാഴ്ചയെന്ന ലക്ഷ്യവും  ആ പാർട്ടിയുടെ ദൗർബല്യമാണ്. എങ്കിലും കോൺഗ്രസ് ഐയ്ക്ക് പകരം നിൽക്കാൻ ഇടതുപാർട്ടികളോ പ്രാദേശിക പാർട്ടികളോ പ്രാപ്തവുമല്ല.  ഈ പശ്ചാത്തലത്തിൽ സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ അടിസ്ഥാനപരമായ തിരുത്തലിന് കോൺഗ്രസ് തയാറുണ്ടോ? ജനങ്ങൾ നിരാകരിക്കുന്നതിന് ഇടയാക്കിയ ചെയ്തികളിൽ ഖേദിക്കാനും ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താനും ദേശീയ സമ്മേളനത്തിലേക്കു കടക്കുന്ന കോൺഗ്രസ് ഒരുക്കമുണ്ടോ?  ദേശീയ രാഷ്ട്രീയത്തെ ഈ ഘട്ടത്തിൽ സ്വാധീനിക്കുന്ന നിർണ്ണായക ഘടകമായിരിക്കും അത്.  രാഹുൽ ഗാന്ധിയെ അധ്യക്ഷനാക്കുന്ന ഔപചാരികതയ്ക്കു പുറമെ കോൺഗ്രസിനും രാജ്യത്തിനും നിർണ്ണായകമായ ഇത്തരമൊരു തീരുമാനത്തിലേക്ക് എ.ഐ.സി.സി സമ്മേളനം നീങ്ങുമോ എന്നാണ് കണ്ടറിയേണ്ടത്.
ദേശീയതലത്തിൽ നിർണ്ണായകമായ ഒരു വഴിത്തിരിവ് സൃഷ്ടിക്കുന്നതിന് മുൻകൈ എടുക്കാൻ സ്വാധീനവും സാധ്യതയുമില്ലാത്ത അവസ്ഥയിലാണ് ഇടതുപക്ഷവും സി.പി.എമ്മും. 
നേതൃത്വംതന്നെ രാഷ്ട്രീയ നയത്തിന്റെ കാര്യത്തിൽ രണ്ടുതട്ടിലാണ്.  കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷവും കോൺഗ്രസിനെ ബി.ജെ.പിയെപോലെ വൻകിട ബൂർഷ്വാസിയുടെ പ്രതിനിധിയായി കാണുന്നു.  നവ ഉദാരീകരണ സാമ്പത്തിക നയങ്ങളുടെ പ്രവാചകരായും.  അവരുമായി തെരഞ്ഞെടുപ്പു ധാരണയോ സഹകരണമോ ഉണ്ടാക്കില്ലെന്ന് സി.പി.എം പ്രഖ്യാപിക്കുന്നു.  അതേസമയം പ്രാദേശിക പാർട്ടികൾക്ക് ദേശീയതലത്തിൽ തെരഞ്ഞെടുപ്പു മുന്നണിയുണ്ടാക്കാൻ സാധ്യമല്ലെന്നും വിലയിരുത്തുന്നു. 
കോൺഗ്രസിനെ ഒഴിവാക്കിയും മറ്റ് മതനിരപേക്ഷ പാർട്ടികളെ ചേർത്തും ബി.ജെ.പിയെ നേരിടണമെന്നാണ് സി.പി.എം കരട് രാഷ്ട്രീയ പ്രമേയം ആവശ്യപ്പെടുന്നത്.  കോൺഗ്രസിനെയും പ്രാദേശിക പാർട്ടികളെയും മാറ്റിനിർത്തിയാൽ ശേഷിക്കുന്ന, ബി.ജെ.പിയെ നേരിടാൻ പ്രാപ്തിയുള്ള മതനിരപേക്ഷ പാർട്ടികൾ ആരെന്നത് പ്രമേയത്തിന്റെ മുഖ്യ ശിൽപിയായ പ്രകാശ് കാരാട്ടിനു മാത്രമേ പറയാനാകൂ.
ബി.ജെ.പിക്കനുകൂലമായി ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികളുടെ യോജിപ്പ് വഴിമുട്ടിനിന്ന സാഹചര്യത്തിലാണ് ജനങ്ങൾ തന്നെ തെരഞ്ഞെടുപ്പു വിധിയിലൂടെ പുതിയ വഴിതുറക്കാൻ ശക്തമായി ആവശ്യപ്പെടുന്നത്.  സീതാറാം യെച്ചൂരി സമാജ് വാദിപാർട്ടി നേതാവ് അഖിലേഷ് യാദവുമായി ടെലഫോണിൽ ബന്ധപ്പെട്ടതായും ദൽഹിയിൽ കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചതായും പറയുന്നുണ്ട്. പത്തൊമ്പത് പ്രതിപക്ഷ പാർട്ടികളുമായി അത്താഴവിരുന്നു നടത്തിയ സോണിയയുടെ ദൗത്യം ഇനി ഏതുവഴിക്കെന്ന് കാണേണ്ടതുണ്ട്.  
ചന്ദ്രബാബു നായിഡുവും ടി.ഡി.പിയും പുറത്തുവന്നതോടെ പ്രതിപക്ഷത്ത് ആത്മവിശ്വാസം കൂടിയിട്ടുണ്ട്.  കൃഷിക്കാരും തൊഴിൽ രഹിതരും സ്ത്രീകളും ഉൾപ്പെട്ട ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനതയുടെ ജീവിതാവസ്ഥയ്ക്ക് അടിയന്തരമാറ്റം വരുത്താൻ ഉതകുന്ന പരിപാടികളുടെ അടിസ്ഥാനത്തിൽ ബി.ജെ.പിയെ നേരിടാൻ പുതിയൊരു പ്രതിപക്ഷ ഐക്യം രൂപപ്പെടുമോ എന്നതാണ് പ്രധാനം.  ആ നിലയ്ക്ക് പാർലമെന്റിലേയും പ്രതിപക്ഷ പാർട്ടികളിലെയും വരും ദിവസങ്ങളിലെ നീക്കങ്ങൾ നിർണ്ണായകമായിരിക്കും.