Wednesday , March   20, 2019
Wednesday , March   20, 2019

ചാലിയാറും വനവും സാക്ഷി

ചാലിയാറിനൊപ്പം കാലം കൂടെയൊഴുകി. നിലമ്പൂർക്കാടുകൾ തളിർത്ത് വസന്തം വന്നു. അപ്പോൾ ചാലിയാറിലും പൂക്കാലമുണ്ടായി. വേനൽ നാടിനെ ഉണക്കിയപ്പോൾ കാടിന് വിളറിവെളുത്തു. നിറഞ്ഞ ചാലിയാർ മെലിഞ്ഞു. കടത്തുകാരനായ കുഞ്ഞാണി മാത്രം അപ്പോഴും ചാലിയാറിനൊപ്പം യാത്ര ചെയ്തുകൊണ്ടിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന തേക്കുതോട്ടമായ നിലമ്പൂരിലെ കനോലി പ്ലോട്ടിലേക്ക് സന്ദർശനത്തിനെത്തുന്ന യാത്രക്കാർക്ക് കുഞ്ഞാണിയില്ലാതെ ചാലിയാറിനക്കരെ കടക്കാനാവില്ല. നീണ്ട 33 കൊല്ലക്കാലത്തിനിടക്ക് പലരെയും തോണിയിലേറ്റി കുഞ്ഞാണി ചാലിയാറിൽ തുഴയെറിഞ്ഞു. സാഹിത്യകാരന്മാർ, രാഷ്ട്രീയക്കാർ, മന്ത്രിമാർ, ഉദ്യോഗസ്ഥർ, തൊഴിലാളികൾ, വിദ്യാർഥികൾ, പ്രണയികൾ... എല്ലാവർക്കും കുഞ്ഞാണി പങ്കായമെറിഞ്ഞു. അതിനിടക്ക് കുഞ്ഞാണി പല ജീവിതങ്ങൾ കണ്ടു. മരണങ്ങൾ കണ്ടു. വനം കൊള്ളക്കാരെ കണ്ടു. കാമുകനെയും കാമുകിയെയും കണ്ടു. പല യാത്രകൾ കണ്ടു. നിറഞ്ഞൊഴുകിയിരുന്ന യൗവനയുക്തയായ പുഴയെ കണ്ടു, പിന്നെ മണലൂറ്റലിൽ പുഴ ജീവഛവമായതിനും കുഞ്ഞാണി സാക്ഷിയായി. ജൂലൈയിലെ മഴ നനഞ്ഞ ഒരു പകലിൽ ചാലിയാറിന്റെ കനോലി കടവിന്റെ ഓരത്തെ ഷെഡിലിരുന്ന് വടപുറത്തെ പയ്യാനക്കുത്ത് വീട്ടിൽ ഉമ്മർ കുഞ്ഞാണി ആ ജീവിതം പറഞ്ഞു. 
എന്റെ ബാപ്പ മുഹമ്മദിന് തെരപ്പം പണിയായിരുന്നു. തെരപ്പം പണീന്ന് പറഞ്ഞാ പുഴയിലൂടെ മരങ്ങൾ കൂട്ടിക്കെട്ടി പാണ്ടി (ചങ്ങാടം) യുണ്ടാക്കി കല്ലായി, അരീക്കോട് പോലത്തെ പല സ്ഥലങ്ങളിലും എത്തിക്കലാണ്. ചന്തക്കുന്നിലായിരുന്നു അന്ന് ഞങ്ങൾ താമസിച്ചിരുന്നത്. ഓത്തുപള്ളി വിട്ടാൽ നേരെ പുഴയിലേക്കിറങ്ങും. മൈലാടിക്കടവിലാണ് അന്ന് പോകുക. എനിക്കന്ന് ഏഴ് വയസ്സാണ് പ്രായം. അന്നൊക്കെ പുഴ ഇന്നത്തെപ്പോലെയായിരുന്നില്ല. പുല്ലും മാടും മണലും പാറയും ഒക്കെയുണ്ടായിരുന്നു. എല്ലായിടത്തും മണൽ മൂടിയതിനാൽ പാറ കാണുമായിരുന്നില്ല. ഇന്ന് പുഴയിൽ നിറയെ പാറയാണ്.  സൗന്ദര്യം തന്നെ നശിച്ചു പോയി. മണൽ കണക്കില്ലാതെ വാരാൻ തുടങ്ങിയതോയാണ് പുഴക്ക് ഈ ഗതി വന്നത്. ആലോചിക്കുമ്പോൾ പെരുത്ത് സങ്കടം വരുന്നു. അന്ന് മുസ്‌ലിം കുട്ടികൾ സ്ഥിരമായൊന്നും സ്‌കൂളിൽ പോകില്ല. ഓത്തുപള്ളിയിൽ പോയില്ലെങ്കിൽ മൊല്ലാക്ക നന്നായിട്ട് പെറുമാറും. അപ്പോ പേടിച്ചിട്ട് പോക്ക് മുടക്കില്ല. ദീൻ പഠിക്കലിനായിരുന്നു അന്ന് പ്രാധാന്യം. പത്തു മണിയോടെ ഓത്തുപള്ളി വിട്ടു വന്നാൽ നേരെ പുഴയിലേക്കാണ് പോവുക. ആറാം വയസ്സിൽ തന്നെ നീന്താൻ പഠിച്ചു. ചക്കയുടെയും മാങ്ങയുടെയും കാലമാണെങ്കിൽ അതൊക്കെ പുഴയിലേക്ക് പോകുന്ന വഴിയിൽ നിന്ന് ഇഷ്ടം പോലെ കിട്ടും. ചാലിയാറിന്റെ ചുറ്റും കാടായിരുന്നു. സ്‌കൂളിൽ കുറെ ദിവസം തുടർച്ചയായി കാണാതാകുമ്പോൾ മാഷമ്മാര് ഞങ്ങളെ പിടിക്കാനിറങ്ങും. സ്‌കൂളിലെ മുതിർന്ന കുട്ടികളെ കൂട്ടിയാണ് വരിക. ഞങ്ങൾ പുഴയിൽ ചാടിയാൽ അവരും ചാടും. ഞങ്ങളെ പിടിച്ച് മാഷിന്റെ അടുത്തെത്തിക്കും. അപ്പോൾ നല്ല ചുട്ട അടികിട്ടും. എന്നിട്ട് സ്‌കൂളിലേക്ക് കൊണ്ടുപോകും. അങ്ങനെയൊക്കെ ആയതുകൊണ്ട് എഴുതാനും വായിക്കാനും പഠിച്ചു. നാലാം ക്ലാസ് കഴിഞ്ഞപ്പോ പഠിപ്പ് നിർത്തി. 
പന്ത്രണ്ടാം വയസ്സിലാണ് ഞാൻ തോണി തുഴയാൻ പഠിച്ചത്. തൊള്ളായിരത്തി അറുപത് കാലത്ത്. നിലമ്പൂർ പഞ്ചായത്തിന്റെ കീഴിലായിരുന്ന ചാലിയാർമുക്കിലെ കടവ് ബാപ്പ ലേലത്തിലെടുത്തു. ബാപ്പ തന്നെയായിരുന്നു കടത്തുകാരൻ. സഹായിയായി ഞാനും കൂടി. രണ്ടു വർഷം കഴിഞ്ഞപ്പോൾ തൽക്കാലം ആ പണി നിറുത്തി. ഫോറസ്റ്റിലെ കരാറുപണികൾ എടുത്തു തുടങ്ങി. മുറിച്ചിടുന്ന മരങ്ങൾ വനം വകുപ്പിന്റെ ഡിപ്പോയിൽ എത്തിക്കലായിരുന്നു അത്. മരങ്ങൾ കൂട്ടിക്കെട്ടി ചാലിയാറിലൂടെ ഒഴുക്കികൊണ്ടു വരും. നിറഞ്ഞു കവിഞ്ഞൊഴുകുന്ന പുഴ ഒരിക്കലും എന്നെ ചതിച്ചില്ല. നല്ല അടിയൊഴുക്കിൽ നിയന്ത്രണം പോകാനുള്ള സാധ്യതയുണ്ട്. പുറമെനിന്ന് കാണുന്ന ഭാവമല്ല പുഴക്ക്. ഡിപ്പോക്കടുത്തുള്ള കരയുടെ അടുത്ത് ആനകളുണ്ടാകും. പുഴക്കരയിൽ നിന്ന് ആനകളാണ് മരങ്ങൾ വലിച്ച് ഡിപ്പോയിലെത്തിക്കുക. ഇതിനിടയിൽ ബാപ്പ പോത്തുംവണ്ടി വാങ്ങി. കൂപ്പിൽ നിന്ന് ചെറിയ മരത്തടികൾ അതിലായി പിന്നെ ഡിപ്പോയിലെത്തിക്കൽ. പത്തോ പന്ത്രണ്ടോ ഉറുപ്പികയായിരുന്നു അന്നു കൂലി. 

കടത്തുകാരൻ
ചാലിയാറിന്റെ കൈവഴിപ്പുഴയായ കുറുവമ്പുഴയിൽ ഒരു കടത്തുകാരനുണ്ടായിരുന്നു. വളരെ പ്രായമാകുവോളം അയാൾ തോണി തുഴഞ്ഞു. പെട്ടെന്നൊരു ദിവസം അയാൾ മരിച്ചപ്പോൾ തോണിക്കാരനില്ലാതെയായി. നിലമ്പൂർ റെയിഞ്ചിൽ ആന്റണി സാർ എന്ന പേരുള്ള ഒരു ഫോറസ്റ്റ് ആപ്പീസറുണ്ടായിരുന്നു. നല്ല മനുഷ്യൻ. മൂപ്പർക്ക് എന്നെ അറിയാമായിരുന്നു. ഒരു ദിവസം രാവിലെ എന്നോട് ആപ്പീസിൽ ചെല്ലാൻ പറഞ്ഞു. ഫോറസ്റ്റുകാരെയും പണിക്കാരെയും കനോലി പ്ലോട്ടിലെത്തിക്കാൻ ഒരാളെ വേണമെന്നും പറ്റുമെങ്കിൽ ജോലി ഏറ്റെടുത്തോ എന്നും പറഞ്ഞു.  ആറര രൂപയായിരുന്നു ഒരു ദിവസത്തെ കൂലി. മാസത്തിൽ 196 രൂപ. എന്റെ കല്യാണമൊക്കെ കഴിഞ്ഞിരുന്നു.  ചെലവിന് ആ പൈസ തികഞ്ഞിരുന്നില്ല. ബാപ്പ ആഴ്ചയിൽ എന്തെങ്കിലും തരും. അങ്ങനെ ഞാൻ കടത്തുകാരനായി. പിന്നെ ഇന്നുവരെ ആ പണി നിർത്തിയിട്ടില്ല. രാവിലെ ഏഴു മണിക്ക് കടവിലെത്തും. രാത്രി മടങ്ങും. ഒരു ദിവസം പോലും പണിമുടക്കാറില്ല. അത്യാവശ്യമുള്ളപ്പോൾ മാത്രം വേറെ ആരെയെങ്കിലും ഏൽപിക്കും. ഇന്നും അങ്ങനെ തന്നെയാണ്. ഇപ്പോൾ 155 രൂപയാണ് ദിവസത്തെ കൂലി. മാസത്തിൽ 31 ദിവസം പണിയെടുത്താലും 25 ദിവസത്തെ കൂലിയേ ഫോറസ്റ്റുകാർ തരൂ. ആഴ്ചയിൽ ഒരു ദിവസം തൊഴിലാളിക്ക് ലീവ് കൊടുക്കണമെന്ന് സർക്കാരിന് നിയമമുണ്ട്. അതുകൊണ്ടാണ് അങ്ങനെ. ഞാൻ വന്നില്ലെങ്കിൽ കടത്തുകാരൻ ഉണ്ടാവില്ല. അതിനാൽ എല്ലാ ദിവസവും പുഴയിൽ വരും. പിന്നെ ചാലിയാറിൽ വരാതെ ഒരു ദിവസം പോലും എനിക്ക് നിക്കാനാവൂല്ല. രാവിലെ പുഴയിലെത്തിയില്ലെങ്കിൽ എന്തോ പൊറുതിക്കേടാണ്. ദീനം പിടിച്ചാലും പറ്റുമെങ്കിൽ പുഴയിൽ വരും. ഈ 32 കൊല്ലം എന്നെയും കുടുംബത്തെയും പോറ്റിയ പുഴയെ കാണാതെ ഞാനെങ്ങനെ ഉറങ്ങും. എന്റെ മക്കളെപ്പോലെയാണ് ചാലിയാറെനിക്ക്. തോണിയും അങ്ങനെ തന്നെ. ബാപ്പ പണ്ട് വാങ്ങിയ തോണിയാണത്. ബാപ്പയുടെ കൈവിരലുകൾ പതിഞ്ഞ പങ്കായമാണ് ഞാനും പിടിക്കുന്നത്. അപ്പോഴൊക്കെ ബാപ്പയെ ഓർമ വരും. പന്ത്രണ്ടാം വയസ്സിൽ പങ്കായം കൈയിൽ തന്ന് തുഴ പഠിപ്പിച്ച ബാപ്പയെ ഞാനെങ്ങനെ മറക്കും.

കാട്ടുകള്ളന്മാർ
നിലമ്പൂരിലെ കാടുകളിൽ കള്ളന്മാർ വിലസിയിരുന്ന കാലമായിരുന്നു അത്. ചിലപ്പോൾ രാത്രി വീട്ടിൽ പോകാൻ പറ്റില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരോടൊപ്പം കാവലിന് പോകേണ്ടി വരും. മമ്പാടും നിലമ്പൂരും കേന്ദ്രീകരിച്ച് ഒരുപാട് കള്ളന്മാരുണ്ടായിരുന്നു. മരങ്ങളാണെങ്കിൽ ഇഷ്ടം പോലെയുണ്ട്. രാത്രി ഏഴു മണി കഴിഞ്ഞാൽ കള്ളന്മാരിറങ്ങും. തേക്ക്, വീട്ടി തുടങ്ങിയ മരങ്ങളാണ് മുറിക്കുക. പല സംഘങ്ങളായിട്ടാണ് മോഷണം. മരം മുറിച്ച് കഴിഞ്ഞാൽ പാതി രാത്രിക്ക് പുഴയിലൂടെ പാണ്ടിയുണ്ടാക്കി കൊണ്ടുപോകും. അരീക്കോട്ടേക്കും കല്ലായിലേക്കുമാണ് കടത്തൽ. നേരം വെളുക്കും മുമ്പ് അദീനത്തെത്തിക്കും. ലോറി ഇറക്കാൻ സൗകര്യപ്പെടുന്ന പുഴക്കരയിൽ എത്തിച്ച ശേഷം വണ്ടിയിൽ കൊണ്ടുപോകുന്ന പതിവും ഉണ്ടായിരുന്നു. ദിവസവും നൂറിലേറെ മരങ്ങൾ മോഷണം പോകുമായിരുന്നു. വലിയ കാടായതിനാൽ രാവിലെ പരിശോധിക്കാൻ ചെല്ലുമ്പോഴാണ് മരങ്ങൾ മുറിച്ച് കടത്തിയത് അറിയുക. കള്ളന്മാരെ പിടിക്കാൻ ഫോറസ്റ്റ് ആപ്പീസർമാർ പോകുമ്പോൾ ചിലപ്പോൾ എന്നെയും കൂട്ടും. ആകെ പേടിയാണ്. കാരണം കത്തിയും മഴുവും വാളുമൊക്കെയാണ് അവരുടെ കൈയിലുണ്ടാവുക. നമ്മൾ പോകുന്ന ആപ്പീസർമാരുടെ പക്കൽ ലാത്തി പോലത്തെ വടിയായിരിക്കും. കത്തി കൊണ്ട് ആക്രമിക്കുമ്പോൾ വടിയുണ്ടായിട്ടെന്ത് കാര്യം. 
ഫോറസ്റ്റുകാരെ കണ്ടാൽ ചിലപ്പോൾ കള്ളന്മാർ ഓടും. പുഴയിൽ ചാടി രക്ഷപ്പെടും. ചിലർ എതിർക്കാൻ നിൽക്കും. അപ്പോൾ തമ്മിൽ നല്ല അടിയൊക്കെ നടക്കും. എനിക്കും പലവട്ടം അടികിട്ടിയിട്ടുണ്ട്. തിരിച്ചും കൊടുക്കും. 
രാമനുണ്ണി എന്ന ഗാർഡുണ്ടായിരുന്നു. ഒരു ദിവസം ഞങ്ങൾ കൊള്ളക്കാരെ ഓടിക്കാൻ ശ്രമിച്ചപ്പോൾ അവർ കച്ചറക്ക് വന്നു. അവരുടെ കൈയിൽ കത്തിയും മരം മുറിക്കുന്ന മഴുവുമുണ്ടായിരുന്നു. രാമനുണ്ണി സാറിനെ അവർ പലവട്ടം വെട്ടി. തടുക്കാൻ പോലുമാവാതെ ഞാൻ നിന്നു. തലക്കും കൈയിനും വെട്ടേറ്റ് അദ്ദേഹം വീണപ്പോൾ അവരെല്ലാം ഓടിപ്പോയി. രാമനുണ്ണി സാറിനെ ഞങ്ങൾ തോണിയിൽ ഇക്കരക്ക് കൊണ്ടുവന്നു ആശുപത്രിയിൽ കൊണ്ടുപോയി. അദ്ദേഹം പിന്നെ സ്ഥലം മാറിപ്പോയി. ഞാൻ പിന്നെയും പല ആപ്പീസർമാരുടെ കൂടെയും കൊള്ളക്കാരെ ഓടിക്കാൻ പോയി. എന്നിട്ടും കളവിന് കുറവൊന്നും ഉണ്ടായില്ല. ഇരുപത്തഞ്ചും മുപ്പതും കേസുള്ള ആൾക്കാർ അന്ന് നിലമ്പൂരിലും മമ്പാട്ടും ഉണ്ടായിരുന്നു. ഒരുപാട് കൊല്ലക്കാലം മോഷണം തുടർന്നു. 1996 ൽ സുധാകരൻ വനം മന്ത്രിയായപ്പോഴാണ് കൊള്ളക്കാർ ഒന്നാകെ കീഴടങ്ങിയത്. പിന്നെ അപൂർവമായിട്ടേ മോഷണം കണ്ടിട്ടുള്ളൂ.

കാന്തലോട്ട് കുഞ്ഞമ്പു
ഒരീസം വനം മന്ത്രിയായ കാന്തലോട്ട് കുഞ്ഞമ്പു കനോലി പ്ലോട്ടു കാണാൻ വന്നു. കുറെ പോലീസുകാരും കൂടെയുണ്ടായിരുന്നു. അവരെ ഇക്കരെ നിർത്തി രണ്ടു ഫോറസ്റ്റ് ആപ്പീസർമാരെക്കൂട്ടി എന്റെ തോണിയിൽ കയറി. അന്നാണ് ഒരു മന്ത്രിയെ വളരെ അടുത്ത് നിന്ന് ഞാൻ കാണുന്നത്. നല്ല മനുഷ്യനായിരുന്നു. നല്ല സ്വഭാവമായിരുന്നു. കഴിഞ്ഞ കൊല്ലം തമിഴ്‌നാട്ടിൽ നിന്ന് ജയലളിതയുടെ ഒരു മന്ത്രി കനോലി പ്ലോട്ട് കാണാൻ വന്നിരുന്നു. പേരൊന്നും അറിയില്ല. തോണി തുഴയുമ്പോൾ ഞാൻ മൂപ്പരുടെ മുഖത്തേക്ക് ഇടക്ക് നോക്കി. മൂപ്പര് പക്ഷേ എന്നെ നോക്കിയില്ല. അല്ലെങ്കിലും ഒരു തോണിക്കാരനായ ഞാൻ വളരെ ചെറിയ ഒരാളല്ലേ. മനുഷ്യന്മാർ തമ്മിൽ തൊഴിലിന്റെ കാര്യത്തിലും വേർതിരിവുണ്ടെന്ന് അന്നെനിക്ക് മനസ്സിലായി. സാധാരണക്കാരൻ എന്നും സാധാരണക്കാർ തന്നെ. തെരഞ്ഞെടുപ്പ് കാലത്തേ ഞങ്ങളെപ്പോലെയുള്ളവരെ പാർട്ടിക്കാർക്ക് വേണ്ടൊള്ളൂ. 
ഇടക്കിടക്ക് പല രാജ്യത്തുള്ള പല ഭാഷ പറയുന്ന ആൾക്കാർ കനോലി പ്ലോട്ട് കാണാൻ വരും.  കനോലി സായിപ്പ് 1841 ലാണ് ഇങ്ങനെയൊന്ന് നട്ടുണ്ടാക്കാൻ  അന്നത്തെ മലബാറിലെ കലക്ടറോട് പറഞ്ഞത്. അഞ്ചുകൊല്ലം കൊണ്ടാണ് പൂർത്തിയാക്കിയത്. അങ്ങനെയൊന്ന് നട്ടില്ലാരുന്നെങ്കിൽ ഇവിടെ തോണിക്കാരനായി ഞാനുണ്ടാകുമോ? ഇവിടെ തോണിക്കാരനായതാണ് എന്റെ വലിയ ഭാഗ്യം. പലരെയും ഞാൻ ദിവസവും കാണുന്നത് അതുകൊണ്ടാണല്ലോ. ഇംഗ്ലീഷുകാരും ജപ്പാനികളും അറബികളും അങ്ങനെ പലതരം ആൾക്കാർ. നല്ലതും ചീത്തയും കണ്ടു. കീറാമുട്ടി സ്വഭാവമുള്ളവരെയും കണ്ടു. അവരൊക്കെ അവരുടെ യാത്രയുടെ ഭാഗമായിട്ടാണ് ഇവിടെ വരിക. കേരളത്തിൽ വന്നാൽ നിലമ്പൂരിലെ തേക്ക് കാണുക ആൾക്കാർക്ക് ഇഷ്ടമാണ്. ഇത്ര പഴക്കമുള്ള തേക്കിന്തോട്ടം ലോകത്തെവിടെയും ഇല്ല. അവിടേക്ക് പോകണമെങ്കിൽ എന്റെ തോണിയിൽ കയറണം. അതൊക്കെ ആലോചിക്കുമ്പോ തോണിക്കാരനായതിൽ അഭിമാനം തോന്നും. നാട് വിട്ട് വേറെ സ്ഥലങ്ങൾ കാണണമെന്ന് തോന്നാത്തത് ഇതു കൊണ്ടാണ്. നാടുവിട്ട് പോകുന്നത് പല തരം ആളുകളെ കാണാനും മനസ്സിലാക്കാനും ഒക്കെയാണല്ലോ. അവരിൽ പലരും ഇവിടെ വരുമ്പോൾ പിന്നെ അങ്ങോട്ടു പോയി കാണണ്ടല്ലോ. എനിക്ക് അങ്ങനെയാണ് തോന്നാറ്. പിന്നെ ഈ കടവിനോട് എനിക്ക് എന്തോ ഒരിതാണ്. അത് എങ്ങനെയാണ് പറഞ്ഞ് മനസ്സിലാക്കിത്തരിക എന്നെനിക്ക് അറിയൂല്ല. ഹജ്ജിന് പോയപ്പോഴാണ് ഇവിടെനിന്ന് കുറെ ദിവസങ്ങൾ വിട്ടുനിന്നത്. അതു പിന്നെ അങ്ങനെയല്ലാതെ പറ്റില്ലല്ലോ. ഈ നാടല്ലാതെ യാത്ര ചെയ്യാൻ പൂതി തോന്നിയ നാട് സൗദി അറേബ്യേണ്. ഹജ്ജിന് പോകണമെന്ന് പൂതിയുണ്ടായിരുന്നു. മകൻ ഷാജഹാനാണ് കൊണ്ടുപോയത്. അവനും കുടുംബവും അവിടെത്തന്നെയാണ്. വേണമെങ്കിൽ ഈ തോണിക്കാരന്റെ പണി നിർത്താം. പക്ഷേങ്കിൽ അതിന് ആവുന്നില്ല. ആരോഗ്യമുള്ള കാലത്തോളം തോണി തുഴയണമെന്നാണ് ആശ. 

മരണങ്ങൾ ജീവിതങ്ങൾ
ഇക്കാലത്തിനിടക്ക് പുഴയിൽ നിന്ന് ഒരുപാട് ആൾക്കാരെ രക്ഷപ്പെടുത്തി. ചിലർ മരിക്കുന്നത് നേരിട്ട് കാണേണ്ട ഗതിയുണ്ടായി. ഒരു കടത്തുകാരന് ഇതും അനുഭവിക്കാതെ പറ്റില്ല. ചിലർ നല്ല പോലെ കള്ള് കുടിച്ചിട്ടാണ് പുഴയിൽ വരിക. പറഞ്ഞാൽ അനുസരിക്കൂല്ല. നേരെ വന്ന് പുഴയിൽ ചാടും. അടിയൊഴുക്കുണ്ടെന്ന് അപ്പോഴാണ് അവർക്ക് മനസ്സിലാവുക. നൂറുണക്കിന് പേരെ ഇങ്ങനെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. 
ഒരു മരണം ഞാനൊരിക്കലും മറക്കൂല്ല. 96 ലാണ്. തൃശൂരിലെ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് 60 കുട്ടികൾ കനോലി പ്ലോട്ട് കാണാൻ വന്നിരുന്നു. ഓരോ ഗ്രൂപ്പായി അവരെ ഞാൻ അക്കരെയെത്തിച്ചു. നാലുപേർ മാത്രം തോണിയിൽ കയറിയില്ല. അവർ നീന്തി അക്കരെപ്പൊയ്‌ക്കോളാം എന്നു പറഞ്ഞു. നാലുപേർ നീന്തി തുടങ്ങി. പക്ഷേ മൂന്നാളേ അക്കരെയെത്തിയുള്ളൂ. അവൻ മുങ്ങിത്താണിരുന്നു. ഒരുപാട് തിരഞ്ഞപ്പോൾ കുറച്ചു താഴെനിന്ന് ശവം കിട്ടി. ആ കുട്ടിയുടെ അച്ഛൻ അമേരിക്കയിൽ എഞ്ചിനീയറായിരുന്നു. ഒറ്റ മകൻ. അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. 
കഴിഞ്ഞ കൊല്ലം എടക്കരയിലുള്ള മണി എന്ന ചെക്കൻ പുഴയിൽ മരിച്ചു. നന്നായി മദ്യപിച്ചിരുന്നു. ഞാൻ പുഴയിൽ ഇറങ്ങേണ്ടെന്ന് ഒരുപാട് പറഞ്ഞുനോക്കി. കേട്ടില്ല, അവന്റെ സമയം അവസാനിക്കാറായിക്കാണും. നേരെ പുഴയിലേക്ക് ചാടി. ഞാൻ തോണിയെടുത്ത് തുഴഞ്ഞു. അവൻ അക്കരെക്ക് നീന്തുകയാണ്. കുറെ കഴിഞ്ഞപ്പോൾ അവൻ തളർന്നു. വെള്ളത്തിലാണ്ടു പോകുന്നത് ഞാൻ കണ്ടു. തോണി അടുത്തെത്തിയപ്പോഴേക്കും അവനെ കാണാതായി. സാധാരണ വെള്ളത്തിലാണ്ടാൽ ഒരു തവണ കൂടി പൊങ്ങി വരും. അതുണ്ടായില്ല. പിന്നെ നാല് ദിവസം കഴിഞ്ഞാണ് ശവം പൊന്തിയത്. ആകെ വീർത്തിരുന്നു. ചില ഭാഗങ്ങൾ മീനുകൾ കൊത്തിയിട്ടുണ്ടായിരുന്നു. അവന്റെ ജീവിതയാത്ര ഇവിടെ ഈ കടവിൽ അവസാനിക്കണമെന്നായിരിക്കും പടച്ചോൻ തീരുമാനിച്ചിരിക്കുക. മരണം അടുത്തെത്തിയാൽ പിന്നെ ആരെന്തു പറഞ്ഞിട്ടും കാര്യമില്ല. അത് നടക്കും... 
പറഞ്ഞു തീരുമ്പോൾ മഴ ശമിച്ചിരുന്നു. കടവു കടക്കാൻ ഏതാനും വിദ്യാർഥികൾ കാത്തുനിൽക്കുന്നു. കുഞ്ഞാണി തോണിക്കടുത്തേക്ക് നടന്നു.