Tuesday , June   18, 2019
Tuesday , June   18, 2019

സമരപ്പന്തൽ കത്തിക്കുന്ന സി.പി.എം ഫാസിസം

ഹിന്ദുത്വ ഫാസിസം രാജ്യത്തെ വിഴുങ്ങാനുള്ള ശ്രമങ്ങൾ ഊർജിതമാകുന്ന രാഷ്ട്രീയ  സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. തീർച്ചയായും അതിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാവുകയാണ്. ആർ എസ് എസിന്റെ 100-ാം ജന്മദിനമാഘോഷിക്കുന്ന 2025 ൽ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്ന പ്രതീക്ഷയിലാണ് സംഘ്പരിവാർ ശക്തികൾ. എന്നാലവരുടെ സ്വപ്‌നങ്ങൾക്ക് തിരിച്ചടി നൽകുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം യുപിയിൽ നിന്നും ബിഹാറിൽ നിന്നുമൊക്കെ പുറത്തു വന്നത്. ത്രിപുര തെരഞ്ഞെടുപ്പു ഫലത്തിൽ അഹങ്കരിച്ച ബിജെപിക്ക് യുപി - ബിഹാർ ഉപതെരഞ്ഞെടുപ്പു ഫലങ്ങൾ നൽകുന്ന ആഘാതം ചെറുതല്ല.  അതാകട്ടെ, മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിയുടേയും മണ്ഡലങ്ങളിൽ. രാജ്യത്തെ 60 ശതമാനത്തിൽപരം പേർ ബിജെപിക്കെതിരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അവരെല്ലാം ഐക്യത്തോടെ നിന്നാൽ ബിജെപിയുടെ ഹിന്ദുരാഷ്ട്ര സ്വപ്‌നങ്ങൾ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്നെ കുഴിച്ചുമൂടാനാകും.
കോൺഗ്രസും സിപിഐയും എസ്പിയും ബിഎസ്പിയും ആർജെഡിയും തൃണമൂലുമടക്കമുള്ള രാജ്യത്തെ മിക്കവാറും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഈ യാഥാർത്ഥ്യം തിരിച്ചറിയാനും അതനുസരിച്ച് പ്രവർത്തന പദ്ധതികൾ ആവിഷ്‌കരിക്കാനും തയ്യാറാകുന്ന സാഹചര്യം പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ നിർഭാഗ്യവാശാൽ അതിനോട് നിഷധാത്മക സമീപനമാണ് സിപിഎം സ്വീകരിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രസ്ഥാനമായതിനാൽ അവരുടെ നിലപാട് നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമാണ്. സാമ്പത്തിക നയങ്ങളിൽ കോൺഗ്രസും ബിജെപിയും വ്യത്യസ്തമല്ല എന്ന നിലപാടിന്റെ മറവിലും ഫാസിസം ഇനിയുമതിന്റെ യഥാർത്ഥ മുഖം കാണിച്ചിട്ടില്ല എന്ന കാഴ്ചപ്പാടിലുമാണ് പാർട്ടി ഈ നയം സ്വീകരിക്കുന്നത്.
 പ്രധാന വിഷയം അതല്ല എന്നും അത്തരമൊരു ബന്ധം കേരളത്തിൽ എങ്ങനെ ബാധിക്കുമെന്ന ആശങ്കയാണെന്നും വളരെ പ്രകടമാണ്. വാസ്തവത്തിൽ അനാവശ്യമായ ഒരാശങ്കയാണത്. അഖിലേന്ത്യാ തലത്തിൽ ബിജെപിയെ തറ പറ്റിക്കാൻ എടുക്കുന്ന നിലപാട് അതാതു സംസ്ഥാനങ്ങളിലെ സാഹചര്യത്തിനനുസരിച്ചാണല്ലോ നടപ്പാക്കുക. അതിനാൽ കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ മത്സരം തുടരാവുന്നതാണ്. യുപിയിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ചത് ഇപ്പോൾ കണ്ടതാണല്ലോ. 
സത്യത്തിൽ വിഷയം ഇത്രമാത്രം ലഘുവല്ല എന്നു കാണാൻ കഴിയും. ഫാസിസത്തോടും ജനാധിപത്യത്തോടുമുള്ള നിലപാടു തന്നെയാണ് പ്രശ്‌നം. ഒരു വശത്ത് ബിജെപി ഇനിയും ഫാസിസ്റ്റല്ല എന്ന  ന്യായം. മറുവശത്ത് ശക്തിയുള്ള പ്രദേശങ്ങളിൽ ഫാസിസ്റ്റ് നടപടികളുമായി മുന്നോട്ടുപോകുന്ന രാഷ്ട്രീയം. ഇതാണ് സിപിഎമ്മിന്റെ യഥാർത്ഥ പ്രശ്‌നം. അതിനാലാണ് ഫാസിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കഴിയാതിരിക്കുന്നത്. 30 വർഷത്തിൽ പരം പാർട്ടി അധികാരത്തിലിരുന്ന പശ്ചിമ ബംഗാളിൽ അക്കാലയളവിൽ നടന്ന ജനാധിപത്യ ധ്വംസനങ്ങളുടെ കഥകൾ എത്രയോ പുറത്തു വന്നു. ഒരവസരം ലഭിച്ചപ്പോൾ ജനം അതിനെതിരെ ശക്തമായി പ്രതികരിച്ചു. 
അത്ര രൂക്ഷമല്ലെങ്കിലും ത്രിപുരയിലും സമാനമായ സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. എന്തിനു ഇന്ത്യൻ സാഹചര്യം മാത്രം പരിഗണിക്കുന്നു. ലോകനിലവാരത്തിൽ തന്നെ കമ്യൂണിസ്റ്റ് പാർട്ടികൾ ഭരിച്ചിരുന്ന രാജ്യങ്ങളിലെല്ലാം ജനങ്ങൾ പോരാടിയത് ജനാധിപത്യാവകാശത്തിനായിരുന്നു. പോരാട്ടങ്ങളെ എങ്ങനെയായിരുന്നു സർക്കാർ നേരിട്ടതെന്നതിനു ഏറ്റവും വലിയ ഉദാഹരണായിരുന്നല്ലോ ചൈന. ഇപ്പോഴിതാ കോടിയേരിയും പിണറായിയും പാടിപ്പുകഴ്ത്തുന്ന ചൈനയിൽ പ്രസിഡന്റ് പദം ആജീവനാന്ത കാലമാക്കിയിരിക്കുന്നു. ഈ ജനാധിപത്യ മാതൃകയാണ് സിപിഎം പിന്തുടരുന്നതെന്നതാണ് യാഥാർത്ഥ്യം. 
വാസ്തവത്തിൽ എൽഡിഎഫ് നയം നടപ്പാക്കാനാണ് പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ വയൽക്കിളികൾ ആവശ്യപ്പെടുന്നത്. എൽഡിഎഫ് തെരഞ്ഞെടുപ്പു മാനിഫെസ്റ്റോ 2016 ൽ  പറയുന്നതിങ്ങനെയാണ്. നെൽകൃഷി ഭൂമിയുടെ വിസ്തൃതി 3 ലക്ഷം ഹെക്ടറായി വർദ്ധിപ്പിക്കും. ഉൽപാദനം 10 ലക്ഷം ടണ്ണാക്കും. റിയൽ എസ്റ്റേറ്റുകാർ വാങ്ങി തരിശ്ശിടുന്ന പാടശേഖരങ്ങൾ ഏറ്റെടുത്ത് കർഷക ഗ്രൂപ്പുകൾ വഴി കൃഷി ചെയ്യാനുള്ള അധികാരം പഞ്ചായത്തുകൾക്ക് നൽകും. ഗ്രൂപ്പ് ഫാമിംഗിനെ പ്രോത്സാഹിപ്പിക്കും. 
നെൽകൃഷിയിൽ മൾട്ടി ലെവൽ പാർട്ടിസിപ്പേറ്ററി ഫാമിംഗ് സമ്പ്രദായം ഏർപ്പെടുത്തും. റൈസ് ബയോ പാർക്ക് സ്ഥാപിക്കും. എല്ലാ കാർഷികോൽപന്നങ്ങൾക്കും ആദായകരമായ വില ഉറപ്പാക്കും. ഉൽപാദന ചെലവിനനുസൃതമായി നെല്ലിന്റെ സംഭരണ വില ഉയർത്തും. 
നന്ദിഗ്രാമിലെ 14 കർഷകരെ പോലീസ് വെടിവെച്ചു കൊന്നതിന്റെ വാർഷിക ദിനത്തിലാണ്, കീഴാറ്റൂർ വയൽ സംരക്ഷണത്തിന് അണിനിരന്ന 'വയൽക്കിളി'കളെ സർക്കാരും സി.പി.എമ്മും ചേർന്നു തുരത്തിയത്! മലയാളികളായ കെ.കെ.രാഗേഷിനും ഡോ.വിജു കൃഷ്ണനും മഹാരാഷ്ട്രയിൽ പോയി കർഷക മാർച്ചിൽ പങ്കെടുക്കാം. പക്ഷേ പയ്യന്നൂരിലും കണ്ണൂരിലുമുള്ള പരിസ്ഥിതി പ്രവർത്തകർക്ക് സ്വന്തം ജില്ലയിൽ തന്നെയുള്ള കീഴാറ്റൂരിലെ വയൽക്കിളി സമരത്തിൽ പങ്കെടുക്കാൻ പാടില്ല എന്ന വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് പാർട്ടി. 
പാർട്ടി ഫാസിസം നിലനിൽക്കുന്ന ഗ്രാമമായതിനാൽ അതവർ നടപ്പാക്കുമെന്നുറപ്പ്. ചെഗുവേരയുടെ കാര്യം അവിടെ നിൽക്കട്ടെ, ബസിൽ യാത്ര ചെയ്യുമ്പോൾ വഴിയിൽ കർഷക സമരം കണ്ട് അവിടെയിറങ്ങി ദിവസങ്ങളോളം സമരത്തിൽ പങ്കെടുത്ത എ കെ ജിയുടെ പിൻഗാമികളാണ് ഈ വിലക്ക് ഏർപ്പെടുത്തുന്നത്. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്യുന്നത് മനസ്സിലാക്കാം. എന്നാൽ സമരങ്ങളിലൂടെ വളർന്നു എന്നവകാശപ്പെടുന്ന ഒരു പാർട്ടി സമരപ്പന്തൽ കത്തിക്കുക എന്നതിൽപരം ഫാസിസ്റ്റ് നടപടി മറ്റെന്തുണ്ട്? തങ്ങളല്ല അതുചെയ്തതെന്ന അവകാശവാദം കണ്ണൂരിനെ അറിയുന്നവർ ചിരിച്ചുതള്ളുകയേ ഉള്ളൂ. ശുഹൈബിനേയും ടിപിയേയുമൊക്കെ തങ്ങളല്ല വധിച്ചതെന്നു പറഞ്ഞപോലെ. ഈ ഫാസിസമെല്ലാം ബിജെപിയുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ എല്ലാവരും അംഗീകരിക്കണമെന്നും അല്ലാത്തവരെല്ലാം സംഘികളാണെന്നുമുള്ള ന്യായീകരണാണ് സാമൂഹ്യ മാധ്യമങ്ങളിലെ ന്യായീകരണ മുതലാളികളുടേത് എന്നതാണ് അടുത്ത തമാശ.. പിന്നെ ബി.ജെ.പിയും മുസ്‌ലിം തീവ്രവാദ സംഘടനകളും മാവോയിസ്റ്റുകളുമാണു സമരത്തിനു പിന്നിലെന്ന സ്ഥിരം ആരോപണവും. 
കീഴാറ്റൂർ ഒരിക്കലും ആദ്യ അനുഭവമല്ല. ദശകങ്ങൾക്കു മുമ്പ് സൈലന്റ് വാലി സമരം മുതൽ എല്ലാ ജനകീയ സമരങ്ങളോടും സിപിഎം എടുക്കുന്ന നിലപാട് ഇതാണ്. അതിൽ പലതും ആശയപരം പോലുമല്ല, ശാരീരികമായി പോലും ആയിരുന്നു.  മാവൂർ, പ്ലാച്ചിമട, ലാലൂർ, കാതിക്കുടം, വിളപ്പിൽശാല, അതിരപ്പിള്ളി തുടങ്ങി കേരളത്തിലെ നിരവധി പരിസ്ഥിതി സമരങ്ങളിൽ സിപിഎം എതിർപക്ഷത്തായിരുന്നു. ചങ്ങറ, മുത്തങ്ങ, അരിപ്പ, മൂന്നാർ തുടങ്ങിയ ഭൂസമരങ്ങളോടു മാത്രമല്ല, ഏതു ജനകീയ സമരത്തോടും പാർട്ടി നിലപാട് നിഷേധാത്മകമാണ്. ഭരണത്തിലുള്ളപ്പോഴും അല്ലാത്തപ്പോഴും ആ സമരങ്ങളെ തകർക്കാനാണ് എന്നും സിപിഎം ശ്രമിച്ചിട്ടുള്ളത്. 
 

Latest News